പകയുടെയും രതിയുടെയും ചതിയുടെയും വന്യമായ പകര്‍ന്നാട്ടങ്ങള്‍
കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ഹരികൃഷ്ണന്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം
ഒരു നോവല്‍ അതിലെ ഭാഷാപ്രയോഗങ്ങളിലെ അനനുകരീണമായ വശ്യതയാല്‍ ആകര്‍ഷിക്കുക എന്നത് വായനയില്‍ വലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. അങ്ങനെയുള്ളവയില്‍ തന്നെ പുനര്‍ വായന ആവശ്യപ്പെടുന്ന അത്ഭുത കൃതികള്‍ വളരെ കുറവാണ്. ഓരോ വായനയിലും ഓരോ മാനങ്ങള്‍ സമ്മാനിക്കുന്നവ അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമാണ്. ആദ്യ വായനക്ക് ശേഷം കാടിനകത്ത് നിരീക്ഷണക്യാമറയുമായി വിവിധ കാലങ്ങളിലൂടെയും പലവിധ മനുഷ്യരുടെ മൃഗകഥകളിലൂടെയും സഞ്ചരിപ്പിച്ച്, പകയുടെയും രതിയുടെയും ചതിയുടെയും വന്യമായ പകര്‍ന്നാട്ടങ്ങള്‍ സമ്മാനിച്ച് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതാവേശങ്ങളില്‍ എത്തിക്കുന്ന ‘പൊനം’ എന്ന കെ എന്‍ പ്രശാന്തിന്റെ നോവല്‍ സമീപകാലത്തെയെന്നല്ല മലയാള സാഹിത്യത്തിലെ തന്നെ ഭാഷാപരമായും കാലദേശചരിത്രങ്ങളിലെ ഒളിഞ്ഞിരുന്ന മനുഷ്യരെന്ന മൃഗങ്ങളുടെ പല കഥകള്‍ ഒരു മറയോ ഒളിവോ ഇല്ലാതെ തുറന്ന് പറയുക വഴിയും,തുളുവും കന്നഡയും പച്ചയായ മലയാളവും ചേര്‍ന്ന വാക്കുകളുടെ ഘോഷയാത്രയാലും ഏറ്റവും മികച്ച നോവലുകളില്‍ ഒന്നാണെന്ന് ഉറപ്പിച്ച് പറയാം….!
എന്റെ പരിമിതമായ വായനാചരിത്രത്തില്‍ ആദ്യമായാകും ആദ്യത്തെ വായനാനുഭവത്തിന്റെ കൊടുങ്കാറ്റില്‍ കുറിക്കുവാനായി ഒരു വാക്ക് പോലും ലഭിക്കാതെ, ഒരിക്കല്‍ കൂടി പൊനത്തിലുള്ളിലെ മായികലോകത്തിലേക്ക് സര്‍വ്വസജ്ജീകരണങ്ങളുമായി ഒരിക്കല്‍ കൂടി മുങ്ങി നിവര്‍ന്ന് ആ സൗന്ദര്യം മനസ്സിലേക്ക് ആവാഹിക്കുന്നത്…
‘ബോംബിന് ആളെ തിരിയൂല. അത് വേണ്ടുന്നോനേം വേണ്ടാത്തോനേം കാണും. പക്ഷേ തോക്കിന് കണ്ണും ചെവിടും ഇണ്ട്. അത് പരിചയമുള്ളോനെ മാത്രേ കാണൂ. വേണ്ടാത്ത ഒരുത്തനും ഇന്നോളം ഈട ചത്തിറ്റ്ല്ല. ഇത് തോക്കിന്റെ നാടാന്.’ എന്ന് തുടങ്ങുന്ന നോവല്‍ ‘പക അതാത് കാലത്ത് കെട്ടടങ്ങണം, അല്ലെങ്കില്‍ കാര്യമെന്തെന്നു പോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരകളാകേണ്ടി വരും. യുദ്ധം തുടങ്ങുമ്പോള്‍ ജനിച്ചിട്ട് കൂടി ഇല്ലാത്തവര്‍ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയില്‍ വേറെ എന്താണുള്ളത്?’ എന്ന 248 ആം പേജില്‍ പറയുമ്പോള്‍ കഥ നടക്കുന്ന കരിമ്പുനം എന്ന കാടും നാടും ചേര്‍ന്ന സ്ഥലത്തെ മൂന്ന് തലമുറകളുടെ, അതിലെ മനുഷ്യരുടെ, അവരുടെ കാട്ടികൂട്ടലുകളുടെ, വെട്ടി പിടിക്കലുകളുടെയും വിട്ട് കൊടുക്കലുകളുടെയും, കുരുതിയുടെയും വേട്ടയുടെയും രക്തനിറമാര്‍ന്ന ചരിത്രങ്ങളുടെയും, ചിരുത, അവളുടെ മകള്‍ പാര്‍വ്വതി, അവളുടെ കൊച്ചുമകള്‍ രമ്യ എന്നീ മൂന്ന് സ്ത്രീകള്‍, കരിമ്പുനത്തെ നീതിയുടെയും നെറികേടുകളുടെയും സാക്ഷികളായി അവരിലൂടെയും അല്ലാതെയും അവശേഷിക്കുമ്പോള്‍ അവരുടെയെല്ലാം ദൈവമായ തൊണ്ടച്ചന്‍ തെയ്യം എന്ന ഉഗ്രമൂര്‍ത്തിയും മനുഷ്യരുടെ കാട്ടികൂട്ടലുകള്‍ വനത്തെയും പക്ഷിമൃഗാദികളെയും സംരക്ഷിച്ച് കൊണ്ട് കണ്ടാസ്വദിക്കുന്നു.
കരിയന്‍, മാധവന്‍, ശേഖരന്‍, രൈരുനായര്‍, അമ്പൂട്ടി, കറുത്തമ്പു, ശാന്ത, ശൈലജ, ഗംഗന്‍, വിശാല, ചഞ്ചല…..അങ്ങനെ കൊടുംകാടായ കരിമ്പുനം നാടായി തുടങ്ങുന്ന മുതല്‍ ഇന്നും തുടരുന്ന നായകരും വില്ലന്മാരും ആയ മനുഷ്യര്‍, അവരുടെ കഥകള്‍, എന്നും തുടരുന്ന അവരുടെ പക. ‘കഥയും റാക്കും ഒരു പോലെയാണ്. പഴകും തോറും അവയ്ക്ക് വീര്യം കൂടും. പക അങ്ങനെയല്ല, അത് മണ്ണില്‍ കിടന്ന് തുരുമ്പെടുത്ത് തൊട്ടാല്‍ പൊടിഞ്ഞ് വീഴുന്ന പച്ചിരുമ്പാണ്. പക്ഷേ തുരുമ്പ് കൊണ്ടുള്ള വെട്ട് മൂര്‍ച്ചയുള്ളതിനെക്കാള്‍ ദോഷം ചെയ്യും. മുറിവ് പഴുത്ത് നരകിക്കും.’നോവലിലെ ഒരു ഭാഗത്ത് പറയുന്ന ഈ വരികളില്‍ തന്നെയുണ്ട് എല്ലാതും…..!
ക്ഷിപ്രപ്രസിദ്ധങ്ങളായ ആനുകാലിക കൃതികളില്‍ ദീര്‍ഘകാലം ചൂടും ചൂരും നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന കൃതികള്‍ വളരെ വളരെ കുറവായ ഇന്ന്, സാഹിത്യം ആവശ്യപ്പെടുന്ന എല്ലാ ചേരലുകളാലും സമൃദ്ധമായ പൊനം കാലത്തെ അതിജീവിച്ച് എന്നും ജ്വലിച്ച് തന്നെ നിലനില്‍ക്കും. തീര്‍ച്ചയായും വായിക്കേണ്ട വായിക്കപ്പെടേണ്ട ഒരു നോവല്‍ തന്നെയാണ് കെ എന്‍ പ്രശാന്തിന്റെ പൊനം…..!
Comments are closed.