‘പോനോന്‍ ഗോംബെ’ വ്യത്യസ്തമായ ഒരു വായനാനുഭവം
പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്ന പോലെ ആഗോളഭീകരതയെ വരച്ചുകാട്ടുന്ന ഒരു കഥ എന്നതിലുപരി, സുലൈമാന്റെയും മഗീദയുടെയും പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് ജുനൈദ് അബൂബക്കറിന്റെ പോനോന്‍ ഗോംബെയെന്ന നോവല്‍.
സുലൈമാന്‍ മത്സ്യബന്ധനത്തിനും കച്ചവടത്തിനുമായി മഗീദയുടെ നാട്ടിലേയ്ക്ക്, സൊമാലിയായിലെ മൊഗദിഷു എന്ന നാട്ടിലേയ്ക്ക് സ്വന്തം പട്ടണമായ സാന്‍സിബാറില്‍ നിന്നും വരികയും മഗീദയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വിവാഹത്തിനു മുമ്പുള്ള കുറച്ച് മാസങ്ങള്‍ കൊണ്ട് ഒരു ബോട്ടും മഹറിനുള്ള പണവും കണ്ടെത്താന്‍ കഠിനാദ്ധ്വാനിയായ സുലൈമാന് കഴിയുന്നു. പ്രണയ സാക്ഷാത്കാരമെന്നോണം കാത്ത് കാത്തിരുന്ന വിവാഹവും മംഗളപൂര്‍വ്വം നടക്കുന്നു. താന്‍ വിവാഹ സമ്മാനമായി നല്‍കിയ നീല തലപ്പാവും മയില്‍പ്പീലി നിറമുള്ളതുമായ വസ്ത്രത്തില്‍ മഗീദ ഒരു ‘പോനോന്‍ ഗോംബെ ‘മത്സ്യത്തെപ്പോലെ സുന്ദരിയായിരിക്കുന്നു എന്ന് സുലൈന്‍മാന്‍ അഭിമാനിക്കുന്നു. പക്ഷേ.. ഒരു രാവിരുട്ടി വെളുക്കുമ്പോഴേയ്ക്കും ഇരുവരുടെയും ജീവിതം തികച്ചും ആകസ്മികമായ രീതിയില്‍ കുടഞ്ഞെറിയപ്പെടുന്നു.
മഗീദപോലുമറിയാതെ ഭീകരവാദം എന്ന കുറ്റം ചുമത്തപ്പെട്ട് സുലൈന്‍മാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും അതിക്രൂരമായ ശാരീരിക മാനസിക പീഡനമുറകളിലൂടെയുള്ള ചോദ്യംചെയ്യലുകള്‍ക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നാട് കടത്തിക്കൊണ്ട് പോവുകയും ചെയ്യുന്നതോടെ സുലൈമാന്റെ ദുരിതപര്‍വ്വം തുടങ്ങുകയായി. കൂടെ സുലൈമാനെവിടെയെന്നറിയാതെ അലയുന്ന മഗീദയുടെയും.
വളരെ സൂഷ്മമായ എഴുത്തുകളാണ് ഈ നോവലിന്റെ ശക്തി. ഒരുവരി പോലും അതിനു വിപരീതമാകുന്നില്ല.മലയാള നോവലുകള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു മറുപടി എന്നോണം ജുനൈദ് തന്റെ ഈയൊരു നോവല്‍ മലയാള സാഹിത്യത്തിലേയ്ക്ക് ചേര്‍ത്ത് വച്ചിരിക്കുന്നു. കാരണം ലോകമെമ്പാടും, ഒളിഞ്ഞും തെളിഞ്ഞും ഭീകരവിരുദ്ധ പോരാട്ടണ്ടളുടെ പേരില്‍ ദുരിതമനുഭവിക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ ജീവിതങ്ങളുടെ പരിച്ഛേദമാണ് ഈ നോവല്‍.
വിശാലമായി ചിന്തിക്കുന്ന കഥാകൃത്തിന്റെ വിഷയത്തോടുള്ള സമീപനം ‘ക്ലാസ്സിക് ‘ എന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ഒരുപക്ഷെ, ഭീകരവാദത്തിന്റെയും തന്മൂലം തകര്‍ക്കപ്പെടുന്ന ജീവിതങ്ങളെയുമൊക്കെ നമ്മള്‍ വായിച്ചിട്ടുണ്ടാകാം. എങ്കിലും ജുനൈദിന്റെ ഭാഷ വിസ്മയമുണര്‍ത്തുന്നുണ്ട്. സ്വാഹിലി ഭാഷയുടെ സൗന്ദര്യവും പ്രയോഗങ്ങളും പുതുമ ഉണര്‍ത്തുന്നുണ്ട്. മലയാളികള്‍ക്കന്യമായ മറ്റൊരു ദേശത്തിന്റെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ഒക്കെ സുതാര്യവും ലളിതവുമായ ആവിഷ്‌കാരം നോവലിനെ മനോഹരമാക്കുന്നു.
അതേസമയം വിഷയത്തെ ആഴത്തില്‍ പഠനവിധേയമാക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള കഥാകാരന്റെ വൈദഗ്ദ്യം കണ്ടില്ലെന്ന് നടിച്ച് ഒരു വരി പോലും വായിക്കാനാവില്ലതാനും. മഗീദയും സുലൈമാനും നടത്തുന്ന ആത്മഗതങ്ങളിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. പുരുഷന്റെ മനോവികാരങ്ങളെ തനിമയോടെ പകര്‍ത്തിയ ജുനൈദ്…മഗീദയെന്നെ സ്ത്രീയുടെ വിചാരങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുമ്പോള്‍ അതിന്റെ സ്വാഭാവികതയില്‍ ഒട്ടും മാറ്റംവരാതെ നോവലിലുടനീളം ശ്രദ്ധ പുലര്‍ത്തിയിട്ടുള്ളത് സുഗമമായ ഒരു വായനയാണ് പ്രദാനം ചെയ്തിരിക്കുന്നത്. ഇരുട്ടും കര്‍ണ്ണ കഠോരങ്ങളായ ശബ്ദങ്ങളും നിരന്തര ശാരീരിക ദണ്ഡനങ്ങളും പിഴിഞ്ഞെടുത്ത ഒരു യുവാവിന്റെ അഞ്ചോളം വരുന്ന വര്‍ഷങ്ങള്‍…ഓരോ വരിയിലും കഥാകാരന്‍ കോറിയിടുന്ന മഞ്ജയും മാംസവും തുളയ്ക്കുന്ന പീഡനങ്ങളുടെ വിവരണങ്ങള്‍ വായനക്കാരുടെ ഹൃദയത്തെ ഭേദിച്ച് ചോരയിറ്റിക്കുന്നുണ്ട്.മഗീദയോടൊപ്പം വായനക്കാരനും തീവ്രമായി അഭിലഷിക്കുന്നുണ്ട് അവരുടെ സമാഗമം.
നിഷ്‌കളങ്കത തെളിയിക്കപ്പെട്ടിട്ടും ഇസ്ലാമോഫോബിയയുടെ ഇരകളായി മാറിയ അനേകം യുവാക്കളുടെ പ്രതിനിധിയാണ് സുലൈമാന്‍. കാത്തിരിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുനീരിനും ദുരിതങ്ങള്‍ക്കും പ്രതീകമായി മഗീദയുടെ ജീവിതവും.
ബെന്യാമിന്റെ ആടുജീവിതത്തിനു ശേഷം ഇത്രമേല്‍ ദുരിതമനുഭവിച്ച കഥാപാത്രത്തെ വേറെ വായിച്ചിട്ടില്ല.പ്രിയ സുഹൃത്തേ..നിങ്ങളുടെ അക്ഷരങ്ങള്‍ക്ക് വായനക്കാരനെ വായിപ്പിക്കാന്‍ മാത്രമല്ല, ചിന്തിപ്പിക്കാനും കഴിവുണ്ട്…കരയിപ്പിക്കാന്‍ കഴിവുണ്ട്..ആശങ്കപ്പെടുത്താന്‍ കഴിവുണ്ട്..പ്രതീക്ഷിപ്പിക്കാനുള്ള കഴിവുണ്ട്.തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് ജുനൈദ് അബൂബക്കറിന്റെ പോനോന്‍ ഗോംബെ.
(പൊനോന്‍ ഗോംബെയെന്ന നോവലിനെക്കുറിച്ച് ദിവ്യ ജോണ്‍ ജോസ് എഴുതിയ ആസ്വാദനക്കുറിപ്പ്)
Comments are closed.