മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘പൊന്നി’ ഏഴാം പതിപ്പില്‍
‘കാട് കുറഞ്ഞു വരുന്നു. മുളകളും മരങ്ങളും വെട്ടിപ്പോകുന്നു. പണക്കാര്‍ ഈ താഴ്‌വരയുടെ മുടിയെടുത്തു വില്ക്കുകയാണ്. ഊരുമൂപ്പന്‍ ദുണ്ടന്‍ ഒരു പ്രവചനം നടത്തുന്ന മട്ടില്‍ ചിലപ്പോള്‍ പറയും: കാലം ചെല്ലുമ്പോള്‍ പച്ച നിറഞ്ഞ ഈ താഴ്‌വര തരിശുഭൂമിയായി മാറും. അന്നു പട്ടിണിയും തണുപ്പും സഹിക്കാനാവാതെ ആദിവാസികള്‍ മരിക്കും.’ (മലയാറ്റൂര്‍ രാമകൃഷ്ണന്റെ പൊന്നി എന്ന നോവലില്‍നിന്ന്)
ഏറനാട് താലൂക്കിന്റെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥ പറയുന്ന നോവലാണ് പൊന്നി. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ നിരവധി രചനകള്‍ സമ്മാനിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ തൂലികയില്‍നിന്നാണ് ഈ നോവല്‍ ജനിച്ചത്. പച്ചമനുഷ്യരുടെ കഥ പറയുന്ന പൊന്നിയില്‍ പരസ്പരം കലഹിച്ചു ജീവിക്കുന്ന ഇരുള മുഡുഗ വിഭാഗങ്ങളില്‍പ്പെട്ട പൊന്നിയുടെയും മാരന്റെയും അതിതീവ്രമായ പ്രണയത്തിന്റെ അവിഷ്‌കാരമാണ് കാണുവാന്‍ സാധിക്കുന്നത്.
ആദിവാസികള്‍ക്കിടയിലെ ആചാരങ്ങളും ബന്ധങ്ങളും പുറംലോകത്തിന് അത്ര പരിചിതമല്ലാത്തതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു പ്രമേയം നോവലാക്കുമ്പോള്‍ വേണ്ടത്ര കൈത്തഴക്കം കാണിക്കേണ്ടതുമുണ്ട്. അതീ നോവലില്‍ വേണ്ടുവോളം കാണുവാന്‍ സാധിക്കും. പൊന്നി വിദ്യാഭ്യസം ചെയ്തവളാണ്. അതുകൊണ്ടുതന്നെ സമുദായത്തിലെ മറ്റു യുവതികളില്‍നിന്ന് പൊന്നി വ്യത്യസ്തയാണ്. സുന്ദരിയുമാണ്. പൊന്നിയെ വിവാഹം കഴിക്കാന്‍ മുമ്പേതന്നെ ആഗ്രഹിച്ചു നടക്കുന്നയാണ് ചെല്ലന്‍. മറ്റൊരു സമുദായത്തിലെ ചെറുപ്പക്കാരനുമായ പൊന്നിക്ക് ഉണ്ടാകുന്ന ബന്ധം മാരനെയും മറ്റു സമുദായ അംഗങ്ങളെയും ചൊടിപ്പിക്കുന്നു അതോടെ ഈ നോവലിന് മറ്റൊരു മാനം കൈവരുന്നു.സങ്കീര്‍ണ്ണമായ ഒരു പ്രണയകഥ ആദിവാസി സമൂഹത്തിനുള്ളിലെ വിവിധ സങ്കേതങ്ങളില്‍ക്കൂടി അവതരിപ്പിച്ച് വിജയിപ്പിച്ച ഒരാളെ ഗ്രന്ഥകര്‍ത്താവില്‍ കാണുവാന്‍ സാധിക്കും.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പൊന്നിയുടെ ഏഴാമത് പതിപ്പാണ് ഇപ്പോള്‍ വില്പനയിലുള്ളത്.
Comments are closed.