DCBOOKS
Malayalam News Literature Website

‘പൊനം’; കാടിന്റെ വന്യതയും പകയുടെ ക്രൗര്യവും!

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് രാജു മോഹന്‍ എഴുതിയ വായനാനുഭവം

‘ആടു പാമ്പേ, പുനം തേടു പാമ്പേ,യരു-
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ… ‘

ഗുരുസ്വാമിയുടെ കവിതകളുമായി സൗഹൃദത്തിലാകുന്നതിനും ഏറെമുമ്പ്, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍, തിരുവനന്തപുരത്തൊരു വേദിയില്‍ പുന്നാഗവരാളിയില്‍ ചിട്ടപ്പെടുത്തി തന്റെ ഒരു കച്ചേരിയില്‍ വിദുഷി ഡോ. ഓമനക്കുട്ടി ടീച്ചര്‍ അവതരിപ്പിച്ചപ്പോഴാണ് കുണ്ഡലിനിപ്പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. മഹാനടനമാടുന്നവന്റെ ആനന്ദനൃത്തം കണ്ട് ആ പാദപങ്കജം ചേര്‍ന്നുനിന്നു കൊണ്ട് ആടാനുള്ള ഒരാഹ്വാനമാണത്. ശ്രീ. കെ. എന്‍. പ്രശാന്ത് തന്റെ ആദ്യനോവലായ ‘പൊനം” ആരംഭിക്കുന്നതും കുണ്ഡലിനിപ്പാട്ടിന്റെ തുടക്കത്തിലെ ആ രണ്ടു വരികളോടെയാണ്. ‘ ദേഹിയും ദേഹവുമൊന്നായ് വിഴുങ്ങിടു –
മേകനുമുണ്ടറിഞ്ഞീടു പാമ്പേ..’ എന്ന ഈരടികൂടി ആ വരികള്‍ക്കൊപ്പം ചേര്‍ക്കാമായിരുന്നു എന്ന് നോവല്‍വായന തീര്‍ന്നപ്പോള്‍ തോന്നിപ്പോയി. ഇവിടെ ഒന്നായ് വിഴുങ്ങിടുന്ന ആ ഏകന്‍ ‘പക’യാണ് ; അന്തമില്ലാത്ത പ്രതികാരവാഞ്ഛയാണ്. ‘ പക കത്തിത്തീരുമ്മുമ്പ് എതിരെ ഉള്ളോന്റ ശവം കത്തിത്തീരണം. ഇല്ലെങ്കില് പഴകും തോറും പറങ്ക്യാങ്ങാറാക്ക് പോലെ അയ്‌ന്റെ വീര്യം കൂടും….’ എന്നും, ‘പക അത്ര പെട്ടെന്ന് കെടുന്ന തീയല്ല. ഒരുവിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താന്‍ കൈയൂല…’ എന്നുമാണ് നോവലിലെ ആദ്യവസാനക്കാരി പാര്‍വ്വതി ആഖ്യാതാവിനോട് പറയുന്നത്. കാസറഗോഡിന്റെ കിഴക്കന്‍ വനമേഖലയിലുള്‍പ്പെട്ട കരിമ്പുനം എന്ന പ്രദേശത്ത് ഒരു നാട്ടാചാരംപോലെ അരങ്ങേറിയിരുന്ന വാറ്റ്, വേട്ട, വനംകൊള്ള, രതിലീല, കൊല എന്നിവയുടെ രസിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ അവിശ്വസനീയകഥകള്‍ അസാധാരണ കൈയടക്കത്തോടും ഒട്ടുമേ അതിഭാവുകത്വമില്ലാതെയും ലാഘവത്തോടെ നോവലിസ്റ്റ് നേരിട്ടു സംവദിക്കുമ്പോള്‍ വായനക്കാരന്‍ ഈ പുസ്തകം ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കുന്നു.

രണ്ടുഭാഗങ്ങളിലായാണ് ‘പൊനം’ അവതരിപ്പിക്കപ്പെടുന്നത് – ആദ്യഭാഗം ‘റാക്ക് ‘, തുടര്‍ന്ന് ‘തോക്ക് ‘. കേടാകാത്ത പറങ്കിമാങ്ങകള്‍ ശേഖരിച്ച് അവശ്യംവേണ്ട സാമഗ്രികളുള്‍പ്പെടുത്തി തങ്ങള്‍ക്കുമാത്രം വശഗതമായ ഒരു രാസവിദ്യയിലൂടെ വീര്യംകൂടിയ റാക്കുണ്ടാക്കി തോക്കിന്റെ ഉടമകളെ ആ റാക്കിന്റെ രസത്തിനും തങ്ങളുടെ മേനിയഴകിന്റെ വശ്യതയ്ക്കും അടിമകളാക്കി മാറ്റുന്ന ഒരു പെണ്‍കുലത്തിന്റെ കഥയാണ് ‘റാക്കി’ന്റെ Textകേന്ദ്രബിന്ദു. ഉച്ചിരിയില്‍ തുടങ്ങി ചിരുത, പാര്‍വ്വതിമാരിലൂടെ മുന്നോട്ടുപോയി രമ്യയിലെത്തുന്ന ഈ ഖണ്ഡം, സംശയലേശമെന്യേ, പെണ്‍കരുത്തിന്റെയും പെണ്ണഴകിന്റെയും വിജയഗാഥയാണ് – കരുത്തരായ സ്ത്രീകള്‍. ഒരാളില്‍മാത്രം ഒതുങ്ങാനോ അയാള്‍ക്കുവേണ്ടി മാത്രം കാത്തിരിക്കാനോ ആഗ്രഹിക്കാതിരുന്നവര്‍. ഈയൊരു നിലപാടിലെത്താന്‍ സുവ്യക്തമായ കാരണമുണ്ടായിരുന്നവര്‍. തങ്ങളുടെ ശരീരത്തിന്റെ ആധിപത്യം പൂര്‍ണ്ണമായും തങ്ങള്‍ക്കു തന്നെയായിരിക്കണമെന്ന അവകാശബോധത്തിന്റെയടിസ്ഥാനത്തില്‍ മാത്രം ജീവിച്ചവര്‍. ആണധികാരത്തിന്റെ സര്‍പ്പത്തലകള്‍ക്കു മുകളില്‍ കയറി തങ്ങളുടെ രതിവൈഭവത്താല്‍ ലാസ്യനടനം ചെയ്തവര്‍. കരിമ്പുനത്തിന്റെ വേറിട്ടൊരു കഥ – ആണ്‍ദര്‍പ്പങ്ങളുടെ അധികാരസ്ഥാനങ്ങളെ പകയോടെ നേരിട്ട് കാമകലയുടെ ബലത്താല്‍ അടക്കിവാണ കഥ – ചിരുതയുടെയും പാര്‍വ്വതിയുടെയും രമ്യയുടെയും വിജയകഥയായി മാറുന്നു. പകയുടെ വഹ്നിജ്വാലങ്ങളില്‍പ്പെട്ട് എരിഞ്ഞടങ്ങിപ്പോകുന്ന പുരുഷ കേസരികളുടെ ദുരന്തഗാഥയ്ക്കു മീതേ ഈ സ്ത്രീ കഥാപാത്രങ്ങള്‍ തിളങ്ങുന്ന നക്ഷത്രങ്ങളായി വര്‍ത്തിക്കുന്നത് ‘പൊന’ത്തിന്റെ രസനീയത കൂട്ടുന്നു. ഇത് മലയാളനോവലിലെ അപൂര്‍വ്വാനുഭവങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു.

രണ്ടാംഭാഗമായ ‘തോക്കി ‘ലാണ് നോവലിന്റെ ജീവനാഡിയായ പക അതിന്റെ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത്. പടിയത്ത് രൈരു നായര്‍- അമ്പൂട്ടി – ശേഖരന്‍ – സോമപ്പ – ഗണേശന്‍ എന്ന ഒരു പരമ്പരയ്ക്കു വെല്ലുവിളിയായി പള്ളിക്കുഞ്ഞി ഹാജി – കറുത്തമ്പു – മാധവന്‍ – മാലിംഗന്‍ – കാന്ത എന്ന മറ്റൊരു ചങ്ങല. ഈ രണ്ടു ഗ്രൂപ്പുകള്‍ കരിമ്പുനത്തിനും അതിനു കിഴക്കുള്ള വനത്തിലെ ജൈവസമ്പത്തിലും ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ഇവിടെ വരച്ചിടുന്നത്. പല ഉപകഥകള്‍ ഇഴചേര്‍ന്ന് പ്രധാന കഥാഗാത്രത്തില്‍ സമഞ്ജസമായി ലയിച്ചുചേരുന്ന മാസ്മരിക കാഴ്ചയാല്‍ സമ്പന്നമാക്കപ്പെട്ടതത്രേ ഈ ഭാഗത്തെ കഥാകഥനചാതുര്യം. മാധവന്‍, ശേഖരന്‍, കാന്ത, മാലിംഗന്‍ – ആര്‍ക്കാണ് മിഴിവേറിയിരിക്കുന്നത്? എന്റെ നോട്ടത്തില്‍, കാന്ത – വേറിട്ടൊരു ചിത്രണം. അവനെ ഒന്നുകൂടി മിഴിവാര്‍ന്നതാക്കാമായിരുന്നു നോവലിസ്റ്റിന്. അത്രയും വ്യക്തിത്വമുള്ള കഥാപാത്രം.

നോവലിന്റെ ഭാഷ – കാച്ചിക്കുറുക്കിയ കവിത തന്നെ പലേടത്തും. ഒരു സാമ്പിള്‍ ഇതാ – ‘ഇരുട്ടില്‍ തനിച്ചായപ്പോള്‍ കഥകളിലെ ആണുങ്ങളുടെ രക്തത്തിന് കട്ടികൂട്ടിയ പെണ്ണുങ്ങളെ കാണാന്‍ എങ്ങനെയിരിക്കും എന്നു ഞാന്‍ സങ്കല്പിച്ചു നോക്കി. പാറപ്പരപ്പിനു മുകളില്‍ ആകാശം നിറയെ മീന്‍ കൂട്ടങ്ങളെപ്പോലെ പുളയ്ക്കുന്ന നക്ഷത്രങ്ങള്‍ എണ്ണിയെടുത്തോ എന്ന മട്ടില്‍ മിന്നുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ നക്ഷത്രക്കൂട്ടങ്ങളില്‍ നിന്നും വേട്ടക്കാരന്‍ കാടുകളിലേയ്ക്ക് ഉന്നം പിടിക്കുന്നു. അമ്പിനുനേരേ പുള്ളിമാനുകളായി നക്ഷത്രങ്ങള്‍. ആകാശത്തെ വില്ല് പതിയെ തോക്കാകുന്നുണ്ടോ?…..’ ഇങ്ങനെ പോകുന്നു. (അബ്ധിമദ്ദളതാളം മുഴക്കി മലയാളത്തിന്റെ കാട്ടിലും മേട്ടിലും പുഴയിലും പൂങ്കാവനത്തിലും കാവ്യദേവതയെത്തിരഞ്ഞു നടന്ന ഉദിനൂരെ അവധൂതമഹാകവി ആനന്ദാതിരേകത്താല്‍ പല്ലില്ലാമോണകാട്ടിച്ചിരിക്കുന്നത് ഞാന്‍ കാണുന്നു). തുളുവും കന്നഡയും തരം പോലെ ഇഴുകിച്ചേരുന്ന കാസറഗോഡന്‍ മലയാളപ്പേച്ചും അതീവഹൃദ്യം. കഥാപരിസരത്തെപ്പറ്റി പറയുകയാണെങ്കില്‍ – കാനനഭംഗി, അതിന്റെ ഗാംഭീര്യവും വന്യതയും ഇത്രയും ഗാഢമായി കോറിവരച്ച മറ്റൊരു മലയാളനോവല്‍ ഓര്‍മ്മയില്‍ വരുന്നില്ല. നോവലിലെ ഓരോ സംഭവവും , ഓരോ ഉപകഥയും ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരന്റെ മനസ്സില്‍ ദൃശ്യാനുഭവമാക്കി മാറ്റുന്ന ആഖ്യാന കൗശലമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

നോവല്‍ വായിച്ചുതീര്‍ന്നപ്പോള്‍ നാരായണീയത്തിലെ ആ വിഖ്യാതമായ ശ്ലോകാര്‍ദ്ധം ഓര്‍മ്മവന്നു.

‘ക്ഷുത്തൃഷ്ണാലോപമാത്രേ സതത കൃതധിയോ ജന്തവ: സന്ത്യനന്താ-
സ്‌തേഭ്യോ വിജ്ഞാനവത്ത്വാത് പുരുഷ ഇഹ വരസ്തജ്ജനിര്‍ദുര്‍ലഭൈവാ,
തത്രാപ്യാത്മാത്മന: സ്യാത് സുഹൃദപി ച രിപുര്‍- യസ്ത്വയി ന്യസ്തചേതാ-
സ്താപോച്ഛിത്തേരുപായം … ‘

(ഒട്ടുമിക്ക ജീവികളും വിശപ്പും ദാഹവും തീര്‍ക്കാന്‍ വേണ്ടി മാത്രം മനസ്സൂന്നുന്നവരാണ്. അക്കൂട്ടത്തില്‍, മനുഷ്യന്‍ മാത്രം വിജ്ഞാനം കൊണ്ട് ശ്രേഷ്ഠനാകുന്നു. നരജന്മം ലഭിക്കുന്നതു തന്നെ പ്രയാസകരമാണ്. അതില്‍ത്തന്നെ ഒരുവന് അവന്‍ തന്നെ ശത്രുവായും മിത്രമായും മാറാം – അവന്റെ ചെയ്തികളാല്‍.) ശരിക്കും ഇതുതന്നെയാണല്ലോ ഈ നോവല്‍ പകര്‍ന്നുനല്കുന്ന സന്ദേശം !

മഹാഗുരുവിന്റെ ഈരടികളിലാരംഭിച്ച ഈ നോവലിന്റെ അവസാനം ചിന്നസ്വാമിയുടെ ഈ വരികള്‍ കൂടി ചേര്‍ക്കേണ്ടതായിരുന്നുവെന്നും തോന്നിപ്പോയി.

‘എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി, സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനിവാഴ് വു കിനാവു , കഷ്ടം!’

കാടിന്റെ വന്യതയുടെയും പകയുടെ ക്രൗര്യത്തിന്റെയും സമാനതകളില്ലാത്ത ഈ അനുഭവത്തെ മറ്റേതു വരികളാല്‍ ദ്യോതിപ്പിക്കാന്‍!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.