വേട്ടയും വേഴ്ച്ചയും പകയും പൊനയുന്ന പൊനം
കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് പ്രിന്‍സ് അയ്മനം എഴുതിയ വായനാനുഭവം
പൊനം: നാ. കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയ കുന്നിന്‍ പ്രദേശം.
രൂ.ഭേ.പുനം.
പുനം:നാ. പോത്, പൊത്ത്, കാടുപിടിച്ചു കിടക്കുന്ന ഉയര്‍ന്ന ഭൂമി.
(പ്ര.) പുനംകൃഷി: കാടു വെട്ടിത്തെളിച്ച് ചുട്ട് നടത്തുന്ന കൃഷി. പൊനം, പുനം എന്നീ വാക്കുകള്‍ക്ക് ശബ്ദതാരാവലി നല്‍കുന്ന അര്‍ത്ഥങ്ങളാണ് മേലുദ്ധരിച്ചത്. കെ. എന്‍. പ്രശാന്തിന്റെ ആദ്യ നോവല്‍- ‘പൊനം’വായിച്ചു മടക്കിയപ്പോഴാണ് ഈ വാക്കുകളെക്കുറിച്ചും അതിന്റെ അര്‍ത്ഥ-ഭേദ/ സാമ്യങ്ങളെക്കുറിച്ചും ശബ്ദതാരാവലി തിരഞ്ഞത്.
നോവലിന്റെ പേര് പൊനം എന്നാണെങ്കിലും ആമുഖ പേജിനും മുമ്പേ ഉദ്ധരിച്ചിട്ടുള്ള നാരായണ ഗുരുവിന്റെ കുണ്ഡലിനി പാട്ടിലുള്ളത് ‘പുനം’ ആണ്. അത് പാമ്പിന് ഇഴഞ്ഞു കേറാനുള്ള പൊത്താണ്.
കാടുവെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയ കുന്നിന്‍ പ്രദേശമാണ് ഈ നോവലിന്റെ ഭൂമിക. എന്നാല്‍ വായിച്ചു മുഴുമിക്കുമ്പോള്‍ പുനമോ പൊനമോ അതിന്റെ ഏതര്‍ത്ഥത്തെയും അന്വര്‍ത്ഥമാക്കും വിധം ഈ നോവലിന്റെ കഥയും പരിസരവുമായി പിണഞ്ഞു കിടക്കുന്നു എന്ന് ബോധ്യപ്പെടും. കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിട്ടുന്ന കാസര്‍ഗോഡിന്റെ മലയോര പ്രദേശമാണ് നോവലിലെ കരിമ്പുനം. മലയാളവും തുളുവും കന്നഡവും കൊടവ തക്കും പോലെയുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ ജാതി – മത വിഭാഗങ്ങളിലെ മനുഷ്യരുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. കാടും കാട്ടിലെ നായാട്ടും കള്ളത്തടി വെട്ടും തൊഴിലാക്കിയ വ്യത്യസ്ഥ സംഘങ്ങളും അവര്‍ക്കിടയിലെ കാട്ടുപോരും ഇതിലുണ്ട്.
ഉച്ചിരിയും ചിരുതയും പാര്‍വതിയും രമ്യയും വരെ നീളുന്ന നാല് തലമുറയിലെ പെണ്ണുങ്ങളും, പറങ്ക്യാങ്ങ വാറ്റും റാക്കും രതിയും പുനയുന്ന അവരുടെ രാത്രികളും, പുനം തേടി ഇഴയുന്ന പകയുടെ പാമ്പുകളും ഇവിടെയുണ്ട്. രതിയുടെ മൊത്തക്കച്ചവടക്കാരെങ്കിലും കാടുവിറപ്പിക്കുന്ന വമ്പന്മാരെ കാല്‍ക്കീഴില്‍ ഇഴയുന്ന കാവല്‍ നായ്ക്കളാക്കുക മാത്രമല്ല, അനുവാദമില്ലാത്ത ആണത്ത സ്പര്‍ശനത്തിന്റെ പുറന്തോലുരിക്കാനും മുഞ്ഞിക്ക് ചവിട്ടാനും പോന്ന ഉള്ളുറപ്പുള്ളവരാണവര്‍. ‘കാമമൊഴിഞ്ഞ പുരുഷനോളം നിസ്സഹായനായ മറ്റൊരു ജന്തുവില്ല ‘എന്ന് പൗരുഷത്തിന്റെ ഉയര്‍ന്നു പൊന്തലുകളെ തളര്‍ത്തിക്കളയാന്‍ മാത്രം പോന്ന തിരിച്ചറിവിന്റെ കൊമ്പത്ത് കേറിയവരാണവര്‍.
വെഷമെറക്കിക്കയത്തിന്റെ കഥ പോലെ നിറയെ നാട്ടുകഥകള്‍ കൊണ്ടാണിത് കൊരുത്തിരിക്കുന്നത്. കരിമ്പുനത്തിന്റെ കഥ തേടി എത്തുന്ന ചെറുപ്പക്കാരനായ ഒരു സിനിമാക്കാരനാണ് ഇതിലെ ആഖ്യാതാവ്. അയാളോട് പലരായി പറഞ്ഞ കഥകളായാണ് നോവല്‍ വികസിക്കുന്നത്. കഥ പറച്ചിലിന്റെ രൂപമാണെങ്കിലും ഏകതാനമായ പറച്ചിലിന്റെ ഋജുരേഖയിലല്ല, വര്‍ത്തമാനവും ഭൂതവും കുഴയുന്ന രസകരമായ സങ്കീര്‍ണ്ണതയിലാണ് ഈ ആഖ്യാനത്തിന്റെ സൗന്ദര്യം.
‘എല്ലാ നിയമങ്ങളും ഉണ്ടാകുന്നതിന് മുമ്പുള്ള നിയമമായ ‘വേട്ട’യാണ് ഇവിടുത്തെ ഭരണഘടന. അതിനിടയില്‍ കൊന്നും ചത്തും തീരുന്ന മനുഷ്യന്റെ ദുരയും പകയും തലമുറകളിലൂടെ പടരുന്നത് ഉദ്വേഗജനകമായി വരച്ചിടുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ബഹുഭാഷാ-സംസ്‌കാരങ്ങള്‍ കലരുന്ന ഇടമായതുകൊണ്ടു തന്നെ ആ ദേശത്തിന്റെ ജീവിത വൈവിധ്യം കഥാഗതിക്കൊപ്പം തന്നെ നോവലില്‍ ഉടനീളമുണ്ട്. വായിച്ചു മടക്കുമ്പോള്‍ ‘ഭൂമിയില്‍ മനുഷ്യ രക്തമൊഴുകാന്‍ കാരണക്കാരായ ഒരാളും സഹതാപം അര്‍ഹിക്കുന്നില്ല’ എന്ന് വായനക്കാരനും തോന്നിയേക്കാം. എന്നാല്‍ അടുത്ത നിമിഷം തന്നെ, തലമുറകളിലൂടെ തുടര്‍ന്നേക്കാവുന്ന പകയുടെ തുടര്‍ച്ചകളെ ഓര്‍മ്മിപ്പിക്കുന്ന ഭയം വന്ന് നിറയും.
ആരാന്റെ, പെരടിയുടെ , പുതപ്പാനിയുടെ കഥാകാരന്‍ നോവലും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് ‘പൊന’ത്തിലൂടെ. ‘കഥയും റാക്കും ഒരുപോലെയാണ്. പഴകും തോറും അവയ്ക്ക് വീര്യം കൂടും.’ എന്ന നോവലിലെ പ്രസ്താവം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന ഈ നോവല്‍ മികച്ച ഒരു വായനാനുഭവമാണ്. നല്ല വായനക്കാരെല്ലാം നിശ്ചയമായും വായിച്ചിരിക്കേണ്ട മലയാളത്തിലെ മികച്ച നോവലുകളിലൊന്ന് ‘പൊനം’.
Comments are closed.