കോവിഡ് 19 ; രോഗനിർണ്ണയത്തിൽ ”പൂൾ ടെസ്റ്റിംഗിന്റെ” പ്രസക്തി
☣എന്താണ് കോവിഡ്- 19 രോഗനിർണ്ണയത്തിൽ “പുതുതായി” കണ്ടെത്തിയ “പൂൾ ടെസ്റ്റിങ്ങ്”?☣
🧫 ജർമ്മനിയിൽ കോവിഡ് 19 ന്റെ രോഗനിർണ്ണയത്തിൽ പരീക്ഷണാർത്ഥം ഉപയോഗയുക്തമാക്കിയ ഒരു “പുതിയ ടെസ്റ്റിങ്ങ് രീതി” യെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
🧫 എന്നാൽ ഇതിന് ഉപയോഗയുക്തമാക്കിയിരിക്കുന്നതു ഒരു പുതിയ തത്വം അല്ല, സമാന രീതിയിൽ സ്‌ക്രീൻ ചെയ്യാൻ മുൻപും ഈ “സാമ്പിളുകൾ പൂൾ” ചെയ്യുന്ന രീതി ഉപയോഗിച്ചിരുന്നു.
🧫 ഈ രീതി ആദ്യം നിർദ്ദേശിച്ചത് 1943 ൽ ഡോർഫ്മാൻ എന്ന ശാസ്ത്രജ്ഞൻ ആണ്.
🧫 ലോകമെമ്പാടും പരിശോധനാ കിറ്റുകളുടെയും, റീഏജന്റ് കളുടെയും ക്ഷാമം നേരിടുകയാണ്, ആവശ്യത്തിന് ടെസ്റ്റുകൾ നടത്താൻ കഴിയാത്തതു രോഗനിയന്ത്രണത്തിന് വിഘാതമാവുകയാണ് പല രാജ്യങ്ങളിലും.
🧫 മറ്റ് പകർച്ചവ്യാധികളിൽ പൂളിംഗ് ഡയഗ്നോസ്റ്റിക് പരിശോധനകൾ പ്രയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ചും
അധിക പരിശീലനമോ, ഉപകരണങ്ങളോ, വസ്തുവകകളോ ആവശ്യമില്ലാത്തതിനാൽ ഇത് പ്രസക്തമാണ് പ്രത്യേകിച്ച് ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ.
⁉ എന്താണ് ഉപയോഗിക്കുന്ന രീതി?
🧬 വിവിധ രോഗികളിൽ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ സാമ്പിളുകൾ അനുയോജ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു ബഫർ ലായനിയിൽ സംയോജിപ്പിച്ച് PCR രീതി ഉപയോഗിച്ച് പരിശോധിക്കുന്നു.
🧬 റിസൾട്ട് നെഗറ്റീവാണെങ്കിൽ, അത്രയും രോഗികൾക്ക് പരിശോധനാ ഫലം നെഗറ്റീവ് എന്ന് നിഗമിക്കാം.
🧬 ഇനി മിനി പൂൾ പോസിറ്റീവാണെങ്കിൽ, അതിലെ ഓരോ രോഗികളുടെയും റിസർവ്വ് സാമ്പിളുകൾ വെവ്വേറെ പരിശോധിക്കുന്നു.
🧬 അതിലൂടെ പോസിറ്റീവ് സാമ്പിൾ 4 മണിക്കൂറിനുള്ളിൽ തിരിച്ചറിയാൻ കഴിയും.
🧬 ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഈ ടെസ്റ്റ് അപ്രൂവ് ചെയ്തിട്ടുണ്ട്.
🧬 ഇത് പരീക്ഷിച്ചറിയുന്നതിൻ്റെ ഭാഗമായി 50 രോഗികളുടെ സാമ്പിൾ ഉപയോഗിച്ച് ഒരു ഫീൽഡ് ട്രയലും നടത്തിയിരുന്നു.
🔮 5 സാമ്പിളുകൾ വീതമുള്ള 10 മിനി പൂളുകളിൽ രോഗിയുടെ സാമ്പിളുകൾ ക്ലസ്റ്റർ ചെയ്യുകയും സമാന്തരമായി വ്യക്തിഗതമായി പരിശോധിക്കുകയും ചെയ്തു. 50 രോഗികളുടെ സാമ്പിളുകളിൽ 5 സാമ്പിളുകൾ SARS CoV-2 പോസിറ്റീവ് ആയിരുന്നു. ഈ സാമ്പിളുകൾ 4 പൂളുകളിൽ കണ്ടെത്തി. SARS CoV-2 ഇല്ലാത്ത രോഗികളിൽ നിന്ന് സാമ്പിളുകൾ മാത്രം മിശ്രിതമായിരുന്ന മിനി പൂളുകൾ ഓരോന്നും നെഗറ്റീവ് ഫലം നൽകി.
⁉ കോവിഡ് – 19 പശ്ചാത്തലത്തിൽ ഈ ടെസ്റ്റിങ് രീതിയുടെ പ്രസക്തിയെന്ത്?
🔺 ഇതിലൂടെ ടെസ്റ്റിങ്ങ് സംവിധാനത്തിൻ്റെ ക്ഷമത പല മടങ്ങുയർത്താൻ കഴിയും.
🔺 പരിമിതമായ ടെസ്റ്റിങ്ങ് വിഭവ ശേഷിയിലും കൂടുതൽ പേരിൽ രോഗ നിർണ്ണയ ടെസ്റ്റ് നടത്താൻ ഈ രീതി സഹായിക്കുന്നു.
🔺 മിനി പൂൾ മെത്തേഡിൽ ടെസ്റ്റിൻ്റെ സെൻസിറ്റിവിറ്റി കുറയുന്നില്ലെന്നതിനാൽ, പ്രത്യേകമായി സാമ്പിൾ ടെസ്റ്റ് ചെയ്യുന്നതിൻ്റെ അതേ നിലവാരം തന്നെ ഉറപ്പിക്കാമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
🔺 ഈ ലബോറട്ടറി ഫലങ്ങളുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ചു ലക്ഷണമില്ലാത്ത ആളുകളുടെ വലിയ ഗ്രൂപ്പുകളിൽ ടെസ്റ്റുകൾ നടത്താൻ കഴിയും, അതിലൂടെ വൻതോതിൽ ടെസ്റ്റിങ്ങിൻ്റെ ചിലവ് ചുരുക്കാൻ കഴിയും.
🔺 റിസ്ക് ഗ്രൂപ്പുകളായ പ്രൊഫഷണൽസിൽ ഉദാ: ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, അഗ്നിശമന സേന, ഭരണം, ഭക്ഷ്യ വ്യവസായം, ആർമി, ഫാക്ടറികൾ തുടങ്ങിയവരിൽ രോഗം നേരത്തേ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും ഇത്തരം ടെസ്റ്റിങ്ങ് രീതി സഹായിക്കും.
🔺 ഉദാ: ഇതേ രീതിയിൽ സമൂഹത്തിൽ പ്രയോഗിക്കാൻ സാധിച്ചാൽ നിലവിൽ പ്രതിദിനം ഏകദേശം 40,000 ടെസ്റ്റുകൾ ചെയ്യുന്ന ജർമ്മനിയിൽ അത് 200,000 മുതൽ 400,000 വരെ ടെസ്റ്റുകളായി ഉയർത്താനാകും.
🔺 പൂൾ ചെയ്യുന്ന സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും കൃത്യതയുള്ള ഫലം കിട്ടുമോ എന്ന ഗവേഷണങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്.
💚 ഈ പ്രക്രിയ ആഗോളതലത്തിൽ വിപുലമായി പ്രയോഗിച്ചാൽ യഥാർത്ഥത്തിൽ രോഗം ബാധിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ച് മികച്ച വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ഗവേഷകർ പുലർത്തുന്നത്.
⁉ ലോകത്തു മറ്റു ഇടങ്ങളിൽ ഈ രീതി അവലംബിക്കുന്നുണ്ടോ?
🔰 ഉണ്ട്, സമാന്തരമായി ലോകത്തു പലയിടങ്ങളിലും ഈ രീതിയിൽ പഠനങ്ങൾ നടക്കുന്നുണ്ട്.
ഇസ്രായേലിൽ നടത്തിയ പഠനം BMJ yale ൽ പ്രീ പബ്ലിഷ് ചെയ്തിട്ടുണ്ട്.(പിയർ റിവ്യൂ ചെയ്യാത്ത പഠന ലേഖനം)
🔰 അവരുടെ നിരീക്ഷണത്തിൽ 32 പൂൾ ചെയ്ത സാമ്പിളുകളിൽ നിന്ന് പോലും ഒരു പോസിറ്റിവ് ഉണ്ടെങ്കിൽ RT-qPCR ടെസ്റ്റ് മുഖേന കണ്ടെത്താം എന്നാണു. തെറ്റായി നെഗറ്റിവ് ആവാനുള്ള സാധ്യത 10 % എന്നും.
🔰 അമേരിക്കയിലെ നെബ്രാസ്ക യിലും സമാനമായ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ 50% വരെ റിയേജന്റ് ന്റെ അളവ് ലാഭിക്കാൻ കഴിയുന്നു അവിടെ.
⁉ ഈ ടെസ്റ്റ് ഇന്ത്യയിൽ ഉപയോഗപ്പെടുത്തിക്കൂടേ?
💟 തീർച്ചയായും നന്നാവും. പ്രത്യാശാ നിർഭരമായ ഒരു കാര്യം ഉണ്ടായിട്ടുണ്ട്. മാർച്ച് 30 നു ഇന്ത്യാ സർക്കാരിന്റെ Principal scientific adviser ശ്രീ. വിജയരാഘവൻ തൻ്റെ ട്വീറ്റ് വഴി അറിയിച്ചിട്ടുണ്ട്, ഈ ടെസ്റ്റിങ് രീതി ഇന്ത്യ അവലോകനം നടത്തിക്കൊണ്ട് ഇരിക്കുകയാണെന്ന്.
💟 സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനും ധാരാളം പേരെ ഒരുമിച്ച് പരിശോധിക്കുന്നതിനും ഇത് സഹായകമാകും, കോവിഡ് 19 നു എതിരെ ഉള്ള പോരാട്ടത്തിൽ ഒരു ആയുധവും കൂടി ആവും.
എഴുതിയത്- ഡോ: ദീപു സദാശിവൻ & ഡോ: നീതു ചന്ദ്രൻ
Info Clinic
Comments are closed.