‘പൊനോന്‍ ഗോംബെ’; ഒരു രാഷ്ട്രീയ നോവൽ
ജുനൈദ് അബൂബക്കറിന്റെ ‘പൊനോന്‍ ഗോംബെ’ എന്ന നോവലിനെക്കുറിച്ച് മനോഹരന്‍ വി. പേരകം എഴുതിയത്
മലയാള നോവലുകളില്‍ ദേശാന്തരപ്രമേയങ്ങളും വ്യക്തികളുടെ ജീവിതവുമൊക്കെ ആവിഷ്‌ക്കരിക്കാന്‍ തുടങ്ങിയത് കോവിലനും ആനന്ദുമാണെന്ന് തോന്നുന്നു. ഏറ്റവും നവീനമാവുകയും വ്യതിരിക്തമാവുകയും ചെയ്യുന്ന മൗലികതയുള്ള എഴുത്തുകാരന്റെ ധര്‍മ്മമോ ശേഷിയോ ശേമുഷിയോ ആയിരിക്കണം പുറവാസജീവിതം തേടലിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ടാവുക. എന്തായാലും അവനവന്റെ പരിസരത്തില്‍ നിന്നും മാറി പുതിയൊരു മേഖലയെ കണ്ടെത്തുന്നതിലും അവതരിപ്പിക്കുന്നതിലും ഇന്നത്തെ എഴുത്തുകാര്‍ ഏറെ ജാഗരൂകരാണെന്ന് തോന്നുന്നു. ആടുജീവിതം മുതല്‍ ആ ധാര ഏറെ ശക്തിപ്പെട്ടു എന്നുവേണം കരുതാന്‍. ഗള്‍ഫ്ഭൂമിക പശ്ചാത്തലമായ നോവലുകള്‍ക്കുപുറമെ, ടി.ഡി.യുടെ ആണ്ടാള്‍ ദേവനായകി , മാമ ആഫ്രിക്ക, കെ.ആര്‍.മീരയുടെ ആരാച്ചാര്‍, ഷീല ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’, ഇ. സന്തോഷ് കുമാറിന്റെ ജ്ഞാന ഭാരം, നിര്‍മ്മലയുടെ മഞ്ഞില്‍ ഒരുവള്‍, അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, ഹരിതസാവിത്രിയുടെ സിന്‍, സി.വി.രാജീവിന്റെ ഹാദിയത്ത് മസാനിയ, സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം, പെണ്‍കുട്ടികളുടെ വീട്, ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ, സഹാറാവീയം തുടങ്ങി പുറവാസജീവിതം പ്രമേയമായ ഏതാനും നോവലുകള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
ജുനൈദ് അബൂബക്കറിന്റെ 2017-ല്‍ ഒന്നാം പതിപ്പായി DC ബുക്‌സ് പുറത്തിറക്കിയ നോവലാണ്, പൊനോന്‍ ഗോംബെ! സ്വന്തം അലമാരയിലുണ്ടായിരുന്നെങ്കിലും പുറവാസ നോവലുകളെ പ്രത്യേകമായി ശ്രദ്ധിച്ചപ്പോഴാണ് ഈ നോവല്‍ ശ്രദ്ധയില്‍ പെട്ടതും വായിച്ചതും. ഈ നോവലിന്റെ പരിസരം, നോബല്‍ സമ്മാനം നേടിയ ഗുര്‍ണയുടെ സാന്‍സിബാറാണ്. അവരുടെ ഭാഷയില്‍ പൊനോന്‍ ഗോംബെ എന്നാല്‍, മയില്‍പ്പീലിപ്പച്ചയും നീലയും കലര്‍ന്ന നിറമുള്ള ഒരു മത്സ്യമാണ്.
പൊനോന്‍ ഗോംബെ ശരിക്കുമൊരു രാഷ്ട്രീയ നോവലാണ്. സപ്തംബറിലെ അമേരിക്കന്‍ ഇരട്ടടവറുകളുടെ പതനത്തെത്തുടര്‍ന്നുളള ആഗോളതലത്തിലെ മുസ്ലീമുകളുടെ സ്വത്വപ്രതിസന്ധിയാണ് ഈ നോവല്‍ മുന്നോട്ടുവെക്കുന്നത്.
സാന്‍സിബാറിലെ സ്റ്റോണ്‍ ടൗണില്‍ നിന്നും ബോട്ടുവാങ്ങാനായി സൊമാലിയയിലെ മൊഗദിഷുവിലെത്തിയ മീന്‍പിടുത്തക്കാരനാണ് സുലൈമാന്‍. അവിടെ വെച്ച് പരിചയപ്പെട്ട മഗീദയെന്ന സുന്ദരിയെ നല്ലൊരു തുക മെഹര്‍ കൊടുത്ത് അയാള്‍ കല്യാണം കഴിക്കുന്നു. പൊനോന്‍ ഗോംബെ നിറത്തിലുളള വസ്ത്രങ്ങള്‍ സമ്മാനിച്ച് സുലൈമാന്‍ അവളെ വേട്ട ദിവസം പുലര്‍ച്ചക്ക് അയാളെ പോലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നു. പോലീസുകാര്‍ അയാള്‍ക്ക് തിരിച്ചറിയാന്‍ കാണിച്ചുകൊടുത്ത നാല് ഫോട്ടോകളില്‍ ഒന്ന്, അയാള്‍ ബോട്ടുവാങ്ങിയ ഖാസിം ആയിരുന്നുവെന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
അതേതുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള തടവറകളില്‍ വെച്ച് സുലൈമാന്‍ പീഡിപ്പിക്കപ്പെടുന്നു.
സുലൈമാനെ തേടിയുളള മഗീദയുടെ നിരന്തര അന്വേഷണങ്ങളും
സുലൈമാന്റെ പീഡന /നരകജീവിതവും ഇടകലര്‍ത്തിയുളള ഒരാഖ്യാനത്തിലൂടെയാണ് നോവല്‍ വളരുന്നത്. ഭരണകൂടത്തിന്റെ നൃശംസതയില്‍ തോറ്റ് തുന്നം പാടിയ മഗീദ, അവസാനം സുലൈമാന്റ പഴയ മരബോട്ട് കടലിലിറക്കുന്നു, പങ്കായം കൊണ്ട് പൊളിക്കുന്നു. പിന്നെ എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞുപോകുന്നു.
റെഡ് ക്രോസിന്റെ ഇടപെടല്‍ വഴി സുലൈമാന്‍ നിരപരാധിയാണെന്ന് തെളിയുകയും ജയില്‍മോചിതനാവുന്നുമുണ്ടെങ്കിലും അതിക്രൂര പീഡനങ്ങള്‍ ഏറ്റതിനാല്‍ ചത്തതിനൊക്കുംജീവിച്ചിരിക്കുമെന്ന തെളിച്ചമില്ലായ്മയില്‍ നോവല്‍ പര്യവസാനിക്കുന്നു.
അവതാരികയില്‍ ടി.ഡി.രാമകൃഷ്ണന്‍ എഴുതിയതു പോലെ, ജുനൈദ് അബൂബക്കറിന്റെ ആദ്യ നോവലായിട്ടുപോലും കഥാപാത്ര ചിത്രീകരണത്തിലും സംഭാഷണങ്ങളിലുമെല്ലാം പുലര്‍ത്തുന്ന സര്‍ഗ്ഗാത്മക ജാഗ്രത, വായനക്കാരനെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വാക്കിലെ കൃത്യതയും സൂഷ്മതയും ഏറെ പ്രശംസനീയവുമാണ്.
പുറംലോക പ്രശ്‌നങ്ങള്‍ സുന്ദരമായവതരിപ്പിക്കപ്പെട്ട ഈ നോവല്‍ വായിക്കാന്‍ വൈകിയ ഖേദത്തോടെ, പുതിയ വായനക്കാര്‍ക്കായി ശുപാര്‍ശ ചെയ്യുന്നു.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.