‘പൊനം’; പച്ചയായ ജീവിതസ്പന്ദനങ്ങളുടെ കാഹളം
കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ദൃശ്യ പത്മനാഭന്‍ എഴുതിയ വായനാനുഭവം
ഒരു പുസ്തകം വായിക്കുമ്പോള്‍ വായനക്കാരന്റെ മനസ്സ് തരിശുഭൂമിക്ക് തുല്യമായിരിക്കും, വായനയുടെ വാതായനങ്ങള്‍ തുറന്ന് ആ പുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മനസ്സില്‍ അക്ഷരത്തിന്റെ വായനാഭാരത്തിന്റെ വേരാഴ്ന്നിറങ്ങി ഫലഭൂയിഷ്ടമായ മണ്ണായി മാറും. ഇവിടെ എഴുത്തുകാരന്‍ വായനക്കാരന്റെ മനസ്സാകുന്ന തരിശു മണ്ണിലേക്ക് കരിമ്പുനത്തിന്റെ മണ്ണ് വിതറുകയാണ് ചെയ്യുന്നത്. കഥകളുടെ പൊന്‍കാട് തന്നെയാണ് കെ. എന്‍ പ്രശാന്തിന്റെ മൂന്നുറോളം പേജുകളുള്ള ‘പൊനം ‘. നിബിഢമായ കാടും കാട്ടാറും, പുനം കൃഷിയും, റാക്കിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിയും, മൃഗത്തിന് തുല്യരായ മനുഷ്യരും, കോഴിപ്പോരിന്റെ വീറും വാശിയും , ശത്രുവിന്റെ കണ്ണ് മാത്രം ലക്ഷ്യം വെക്കുന്ന നാടന്‍ തോക്കുകളും,രതിയിലമര്‍ന്ന ആണും പെണ്ണും, പ്രതികാരത്തിന്റെയും പകയുടെയും തീക്കനലുകളും, അടിച്ചമര്‍ത്തലുകളും, നിഷ്‌കളങ്കമായ സ്‌നേഹവുമൊക്കെ കൊണ്ട് സമ്പന്നമായ കരിമ്പുനത്തിന്റെ മണ്ണാണ് നോവലിന്റെ ഭൂമിക. അവിടെയാണ് കെ. എന്‍ പ്രശാന്ത് ‘പൊനം’ കൃഷിയിറക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനി പാട്ടിന്റെ വരികളും ശേഷം ആമുഖവും തുടര്‍ന്ന് റാക്ക് മുതല്‍ നിഴല്‍ക്കൂത്ത് വരെയുള്ള അധ്യായങ്ങള്‍ ഇതാണ് ‘പൊനം ‘ എന്ന നോവലിന്റെ പ്രത്യക്ഷ ഘടന.
മഞ്ജുനാഥ ഗൗഡ പൂനയില്‍ നിന്നും കരിമ്പുനത്തിലേക്ക് വണ്ടിയിറങ്ങുന്നതിലൂടെ കെട്ടഴിയുന്നു അസാധാരണമായ കാടിന്റെ കഥകള്‍. ശേഖരനും, കട്ടിമണിയും കരിയനും തുടങ്ങി ഒരുപറ്റം പച്ചയായ മനുഷ്യരിലൂടെ കരിമ്പുനം ചരിത്രത്തിന്റെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ്. കരിമ്പുനത്തിന്റെ കഥ പറയുകയെന്നാല്‍ മൂന്നു തലമുറകളിലെ പെണ്ണുടലിന്റെ കഥയും കൂടിയാവുന്നു. അതായത് ചിരുതയും പാര്‍വതിയും രമ്യയുമാണ് ഈ നോവലിനെ ചാലനാത്മകമാക്കുന്നത്. എനിക്ക് തോന്നുന്നു പാര്‍വതിയാണ് ഈ നോവലിന്റെ അടിവേരെന്ന്. ചിരുതയിലൂടെ അരങ്ങേറ്റം കുറിച്ച കരിമ്പുനത്തിന്റെ സംഭവവികാസങ്ങള്‍ പാര്‍വതിയിലൂടെയും പിന്നീട് രമ്യയിലൂടെ ആവര്‍ത്തിക്കപ്പെടുന്നു. അതായത് മൂന്നു തലമുറകള്‍ക്കിടയിലൂടെ. കാലവും കഥാപാത്രങ്ങളും മാറുന്നു. എന്നാല്‍ കഥാഭൂമികയും സംഭവബഹുലമായ സംഭവവികാസങ്ങളും തുടര്‍ക്കഥ പോലെ മാറ്റമില്ലാതെ തുടരുന്നു. പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കൊലയുടെയും കാമത്തിന്റെയും രതിയുടെയും നായാട്ടിന്റെയും കഥകള്‍ മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ ഈ മൂന്നു തലമുറകള്‍ക്ക് മുമ്പും ശേഷവും ഇത്തരം സംഭവവികാസങ്ങള്‍ കരിമ്പുനത്ത് അനാദിയായി ഒഴുകുന്ന കാട്ടരുവിപോലെ ആവര്‍ത്തിക്കപ്പെടുമെന്ന് എഴുത്തുകാരന്‍ പരോക്ഷമായി വരികള്‍ക്കിടയിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സിംഹത്തിന്റെ ഗര്‍ജ്ജനം പോല്‍ വീറും വാശിയുമുള്ള കരിമ്പുനത്തിലെ പുരുഷന്മാരെ പെണ്ണുടലിന്റെ അടിമകളാക്കി മാറ്റുന്നു പാര്‍വതി. ഒരു തുടര്‍ക്കഥപോലെ ചിരുതയില്‍ നിന്ന് പാര്‍വതിയിലേക്കും പാര്‍വതിയില്‍ നിന്ന് രമ്യയിലേക്കും ആവര്‍ത്തിക്കപെടുന്നു.
കാടിന്റെ വന്യതയും കൊലയും കാമവും രതിയും വേട്ടയും ഉന്മാദവും പകയുമൊക്ക ചേര്‍ന്നുള്ള വൈകാരികമായ രുചിക്കൂട്ടിന്റെ മറ്റൊരു ഭൂമികയിലേക്ക് പൊനം നമ്മെ പറിച്ചു നടും. കാസര്‍കോഡിന്റെ മലയോര പ്രദേശമായ കരിമ്പുനത്തിന്റെ കാണാക്കാഴ്ച്ചയിലേക്ക് വായനയിലുടനീളം ഒരു സഹയാത്രികനായി എഴുത്തുകാരന്‍ കൂട്ടി കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉള്ളില്‍ പതിയുന്നു ഒരു നേര്‍ച്ചിത്രമായി ഇതിലെ കാണാക്കാഴ്ച്ചകള്‍. ഞാന്‍ നിസ്സംശയം പറയുന്നു കാടിന്റെ നിഗൂഢതകളെ സസൂക്ഷ്മം നിരീക്ഷിച്ച ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയുകയുള്ളൂ. കാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുകാരനാണ് കെ. എന്‍ പ്രശാന്ത്. ഈ നോവലില്‍ മനുഷ്യരുടെ വികാരങ്ങള്‍ക്ക് അല്ലെങ്കില്‍ സ്വഭാവത്തിന് മൃഗങ്ങളുടേതുപോലെ പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ കരിമ്പുനത്തിലെ മനുഷ്യര്‍ നടപ്പിലാക്കുന്ന നീതിയും ശിക്ഷകളും ഭരണഘടനയില്‍ ഉള്ളതുപോലെയല്ല. പ്രത്യക്ഷത്തില്‍ നീതിയും ശിക്ഷയും അവര്‍ തന്നെ നടപ്പിലാക്കുന്നു. മനുഷ്യരുടെ ശബ്ദവും മൃഗങ്ങളുടെ ശബ്ദവും നമുക്ക് കേള്‍ക്കാന്‍ കഴിയുന്നു. പന്നിയുടെ അനക്കവും കുറുക്കന്റെ രോദനവുമെല്ലാം ഒരശരീരിപോലെ കേള്‍ക്കാം. മരക്കൊള്ളയും, റാക്കും, കോഴിപ്പോരും കുലത്തൊഴിലുപോലെ കൊണ്ടുനടക്കുന്ന ഒരു പറ്റം മനുഷ്യരും വായനശാലയും സാക്ഷരത ക്ലാസ്സും കൊണ്ടു നടക്കുന്ന മാധവനുമൊക്കെ പഴയകാല രാഷ്ട്രീയാന്തരീക്ഷമൊക്കെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഞാനൊരു കണ്ണൂര്‍ക്കാരിയായതുകൊണ്ട് തന്നെ ഇന്നും നാട്ടിലെ പല അമ്മൂമ്മമാരും അച്ഛാച്ചന്മാരും പറഞ്ഞു കേള്‍ക്കുന്ന അവരുടെ യുവത്വത്തിലെ രാഷ്ട്രീയകലാപമണ്ണിന്റെ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി തോന്നി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വര്‍ത്തമാനകാല പുസ്തകാസ്വാദകരില്‍ പലരും കണ്ണുപൊട്ടന്മാരാണ് .അവര്‍ വിരൂപമായ പുസ്തകത്തെ വാരിപ്പുണര്‍ന്നുകൊണ്ട്
‘നീയാണ് അമൃത് ‘ എന്ന് കൊട്ടിഘോഷിക്കുന്നു. ഇന്ന് മലയാളത്തില്‍ എഴുത്തുകാരനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള പൊള്ളയായ ഭംഗിവാക്കുകള്‍ കാണുമ്പോള്‍ തോന്നാറുണ്ട് എന്തിനാണിങ്ങനെ കൊട്ടിഘോഷിക്കുന്നതെന്ന്. മലയാളത്തില്‍ ഇന്ന് ഉദ്‌ഘോഷിക്കുന്ന പല പുസ്തകങ്ങളെക്കാള്‍ മികച്ച വായനനുഭവം തന്നെയാണ് ‘പൊനം ‘ സമ്മാനിച്ചത്.
ഇതില്‍ എടുത്ത് പറയേണ്ടത് നോവലിന്റെ ആഖ്യാനശൈലിയാണ് അസാധാരണം ഭാവനാത്മകവും സര്‍ഗ്ഗാത്മകവും ചടുലവുമായ സംഭാഷണങ്ങള്‍ മാത്രമല്ല ദൃശ്യബിംബങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ നോവല്‍. അതുകൊണ്ടു തന്നെ ഒരു ചലച്ചിത്രത്തിനു വേണ്ട എല്ലാം പൊനം എന്ന നോവലില്‍ നമുക്ക് കാണാന്‍ കഴിയും. മലയാളത്തില്‍ ഇതൊരു ചലച്ചിത്രമായി വരുമെന്ന് എനിക്ക് തോന്നുന്നു. ഇതിലെ പല വാക്കുകളും വാചകങ്ങളും ചടുലവും തീവ്രവുമാണ് അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. ‘ബോംബിന് ആളെ തിരിയൂല. അത് വേണ്ടുന്നോനേം, വേണ്ടാത്തോനെയും കാണും. പക്ഷേ തോക്കിന് കണ്ണും, ചെവിടും ഇണ്ട്. അത് പരിചയുള്ളോനെ മാത്രേ കാണൂ.വേണ്ടാത്ത ഒരുത്തനും ഇന്നോളം ഈടചത്തിട്ടില്ല. ഇത് തോക്കിന്റെ നാടാണ്. ‘
‘പക അതാത് കാലത്ത് കെട്ടടങ്ങണം. അല്ലെങ്കില്‍ കാര്യമെന്തെന്നു പോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരകളാകേണ്ടി വരും. യുദ്ധം തുടങ്ങുമ്പോള്‍ ജനിച്ചിട്ട് കൂടി ഇല്ലാത്തവര്‍ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയില്‍ വേറെ എന്താണുള്ളത്?’.
ഇതില്‍ എടുത്ത് പറയേണ്ട മറ്റൊന്ന് പുസ്തകത്തിന്റെ കവര്‍ ചിത്രത്തെപറ്റിയാണ്. പുസ്തകത്തിന്റെ കവര്‍ ചിത്രം പോലും നല്‍കുന്നത് പുസ്തകത്തിലേക്കുള്ള പാതയാണ്.
പൊനം എന്ന നോവല്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്നത് ഒരുതരം ലഹരിയാണ്. കാരണം ഒരു ലഹരി പദാര്‍ത്ഥം മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ താല്ക്കാലിക സന്തോഷം മാത്രമാണ് ലഭിക്കുന്നത് പക്ഷെ ആ സന്തോഷം വീണ്ടും ലഭിക്കണമെന്ന ത്വര നമുക്കുണ്ടാവും. അതുതന്നെയാണ് കെ. എന്‍ പ്രശാന്തിന്റെ ‘പൊനം ‘ എന്ന നോവല്‍ നമുക്ക് സമ്മാനിക്കുന്നതും. മുന്നൂറോളം പേജുകളില്‍ പ്രവാചനാതീതമായ ചരിത്രത്തിലെ മൂന്നു തലമുറയിലൂടെ ഒരു പറ്റം പച്ചയായ മനുഷ്യരുടെ കഥകള്‍ക്കൊണ്ടുള്ള അക്ഷരലഹരി അതാണ് ‘ പൊനം ‘. നോവല്‍ എന്നതിനപ്പുറമിതില്‍ പച്ചയായ മനുഷ്യരുടെ രാഷ്ട്രീയജീവിതമുണ്ട്. മലയാളത്തിലെ മികച്ച നോവലുകളിലൊന്നാണ് കെ. എന്‍ പ്രശാന്തിന്റെ ‘പൊനം ‘ എന്ന് ഞാന്‍ അടിവരയിട്ട് പറയുന്നു.
Comments are closed.