DCBOOKS
Malayalam News Literature Website

പ്രഭാവര്‍മ്മയുടെ പൊന്നിന്‍കൊലുസ് എന്ന് കവിതാസമാഹാരത്തെക്കുറിച്ച് പ്രൊഫ.എം.കെ.സാനു

പ്രഭാവര്‍മ്മയുടെ പൊന്നിന്‍കൊലുസ് എന്ന ഏറ്റവും പുതിയ കവിതാസമാഹാരത്തിന് പ്രൊഫ.എം.കെ.സാനു എഴുതിയ ആമുഖത്തില്‍നിന്ന്

സാഹിത്യവും സമൂഹവും തമ്മിലുള്ള ബന്ധം നമുക്ക് എപ്പോഴും ചര്‍ച്ചാവിഷയമാണ്. എത്ര ആവര്‍ത്തിച്ചിട്ടും ആരും മുഷിയുന്നില്ല. ചര്‍ച്ച ഇപ്പോഴും ‘സജീവമായി’ തുടരുന്നു. സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് സാഹിത്യം എന്ന പരമാര്‍ത്ഥം ഈ ഒടുങ്ങാത്ത ചര്‍ച്ചകള്‍ക്കിടയില്‍ ആരും ഓര്‍ക്കാറില്ല. സാഹിത്യത്തില്‍ ആവിഷ്‌കരണമാധ്യമം ഭാഷയായതുകൊണ്ടും ഭാഷ സമൂഹത്തിന്റെ പൊതുസ്വത്തായതുകൊണ്ടുമാണ് ബന്ധം അവിഭാജ്യമാകുന്നത്.

സാഹിത്യസൃഷ്ടിയിലും സാഹിത്യാസ്വാദനത്തിലുമൊരുപോലെ സ്വാധീനം ചെലുത്തുന്ന ഭാവുകത്വവും സമൂഹത്താല്‍ നിയന്ത്രിതമാണ്. കവിതയുടെ കഥയെടുത്താല്‍, അതിലെ ഈണവും താളവും ലയവും വൃത്തവും മറ്റും സമൂഹമനസ്സില്‍ തുടിച്ചുനില്‍ക്കുന്നതോ സുപ്താവസ്ഥയില്‍ നിലീനമായിരിക്കുന്നതോ ആണെന്ന് നേരേ കാണാവുന്നതാണ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. ഓരോ ഭാഷയിലും പ്രത്യേകമായുള്ള ശബ്ദാലങ്കാരങ്ങളെക്കുറിച്ചും ഇപ്രകാരംതന്നെ പറയാം.

ഈ അര്‍ത്ഥത്തില്‍ സമൂഹവും പൈതൃകവുമായി പുലര്‍ത്തുന്ന നാഭീനാളബന്ധമാണ് കവിതയില്‍ ചൈതന്യഹേതുവായി വര്‍ത്തിക്കുന്നത്. സമൂഹമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന താളലയങ്ങളും വൃത്തബോധവുമായി ബന്ധപ്പെടാതെ കവിതയ്ക്ക് ഹൃദയാവര്‍ജകമാവുക സാധ്യമല്ലെന്ന് ടാഗോര്‍ തന്റെ സ്മരണകളിലൊരിടത്ത് പ്രസ്താവിക്കുന്നത് ഇവിടെ സ്മരണീയമാണ്.

എങ്കിലും കഴിഞ്ഞ കുറച്ചുകാലമായി വൃത്തമില്ലാത്ത കവിതകളാണ് പ്രചാരം നേടിയിരിക്കുന്നത്. നമ്മുടെ ഭാഷയില്‍ മാത്രമല്ല, ഇതര ഭാഷകളിലും. ‘ആന്റി പോയംസ്’ എന്ന് സായിപ്പും ‘അകവിത’ എന്ന് നമ്മളും അതേക്കുറിച്ചു പറഞ്ഞുപോരുന്നു. അവയുടെ കൂട്ടത്തില്‍ കാവ്യരസോദ്ദീപകമായ രചനകളില്ലെന്നു പറഞ്ഞുകൂട. ആന്തരികലോകത്തിലെ യുക്തിവികലവും വിഭ്രാന്തവുമായ ഭാവങ്ങള്‍ക്കാണ് അത്തരം കവിതകളില്‍ പ്രാമുഖ്യം. എ.അയ്യപ്പന്റെ കവിതകള്‍ ഉത്തമോദാഹരണം.

അത്തരം അനുഭൂതികള്‍ ആവിഷ്‌കരിക്കാനുള്ള സാഹസികയജ്ഞത്തിന്റെ ഭാഗമായാണ് പണ്ട് സിംബലിസ്റ്റ് കവികള്‍ അര്‍ത്ഥനിരപേക്ഷമായ ശബ്ദസഞ്ചയംകൊണ്ട് കവിതയെ സംഗീതശില്പമാക്കാന്‍ തുനിഞ്ഞത്. അര്‍ത്ഥതലത്തെ ‘കഴുത്തുഞെരിച്ച് കൊന്നതിനുശേഷം’ കവിതയെ സംഗീതതുല്യമാക്കുന്നതിനെക്കുറിച്ച് വെര്‍ലെയ്ന്‍ പ്രസ്താവിക്കുന്നത് ഇവിടെ ഓര്‍മിച്ചുപോകുന്നു. (‘മയക്കത്തില്‍’ എന്ന കവിതയില്‍ ചങ്ങമ്പുഴ ആ കാവ്യാദര്‍ശം സൂചിപ്പിക്കുന്നതു കാണാം. ‘സാഹിത്യചിന്തക’ളില്‍ അദ്ദേഹം അതേപ്പറ്റി പ്രസ്താവിക്കുകയും ചെയ്യുന്നു).

പക്ഷേ, ഒറ്റപ്പെട്ടവരുടെ ഭ്രമാത്മകമായ ആന്തരിക ലോകങ്ങള്‍ക്കു മാത്രമേ ഈ തത്ത്വം ബാധകമാകുന്നുള്ളൂ. ആ വാസ്തവം മറന്നുകൊണ്ട് നമ്മുടെ കവികള്‍ പൊതുപ്രാധാന്യമുള്ള പ്രമേയങ്ങളെ ആസ്പദമാക്കിയും ഗദ്യത്തില്‍ കവിതകളെഴുതാന്‍ തുടങ്ങി. വ്യക്തിനിഷ്ഠമായ അനുഭവങ്ങളും പ്രമേയങ്ങളിലുണ്ടെന്ന വസ്തുത മറക്കുന്നില്ല. മാധ്യമലോകത്തിന്റെ സ്വാധീനമാണ് അവയില്‍ പലതിലും കലര്‍ന്നിരിക്കുന്നത്. അതുകൊണ്ടാവാം ഗദ്യത്തില്‍ കവിത രചിക്കുകയെന്നത് ഒരു ഫാഷനായിത്തീരുകതന്നെ ചെയ്തു. ജലദോഷംപോലെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഒന്നാണ് ‘ഫാഷന്‍’. എല്ലാവരും ഗദ്യത്തെമാത്രം കവിതയുടെ ഉപാധിയായി സ്വീകരിക്കാന്‍ ഉത്സാഹം കാണിച്ചുതുടങ്ങി. വൃത്തത്തിലെഴുതുന്ന കവിതകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന ഒരു ധാരണ പരക്കുകയും ചെയ്തു. വൃത്തത്തിലെഴുതിയെന്ന കാരണത്താല്‍ നല്ല കവിതകള്‍പോലും നിരസിക്കാന്‍ ചില പത്രാധിപന്മാര്‍ വാശിപിടിച്ചതിന്റെ കഥകള്‍ പലതും പുറത്തുവന്നിട്ടുണ്ട്.

അതിന്റെ ഫലമായി വാസനാസമ്പന്നരായ കവികള്‍ക്കുപോലും തങ്ങളുടെ രചനകളില്‍ കാവ്യലാവണ്യത്തിന്റെ സ്വച്ഛസുന്ദരമായ പ്രകാശം അദ്ഭുതജനകമാംവിധം കാഴ്ചവെക്കാന്‍ കഴിയാതെ പോകുന്നുവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പ്രഭാവര്‍മ്മ നമ്മുടെ കാവ്യലോകത്തില്‍ കാലൂന്നുന്നത്. സ്വന്തം ആന്തരികപ്രപഞ്ചത്തോടാണ്, ഫാഷനോടല്ല പരമാവധി കൂറുപുലര്‍ത്തേണ്ടതെന്നനിയമത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം തുടക്കം മുതല്‍തന്നെ മടികാണിച്ചില്ല. അനുഭൂതികളുടെ വൈചിത്ര്യമനുസരിച്ച് ഭാവപ്രകാശനത്തിനുചിതമായ വൃത്തവും ശൈലിയും സ്വീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധചെലുത്തിയതായും കാണുന്നു. അതിന്റെ ഫലമായി ഒരു പുതിയ സ്വരം കേള്‍പ്പിച്ചുകൊണ്ട് കാവ്യവേദിയില്‍ നിലയുറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു; കുമാരനാശാനെപ്പോലെ, ചങ്ങമ്പുഴയെപ്പോലെ, വൈലോപ്പിള്ളിയെപ്പോലെ, പി കുഞ്ഞിരാമന്‍നായരെപ്പോലെ, ഇടശ്ശേരിയെപ്പോലെ.

മലയാളത്തില്‍ സ്വന്തമായ ഒരു കാവ്യലോകം സൃഷ്ടിക്കാന്‍ പ്രഭാവര്‍മ്മയ്ക്കു സാധിച്ചതിന്റെ കാരണം രചനാപരമായ ഈ സത്യസന്ധതയാണെന്നു ഞാന്‍ കാണുന്നു. തനതായ തന്റെ കവനവ്യക്തിത്വത്തോടു കാണിച്ച സത്യസന്ധത. ഫാഷന്‍ഭ്രമത്തില്‍ കുടുങ്ങി തന്റെ കവിത മുരടിക്കരുതെന്ന് തന്റെ അന്തരാത്മാവ് അദ്ദേഹത്തിന് അനുശാസനം നല്‍കിയിരിക്കണം.

പ്രഭാവര്‍മ്മ കാവ്യരചന തുടങ്ങുന്ന കാലത്ത് മൂന്ന് പ്രവണതകളാണ് മലയാള കവിതയുടെ അന്തരീക്ഷത്തില്‍ സജീവമായി നിലനിന്നിരുന്നത്. അതില്‍ ഏറ്റവും ശക്തമായത് ഇടശ്ശേരി ഗോവിന്ദന്‍നായരിലൂടെ പ്രകടമായ പൊന്നാനി പ്രവണതയാണ്. വികാരതാരള്യത്തില്‍നിന്നു മുക്തമായ സമചിത്തതയുടെ കരുത്താണ് ആ കവിതകളിലെ സവിശേഷ ഗുണം. വിചാരത്താല്‍ നിയന്ത്രിതമാകുമ്പോഴല്ലാതെ കാവ്യസൗന്ദര്യത്തിന് കരുത്തിന്റെ കാതലുണ്ടാവുകയില്ല. രണ്ടാമത്തേത് ചങ്ങമ്പുഴ പ്രസ്ഥാനത്തില്‍കൂടി വളര്‍ന്നുവന്ന പ്രവണതയാണ്. വികാരതരളവും ഗാനാത്മകവുമായതുകൊണ്ട് ആ പ്രവണതയ്ക്കാണ് ഏറ്റവുമധികം ജനപ്രീതി നേടാന്‍ ഭാഗ്യമുണ്ടായത്. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഒ എന്‍ വിയും സുഗതകുമാരിയും മറ്റു തനതായ വ്യക്തിത്വങ്ങളോടുകൂടി സഹൃദയഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഈ രണ്ടു പ്രവണതകളില്‍നിന്നും വ്യത്യസ്തമാണ് അയ്യപ്പപ്പണിക്കരിലൂടെ പ്രകാശിതമായ പ്രവണത. ‘കുരുക്ഷേത്ര’ത്തിന്റെ പ്രകാശനത്തോടുകൂടി രൂപം പൂണ്ടുവന്ന ആ പ്രവണത ഏറെ സങ്കീര്‍ണമാണ്. പൈതൃകത്തിന്റെ പ്രാചീനമായ ആഴങ്ങളില്‍നിന്നാണ് ആ പ്രസ്ഥാനം ഊര്‍ജം ഉള്‍ക്കൊള്ളുന്നത്. പലതരം വിശ്വാസത്തകര്‍ച്ചകളുടെയും പ്രതീക്ഷാഭംഗങ്ങളുടെയും ഫലമായി മനുഷ്യാത്മാവിനെ പ്രേതബാധപോലെ അലട്ടുന്ന അനിര്‍വചനീയവും അവ്യക്തവും അഗാധവുമായ ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നതിനുചിതവും നിസ്സംഗവുമായ പരീക്ഷണത്തിന്റെ തീവ്രതയ്ക്കാണ് അവിടെ പ്രാമുഖ്യം. (സൗന്ദര്യത്തിന്റെ സ്ഥാനത്ത് തീവ്രത എന്ന് ഒരു കവി അതിലെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചു പറഞ്ഞെങ്കിലും രണ്ടും വേര്‍തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന പ്രത്യേകതരം ഭാവവിശേഷത്തെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്). പരുഷമായ ബിംബങ്ങളും മൂര്‍ച്ചയേറിയ ഫലിതങ്ങളും അതില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. സമകാലിക കവിതയില്‍ ആധുനികതാപ്രസ്ഥാനമായി അത് വേറിട്ടുനില്‍ക്കുന്നു.

മുകളില്‍ വിവരിച്ച മൂന്നു പ്രസ്ഥാനങ്ങളുടെയും അംശങ്ങള്‍ പ്രഭാവര്‍മ്മയുടെ കാവ്യലോകത്തില്‍ വേര്‍തിരിച്ചറിയാനാവാത്ത രീതിയില്‍ ഇണങ്ങിച്ചേരുന്നത് ശ്രദ്ധാലുക്കള്‍ക്കു കാണാം. തന്നെ ഉള്‍ക്കൊള്ളുന്ന സമൂഹവും താന്‍ പ്രാണവായുപോലെ ശ്വസിക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക കാലാവസ്ഥയും അദ്ദേഹത്തിന്റെ കവിപ്രതിഭയില്‍ ഉണര്‍ത്തിയ ഭാവുകത്വമാണ് ഇത്തരത്തിലൊരു സമന്വയത്തിന് ഹേതുഭൂതമായിത്തീര്‍ന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അതിഭാവുകത്വം പരിണാമം പ്രാപിച്ച് പാകതയുടെ കാവ്യഭാവമായി വളര്‍ന്നിരിക്കുന്നു. സനാതനമായ കാവ്യലാവണ്യത്തില്‍ ദേശകാലകൃതമായ താല്‍ക്കാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഔചിത്യഭംഗമുണ്ടാകാത്ത രീതിയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങളുടെ കൈകളിലെത്തുന്ന ‘പൊന്നിന്‍കൊലുസ്’ എന്ന ഈ കവിതാസമാഹാരവും ഇതുവരെ വിസ്തരിച്ച സ്വഭാവവിശേഷങ്ങള്‍ക്ക് നിദര്‍ശനമായി നിലകൊള്ളുന്നു. സാധാരണമായ ഒരു പ്രമേയമാണ് അതില്‍ കഥാഖ്യാനരൂപത്തില്‍ കവി അവതരിപ്പിച്ചിരിക്കുന്നത്.

മരിച്ചുപോയ കുഞ്ഞിന്റെ നിശ്‌ചേതനമായ കാലില്‍ അവള്‍ക്കേറെ ഇഷ്ടമായിരുന്ന പൊന്‍കൊലുസ്സണിയിച്ചുകൊണ്ട് പതറിയ സ്വരത്തില്‍ പിതാവ് പറയുന്നു: ‘കുഞ്ഞേ, നീ കണ്ണു തുറന്നാലും!’ വാത്സല്യനിധിയായ ആ പിതാവ് തുടരുന്നു:

”നിനക്കായച്ഛന്‍ കൊണ്ടുവന്നതാണിത്; പള്ളി-
പ്പെരുനാള്‍ തോറും കുഞ്ഞു കൊതിച്ച പൊന്നാണിത്;
തുറക്കൂ കണ്‍കള്‍; കിലുകിലുങ്ങും കൊലുസ്സിട്ട്
കളിക്കൂ ചുറ്റും; നിനക്കിഷ്ടമായില്ലെന്നുണ്ടോ.”

ഹൃദയം ദ്രവിപ്പിക്കുന്ന വാക്കുകള്‍. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന പ്രസിദ്ധമായ കവിതയെ ഈ രംഗം അനുസ്മരിപ്പിച്ചേക്കാം. ഞരമ്പില്‍ സ്പര്‍ശിച്ച് ആരെയും തരളചിത്തരാക്കുന്ന രംഗം.

കവിതയുടെ ഒന്നാംഖണ്ഡം ഇവിടെ അവസാനിക്കുന്നു. അന്ത്യകര്‍മ്മങ്ങളുടെ ചിത്രണമാണ് രണ്ടാം ഭാഗത്തില്‍. ധൂമപാത്രത്തില്‍നിന്ന് കുന്തിരിക്കത്തിന്റെ ധൂമമുയരുന്നു. അപ്പോള്‍ വിശുദ്ധിയുടെ മാലാഖമാര്‍ വിണ്ണില്‍നിന്നെത്തിയ പ്രതീതി ഉണരുന്നു. ഒരു ലോകതത്ത്വം ആ രംഗത്ത് ഉരുത്തിരിഞ്ഞുയരുന്നു. അത് രംഗത്തിന്റെ അംശമായിത്തീരുന്നു. സെമിത്തേരിയിലേക്കുള്ള യാത്രയാണല്ലോ രംഗം.

”ജീവിതം വിലാപത്തിന്‍ യാത്രായാം; ശ്മശാനത്തെ-
ത്തേടുന്ന വാഴ്‌വിന്‍ മൂകയാത്രയാം.”

നിരന്നു നില്‍ക്കുന്ന പുരോഹിതര്‍. അന്ത്യായാത്രാഗീതം അവരില്‍നിന്നുയരുന്നു. ഒപ്പീസിന്റെ മഹത്ത്വമുള്‍ക്കൊള്ളുന്ന സത്യവാങ്മയസാക്ഷ്യവും. പക്ഷേ, അച്ഛന്റെ നെഞ്ചില്‍ അപ്പോഴും വേദനയുടെ ഒരു കടല്‍ ഇരമ്പുന്നു. അതില്‍ തിരകളടങ്ങുന്നുമില്ല. അതിനാല്‍ ‘പൊന്നിന്‍കൊലുസ്സഴിച്ചുമാറ്റൂ’ എന്ന അയല്‍ക്കാരന്റെ വാക്കുകള്‍ക്ക് ആ ഹൃദയത്തില്‍ പ്രവേശനമേ കിട്ടുന്നില്ല. തത്ത്വോപദേശങ്ങള്‍ക്കും പ്രായോഗിക നിര്‍ദേശങ്ങള്‍ക്കും ശോകപൂരിതമായ മനസ്സില്‍ ഇടം കിട്ടുകയില്ല. അവ പുറത്തലയുകയേയുള്ളൂ. മനുഷ്യമനസ്സിന്റെ ആഴമറിയുന്ന കവിയുടെ ഉള്‍ക്കാഴ്ചയാണ് ഈ ചിത്രത്തിലുള്ളത്.

കൊലുസ്സിനുവേണ്ടി മകള്‍ കൊഞ്ചിക്കൊഞ്ചി കരഞ്ഞ നാളുകളില്‍ത്തന്നെ അതു വാങ്ങിക്കൊടുക്കാന്‍ ആ പിതാവിന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അന്നതിനു കഴിവുണ്ടായിരുന്നില്ല. ‘ഉരിയരിക്കായ് വലയുന്ന’വന് എങ്ങനെയാണ് കൊലുസ്സ് വാങ്ങാനാവുക? എങ്കിലും ക്രമാതീതമായി ബുദ്ധിമുട്ടിയതിന്റെ ഫലമായി ഒരുനാള്‍ കൊലുസ്സ് വാങ്ങുകതന്നെ ചെയ്തു. മകളുടെ സന്തോഷത്തിമര്‍പ്പ് കാണാന്‍ അതുമായി വീട്ടില്‍ ഓടിയെത്താതിരുന്നില്ല. പക്ഷേ, അപ്പോള്‍ അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. (വിശന്നുതളര്‍ന്നുറങ്ങീയവള്‍). ആ ഉറക്കത്തില്‍തന്നെ കുഞ്ഞുകാലുകളില്‍ കൊലുസ്സണിയിച്ചത് അവളൊട്ടുമറിഞ്ഞതുമില്ല. എങ്കിലും പുലര്‍ച്ചെയെഴുന്നേല്‍ക്കുമ്പോള്‍ അവളതു കാണുമല്ലോ; നിഷ്‌കളങ്കതയോടെ ആഹ്ലാദിക്കുമല്ലോ-പിതാവ് പ്രതീക്ഷിച്ചു. പക്ഷേ, അവളുണരുന്നതിനുമുമ്പ് വാതുക്കല്‍ വീട്ടുടമ വാടകയ്ക്കായെത്തിയിരിക്കുന്നു. ഉടനെ വീടൊഴിഞ്ഞു പൊയ്‌ക്കൊള്ളണം; അല്ലെങ്കില്‍ കുടിശ്ശികയടക്കം വാടക മുഴുവന്‍ ആ നിമിത്തില്‍ നല്‍കണമെന്ന കര്‍ക്കശമായ ശാഠ്യത്തോടെ.

ഗത്യന്തരമില്ലാത്ത ആ ചുറ്റുപാടില്‍ ആ കുഞ്ഞുമകളുടെ കുഞ്ഞുകാലിലണിഞ്ഞിരുന്ന കൊലുസ്സഴിച്ചുമാറ്റി പണയംവെച്ച് വീട്ടുടമയ്ക്ക് വാടകനല്‍കാതെ നിവൃത്തിയില്ലെന്നു വന്നു. ഉറങ്ങിക്കിടക്കുന്ന മകള്‍ അതും അറിയുന്നില്ല. തൊട്ടുപിന്നാലെ അവള്‍ ജ്വരം പിടിപെട്ട് കിടപ്പിലാകുന്നു. ജ്വരബാധയുടെ പാരമ്യത്തില്‍ അബോധാവസ്ഥയിലായ അവള്‍ ‘കൊലുസ്സിടാന്‍ എനിക്കു പറ്റുകില്ലല്ലോ’ എന്ന വാക്കുകള്‍ ഉച്ചരിക്കുന്നതു കേട്ട് ആ പിതാവിന്റെ മനസ്സ് അസഹ്യമായ വേദനയില്‍ പിടഞ്ഞു. പിടച്ചിലില്‍ സ്വയം മറന്ന ആ പിതാവ് ആ രാത്രിയില്‍ത്തന്നെ ഒരു മിന്നല്‍പ്പിണര്‍പോലെ പാഞ്ഞ് കുറച്ചു പണമുണ്ടാക്കുകയും പണയം വീണ്ടെടുത്ത് തിരികെയെത്തുകയും ചെയ്തു. അതിനിടയില്‍, കഷ്ടം, അവള്‍ നിത്യനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു. എങ്കിലും ആ ഓമനമകളുടെ കാലുകളില്‍ പിതാവ് ആ കൊലുസ്സ് വാത്സല്യപൂര്‍വം അണിയിക്കുകതന്നെ ചെയ്തു.

ആ കൊലുസ്സ് അഴിച്ചെടുക്കാന്‍ അയല്‍ക്കാരുടെ ഉപദേശം! വേദന നിറഞ്ഞ പിതൃമാനസത്തിന്റെ ഗതിയുണ്ടോ അയല്‍ക്കാരറിയുന്നു! ശ്മശാനത്തിന്റെ ആഴങ്ങളില്‍നിന്ന് ആ കൊലുസ്സ് വീണ്ടും വൈദികന്റെ കൈകളിലെത്തിച്ചേരുന്നുവെന്ന്, സ്വപ്‌നാത്മകമായ അന്തരീക്ഷസൃഷ്ടിയിലൂടെ, മൂന്നാംഭാഗത്ത് കവി വിവരിക്കുന്നു. നാലാം ഭാഗത്താണ് അത് പിതാവിനു തിരിച്ചേല്പിക്കാന്‍ രാത്രിനേരത്ത് വൈദികനെത്തുന്ന രംഗം. അളവില്ലാത്ത ദുഃഖത്തിന്റെ ഇരുള്‍-‘ഘനാന്ധത’-ചൂഴ്ന്നുനില്‍ക്കുന്ന ആ വീട്ടിലുള്ളവരെ ‘വിളിച്ചെഴുന്നേല്പിക്കാന്‍’ ആവശ്യമായത്ര ദാര്‍ഢ്യം മനസ്സിനില്ലാത്തതുമൂലം വൈദികന്‍ ആ കൊലുസ്സ്, ഒരു കൈക്കുഞ്ഞിനെയെന്നവണ്ണം, വീട്ടുപടിയിലര്‍പ്പിച്ചിട്ട് മടങ്ങിപ്പോയി. കവിത അവസാനിക്കുന്നത്,

മകളെയെന്നോണമതവരേറ്റു പോല്‍, കുഞ്ഞിന്‍
നറുകൊഞ്ചലായതു കിലുങ്ങിത്തിരിച്ചുപോല്‍!

എന്ന വാക്കുകളോടെയാണ്. അതിനു വിശദീകരണം നല്‍കാന്‍ മുതിരുന്നത് ഭോഷത്തമായിരിക്കും. ‘മാമ്പഴം’ എന്ന കവിതയുടെ അന്ത്യത്തെ ഇതും അനുസ്മരിപ്പിച്ചേക്കാം. രണ്ടു കവിതകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാലോചിക്കാനായിരിക്കും ഈ അനുസ്മരണം ആരെയും പ്രേരിപ്പിക്കുക.ആകത്തുകയില്‍ രണ്ടു കവിതകളിലും തങ്ങിനില്‍ക്കുന്ന അന്തരീക്ഷങ്ങള്‍ തുലോം വിഭിന്നമായതാണ് അപ്രകാരം ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നത്. രണ്ടിലും ഓമനപ്പൊന്‍കുഞ്ഞിന്റെ അപമൃത്യു പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ട്. ശരിതന്നെ. വൈലോപ്പിള്ളിയുടെ കവിതയില്‍ വിധിയുടെ നിര്‍ദയവിനോദമായല്ലാതെ മൃതിയെ കാണാനാവുകയില്ല. പ്രഭാവര്‍മ്മയുടെ കവിതയിലോ? സന്നിപാതജ്വരം ബാധിച്ച കുഞ്ഞിന് വേണ്ടത്ര വിദഗ്ധചികിത്സ നല്‍കാന്‍ നിര്‍ദ്ധന കുടുംബത്തിന് കഴിയാതെ വന്നിട്ടുണ്ടെന്ന് ഊഹിക്കാവുന്നതാണ്.

മാമ്പഴത്തിലെ വിധിയുടെ സ്ഥാനത്ത് വര്‍മ്മയുടെ കവിതയില്‍ സമൂഹവ്യവസ്ഥിതിയിലെ ക്രൂരത എന്ന കാരണവും ദുര്‍വിധിയില്‍ കലര്‍ന്നിരിക്കുന്നു. കാരണത്തെക്കുറിച്ചുള്ള ബോധം (അഥവാ അറിവ്) ശിശുവിന്റെ മൃത്യു ഉളവാക്കുന്ന സങ്കടത്തിന് ഗൗരവം നല്‍കുകയും ചെയ്യുന്നു. ആ അവസ്ഥ കണ്ണുനീരിന് ആശാന്‍ പറയുന്നതുപോലെ തുലോം ധന്യത്വമരുളുന്നു. അതിഭാവുകത്വത്തില്‍നിന്ന് കവിത അതിനാല്‍ മുക്തമാവുകയും ചെയ്യുന്നു.

‘പൊന്നിന്‍കൊലുസ്സ്’ എന്ന കവിതയിലെ അച്ഛന്റെ ശോകം ‘മാമ്പഴം’ എന്ന കവിതയിലെ അമ്മയുടെ ശോകത്തെക്കാള്‍ ആഴമുള്ളതാണ്. അച്ഛന്റെ ശോകത്തില്‍ യാദൃച്ഛികതയ്ക്കുള്ള പങ്ക് ലഘുവാണ്. വയറുനിറയാന്‍വേണ്ടി ബുദ്ധിമുട്ടുന്ന ക്രൂരസാഹചര്യത്തില്‍ പോലും ആ പിതാവ് ഏറെ ക്ലേശിച്ച് കൊലുസ്സ് വാങ്ങിക്കൊണ്ടുവരികതന്നെ ചെയ്തു. വീട്ടിലെത്തിയപ്പോള്‍ രാത്രിയായി എന്ന വസ്തുത പോലും പിതാവ് അനുഭവിച്ച ക്ലേശത്തിന്റെ ആധിക്യത്തെയാണു സൂചിപ്പിക്കുന്നത്.

അടുത്ത പ്രഭാതത്തില്‍ മകള്‍ ഉണരാന്‍ വൈകിയതിനും അവളില്‍ ദാരിദ്രമേല്‍പ്പിച്ച തളര്‍ച്ചയാണു മുഖ്യകാരണം. അവളുണരുന്നതിനുമുമ്പ് കൊലുസ്സ് അഴിച്ചെടുക്കേണ്ടിവന്നതും സമൂഹവ്യവസ്ഥിതിയിലെ ക്രൂരതമൂലമാണ്.

അനുക്രമം നടക്കുന്ന സംഭവങ്ങള്‍ തമ്മിലുള്ള കാരണകാര്യബന്ധം കവിതയിലെ ഭാവമേഖലയെ സാന്ദ്രമാക്കുകയും ചെയ്യുന്നു. അതിന് പോഷകമാകുംവിധം ആഖ്യാനശൈലി ഗൗരവയുക്തമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

”ഒക്കെയും നിലച്ചു; കാറ്റടങ്ങീ; കടല്‍ത്തിര-
യിനിയും വരാത്തമട്ടകലേയ്ക്കിറങ്ങിപ്പോയ്
അസ്തമിച്ചുപോയ് സൂര്യബിംബമാഴത്തില്‍; വസ-
ന്തത്തിന്റെയോരോ പൂവും മഞ്ഞുവീണമര്‍ന്നു പോയ.്”
”ഇരുളാണെങ്ങും, ഘസന്ധതയാണെങ്ങും, ഒരു
വെളിച്ചം വിണ്ണില്‍നിന്നുമല്ലാതെ വരാനില്ല.
അഴലാണെങ്ങും, നിശ്ശബ്ദതയാണെങ്ങും, ഒരു
സ്വരവും കരച്ചിലല്ലാതിനി വരാനില്ല.”

നാലാം ഭാഗത്തിലെ ഈ വരികള്‍ വര്‍മ്മയുടെ കാവ്യശൈലിയിലെ സാന്ദ്രതയുടെ രൂപം അടുത്തറിയുന്നതിനുവേണ്ടി മാത്രമാണ് ഉദ്ധരിച്ചത്. കണ്ണില്‍ കരിമ്പുകതന്‍ പടര്‍പ്പും, മനസ്സില്‍ പൊടിയുന്ന ചോരപ്പാടുമായി വന്നെത്തുന്ന വൈദികന്‍ ഗഹനഭാവം വ്യഞ്ജിപ്പിക്കുന്ന ഒരു ബിംബമാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ അവസ്ഥയെന്തെന്ന്,

‘ഉറക്കമറ്റുള്ളതാം ദീര്‍ഘജീവിതത്തിന്റെ
തുടക്കമാണീ രാത്രിയവര്‍ക്ക് ‘-
എന്ന ശൈലിയിലൂടെയല്ലാതെ അനുഭവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

അതുപോലെ,

‘ജീവിതം വിലാപത്തിന്‍ യാത്രയാം, ശ്മശാനത്തെ
തേടുന്ന വാഴ്‌വിന്‍ മൂകയാത്രയാം…’

എന്നതുപോലുള്ള ലോകോക്തികളുടെ സ്വാഭാവികമായ പ്രയോഗം ആ കാവ്യശൈലിയില്‍
പ്രത്യേകമായ പ്രൗഢി ചാര്‍ത്തുന്നതായും അറിയാതറിയുന്നു. ആഖ്യാനത്തിന്റെ ഗതിയില്‍നിന്ന് അത് വേറിട്ടുനില്‍ക്കുന്നില്ല. വാസ്തവങ്ങള്‍ അവയെക്കാള്‍ ആഴത്തിലുള്ള ആന്തരിക യാഥാര്‍ത്ഥ്യങ്ങളായി മാറുന്നത് ആ ശൈലിയുടെ മാന്ത്രികശക്തിമൂലമാണ്. സന്ദര്‍ഭാനുസരണം ആ ശൈലി ഔചിത്യഭാസുരമായി പ്രയുക്തമാകുന്നുവെന്ന പ്രത്യേകത കാവ്യചാരുതയ്ക്കരുളുന്ന ഗഹനഭാവം, പ്രത്യേകം ശ്രദ്ധവെച്ചില്ലെങ്കില്‍, ആസ്വാദകനറിയാതെ പോകും. അത്രമാത്രം സ്വാഭാവികമായ രീതിയിലാണ് അത് ആഖ്യാനശൈലിയിലെ ഇഴയായിത്തീര്‍ന്നിരിക്കുന്നത്.

രണ്ട്

ഈ സമാഹാരത്തിലെ ആദ്യ കവിതയെക്കുറിച്ചു മാത്രമാണ് മുകളില്‍ ഞാന്‍ ലഘുവായി പ്രതിപാദിച്ചത്. (പുസ്തകത്തിനു നല്‍കിയിരിക്കുന്ന പേരും അതുതന്നെ). വേറെയും അനേകം കവിതകള്‍ ഈ സമാഹാരം ഉള്‍ക്കൊള്ളുന്നു. അവയില്‍ ഓരോന്നിനെക്കുറിച്ചും പ്രത്യേകം പ്രത്യേകമായെഴുതാന്‍ ഞാന്‍ പ്രലോഭിതനാകുന്നു. പൊതുസ്വഭാവത്തെക്കാളധികമായി വിശേഷ സ്വഭാവങ്ങളാണ് കവിതകള്‍ക്കുള്ളതെന്നതുതന്നെ കാരണം. ഓരോന്നും ഓരോ മാതിരിയിലാണ് വാര്‍ന്നുവീണിരിക്കുന്നത്. അവയിലെല്ലാത്തിലും ജലാശയങ്ങളില്‍ നീലാകാശമെന്നപോലെ, പ്രഭാവര്‍മ്മയുടെ കവനവ്യക്തിത്വം പ്രതിഫലിച്ചുനില്‍ ക്കുന്നുവെന്നുമാത്രം.

(‘വിഷം തീണ്ടാത്ത മണ്ണും വയല്‍പ്പച്ചയും’ എന്ന ഡോ. ടി കെ സന്തോ ഷ്‌കുമാറിന്റെ പ്രബന്ധം ആ വ്യക്തിത്വത്തിലേക്ക് എത്തിനോക്കാന്‍ നിങ്ങളെ ഭംഗിയായി സഹായിക്കുന്നു. ആ പഠനം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.)

ഇതിനകം എത്ര കാവ്യകൃതികള്‍ പ്രഭാവര്‍മ്മ പ്രകാശിപ്പിച്ചിട്ടുണ്ടെന്ന് എനിക്കു നിശ്ചയമില്ല. അവയിലധികവും വായിച്ചാസ്വദിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി എന്ന കാര്യം മാത്രമേ നിശ്ചയമായി പറയാനാവുന്നുള്ളൂ. പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം നോക്കി എഴുത്തുകാര്‍ക്ക് വിലകല്പിക്കുന്ന സമ്പ്രദായം ഇന്നു മലയാളത്തില്‍ പടര്‍ന്നുവരുന്നു. കൈവന്ന അവാര്‍ഡുകളുടെ കണക്കും മൂല്യനിര്‍ണയത്തിനാധാരമായി പലരും സ്വീകരിച്ചുപോരുന്നു. ‘പലരും’ എന്നെഴുതിയത് സാധാരണക്കാരെ ഉദ്ദേശിച്ചല്ല; സാഹിത്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെ ഉദ്ദേശിച്ചാണ്. അവരില്‍ പലരും പ്രശസ്തര്‍.

എന്നാല്‍, ഇത്ര കൃതികള്‍ പ്രസിദ്ധീകരിച്ച കവിയെന്നും ഇത്ര അവാര്‍ഡുകള്‍ നേടിയ കവിയെന്നുമുള്ള അടിസ്ഥാനത്തില്‍ ഒരു കവിയുടെ ഗുണമേന്മ നിര്‍ണയിക്കുന്നത് ശുദ്ധമായ അസംബന്ധമാണ്. താന്‍ രചിച്ച കാവ്യങ്ങളാണ്, അവയില്‍ ലീനമായ കാവ്യഗുണങ്ങളാണ്, അവാര്‍ഡുകളല്ല ഏതൊരാളെയും കവിയായി ഉയര്‍ത്തുന്നത്. കവി കാവ്യം സൃഷ്ടിക്കുന്നു എന്നു പറയുന്നതിനെക്കാള്‍ ശരിയായിട്ടുള്ളത് കാവ്യം കവിയെ സൃഷ്ടിക്കുന്നു എന്നു പറയുന്നതാണ്. കാളിദാസനെകവിയാക്കി ഉയര്‍ത്തിയത് കുമാരസംഭവം, രഘുവംശം, മേഘസന്ദേശം മുതലായ കാവ്യങ്ങളാണ്. രാജാവ് നല്‍കിയിരിക്കാവുന്ന പദവികളോ ബഹുമതികളോ അല്ല.ഭദ്രമായ ഒരു മാനദണ്ഡം സ്വീകരിച്ചുകൊണ്ടു നോക്കുമ്പോള്‍ അന്യാദൃശമായ പദവിയാണ് പ്രഭാവര്‍മ്മ ഇന്നു മലയാളത്തില്‍ നേടിയിരി ക്കുന്നതെന്നു കാണാം. അവാര്‍ഡുകളുടെ അനുഗ്രഹം ലഭിക്കുന്നതിനു മുമ്പുതന്നെ ‘ശ്യാമമാധവം’ തുടങ്ങിയ കാവ്യങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ അനുവാചകലോകം അദ്ദേഹത്തെ ആദരിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം പ്രകാശിപ്പിച്ച ഓരോ കവിതയും ആ ആദരവിനെ ഒന്നിനൊന്ന് ഉറപ്പിക്കുകയാണുണ്ടായത്.

സ്വയമറിഞ്ഞോ അറിയാതെയോ തന്റെ അന്തരാത്മാവില്‍ നിലനില്‍ക്കുന്ന കാവ്യദര്‍ശനം പ്രഭാവര്‍മ്മയുടെ കവിതാശില്പങ്ങളുടെ മൂശയായി വര്‍ത്തിക്കുന്നു. അതിനാലാണ് പ്രമേയാനുസൃതമായ രൂപവൈവിധ്യത്താല്‍ ആ കവിതകള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരിക്കുന്നതും.

‘ആദിമൗനനഭസ്സിലങ്ങുളവായ നാദകണത്തെ സം-
വേദനത്വമിയന്ന മംഗലരാഗമാക്കിയ സാധക’യായി കവിതയെ അദ്ദേഹം അറിയുന്നു. അപ്രകാരം അറിയുന്നതോ? ‘കുടജാദ്രിതന്‍ ഹരിതാഭചൂടിയ സാനുവില്‍ താളമിട്ടുവരുന്ന കാറ്റല’യിലൂടെയുമാണ്. ആ കാറ്റലയുടെ ധ്വന്യാത്മകമായ ലാവണ്യവിശേഷത്തില്‍ കാവ്യഗുണം തിരിച്ചറിയുന്ന ഒരു കവിമനസ്സില്‍നിന്ന് അതിനനുസരണമായ കവിതകളേ ഉറവെടുക്കുകയുള്ളൂ.

ഇക്കാര്യത്തില്‍ കുമാരനാശാന്റെ കാവ്യദര്‍ശനത്തെ പ്രഭാവര്‍മ്മ അനുസ്മരിപ്പിക്കുന്നു. ‘വണ്ടിന്റെ പാട്ട്’ എന്ന കവിത തുടങ്ങുന്നത് ഇപ്രകാരമാണ്.

”കൊടുമുടിയില്‍ കഴുകന്‍ വസിക്കട്ടെ
കൊടുതാം സിംഹം ഗുഹയിലും വാഴട്ടെ;
വടിവേലും തങ്കക്കുന്നേ നിന്‍ പൂത്തൊരീ-
നെടിയ കാടാര്‍ന്ന സാനുവില്‍ മേവും ഞാന്‍.”

ഏകാന്തതയുടെ ദൈവികമായ വിശുദ്ധിയാലനുഗൃഹീതമായ താഴ്‌വരയിലെ പൂങ്കാവനത്തില്‍ കാവ്യഗുണങ്ങളുടെ ഹൃദയഹാരിയായ ചൈതന്യം ആശാന്‍ ദര്‍ശിക്കുന്നു. പ്രഭാവര്‍മ്മയാകട്ടെ, കുടജാദ്രിയുടെ ഹരിതാഭ ചൂടിയ താഴ്‌വരയില്‍ താളമിട്ടുവരുന്ന മന്ദമാരുതനിലും. ആലോചിക്കാന്‍ വകതരുന്ന സാദൃശ്യം ഇവയ്ക്കു തമ്മിലുണ്ട്.

നിത്യജീവിതത്തിലെ കൃത്യാന്തരബഹുല്യങ്ങള്‍ക്കിടയിലും പ്രഭാവര്‍മ്മയ്ക്ക് കവിതാരചനയില്‍ മുഴുകാന്‍ കഴിയുന്നതിന്റെ രഹസ്യം ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്. പൊതുപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായി മാത്രമല്ല, മാധ്യമപ്രവര്‍ത്തകനായും അദ്ദേഹം നിരന്തരം വിവിധ കര്‍മ്മങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോഴൊക്കെയും അദ്ദേഹത്തിന്റെ നിഗൂഢവ്യക്തിത്വം ഉണര്‍ന്നിരിക്കുകതന്നെ ചെയ്യുന്നു. ആ ഉണര്‍വാണ് കവിതാശില്പങ്ങള്‍ക്ക് മൂശയായി വര്‍ത്തിക്കുന്നത്. അതിന് അതിന്റേതായ ഏകാന്തദീപ്തി.

പണ്ട് വാള്‍ട്ട് വിറ്റ്മാന്‍ തന്റെ കവിതാരചനയെപ്പറ്റി പ്രസ്താവിച്ച ഒരു കാര്യം ഇവിടെ ഓര്‍മിച്ചുപോകുന്നു. പൊതുപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ ലോകോത്തരമായ കവിതകള്‍ക്കു രൂപം നല്‍കിയത്. അതെക്കുറിച്ച് അദ്ദേഹം പ്രസ്താവിക്കുന്നത് ഏതാണ്ടിപ്രകാരമാണ്: ‘ഞങ്ങള്‍ മുഖപ്രസംഗമെഴുതുന്നു; ഞാന്‍ ലേഖനങ്ങളെഴുതുന്നു; എന്റെ അന്തരാത്മാവ് കവിതയും.’ (മൂന്നവസ്ഥകളും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നുള്ളത് മറ്റൊരു വിഷയം). ഈ വാക്കുകള്‍ കുമാരനാശാനെന്നതുപോലെ പ്രഭാവര്‍മ്മയ്ക്കും ഒരതിര്‍ത്തിയോളം ബാധകമാണ്.

താല്‍ക്കാലിക പ്രാധാന്യം മാത്രമുള്ള പ്രമേയങ്ങളിലധിഷ്ഠിതമായി അദ്ദേഹം രചിച്ച കവിതകളില്‍പോലും സനാതനപ്രസക്തിയാര്‍ന്ന സമസ്യകളുടെ നിഴലാട്ടം നിത്യവശ്യമായി കലര്‍ന്നിരിക്കുന്നതിന്റെ രഹസ്യം അതാണ്. ക്ഷണികതയും നിത്യതയും തമ്മിലുള്ള ഇത്തരം വിചിത്രസംഗമങ്ങള്‍ നൈസര്‍ഗ്ഗികപ്രതിഭയുടെ രചനകളില്‍ സംഭവിക്കാതെ തരമില്ല. ഈ സമാഹാരത്തിലൂടെ കടന്നുപോകുന്ന ആസ്വാദകന്‍, അനന്തമായ കാലത്തിന്റെയും അപാരമായ ദേശത്തിന്റെയും അമ്പരപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്ഷണനേരത്തേക്ക് തെളിയുകയും അടുത്ത ക്ഷണത്തില്‍ പൊലിയുകയും ചെയ്യുന്ന മനുഷ്യജീവിതം അവശേഷിപ്പിക്കുന്ന സനാതനവശ്യതയാര്‍ന്ന പ്രകാശപൂരം ദര്‍ശിച്ച് വിസ്മയാധീനമായ ഹൃദയത്തോടെ മൗനത്തിന്റെ മാധുര്യം ധ്യാനാത്മകമായി നുകര്‍ന്നിരുന്നു പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനുഭവം അതാണ്.

Comments are closed.