DCBOOKS
Malayalam News Literature Website

എന്നാലും എന്റെ പൂവേ !

 

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകത്തിന്  കെ. വി മധു എഴുതിയ വായനാനുഭവം. 

1992ല്‍ നടന്ന കഥയാണ്.

അന്നൊരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുഖചിത്രമായി ഒരു പൂവിന്റെ ചിത്രം അടിച്ചുവന്നു. ആ പൂവിന്റെ ഭാവം മനസ്സിലുടക്കിയ ഒരു യുവാവ് പൂവിനേ തേടി നടക്കാന്‍ തുടങ്ങി. സ്‌കൂളും കോളേജും ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തകനായി പേരെടുത്തപ്പോഴും ആ പൂവിന്റെയും ആഴ്ചപ്പതിപ്പിന്റെയും ഓര്‍മ ഉള്ളില്‍ നിന്ന് മാഞ്ഞുപോയില്ല.
ഒടുവില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ആ ആഴ്ചപ്പതിപ്പ് വിളപ്പില്‍ ശാലയിലെ ഇഎംഎസ് അക്കാദമി ലൈബ്രറിയില്‍ നിന്ന് കിട്ടി. പൂവിന്റെ ചിത്രവുമായി സസ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ സമീപിച്ചപ്പോള്‍ പേരുകിട്ടി. ഗ്ലോറിയോസ സൂപ്പര്‍ബ, നമ്മുടെ മേന്തോന്നി.
പിന്നെ മേന്തോന്നിയുടെ ചരിത്രം തേടിപ്പോയി. ആ യാത്ര തമിഴ്നാട്ടിലേക്കും ശ്രീലങ്കയിലേക്കും ചെന്നെത്തി. എല്‍ടിടിഇയുടെ ഭാവിരാജ്യത്തിന്റെ ദേശീയ പുഷ്പമായി അവര്‍ കണ്ടുവച്ചിരുന്ന മേന്തോന്നിക്കഥകളുടെ ജീവചരിത്രം ആ യുവാവിനെ അറിവിന്റെ പുതിയ ലോകത്തെത്തിച്ചു. പുഷ്പങ്ങളുടെ ചരിത്രം തേടിയുള്ള യാത്രയുടെ ആരംഭമായിരുന്നു അത്. സിപിഎം നേതാവ് എം സ്വരാജിന്റെ പൂക്കളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ആരംഭം.

സ്വരാജ് എഴുതിയ പൂക്കളുടെ പുസ്തകം പൂക്കളെ കുറിച്ചുള്ള ഒരു ഗംഭീര വായനാനുഭവമാണ്. പൂക്കളുടെ ഭാവങ്ങളും ഭാവനകളും ജീവിതവും തേടിയുള്ള അസാധാരണമായൊരു യാത്ര. സസ്യശാസ്ത്രവിജ്ഞാനത്തിനും കാഴ്ചപ്പാടിലൂടെ തിരിച്ചറിയുന്ന രാഷ്ട്രീയ അന്തര്‍ധാരകള്‍ക്കും ഒക്കെ ഉപരിയായി എഴുത്തുകാരന് പ്രിയപ്പെട്ട കുറേ പുഷ്പങ്ങളെ കുറിച്ചുള്ള ഒരു വലിയ ചരിത്രവിജ്ഞാനത്തിന്റെ ശേഖരമാണ് കറന്റ് ബുക്‌സ് പുറത്തിറക്കിയ പൂക്കളുടെ പുസ്തകം.

പ്രണയത്തിന്റെ കാര്‍നേഷന്‍

സ്വരാജിന്റെ എഴുത്തുശൈലിയില്‍ ഏറ്റവും ആകര്‍ഷകം ഓരോ പൂക്കള്‍ക്ക് പിന്നാലെയും അദ്ദേഹം നടത്തുന്ന അന്വേഷണത്തിന്റെയും അനന്തരമാര്‍ജ്ജിക്കുന്ന വിജ്ഞാനത്തിന്റെയും കരുത്താണ്. ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷത്തില്‍ അല്‍ഭുതത്തോടെ മനസ്സുടക്കി നിന്ന ഒരു അറിവില്‍ നിന്നായിരിക്കും ഒരുപൂവിലേക്കുള്ള സ്വരാജിന്റെ യാത്രയാരംഭിക്കുന്നത്. അത് അമ്മ പറയുന്ന കഥയാകാം, പൊതുപരിപാടിയില്‍ സ്വാഗതം ചെയ്യുമ്പോള്‍ ഒരു കന്യാസ്ത്രീ സ്‌റ്റേജിലെത്തി നല്‍കുന്ന പൂവില്‍ നിന്നാകാം, സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാണുന്ന ഒരു കാഴ്ചയില്‍ നിന്നാകാം, കാണാത്ത കാഴ്ചകളിലെ അസാധാരണത്വം തേടിയുള്ള അലച്ചിലിലികാം. ആസ്വാദകന്‍ എന്ന നിലയില്‍ നമ്മളെ ആ ഒരു നിമിഷത്തില്‍ ഒപ്പം കൂട്ടാനും പിന്നീടദ്ദേഹത്തിന്റെ പുഷ്പാന്വേഷണം നമ്മുടെ തന്നെ ആകാംക്ഷയാക്കി മാറ്റാനും സ്വരാജിന് കഴിയുന്നു.

Textകാര്‍നേഷന്‍ പുഷ്പം തേടിയുള്ള യാത്രയെ കുറിച്ച് സ്വരാജിന്റെ അനുഭവം നോക്കുക. ഒരു പൊതുപരിപാടിയില്‍ വേദിയില്‍ സ്വരാജിനൊരു പുവു സമ്മാനിക്കപ്പെടുന്നു. ആ പൂവ് കൈയില്‍ കിട്ടിയ നിമിഷം മുതല്‍ അദ്ദേഹം അസ്വസ്ഥനാകുന്നു. പൂവിനെ കുറിച്ചുള്ള ആലോചന മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രസംഗിക്കുമ്പോള്‍ പൂവിനെ കുറിച്ച് അന്വേഷിക്കുന്നു. അറിയുന്നവര്‍ പറഞ്ഞുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പൂവ് നല്‍കിയ സിസ്റ്റര്‍ വാതിലിന് മറവില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

” അവര്‍ ചെറിയ കടലാസ് തുണ്ടുനീട്ടി. അതില്‍ കാര്‍നേസിയ എന്ന് എഴുതിയിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ നിസ്സംഗമായി അവര്‍ പറഞ്ഞു. കര്‍നേസിയ എന്നാണ് പൂവിന്റെ പേര്. ഞാനവരെ നന്ദിയോടെ നോക്കി. യാത്ര പറഞ്ഞിറങ്ങുമ്പോഴും രക്തനക്ഷത്രം പോലെ ചെഞ്ചുവപ്പാര്‍ന്ന ആ മനോഹരപുഷ്പവും കര്‍നേസിയെ എന്നെഴുതിയ കടലാസുതുണ്ടും കൈയില്‍ ഭദ്രമായിരുന്നു”

പിന്നെയൊരു അന്വേഷണമാണ്. കര്‍നേസിയയുടെ പിറകേയുളള അലച്ചിലാണ്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള മെഡിറ്ററേനിയന്‍ തീരത്തുല്‍ഭവിച്ച കര്‍നേസിയയുടെ ജീവചരിത്രത്തിലൂടെയുള്ള യാത്ര. ഇങ്ങനെയാണ് ഓരോ പൂവിനെ കുറിച്ചുമുള്ള സ്വരാജിന്റെ അന്വേഷണം ആരംഭിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നത്.

യുദ്ധം, വിപ്ലവം പ്രതിരോധം

അമ്മ ബാല്യത്തില്‍ പറഞ്ഞുകൊടുത്ത ഫ്രാന്‍സിസ് അസീസിയുടെ കഥയില്‍ നിന്നാണ് റോസാപ്പൂവിന്റെ ചരിത്രം ചികഞ്ഞുപോയത്. ഹൈസ്‌കൂള്‍ കാലത്ത് ആരംഭിച്ച റോസാച്ചെടികളെ കുറിച്ചുള്ള അന്വേഷണം റോസാപ്പൂവിന്റെ പേരിലുണ്ടായ ലോകത്തിലെ പ്രശസ്തമായ ഒരു യുദ്ധത്തിലേക്ക് വരെ എത്തി. പൊതുവേ സ്‌നേഹത്തിന്റെ പ്രതീകമായി ആര്‍ദ്രതയോടെ നമുക്ക് മുന്നില്‍ വിടര്‍ന്നുനില്‍ക്കുന്ന റോസാപ്പൂവിന് യുദ്ധത്തിന്റെ പശ്ചാത്തലമോ എന്ന് അതിശയം തോന്നിയേക്കാം. എന്നാല്‍ ആ ചരിത്രം സ്വരാജ് ആദ്യത്തെ പൂവ് ആദ്യത്തെ കഥ എന്ന അധ്യായത്തില്‍ ആകാംക്ഷാഭരിതമായ ഭാഷയില്‍ എഴുതുന്നുണ്ട്. സ്‌കാര്‍ലറ്റ് ആന്റ് വൈറ്റ് റോസ് വാര്‍ എന്നറിയപ്പെടുന്ന ആ യുദ്ധം അധികാരത്തിനായി രണ്ട് ഇംഗ്ലീഷ് കുടുംബങ്ങള്‍ നടത്തിയതായിരുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ ചുവന്ന റോസാപ്പൂ ചിഹ്നമായുള്ള ലങ്കാസ്റ്റര്‍ രാജകുടുംബവും വെള്ള റോസാപ്പൂ ചിഹ്നമായുള്ള യോര്‍ക്ക് രാജകുടുംബവും തമ്മിലുണ്ടായ യുദ്ധം. എന്നാല്‍ യുദ്ധാനന്തരം അധികാരത്തിലേറിയതോ ട്യൂഡര്‍ എന്ന പുതിയൊരു രാജകുടുംബം. അവരുടെ ചിഹ്നമോ, വെള്ളയും ചുവപ്പും ഇടകലര്‍ന്ന വേറൊരു റോസാപ്പൂവും.

ഇതോടൊപ്പം 1450 ല്‍ നടന്ന കര്‍ഷകലാപമായ റോസ് യുദ്ധം, 2003ല്‍ സോവിയറ്റ് റിപ്പബ്ലിക്കായ ജോര്‍ജ്ജിയയില്‍ നടന്ന രക്തരഹിത വിപ്ലവമായ റോസ് വിപ്ലവം, ഹിറ്റ്‌ലറുടെ നരമേധത്തിന്റെ കാലത്ത് ജര്‍മനിയില്‍ ഉണ്ടായ മാനവിക പ്രതിരോധമായ വൈറ്റ് റോസ് തുടങ്ങി റോസിന്റെ പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ട യുദ്ധവും വിപ്ലവവും പ്രതിരോധപ്രസ്ഥാനങ്ങലുമെല്ലാം സ്വരാജിന്റെ തൂലികയിലൂടെ രസകരമായ കഥയായി പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. പിന്നാലെ റോസിന്റെ പേരിലെഴുതപ്പെട്ട കവിതകള്‍, പ്രണയാര്‍ദ്രമായ ഭൂതകാലചരിത്രത്തിന്റെ ആവിഷ്‌കരണങ്ങളെല്ലാം.

മരണമില്ലാത്ത പൂക്കള്‍

ഒരുപക്ഷേ സാധാരണ ചിന്തയില്‍ പോലും നാം ആലോചിക്കില്ല, കറുപ്പുനിറത്തിലുള്ള പൂവുണ്ടോ, മരണമില്ലാത്ത പൂവുണ്ടോ എന്നൊന്നും. സ്വരാജ് പൂക്കളുമായി സല്ലപിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ തേടിയിരുന്ന രണ്ട് പൂക്കളാണ് കറുപ്പുനിറമുള്ള പൂക്കളും മരണമില്ലാത്ത പൂക്കളും. തൊട്ടാവാടി മുതല്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ജീവിക്കുന്ന പൂവുകള്‍ വരെ ഈ ലോകത്ത് കണ്ടു. എല്ലാപൂവും ഒരിക്കല്‍ കൊഴിയും. മരണമില്ലാത്ത പൂക്കളെ കണ്ടെത്താനേ കഴിഞ്ഞില്ല. അങ്ങനെ മരണമില്ലാത്ത പൂക്കളെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച ഒരുഘട്ടത്തിലാണ് സ്വരാജ്് ഊട്ടിയില്‍ അത്തരം പൂവുണ്ടെന്ന് കേള്‍ക്കുന്നത്. മരണമില്ലാത്ത പൂവു തേടിയുള്ള യാത്ര ആരംഭിച്ചു. ഊട്ടിയിലെത്തി ഒരു പകല്‍ മുഴുവന്‍ നടന്ന് മരണമില്ലാത്ത പൂക്കളുടെ ഇടയിലേക്ക് എത്തിപ്പെട്ട കഥ രസകരമായാണ് എഴുത്തുകാരന്‍ പറയുന്നത്. അങ്ങനെ എവര്‍ ലാസ്റ്റിംഗ് ഫ്‌ളവര്‍ എന്നറിയപ്പെടുന്ന ആ പൂവ് കണ്ടുപിടിച്ചു. നാടന്‍ പേര് ഊട്ടിപ്പൂവ്. ഓസ്‌ട്രേലിയയില്‍ ജനിച്ച് ലോകത്ത് പലയിടങ്ങളിലൂടെ ഊട്ടിയിലെത്തിയ ആ വാടാത്ത പുഷ്പത്തിന്റെ ജീവചരിത്രം വിസ്മയിപ്പിക്കുന്നതായിരുന്നു.

കറുത്ത പൂക്കള്‍

കറുത്ത പൂക്കളുണ്ടോ ആ ചോദ്യം കേള്‍ക്കുമ്പോഴായിരിക്കും ശരിയാണല്ലോ എന്ന് ആലോചിച്ച് നാം മൂക്കത്ത് കൈവയ്ക്കുന്നത്. എന്നാല്‍ കറുത്ത പൂക്കള്‍ തേടിയും ഈ പുസ്തകം അലയുന്നുണ്ട്. ഒടുവില്‍ അതുകണ്ടുകിട്ടിയത് രസകരമായ കഥയായി അവതരിപ്പിക്കുന്നു. അതും കടുംകറുപ്പുനിറത്തിലുള്ള റോസാപ്പൂക്കള്‍. തുര്‍ക്കിയില്‍ യൂഫ്രട്ടീസ് നദീതീരത്തെ ഹല്‍ഫേതി എന്ന ഗ്രാമത്തിലാണത്രെ കറുത്ത പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത്. കറുത്ത പൂക്കളുടെ വിധി ആഭിചാരത്തിനും ദുര്‍മന്ത്രവാദങ്ങള്‍ക്കും ഇരുന്നുകൊടുക്കലാണ്. ഈ ചരിത്രം തുര്‍ക്കിയില്‍ നിന്ന് ലോകത്തിലെങ്ങും പടര്‍ന്നതിന്റെ കഥയും സ്വരാജ് വിവരിക്കുന്നുണ്ട്.

പച്ചപ്പൂവുകള്‍

ചെടികളുടെ നിറം പച്ചയാണ്, എന്നാല്‍ പച്ചനിറമുള്ള പൂക്കള്‍ കണ്ടുകാണണമെന്നില്ല. ബഹുവര്‍ണപുഷ്പങ്ങളെ നോക്കി കണ്ടാസ്വാദിക്കുമ്പോള്‍ എഴുത്തുകാരനും ആലോചിച്ചുപോയിട്ടുണ്ട്, പച്ചനിറത്തിലുള്ള പൂക്കളുണ്ടോ എന്ന്. ഒടുവില്‍ അന്വേഷണങ്ങളുടെ ഇടയില്‍ സ്വരാജ് അത് കണ്ടെത്തിയത് കാര്‍നേഷന്‍ പൂക്കളുടെ കൂട്ടത്തിലാണ്. പച്ച നിറമുള്ള കാര്‍നേഷന്‍ പൂവ്. ലോകോത്തര സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ഇഷ്ടപൂവാണത്രെ പച്ചകാര്‍നേഷന്‍. പച്ചകാര്‍നേഷനെ കുറിച്ചുള്ള അന്വേഷണം 1894ല്‍ പുറത്തിറങ്ങിയ ഗ്രീന്‍ കാര്‍നേഷന്‍ എന്ന നോവല്‍ വരെ എത്തുന്നുണ്ട്. പച്ചപ്പൂവിന്റെ ഏറ്റവും വലിയ ദുരന്തം അത് പ്രകൃതി ദത്തമല്ല എന്നതാണ്. കൃത്രിമമായി വികസനിപ്പിച്ചെടുത്ത സങ്കരയിനം പൂഷ്പമാണ് പച്ച കാര്‍നേഷന്‍.

തമിഴ്പുലികളുടെ ജ്വലിക്കുന്ന പ്രതീകം

ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് മേന്തോന്നിപ്പൂവിന്റെ കഥയാണ്. മേന്തോന്നിയില്‍ ഒരു സ്വപ്‌നം അടങ്ങിയിട്ടുണ്ട്. തീജ്വാല കണക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ആ പൂവിലാണ് ശ്രീലങ്കയിലെ തമിഴ് വംശജര്‍ അവരുടെ സ്വാതന്ത്ര്യസ്വപ്‌നങ്ങളുടെ ഇതളുകള്‍ സൂക്ഷിച്ചുവച്ചത്. 2009 മെയ് 19ന് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുകയും എല്‍ടിടിഇയുടെ സ്വപ്‌നം പൊലിഞ്ഞെങ്കിലും തമിഴ് വംശജര്‍ എല്ലാ കൊല്ലവും നവംബര്‍ 27ന് ആചരിക്കുന്ന മാവീരാര്‍ ദിനത്തില്‍ എവിടെ തിരിഞ്ഞുനോക്കിയാലും മേന്തോന്നിപ്പൂക്കള്‍ ജ്വലിച്ചുനില്‍ക്കുന്നത് കാണാം. മേന്തോന്നിപ്പൂ എങ്ങനെ ചരിത്രത്തില്‍ ആവേശോജ്വലമായ അദ്ധ്യായമായി എന്ന സ്വരാജിന്റെ വിശദീകരണംഈ പുസ്തകത്തിന്റെ ആകെ സ്വഭാവത്തിലേക്കുള്ള സൂചകമാണ്. ഒരു പൂവിന്റെ ജീവ ചരിത്രം അന്വേഷിക്കുകയും അതെഴുതുകയും ചെയ്താല്‍ ഒരു പക്ഷേ ഇത്ര മനോഹരമായ ഒരു പുസ്തകമാകുമെന്ന് ഈ പുസ്തകം വായിക്കും മുമ്പ് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്വരാജിന്റെ ഓരോ പുഷ്പാന്വേഷണത്തിനുമൊടുവില്‍ എത്തിപ്പെട്ടത് വ്യത്യസ്താനുഭവങ്ങളുടെയും പുത്തന്‍ വിജ്ഞാനത്തിന്റെയും കടലാഴത്തിലുള്ള ഒരു ലോകത്തിലേക്കാണ്.

പൂവിന്റെ ജീവചരിത്രം

ഓരോ പൂവും ഓരോ കഥയാണ്. വിസ്മയിപ്പിക്കുന്ന അവസാനിക്കാത്ത വിജ്ഞാനത്തിന്റെ കലവറ. ഒപ്പം ലോകചരിത്രത്തിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും പ്രണയവഴികളുടെയും രാഷ്ട്രീയത്തിന്റെയുമൊക്കെ ചരിത്രംകൂടിയാണ്. പോപ്പിപ്പൂവ്, മാമ്പൂവ്,തെച്ചിപ്പൂവ്, അശോകം, സൂര്യകാന്തി, ക്രിസാന്തമം, ഡാഫഡില്‍സ്, മുള്ളില്ലാത്ത റോസാപ്പൂ തുടങ്ങി നിരവധി പൂക്കളുടെ ചരിത്രം പറയുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നിന്ന് വ്യത്യസ്തമായി എം സ്വരാജ് ഉയരങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ കെല്‍പ്പുള്ള വിജ്ഞാനദാഹിയും എഴുത്തുകാരനുമായി മാറുന്നു. പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലെത്തി അവിടെ തരംഗമായ മാമ്പൂക്കളുടെ വിപ്ലവകഥ പറയുമ്പോള്‍ മാവോയുടെയം ചൈനയുടെയും ഒരു ചരിത്രകാലഘട്ടത്തിലൂടെ നാം കടന്നുപോകും. അതുപറയാന്‍ ഒരു കമ്യൂണിസ്റ്റ് കക്ഷിരാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന ലേബല്‍ സ്വരാജിന് തടസ്സമേയാകുന്നില്ല. ആ അര്‍ത്ഥത്തില്‍ പൂക്കളുടെ പുസ്തകത്തിലെ ഓരോ വരിയിലും മനുഷ്യപക്ഷത്തുനിന്നുകൊണ്ട് സഞ്ചരിക്കുന്ന സ്വതന്ത്രനായ വിജ്ഞാനദാഹിയുടെ മുഖമാണ് കാണാനാകുക.

വായനാനന്തരം സ്വാഭാവികമായും ഈ കുറിപ്പുകളോട് നമ്മള്‍ താദാത്മ്യം പ്രാപിക്കും. വിസ്മയിപ്പിക്കുന്ന ഓരോ പുഷ്പത്തിന്റെയും ആത്മകഥയിലൂടെ സഞ്ചരിച്ച് പുതിയൊരുയരത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ നമുക്ക് തോന്നാം, ഓരോ പൂവിനും ഇങ്ങനെയല്ലാതെ മറ്റെങ്ങനെ ആകാന്‍ കഴിയും എന്ന്. അറിഞ്ഞ ഭൂതകാലങ്ങളാണിവ. ഇനി അറിയാനിരിക്കുന്നവ എത്രയധികമുണ്ടാകും എന്ന ആകാംക്ഷയാണ് സ്വരാജ് പൂക്കളുടെ പുസ്തകത്തില്‍ ബാക്കി വയ്ക്കുന്നത്. ആ അര്‍ത്ഥത്തില്‍ പൂക്കളുടെ പുസ്തകം പൂക്കളുടെ ജീവചരിത്രം തന്നെ ആയി മാറുന്നു.

പുസ്തകം ബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.