DCBOOKS
Malayalam News Literature Website

പോരിനുള്ളിലെ പോരുകൾ

രാജീവ് ശിവശങ്കറിന്റെ ‘പോര്’ എന്ന നോവലിന് ഒ.എസ്. പ്രിയദർശനൻ എഴുതിയ വായനാനുഭവം

പലതരം ക്യാൻവാസുകൾ കൈമുതലായുള്ള എഴുത്തുകാരനാണ് രാജീവ് ശിവശങ്കർ. തികച്ചും അപരിചിതമായ വിഷയം കൈകാര്യം ചെയ്യുന്ന തമോവേദം, മഹാഭാരതത്തിലെ തീരെ ചെറിയ ഏടുകളിൽ നിന്നും പുറത്തെടുത്ത് വ്യതിരിക്തമായ രീതിയിൽ എഴുതപ്പെട്ട കലിപാകം, നാഗഫണം, ചരിത്രത്തെ ആഖ്യായികയാക്കുമ്പോഴുണ്ടാകുന്ന വിരസതയെ അനായാസേന കടന്നുകയറിയ കുഞ്ഞാലിത്തിര, ബിംബകല്പനകളുടെ അപരിമേയത്വം നിറച്ചുവച്ച പെണ്ണരശ്. രാജീവ് ശിവശങ്കരന്റെ നോവൽപ്രപഞ്ചം വിഷയവൈവിധ്യം കൊണ്ടു മാത്രമല്ല വൈപുല്യം കൊണ്ടും മലയാളത്തിലെ അനന്യസാധാരണമായ എഴുത്തുവഴിയാണ്.

രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവൽ പോരിലെ കഥാതന്തു മഹാഭാരതത്തിലെ മറ്റൊരു ഏടാണ്. ജരാസന്ധവധം സുപരിചിതമായ കഥയാകുമ്പോഴും പോരിലേയ്ക്കുള്ള ആ കഥയുടെ സന്നിവേശത്തിന് തികച്ചും വേറിട്ട ആശയസമ്പന്നതയും ആഖ്യാനശൈലിയും ഉണ്ട് .

ബകനെയും ഹിഡുംബനെയും അനായാസേന വധിച്ച ദ്വിതപാണ്ഡവൻ ഭീമന് ജരാസന്ധവധത്തിന് പതിനാലുനാൾ Textനീണ്ടുനിന്ന ദ്വന്ദ്വയുദ്ധം എന്തുകൊണ്ട് വേണ്ടി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരാന്വേഷണമാണ് പ്രാഥമികമായി പോര് .

ദ്വന്ദ്വയുദ്ധത്തിന്റെ സകല പ്രയോഗങ്ങളും അടവുകളും ആഖ്യായികയിൽ എമ്പാടും നിറഞ്ഞുനില്ക്കുന്ന പോര് വായനക്കാരനെ ദൃക്സാക്ഷിയാക്കി നടത്തുന്ന മല്ലയുദ്ധത്തിന്റെ ഗരിമയും ദാക്ഷണ്യരാഹിത്യവും അനുഭവവേദ്യമാക്കുകയാണ്.

മുഷ്ടിയുദ്ധം ജരാസന്ധനും ഭീമനും തമ്മിലാകുമ്പോഴും ശ്രീകൃഷ്ണനും അർജ്ജുനനും ഭീമനും തമ്മിലുള്ള ഉൾപ്പോര് നോവലിൽ ആദ്യാന്തം നിറയുന്നു. നോവലിസ്റ്റ് ഇവിടെ cinematographer ഉം നോവൽ ഒരു ചലച്ചിത്രമെന്നവണ്ണം വിഷ്വൽസു കൊണ്ട് സമ്പന്നവുമാണ്. അയത്നലളിതമായ വായന സാദ്ധ്യമാകുമ്പോഴും  സുദൃഢമായ ഈടും പാവും നോവലിനെ ഉള്ളുള്ളതാക്കുന്നു.

ഭീമനും ജരാസന്ധനും തമ്മിലുള്ള പോര് ദ്വന്ദ്വയുദ്ധക്കളത്തിൽ മുന്നേറുന്ന അവസരത്തിലും സമാന്തരമായി അവരിരുവരിലും നിറഞ്ഞാടുന്ന അന്ത:സംഘർഷങ്ങൾ പോരിന്റെ മറ്റൊരു മാനമാണ്. മഹാഭാരതം പറയുന്ന അനവധി കഥകൾക്ക് തന്റേതായ version നല്കുന്ന നോവലിസ്റ്റ് വായനക്കാരന്റെ വിവേചനത്തിനായി അക്കഥകളെ വച്ചു നീട്ടുന്നു. വായനക്കാരന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.

” അതാണ് ജരാസന്ധൻ, പ്രവചനങ്ങൾക്കപ്പുറമാണ് അയാളുടെ നീക്കം. ഒറ്റത്തവണ കൊണ്ട് തവിടുപൊടിയാക്കാവുന്ന യാദവപ്പടയ്ക്കു നേരേ പതിനേഴുവട്ടം പടനീക്കം നടത്തി രസിച്ചവനെ ചെറുതായി കാണരുത്. ഇക്കാണുന്നതൊന്നുമല്ല അയാൾ. ഒരേ സമയം, രണ്ടു മനസ്സും രണ്ടു ചിന്തയും . രണ്ടുടലായി പിറന്ന കഥ, പാട്ടു കെട്ടുകാർ വെറുതെ മെനഞ്ഞതല്ല” എന്ന കൃഷ്ണ വ്യാഖ്യാനമാണ് നോവലിലെ ജരാസന്ധൻ. ജരാസന്ധന്റെ പതനം അതുകൊണ്ടു തന്നെ നേർപ്പോരിലൂടെ അസാദ്ധ്യമെന്ന് കഥയിലെമ്പാടും സൂചനകളുണ്ട്. പോര് ചതിപ്പോരായി തീരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ചതിയിൽ ഭാഗഭക്കാകാൻ മഗധരാജസന്താനങ്ങൾ മുതൽ അനവധി ദേഹങ്ങളാണ് കോപ്പുകൂട്ടുന്നത്. എന്നിട്ടും ജരാസന്ധന്റെ വീഴ്ച സ്വയം വെളിപ്പെടുത്തിയ ഗൂഢവഴി എന്നത് നോവലിനെ കൂടുതൽ വശ്യമാക്കുന്നു. ഒരുനിലയ്ക്ക് ശ്രീകൃഷ്ണൻ ജരാസന്ധനു നേരെ നടത്തുന്ന ഒളിപ്പോര് കൂടിയാണ് നോവൽ.

“വിഡ്ഢി … ജയിക്കുന്നത് നീയല്ല .മരണം ചോദിച്ചുവാങ്ങിയ ഞാൻ … അതു മറക്കണ്ട”. ജരാസന്ധന്റെ ഈ വാക്യം കഠോരതാഡനമായി വായുപുത്രനിൽ നിരന്തരം പതിക്കുകയും അയാളുടെ ജീവിതാന്ത്യം വരെ അത് അയാളെ വേട്ടയാടുകയും ചെയ്യുമെന്നത് സ്വസിദ്ധിയാൽ വിജയിക്കാൻ കഴിയാത്തവന്റെ ദുർവിധി.

പോര് ഉൾപ്പോരുകളുടെ പൂഴിത്തറയാണ്. മക്കളും ഗുരുവും മറ്റനേകം പേരും നേരിട്ടോ അല്ലാതെയോ പങ്കെടുക്കുന്ന പോരിൽ ഇതിഹാസ കഥാപാത്രങ്ങൾ പോലും മനുഷ്യ സഹജ സംഘർഷങ്ങളിൽ നിന്നും ഒട്ടും മുക്തരല്ലെന്ന് അടിവരയിട്ടു പറയുന്നു രാജീവ് ശിവശങ്കർ .വശ്യഭാഷയും വേഗമേറെയുള്ള ശൈലിയും …പോര് വായനക്കാരന് നല്ലൊരു ഈടുവയ്പ്പാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

 

8281971573

Comments are closed.