DCBOOKS
Malayalam News Literature Website

‘പൊനം’; വേറിട്ട ഒരു വായനാനുഭവം

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ഷിബിന കെ പി എഴുതിയ വായനാനുഭവം 

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞാൻ കരിമ്പുനത്തെ കാടുകളിലായിരുന്നു. കെ.എൻ. പ്രശാന്ത് 280 പേജുകളിൽ നിറച്ച കാടിന്റെ വന്യതയിലും നിലയ്ക്കാത്ത പ്രതികാരത്തിലും ഇത്തവണത്തെ വായനയെ തുറന്നുവിട്ടപ്പോൾ ‘പൊനം’ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ‘തീയുണ്ട കേറിയ ഉരുക്കള കൊണ്ടന്ന് ബപ്പിട്ടാൽ’ മാത്രം തൃപ്തിയാകുന്ന തൊണ്ടച്ചൻ തെയ്യത്തെ കെട്ടിയാടുന്ന നാട്ടിൽ തോക്ക് ആയുധമാക്കിയ മനുഷ്യന്മാരുടെ കൂടെ സഞ്ചരിക്കുകയെന്നത് മായികത നിറഞ്ഞ ഒരു അനുഭൂതി തന്നെയായിരുന്നു.

സിനിമയ്ക്ക് വേണ്ടിയുള്ള കഥ അന്വേഷിച്ച് കരിമ്പുനത്തെത്തുന്ന ഒരു ചെറുപ്പക്കാരനിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. കരിയൻ എന്ന തോണിക്കടത്തുകാരനിലൂടെ അവനറിയുന്ന കഥകളും കഥകൾക്കുള്ളിലെ കഥകളും ചേർന്ന് വായനക്കാരെ ‘പൊന’ത്തിനുള്ളിൽ അകപ്പെടുത്തും, വായനയ്ക്കുശേഷവും പുറത്തുകടക്കാനാകാത്ത വിധം അവ ശ്വാസം മുട്ടിക്കും, വെടിയുണ്ടകൾ തുളച്ചുകയറുമെന്ന ഭയത്താൽ ഓടിത്തളർന്നിട്ടും രക്ഷപ്പെടാനാകാതെ കിതയ്ക്കും.

കരിയൻ പറയുന്ന കരിമ്പുനത്തെ പ്രതികാര കഥ രൈരുനായരിൽ നിന്ന് തുടങ്ങുന്നു. മരങ്ങളും മൃഗങ്ങളും കീഴടക്കിയും വേട്ടയാടിയും കരിമ്പുനത്തിന്റെ ജന്മിയായി വിലസിയ രൈരുനായർ തുടങ്ങിവെച്ച Textചോരക്കളിയിൽ അയാളുടെ തോക്കുകാരനായ അമ്പൂട്ടിയുടെയും കരുത്തനായ കർത്തമ്പുവിന്റയും മക്കൾ പിന്തുടർച്ചക്കാരായി. ശേഖരനെന്നും മാധവനെന്നും പേരുള്ള അവർക്കൊപ്പം സോമപ്പനും ഗണേശനും മാലിംഗനും കാന്തയും ചേരുമ്പോൾ തലമുറകളിലേക്ക് നീളുന്ന പകയുടെ തീ ആളിപ്പടരുന്നു.

“യുദ്ധം തുടങ്ങുമ്പോൾ ഭൂമിയിൽ ജനിച്ചിട്ടു കൂടി ഇല്ലാത്തവർ പിന്നീട് അതിന്റെ ഭാഗമാകുന്നതിലും വലിയ അസംബന്ധം ഭൂമിയിൽ വേറെ എന്താണുള്ളത്. ” കൊടുംചതികളിൽ ചാരമായിത്തീർന്നവരുടെ മരണത്തിന് പകരം ചോദിക്കാൻ ഇരുഭാഗത്തും ആളുകൾ കൂടുമ്പോൾ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നു.

റാക്കെന്നും തോക്കെന്നും രണ്ടു ഭാഗങ്ങളുള്ള നോവലിൽ ആദ്യഭാഗം കരിമ്പുനത്തിന്റെ കഥയിലേക്ക് കടക്കും മുൻപുള്ള പരിചയപ്പെടുത്തലാണെന്ന് പറയാം. എന്നാൽ അതിലും കൂടുതൽ ചേരുക തലച്ചോറും കുടൽമാലയും തുരന്ന് കയറുന്ന തോക്കിലെ തീയുണ്ടകളെയും മൂർച്ചയുള്ള കുന്തമുനകളെയും നേരിടാൻ റാക്കിന്റെ ലഹരിയിൽ വായനക്കാരെ പാകപ്പെടുത്തിയെടുക്കലെന്നാകും. ശരീരവും മനസ്സും കാടിനും പെണ്ണിനും വേണ്ടി മാത്രം കൊതിക്കുന്ന കരിമ്പുനക്കാരുടെ ദാഹം റാക്കും ഉടലും നൽകി ഉച്ചിരിയുടെ പിന്മുറക്കാരായ ചിരുതയും പാർവ്വതിയും രമ്യയും കാലാകാലം ശമിപ്പിച്ചുകൊണ്ടിരുന്നു. ആൺകരുത്തിനെ പൂത്ത ചെമ്പക മണത്തിൽ തളക്കാൻ കരുത്തുള്ളവരാണവർ. അതിലേറ്റവും കരുത്ത പാർവ്വതിയാണ്. വെഷെറങ്ങിക്കയത്തിൽ വെച്ച് ‘കാമമൊഴിയുന്ന മനുഷ്യനോളം നിസ്സഹായനായ മറ്റൊരു ജന്തുവില്ലെ’ന്നറിയാവുന്നത് കൊണ്ട്  ശേഖരനെ സഹതാപത്തോടെ നോക്കിയ പാർവ്വതി.

ചതിയുടെയും കാമവെറിയുടെയും കഥകളിലൂടെ പേജുകളോരോന്നും മറിക്കുമ്പോൾ ചാരത്തിൽ തല്ലി വയനാട്ടുകുലവൻ ദൈവക്കരുവായി ഉയർത്തിയ കണ്ടനാർക്കേളനെക്കുറിച്ചറിഞ്ഞും കർക്കിടകത്തിലെ ആർത്തൊഴുകുന്ന പയസ്വിനിയിൽ കടപുഴകി വരുന്ന കാതലൊത്ത മരങ്ങളെ വടം മുറുക്കി കരക്കെത്തിച്ചും കാന്തയോടൊപ്പം ചന്ദനക്കാടിനെയറിഞ്ഞും ജാൽസൂരിലും സുള്ള്യയിലും കറങ്ങിയും അങ്കരത്തുളുവന്റെ കാട്ടിൽ മതിഭ്രമിച്ചും കോഴിപ്പോരിന്റെ ലഹരിയറിഞ്ഞും ‘ഒറ്റക്കോലത്തിന്റെ മേലേരിയിലെ തീപ്പൊരികളെപ്പോലെ’ പറന്നുയരുന്ന പൂമ്പാറ്റകളെ കണ്ട് ഞെട്ടിത്തരിച്ചും വായനയെ ‘പൊനം’ വേറിട്ടൊരനുഭവമാക്കിത്തീർക്കും.

കാടിനെ തീയിലെരിച്ച് പുനംകൃഷിക്കൊരുക്കുന്ന കാസർഗോഡിന്റെ അതിർത്തി നാടുകളെ ഭാഷയിലൂടെയും അവരുടെ സംസ്കാരത്തിലൂടെയും അടയാളപ്പെടുത്താൻ ഈ നോവലിലൂടെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. സപ്തഭാഷാസംഗമഭൂമിയിലെ തുളുവിന്റെ ഭംഗിയും കാടിനെയും മൃഗങ്ങളെയും മനുഷ്യനുമായി ബന്ധിപ്പിക്കുന്ന അനുഷ്ഠാനങ്ങൾക്കുപുറകിലെ ഭയവും ഭക്തിയും ഏറ്റവും മനോഹരമായി ഇതിൽ എഴുതപ്പെട്ടിരിക്കുന്നു.എസ്. ഹരീഷ് പറഞ്ഞതുപോലെ ‘കാടും ചോരക്കളിയും കാമവും നായകജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ. എൻ. പ്രശാന്ത്’. ഈ വർഷത്തെ നന്തനാർ പുരസ്കാരം നേടിയ നോവലിലൂടെ ഇനിയുമൊരുപാട് അംഗീകാരങ്ങൾ എഴുത്തുകാരനെ തേടിയെത്തുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘പാതിരാലീല’യ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ‘പൊനം’ സമ്മാനിച്ച വായനാനുഭവത്തിന് സ്നേഹമറിയിക്കുന്നു. അനുഭവം പങ്കുവെച്ച് കഴിഞ്ഞും അങ്കരക്കാടിന്റെ മായികത എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു,

“ഒര ഇയ്യി ഇൻചി ബല്ല”.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.