DCBOOKS
Malayalam News Literature Website

കഥയിലെ മാന്ത്രികക്കളങ്ങള്‍

ആര്‍.ചന്ദ്രബോസ്
(കടപ്പാട് :wtp live )

‘കഥകൊണ്ടുനാമാടി പല ജന്മമൊന്നിൽ
കഥകൊണ്ടു കാലമോ
നക്ഷത്രകോടി
കഥകൊണ്ടു നാം നെയ്തു സ്വര്‍ഗ്ഗനരകങ്ങൾ
പലലോക വിസ്തൃതികളുമൊരേ വസുധയിൽl’

(കഥനം – കെ.ജി.എസ്)

വ്യക്തിയുടെയും സംസ്‌കാരത്തിന്റെയും സങ്കീര്‍ണ്ണതകളെ നിഗൂഢമായ മന്ത്രവാദക്കളങ്ങള്‍പോലെ ആലേഖനം ചെയ്യുകയാണ് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ തന്റെ ചെറുകഥകളില്‍. സാമൂഹികാവബോധത്തിന്റെ വെളിപാടുകളായും സംസ്‌കാരത്തിന്റെ ജനിതകമാപ്പിംഗായും ആ കഥകള്‍ മാറുന്നത് ‘പൊന്ത’ എന്ന സമാഹാരത്തില്‍ കാണാം. നാടന്‍ചൊല്ലുകളിലെയും നാട്ടുകഥകളിലെയും വ്യവഹാരങ്ങളിലെയും സൂചകങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള കഥാപര്യവേക്ഷണങ്ങള്‍ മലയാളകഥ കൈവരിച്ച ആഖ്യാനമുന്നേറ്റങ്ങളുടെ കാലികമായ ഉദാഹരണങ്ങള്‍ തന്നെയാണ്. കിടങ്ങൂര്‍ എന്ന ദേശത്തെ പരാമര്‍ശിക്കുന്ന, 14-ാം നൂറ്റാണ്ടിലുണ്ടായ ഉണ്ണുനീലിസന്ദേശത്തിലെ കൃത്യമായി അര്‍ത്ഥം പറയാനാവാത്ത വ്യവഹാരഭാഷാസൂചകങ്ങള്‍ നിറഞ്ഞ ശ്ലോകത്തെ പരാമര്‍ശിച്ചു കൊണ്ടാണ് മീനച്ചിലാറിന്റെ തീരപ്രദേശങ്ങള്‍ പശ്ചാത്തലമാകുന്ന ‘പൊന്ത’ എന്ന കഥ തുടങ്ങുന്നതുതന്നെ. (ശ്ലോകം.64) കുറ്റകൃത്യങ്ങളും ശിക്ഷാവിധികളും ചതിയും വഞ്ചനയും പെണ്ണുടലുകള്‍ക്കുമേല്‍ പുരുഷകാമനകള്‍ നടത്തിയ അതിക്രമങ്ങളും സ്വയം ഹനിച്ചുകൊണ്ട് സ്ത്രീകള്‍ നടത്തിയ പ്രതിരോധങ്ങളും സാംസ്‌കാരിക ചരിത്രപാഠങ്ങളായി ഇതള്‍വിരിയുന്ന അസാധാരണവശ്യതയുള്ള രചനയാണ് പൊന്ത. സംസ്‌കാരത്തിന്റെ പൊന്തക്കാടുകളിലേക്കുള്ള സാഹസികസഞ്ചാരം. മീനച്ചിലാറിന്റെ തീരത്തെ കാവാലിപ്പുഴഭാഗത്തെക്കുറിച്ച് നാട്ടില്‍ പ്രചരിക്കുന്ന കഥകളും ശൈലികളും വകഞ്ഞുമാറ്റി കഥയിലേക്കുള്ള പടവുകള്‍ കെട്ടുന്നു. നാട്ടുകഥകളുടെ ഒരു വന്‍കയത്തില്‍ വായനക്കാരും അകപ്പെട്ടുപോകുന്നു. ‘അമ്മായിയമ്മയെ തോല്പിച്ച് കാവാലിപ്പുഴെ ചെന്ന് കയത്തില്‍ ചാടുക’ എന്ന ചൊല്ല് അവിടെ പ്രചരിക്കുന്ന ശൈലികളിലൊന്നാണ്. സ്വയം നശിച്ച് മറ്റുള്ളവരെ തോല്പിക്കുക എന്ന മനോഭാവമാണ് ആ ചൊല്ലില്‍ നിഴലിക്കുന്നത്. സ്വയം ബലിനല്‍കി തങ്ങളുടെ ഉടലിന്മേലുള്ള പുരുഷാക്രമണത്തെ പ്രതിരോധിച്ച പെണ്‍കഥകള്‍ അതില്‍നിന്ന് കഥാകാരന്‍ കണ്ടെടുക്കുകയാണ്. രാജഭരണകാലത്ത് തൂക്കുമരമുണ്ടായിരുന്ന സ്ഥലമായിരുന്നു അത്. അന്നത്തെ കുറ്റവാളികളാകട്ടെ കരുത്തരായിരുന്നു. വെറും വയറ്റില്‍ ഉടുമ്പ്, പാറേചാത്തന്‍, മുട്ടനാട്, മരപ്പട്ടി തുടങ്ങിയവയുടെ ചോരകുടിച്ച് വെളുപ്പിനെ കാതങ്ങളോളം ഓടി ശരീരം ഉരുക്കുപോലെ സൂക്ഷിച്ചിരുന്നവര്‍. കുറ്റകൃത്യങ്ങളുടെയും ശിക്ഷാവിധികളുടെയും പുരാവൃത്തമുള്ള സ്ഥലം. ആ കാലത്തിന്റെ ശരീരവും സംസ്‌കാരവും തൊഴിലും സ്ത്രീപുരുഷബന്ധങ്ങളും ആവാസവ്യവസ്ഥയുമൊക്കെ ഒരേസമയം അബോധാത്മകമായും ജൈവികമായും ആഖ്യാനം ചെയ്യപ്പെടുന്നു കഥയില്‍.

അബോധാത്മകമായ ആഖ്യാനം കഥ പറയുന്നയാളുടെ അച്ഛമ്മയ്ക്ക് ഇടയ്ക്കിടെയുണ്ടാകുന്ന ഭൂതബാധയില്‍ നിന്നാണ് സംഭവിക്കുന്നത്. കഠാരിക്കുട്ടി എന്ന് ഇരട്ടപ്പേരുള്ള മുത്തശ്ശി, 90 വയസ്സുള്ള അച്ഛമ്മയുടെ ദേഹത്തു കൂടും. അപ്പോള്‍ അവരുടെ സ്വഭാവവും ചേഷ്ടകളും മാറും. തറ്റുടുത്തതിനു മുകളില്‍ ഒറ്റമുണ്ടു ചുറ്റി പാട്ടുപാടി തിരുവാതിര കളിക്കും. കഠാരിക്കുട്ടിയായി മാറുന്ന അച്ഛമ്മ ആഹാര്യശോഭയോടെ കഥ പറയും. കഠാരിക്കുട്ടി എന്നു പേരുവീണതിന്റെ ചരിത്രമാണ് അതിലൊന്ന്. കഠാരിക്കുട്ടിയുടെ യഥാര്‍ത്ഥ പേര് കുട്ടിയമ്മ എന്നായിരുന്നു. കേശവപിള്ള പ്രവൃത്തിയാരുടെ കുശിനിക്കാരി. എല്ലാ ജോലികളും വെടിപ്പായി ചെയ്തു. പ്രവൃത്തിയാരുടെ കോണകങ്ങള്‍ കഴുകിയുണക്കലായിരുന്ന പ്രധാന ജോലി. ഒരിക്കല്‍ ആറ്റില്‍ കുളിച്ചുകൊണ്ടു നില്‍ക്കവെ അക്കരക്കടവില്‍ കോണകം മാത്രം ധരിച്ചുനിന്നു കുളിക്കുകയായിരുന്ന ആനക്കാരന്‍ ഇയ്യായന്‍പിള്ള കുട്ടിയമ്മയെ കൈകാട്ടി വിളിച്ചു. കുട്ടിയമ്മ മടിച്ചില്ല. ‘ഉടമുണ്ടു മടക്കിതറ്റുകുത്തി അവര്‍ പുഴവെള്ളത്തിലേക്ക് കൂപ്പുകുത്തി. മീനച്ചിലാറിന്റെ വിരലുകള്‍ കുട്ടിയമ്മയുടെ ഏത്താപ്പഴിച്ചു. മുങ്ങാംകുഴിയിട്ടുവന്ന കഴുന്നകളും വാളകളും പരലുകളും കുട്ടിയമ്മയുടെ ഉടലഴകും മുലമുഴപ്പും കണ്ട് സ്തംഭിച്ചു നിന്നു. അക്കരക്കടവില്‍ നിന്ന് കുട്ടിയമ്മ നീന്തിത്തുടിച്ച് ഇക്കരക്കടവിലെത്തി. ഇയ്യായന്‍പിള്ള കൈപിടിച്ച് കുട്ടിയമ്മയെ പതിയെ പടവിലേക്കു കയറ്റി. കുട്ടിയമ്മ ചിരിച്ചു. ഇയ്യായന്‍ പിള്ള ചിരിച്ചു. മാനംമുട്ടി നില്‍ക്കുന്ന ആഞ്ഞിലിത്തുമ്പത്തു നിന്നുമിറങ്ങിയ കൂറ്റന്‍ കടവാവലുകള്‍ ചിറകുകളില്‍നിന്ന് ആകാശം കുടഞ്ഞുകളഞ്ഞ് മീനച്ചിലാറിന്റെ മുകളില്‍ വട്ടമിട്ടു പറന്നു. മടക്കിവെച്ചിരുന്ന ഒറ്റമുണ്ടിനടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കഠാരയെടുത്ത് ഇയ്യായന്‍പിള്ള കുട്ടിയമ്മയുടെ വെണ്‍തുടയില്‍ ഒറ്റക്കുത്ത്’ (പു. 19) ഇങ്ങനെ കുട്ടിയമ്മയുടെ വേഴ്ചാകാമന ദുരന്തത്തില്‍ കലാശിച്ചു. ഇയ്യായന്‍പിള്ളയുടെ കഠാരിക്കുത്ത് കഴുന്നായയുടെ കടിയായി മാറ്റി. എന്നാല്‍ കുട്ടിയമ്മയോട് അഭിനിവേശമുണ്ടായിരുന്ന കാരിച്ചിന്നന്‍ സത്യാവസ്ഥ മനസ്സിലാക്കി. മീന്‍പിടുത്തവും കള്ളവാറ്റുമാണ് അയാളുടെ തൊഴില്‍. പ്രേതങ്ങള്‍ സവാരി നടത്തുന്ന ഇടമായി നാട്ടുകാര്‍ കരുതുന്ന, ഭീതിപരത്തുന്ന ആച്ചോത്തുപറമ്പാണ് അയാളുടെ താവളം. രാത്രിയില്‍ ആച്ചോത്തുപറമ്പിലേക്കു വരാനും താന്‍ ഒരു കൊട്ട പിടിയ്ക്കുന്ന മീന്‍ തരാമെന്നും, ഇയ്യായന്‍പിള്ളയെപ്പോലെ തുടയില്‍ കുത്തിക്കേറ്റുന്ന കഠാരി തന്റെ കൈവശമില്ലെന്നും പറഞ്ഞ് കാരിച്ചിന്നന്‍ കുട്ടിയമ്മയെ പ്രലോഭിപ്പിച്ചു. കുട്ടിയമ്മ വഴങ്ങിയില്ല. ഇഷ്ടപുരുഷനില്‍ നിന്നേറ്റ കഠാരിക്കുത്തിന്റെ മുറിവുണങ്ങി. ഒരു നാള്‍ പറമ്പില്‍ പുല്ലുചെത്തുന്ന കുട്ടിയമ്മയുടെ അരികിലേക്ക് ഗോവിന്ദന്‍ എന്ന ആനയുടെ പുറത്തേറി ഇയ്യായന്‍പിള്ള വന്നു. ഗോവിന്ദന്റെ തുമ്പിക്കൈയാണ് കുട്ടിയമ്മയുടെ അടുത്തേക്ക് നീണ്ടുവന്നത്. സംസാരിച്ചതും ഗോവിന്ദനായിരുന്നു. ‘നീയിപ്പോള്‍ പണ്ടേപ്പോലെ കേലേക്കേറിയല്ലല്ലോ ഇയ്യായന്‍പിള്ള ചൊവ്വാക്കിയില്ലേ’ എന്ന് ഗോവിന്ദന്‍ കുട്ടിയമ്മയോടു പറഞ്ഞു. ആനപ്പുറത്തിരുന്ന ഇയ്യായന്‍പിള്ള സ്വര്‍ഗ്ഗത്തില്‍ നിന്നെന്നപോലെ ചിരിച്ചുകൊണ്ടു കൈനീട്ടി. ആനപ്പുറത്തേറിപ്പോയ കുട്ടിയമ്മ ഇയ്യായന്‍പിള്ളയോടൊപ്പം ജീവിതം തുടങ്ങി.

അസൂയ മുഴുത്ത കാരിച്ചിന്നന്‍ ഗോവിന്ദന് കുടിക്കാന്‍ വെള്ളമൊഴിക്കുന്ന വട്ടിയില്‍ ചാരായം കലക്കി. മദമിളകിയ ഗോവിന്ദന്‍ ഇയ്യായന്‍പിള്ളയെ കുത്തിക്കൊന്നു. ‘എന്റെ നായരെ കൊല്ലാന്‍ ആരാടാ നിനക്ക് പാഷാണം കലക്കിത്തന്നത് ‘ എന്ന കുട്ടിയമ്മയുടെ ചോദ്യത്തിന്, ‘കണ്ടത്തിലമ്മിണീടെ മകനാ…ആ കാരിച്ചിന്നന്‍’ എന്ന മറുപടി കിട്ടിയവാറെ കുട്ടിയമ്മ ഗോവിന്ദന്റെ ചങ്ങലത്തളപ്പിന്റെ കൊളുത്തൂരിവിട്ടു. മദമിളകിയ ഗോവിന്ദന്‍ നാട്ടില്‍ ഭീതി പടര്‍ത്തി ഭ്രാന്തമായി അലഞ്ഞു നടന്നു. ആനയെത്തളയ്ക്കാന്‍ മാതംഗലീല അരച്ചു കലക്കിക്കുടിച്ച കുഞ്ഞന്‍പിള്ളയെ കൂട്ടിക്കൊണ്ടുവരാന്‍ ഒരു സംഘം നാട്ടുകാര്‍ പയ്യപ്പാടിയിലേക്കു പോയി. കുടിച്ചു കുന്തംമറിഞ്ഞ് വീരവാദത്തോടെ ആനയെ തളയ്ക്കാനെത്തിയ കുഞ്ഞന്‍പിള്ള ലഹരിയുടെ കയത്തില്‍ വീണുപോയി. ആച്ചോത്തുപറമ്പിലെ‍ ഇരുളില്‍ കാരമുള്‍ക്കാടിനു പിന്നില്‍ മുത്തങ്ങാപ്പുല്ലിനും കുറുന്തോട്ടിക്കും മീതെ ചാരായത്തിന്റെ ലഹരിയില്‍ മലര്‍ന്നുകിടന്ന കാരിച്ചിന്നന്റെ നെഞ്ചില്‍ കൊമ്പുകളാഴ്ത്തി ഗോവിന്ദന്‍ ശമിച്ചു. അന്നു രാത്രിയില്‍ ചാണകവെള്ളം മുക്കി അലക്കി വെളുപ്പിച്ച മുണ്ടുടുത്ത് നേരിയതുകൊണ്ട് കൈകള്‍ സ്വയം ബന്ധിച്ച് ഇയ്യായന്‍പിള്ളയുടെ തോട്ടിയും വടിയുമെടുത്ത് കുട്ടിയമ്മ തച്ചപ്പള്ളിക്കയത്തിലേക്ക് ഇറങ്ങിപ്പോയി.’ തച്ചപ്പള്ളിക്കയത്തിലൊടുങ്ങിയ കുട്ടിയമ്മ, പുരുഷപ്പകയുമായി വീണ്ടും ജന്മമെടുക്കുന്നു. ആ നാട്ടിലെ ഒരുപാടുപേര്‍ കയത്തില്‍ പ്രേതാത്മാക്കളായി ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിമരിച്ച വാര്യത്തെ ജാനകി, എച്ചിച്ചോറുണ്ണാന്‍ വന്നപ്പം കാളാമുണ്ടന്‍ കൊണ്ട് പറകാളിപ്പെണ്ണുങ്ങൾ തച്ചുകൊന്ന നായര്, വയറെളക്കം പിടിച്ചു ചത്ത കൂടോത്രക്കാരന്‍ വേലുപ്പിള്ള അങ്ങനെ പലരും. കാലങ്ങള്‍ കഴിഞ്ഞ് തൈപ്പറമ്പില്‍ ഉണ്ണിയമ്മയുടെ വയറ്റില്‍ കുട്ടിയമ്മ വീണ്ടും മുളപൊട്ടി, ഇലവെട്ടുകാരന്‍ നീലാണ്ടന്റെ മകള്‍ ചക്കിയായി. അവള്‍ മുതിര്‍ന്നപ്പോള്‍ കൂടോത്രക്കാരന്‍ വേന്ദ്രന്‍പിള്ള അവളെ കാമിച്ചു. അയാള്‍ പെണ്ണാലോചിച്ചു വന്നു. ഉണ്ണിയമ്മയെ സ്വാധീനിച്ച് ചക്കിയെ മംഗലം കഴിക്കാനുള്ള വേന്ദ്രന്‍പിളളയുടെ നീക്കം നീലാണ്ടന്‍ എതിര്‍ത്തു. വെളുപ്പാന്‍കാലത്ത് ഇലവെട്ടാന്‍ പോയ നീലാണ്ടന്റെ തലയില്‍ വേന്ദ്രന്‍പിള്ള തെങ്ങിന്‍മുകളില്‍നിന്ന് തേങ്ങ കുലയോടെ വെട്ടിയിട്ട് വകവരുത്തി. വേന്ദ്രന്‍പിള്ള ഉണ്ണിയമ്മയോടൊപ്പം നീലാണ്ടന്റെ വീട്ടില്‍ പൊറുതി തുടങ്ങി. വല്യമ്പലത്തിലെ ഉത്സവത്തിനു പോയ ചക്കിയെ വഴിയില്‍ വെച്ച് വേന്ദ്രന്‍പിള്ള പ്രാപിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ ചക്കി ആറ്റുകരയിലെത്തി. കടവാതിലായി വന്ന് നീലാണ്ടന്‍ വേന്ദ്രന്‍ പിള്ളയെ തടഞ്ഞു. ‘പൊന്നിന്‍കട്ടേ! ചാടിക്കോ’ എന്നു വിളിച്ചു പറഞ്ഞു. അവള്‍ കയത്തിലേക്കു ചാടി. പറകാളിപ്പെണ്ണുങ്ങള്‍ തച്ചുകൊന്ന നായരും വാര്യത്തെ ജാനകിയും കൂടോത്രക്കാരന്‍ വേലുപ്പിള്ളയും അവളെ ആഴത്തിലേക്കു സ്വീകരിച്ചു. ‘മന്ത്രം ജപിച്ചു മഴവിലക്കിയ, പുഴകയറി വന്ന പുലിയെ മയക്കിയ, നാരായംകൊണ്ടു വരച്ച് പേരാലില്‍ പേരയ്ക്ക മുളപ്പിച്ച വേലുപ്പിള്ള ചക്കിയോടു പറഞ്ഞു ‘നിനക്കു ഞാന്‍ പല്ല് മൊളപ്പിക്കും പല്ല്. കരിമ്പ് പോലും കടിച്ചു ചീമ്പാന്‍ പറ്റുന്ന പല്ല്. നിന്റെ പൊക്കിളിനു താഴെ മൊളപ്പിക്കും. അവന്റെ പക്കത്ത് നീ എന്നിട്ടു പോയാല്‍ മതി.’ അച്ഛമ്മ മരണപ്പായില്‍ കിടന്നുകൊണ്ട് വിളിച്ചുപറഞ്ഞ കഥ ഇതത്രേ.

കഥയുടെ ശ്രോതാവായ ആഖ്യാനകാരന്റെ ജീവിതത്തിലേക്കു ഭൂതാവേശആഖ്യാനത്തെ ജൈവികമായി നീട്ടിവരച്ചുകൊണ്ടാണ് പരിണാമഗുപ്തി ഒരുക്കിയിരിക്കുന്നത്. അച്ഛമ്മയുടെ ശവമടക്ക് കഴിഞ്ഞ് കൂട്ടുകാരുമായി കളിക്കുന്നതിനിടെ തെറിപറഞ്ഞതിന് അയല്‍വാസികൂടിയായ വല്യമ്മാവന്‍ അവനെ ശിക്ഷിക്കുന്നു. ഇതിന്റെ പേരില്‍ അളിയന്മാര്‍ ശണ്ഠ കൂടുന്നു. മക്കളില്ലാത്ത വല്യമ്മാവനെ കഥപറയുന്നയാളിന്റെ പിതാവ് അനപത്യതയുടെ പേരില്‍ ആക്ഷേപിച്ചു. ഏതാനും നാള്‍ കഴിഞ്ഞ് അമ്മായിക്ക് മകളുണ്ടായി അവള്‍ക്ക് പൊന്നി എന്നു പേരിട്ടതിന്റെ നാലാംപക്കം വല്യമ്മാവന്‍ പ്ലാവില്‍നിന്നു വീണുമരിച്ചു. ബന്ധുവഴക്ക് പകയും അസൂയയുമായി വളര്‍ന്നു. പൊന്നിയുടെ ധിക്കാരവും തന്റേടവും അമര്‍ച്ചചെയ്യാന്‍ തക്കം Textപാര്‍ത്തിരുന്നു അയാള്‍. വല്യമ്മായി തളര്‍ന്നു കിടപ്പായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്ന അയാള്‍ അവളെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു. ‘എന്റെ കൈക്കരുത്തിനു മുന്നില്‍ അവള്‍ നഗ്നതയുടെ അപാരതയായി. പ്രതിരോധത്തിന്റെ ചോരപൊടിഞ്ഞിട്ടും പെണ്മയുടെ നാട്ടുവഴികളും തോട്ടിറമ്പുകളും താണ്ടാന്‍ ഞാന്‍ ശ്രമിച്ചു. വെണ്‍തുടയില്‍ തിണര്‍ത്തു കിടക്കുന്ന മുറിവുണങ്ങിയതു പോലുള്ള ഒരു ചുകന്ന മറുക് കണ്ട് നെഞ്ചിലൂടെയാരോ കഠാര പായിച്ചതുപോലെ തോന്നി. വഴി തെറ്റിപ്പറന്ന ഒരു കടവാവല്‍ ജനല്‍പ്പാളിയില്‍ വന്നിടിച്ചു. തലയ്ക്കുള്ളിലെ ഒറ്റാലില്‍ കാരിമീനുകള്‍ പിടച്ചു. അവളുടെ മുഖത്ത് ഭയത്തിനു പകരം ഭീഷണമായ മന്ദഹാസം പടര്‍ന്നിറങ്ങിയെന്നു തോന്നി. അവളുടെ പൊക്കിളിനു താഴെ കാലുകള്‍ക്കിടയില്‍ പല്ലുകള്‍ ഞെരിയുന്നതുപോലെ’ കഥയുടെ ക്ലൈമാക്‌സ് ഇപ്രകാരമാണ്.

തലമുറകളായി അനുഭവിച്ച സഹനത്തിന്റെയും പീഢനത്തിന്റെയും പ്രതിരോധത്തിന്റെയും മുദ്രകള്‍ പെണ്ണുടലില്‍ കണ്ട്, കഥയില്‍ ജീവിതം കൊത്തിയിരിക്കുന്നതറിഞ്ഞ് ആണിന്റെ കാമാസക്തി ഭയമായി മാറുന്നതാണ് പൊന്തയില്‍ തെളിയുന്നത്. പുരുഷാധിനിവേശത്തിന്റെ ചരിത്രം പ്രേതഭാഷയായി പെണ്ണുടലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാലങ്ങളും സംസ്‌കാരങ്ങളും മാറിമറിയുമ്പോഴും ആണ്‍കാമം അക്രമത്തിന്റേതും അധിനിവേശത്തിന്റേതും തന്നെ. രതിഹിംസയുടെ നരവംശശാസ്ത്രമായി വായിക്കാവുന്ന കഥ, നാടോടിക്കഥാമട്ടില്‍ മന്ത്രവാദക്കളങ്ങള്‍ പോലെ നിഗൂഢത നിറച്ച ആഖ്യാനം. ചിഹ്നഭാഷയുടെ വിന്യാസംകൊണ്ടും അത്ഭുതപ്പെടുത്തുന്ന കഥയാണ് പൊന്ത.

ഉണ്ണിക്കൃഷ്ണന്റെ കഥപറച്ചില്‍ ചെറുകഥയെക്കുറിച്ചുള്ള എല്ലാ മുന്‍വിധികളെയും സൈദ്ധാന്തികധാരണകളെയും തകര്‍ത്തുകളയുന്നു. ആഖ്യാനംതന്നെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും സങ്കീര്‍ണ്ണതകളിലേക്കു സഞ്ചരിക്കുന്നു. ഒരാഖ്യാനത്തില്‍നിന്ന് ബഹുവിധ ആഖ്യാനങ്ങള്‍ പൊട്ടിമുളയ്ക്കുന്നു. കഥ വായിച്ചുതീര്‍ന്നാലും ജീവിതനിഗൂഢതകള്‍ മനസ്സില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ‘ദൈവത്തിന്റെ ഏകാന്തത’ കഥയും കഥപറച്ചിലും കഥാപാത്രവും സങ്കല്പവും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിക്കുഴയുന്നതും ഓരോ മനുഷ്യന്റെയും അപസര്‍പ്പകമുഖങ്ങള്‍ വെളിപ്പെടുന്നതിന്റെയും ആഖ്യാനമാണ്. ചലച്ചിത്രബുദ്ധിജീവി എന്നു പ്രസിദ്ധനായ സംവിധായകനോട് കഥ പറയാനെത്തുകയാണ് കഥാകാരന്‍. അതൊരു സംവാദവും ജീവിതയാഥാര്‍ത്ഥ്യവുമായി വികസിക്കുന്നു. അയാള്‍ കഥയിലേക്കു പ്രവേശിക്കുന്നില്ല. അവിചാരിതമായത് സംഭവിക്കുന്നു ഏതൊരാളുടെ ജീവിതത്തിലും എന്നതാണ് കഥയുടെ ചര്‍ച്ചാവിഷയം. പ്രണയം, ദാമ്പത്യം, രതി, ബന്ധങ്ങളുടെ അര്‍ത്ഥശൂന്യത, സ്‌നേഹം, ഏകാന്തത, വിരഹം തുടങ്ങി ഓരോരോ വ്യവഹാരങ്ങളിലും ആവര്‍ത്തിക്കുന്ന വിഷയങ്ങളെയും കലാകാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനം എന്ന ക്ലീഷെയെയും വിമർശനവിധേയമാക്കുന്നു. ദാര്‍ശനികമെന്നും ജീവിത പ്രതിഫലനമെന്നും പ്രകീര്‍ത്തിക്കപ്പെടുന്നതെല്ലാംതന്നെ പൊയ്മുഖങ്ങളണിഞ്ഞിരിക്കുന്നു. കല എന്ന ആദര്‍ശവും അത് പരിചരിക്കുന്നവരുടെ അപസര്‍പ്പകജീവിതവും മുഖാമുഖം നിര്‍ത്തി ആഖ്യാനം ചെയ്യുന്നു ഈ കഥയില്‍. ‘സത്യം പറയുന്ന കുഞ്ഞമ്മിണി’യിലും മനുഷ്യനിലെ നിഗൂഢതയുടെയും പ്രച്ഛന്നജീവിതത്തിന്റെയും ചിത്രീകരണം കാണാം. ഒടയോന്‍ എന്ന കഥയില്‍ ആഖ്യാനത്തിന്റെ രാഷ്ട്രീയം പ്രമേയമായി വരുന്നു. ചരിത്രവും ഫിക്ഷനും ജ്ഞാനനിര്‍മ്മിതിയില്‍ ഇടപെടുന്നതിന്റെ രീതികള്‍ ഈ കഥ സംവദിപ്പിക്കുന്നുണ്ട്. അവയിലെ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങളിലേക്കാണ് ഈ കഥയുടെ അന്തരീക്ഷം നമ്മെ നയിക്കുന്നത്. ചരിത്രത്തിലെ വ്യക്തികളെയും വംശദേശ ഉല്പത്തികളെയും കുറിച്ച് സമൂഹമനസ്സില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം നന്നായി പറഞ്ഞുവയ്ക്കുന്നുണ്ട് ഇക്കഥയിൽ. അമ്മൂമ്മ പറഞ്ഞ ദേശത്തുടയോന്റെ അത്ഭുതകഥകള്‍ ഒന്നിച്ചു കേട്ടുവളര്‍ന്നവരാണ് കഥയിലെ ആഖ്യാതാവും അയല്‍വാസിയും കൂട്ടുകാരനുമായ സുരേഷും. സുരേഷ് അമ്മൂമ്മക്കഥകള്‍ അപ്പടി യാഥാര്‍ത്ഥ്യമെന്നു കരുതുകയും മുതിര്‍ന്നപ്പോള്‍ അവനൊരു കഥാകൃത്തായി മാറുകയും ചെയ്തു. ദേശത്തുടയോന്റെ കഥ ഫിക്ഷന്‍രീതിയില്‍ എഴുതി ആ ചരിത്രം സത്യമെന്നു വിശ്വസിപ്പിക്കാന്‍ അയാള്‍ക്ക് അനായാസം സാധിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ വ്യാഖ്യാനത്തിലൂടെ സൃഷ്ടിച്ചെടുക്കേണ്ടതാണ് എന്ന ചിന്താഗതിയാല്‍ ആഖ്യാതാവ് ചരിത്രകാരന്റെ വഴി തെരഞ്ഞെടുത്തു. അവര്‍ യാഥാര്‍ത്ഥ്യത്തിന്റെയും ഭാവനയുടെയും വഴിയിലൂടെ ദേശചരിത്രത്തെ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നു. വസ്തുതാപരമായ ചരിത്രം ഭ്രമകല്പനകളായും നിക്ഷിപ്തതാല്പര്യങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നതിന്റെ സാംസ്‌കാരികദുരന്തത്തിലേക്കാണ് ഈ കഥ വിരല്‍ചൂണ്ടുന്നത്.

മലയാളിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഈ കഥാകാരന്‍ നിഗൂഢമായി നോക്കുന്നു. വൈകാരികബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത, ഹിംസയുടെ വഴിയേ നടന്നു ശീലിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നൃംശസതകള്‍ കഥാകാരന്‍ കാണുന്നുണ്ട്. ‘മുയല്‍ക്കുരുതി’ എന്ന കഥ പ്രസ്ഥാനത്തിനു വേണ്ടി ഹിംസ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരാളുടെ സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്നു. വൈകാരികബന്ധങ്ങളെ കുടഞ്ഞുകളഞ്ഞ് അയാള്‍ ചെയ്യാന്‍ പോകുന്നത് എന്തു ഹീനമായ പാതകമാണെന്ന്, പറയുന്നു. ആഞ്ഞുതറയ്ക്കുന്ന ശൈലിയില്‍ രചിക്കപ്പെട്ട കഥ. വൈകാരികത ഘനീഭവിച്ചു നില്‍ക്കുന്നു ഈ കഥയിലെ ഓരോ വാക്കിലും. നിലവിളക്കുവിപ്ലവം എന്ന കഥ, വളരെ കാലികതയോടെ, സ്പഷ്ടതയോടെ, വ്യക്തി -പ്രത്യയശാസ്ത്രശാഠ്യങ്ങളെ കുടഞ്ഞു കളഞ്ഞ് മനുഷ്യത്വം വീണ്ടെടുക്കുന്നതിന്റെ രാഷ്ട്രീയം അനാവരണം ചെയ്യുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിയുറച്ച വിശ്വാസിയായ ജയകൃഷ്ണനും ഇടതുപക്ഷ രാഷ്ട്രീയക്കാരനായ സുകേശന്‍ നമ്പൂതിരിയും തമ്മിലുള്ള ഗുരുശിഷ്യബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ആഖ്യാനമായി വികസിക്കുന്ന കഥ, സ്‌തോഭകരമായ മുഹൂര്‍ത്തങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും വളരുന്നു. സംസ്‌കാരജീര്‍ണ്ണതയും മനുഷ്യനില്‍ പെരുകുന്ന ആസക്തികളും ഭക്തിവിപണിയുമെല്ലാം ഈ കഥയുടെ അടിപ്പടവായി തീരുന്നുണ്ട്. പ്രചാരകായി പോകുവാന്‍ തീരുമാനിച്ച ജയകൃഷ്ണന്‍ ലൗകികജീവിതത്തില്‍ തളയ്ക്കപ്പെടുകയായിരുന്നു. വ്യക്തിജീവിതം, കലാജീവിതം, രാഷ്ട്രീയജീവിതം ഇവയുടെ നടുവില്‍പ്പെട്ട് ഭ്രാന്തമായ അവസ്ഥയിലെത്തുന്ന അയാള്‍, അപകടത്തില്‍ മരിച്ച സഹോദരന്റെ ഭാര്യയെ സംരക്ഷിക്കാനുള്ള വിപ്ലവകരമായ തീരുമാനത്തില്‍ എത്തുന്നതോടെ എല്ലാ സംഘര്‍ഷത്തില്‍നിന്നും മോചിതനാവുന്നു. രാഷ്ട്രീയത്തിലല്ല വ്യക്തിജീവിതത്തിലാണ് വിപ്ലവം കുടികൊള്ളുന്നത് എന്ന് വാച്യമായി തന്നെ കഥ പ്രഖ്യാപിക്കുന്നുണ്ട്.

പുരുഷന്റെ ലൈംഗികഫാന്റസികള്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രദ്ധയോടെ പരിചരിക്കുന്ന വിഷയങ്ങളിലൊന്നാണ്. ലൈംഗികതയെക്കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചുമുള്ള ആണ്‍സങ്കല്പങ്ങള്‍, ലിംഗഭീതികള്‍, ഷണ്ഡത്വം സൃഷ്ടിക്കുന്ന വിഭ്രാന്തികള്‍ ഇവയെല്ലാം ഭ്രമാത്മകശൈലിയില്‍ ആഖ്യാനം ചെയ്യുന്നു. നദീമുഖത്തെ കുഞ്ഞുങ്ങള്‍, മായ എന്നീ കഥകളില്‍. പുരുഷകാമനകള്‍ ആര്‍ത്തുല്ലസിക്കുന്നതിന്റെയും അവന്റെ വന്യവാസനകള്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹനിക്കുന്നതിന്റെയും ചിത്രീകരണം ഒളിച്ചിരിക്കുന്ന വീട് എന്ന കഥയില്‍ കാണാം. സ്ത്രീ അനുഭവിക്കുന്ന പീഡകളെ, ഏകാന്തതകളെ, അതിഗാഢമായി എഴുതുവാന്‍ ഈ കഥാകാരന് കഴിയുന്നു. കഥയുടെ അന്തരീക്ഷവും അബോധവും മനസ്സില്‍ മുഴക്കം സൃഷ്ടിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തുന്നതില്‍ ശ്രദ്ധവയ്ക്കുന്നു. രതിപോലെ പാപവും അത്യന്തം കാരുണ്യത്തോടെയും അതേസമയം ഭീതിയോടെയും ആഖ്യാനം ചെയ്യുന്നു. പരിഹാരസ്തുതികള്‍ എന്ന കഥ പാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പിതാക്കന്മാരുടെ പാപങ്ങള്‍ സന്തതികളിലേക്കു സംക്രമിക്കുന്നു എന്ന ക്രൈസ്തവദര്‍ശനത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയതാണ്. കാമനകളുടെ ഉച്ഛൃംഖലത ചിത്രീകരിക്കുന്നതുപോലെ പാപബോധം ജനിപ്പിക്കുന്ന വിങ്ങലും തീവ്രമായി പ്രതിഫലിപ്പിക്കാന്‍ കഥാകാരനു കഴിയുന്നു.

കൊളോണിയല്‍ ബന്ധനിര്‍മ്മിതിയുടെ വൈകാരികചരിത്രം പറയുന്ന കത്രീനമന്‍സില്‍ എന്ന കഥ വേറിട്ടൊരു രചനയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥ, പോസ്റ്റ് കൊളോണിയലിസത്തിന്റെ നാടന്‍ ആഖ്യാനമത്രേ. ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സ്ഥിരതാമസമാക്കി വമ്പന്‍ ബിസിനസ്സ് നടത്തുന്ന മകന്‍ പീയൂഷ് പുന്നന്റെ അടുത്ത് നിന്ന് ഡോ. വർഗീസ് പുന്നന്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വരും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജോലി രാജിവെച്ച് ആസ്‌ത്രേലിയയില്‍ പോയി പുന്നന്‍ തുടങ്ങിവെച്ച ബിസിനസ്സിന്റെ പിന്തുടര്‍ച്ചക്കാരനാണ് മകന്‍. പുന്നന്റെ ഭാര്യയുടെ പേരിലുള്ള കത്രീനാമന്‍സില്‍ എന്ന ബംഗ്ലാവ് നോക്കാനേല്‍പ്പിച്ചിരിക്കുന്നത് സാബുവിനെയും ഭാര്യ മിനിയെയുമാണ്. നാട്ടില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരികകൂട്ടായ്മയിലും സജീവമാണ് സാബു. വര്‍ഗീസ് പുന്നനെക്കുറിച്ച് നാട്ടില്‍ വലിയ മതിപ്പില്ല. ഒരു സഹായവും ചെയ്യാത്ത അറുപിശുക്കനായതുകൊണ്ടു തന്നെ കൊളോണിയല്‍ വിരുദ്ധമനോഭാവത്തോടെയാണ് നാട്ടുകാര്‍ അയാളെ നോക്കുന്നത്. 1898 ല്‍ പോര്‍ച്ചുഗീസ് മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ടതും പരമ്പരാഗതമായി കൈമാറി ഡോ. വര്‍ഗീസ് പുന്നന്റെ ഭാര്യ കത്രീന തരകന്റെ കൈവശം എത്തിച്ചേര്‍ന്നതുമായ ആ ബംഗ്ലാവിന് പരിഷ്‌ക്കാരം വരുത്തിയത് 1980 കളിലാണ്. 1790 ല്‍ പോര്‍ച്ചുഗീസുകാരനായ ഹിലാരിയോസ് കേരളത്തില്‍ വന്നപ്പോള്‍ അര്‍ത്തുങ്കല്‍ ഇടവകയിലെ ജന്മിയായ കൊച്ചാപ്പിത്തരകന്റെ ഇളയമകളെ കണ്ടുബോധിച്ചു രക്ഷിതാക്കളുടെ സഹായത്തോടെ ജീവിതസഖിയാക്കിയതിന്റെ പിന്‍തുടര്‍ച്ചയില്‍പ്പെട്ടവളായിരുന്നു വര്‍ഗീസ് പുന്നന്റെ സഹധര്‍മ്മിണി കത്രീനാതരകന്‍. ഇതാണ് കത്രീനമന്‍സിലിന്റെ കൊളോണിയല്‍ ബന്ധചരിത്രം. ആസ്‌ത്രേലിയയില്‍ നിന്ന് നാട്ടില്‍ തനിച്ചുവന്ന പുന്നന്റെ പ്രകൃതമാകെ മാറിയിരുന്നു.സാബുവിനും മിനിക്കും ആ മാറ്റം കൗതുകമായി. മുമ്പില്ലാത്തതുപോലെ സ്‌നേഹം ചൊരിഞ്ഞു. സാബുവിനൊപ്പം സൈക്കിളില്‍ നാട്ടിലാകെ ചുറ്റിക്കറങ്ങുകയും നാട്ടുകാരുമായി സൗഹൃദം കൂടുകയും ചെയ്തു. കത്രീന തരകന്റെ ഛായാചിത്രം സാബുവിന്റെ ചിത്രകാരന്‍ സുഹൃത്തിനെക്കൊണ്ടു വരപ്പിച്ചു. നാട്ടുകാര്‍ക്കുവേണ്ടി എന്തു സഹായവും വാഗ്ദാനം ചെയ്തു. ക്ലബ്ബിന് കെട്ടിടം സ്ഥാപിക്കാനായി തന്റെ പറമ്പിന്റെ ഒരുഭാഗം വിട്ടു നല്‍കി. അയാളോടുള്ള മുന്‍വിധികള്‍ മാറിയെങ്കിലും ചിലര്‍ക്ക് സംശയം തോന്നി. കൊളോണിയല്‍ തന്ത്രത്തിന്റെ ഭാഗമായി കണ്ടു. ക്ലബ്ബിന്റെ ഉദ്ഘാടനവേളയില്‍ വേദിയില്‍ പ്രസംഗിക്കുന്ന വര്‍ഗീസ്പുന്നന്റെ നേര്‍ക്ക് സംശയാലുവായ റജി ഇല്ലാത്ത തോക്ക് കൊണ്ട് വെടിവയ്ക്കുന്നതായി കാട്ടുകയും ഉടന്‍ വേദിയില്‍വീണ് വര്‍ഗീസ്പുന്നന്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാവുകയും ചെയ്തു. ഐ.സി.യു.വിന്റെ ഇടനാഴിയില്‍ കത്രീനതരകന്‍ ഒരു മാലാഖയായി മിന്നിമായുന്നതായി സാബുവിന് തോന്നി. വൈകാരികതയിലും ഭ്രമാത്മകതയിലും കളിമട്ടിലും ഒടുങ്ങുന്ന കഥ, കൊളോണിയല്‍ മനുഷ്യബന്ധങ്ങളെ, നിര്‍മ്മിതികളെ, പ്രത്യേകരീതിയില്‍ നോക്കിക്കാണുന്നു. ഇങ്ങനെ ദുരൂഹതയും സംവാദാത്മകതയും അവശേഷിപ്പിക്കുന്നു ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂരിന്റെ ഓരോരോ കഥകളും.

ചരിത്രത്തെ, സാംസ്‌കാരികബോധങ്ങളെ, നാട്ടുപഴമകളെ, രാഷ്ട്രീയത്തെ, പുരുഷകാമങ്ങളെ, ആസക്തികളെ അതിന്റെ എല്ലാ വൈരുധ്യങ്ങളോടെയും സംവദിപ്പിക്കുന്നു ഈ കഥകള്‍. കലര്‍പ്പുകളുടെയും സങ്കീര്‍ണ്ണജീവിതപ്രശ്‌നങ്ങളുടെയും കഥകള്‍. വൈരുധ്യങ്ങളോടെയും പാപത്തിന്റെ അവിശുദ്ധ ജീവിതങ്ങളുടെയും കഥകള്‍, കടുംവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ അമൂര്‍ത്ത ചിത്രങ്ങള്‍പോലെ നമ്മെ ഭ്രമിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ഇരയായും വേട്ടമൃഗമായും ഇതുവരെ ജീവിച്ചതിന്റെ സാക്ഷ്യപത്രമാണ് ഈ കഥകളെന്നും കണ്ടതും കൊണ്ടതും ജീവിച്ചറിഞ്ഞതുമെല്ലാം ഇതില്‍ കയറിപ്പറ്റിയിട്ടുണ്ടാവും എന്നും കഥയ്ക്കുമുമ്പ് എന്ന കുറിപ്പില്‍ കഥാകാരന്‍ പറയുന്നു. എസ്. ഹരീഷ് എഴുതിയ ആമുഖക്കുറിപ്പ് കഥകളില്‍ തീവ്രമായി ജീവിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ എന്ന കഥാകാരനെ വൈകാരികമായി അടയാളപ്പെടുത്തുന്നു. ജീവിതനിഗൂഢതകളിലേക്കുള്ള കമനീയ നോട്ടങ്ങളാണ് ചിത്രഭാഷതുള്ളിത്തുളുമ്പുന്ന പൊന്ത എന്ന കഥാസമാഹാരത്തിലെ കഥകളുടെ ഞെട്ടിക്കുന്ന ആകര്‍ഷണങ്ങളിലൊന്ന്. മഹാമാന്ത്രികന്‍ ആഭിചാരത്തിനായി വരച്ചിട്ട മന്ത്രവാദക്കളങ്ങള്‍ പോലെ ഈ കഥകള്‍ ജീവിതത്തിന്റെ അധോലോകങ്ങള്‍ തുറന്നിടുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.