വന്യതയുടെ കാടകങ്ങൾ
കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് കെ.വി. സജീവൻ എഴുതിയ വായനാനുഭവം
വന്യതയുടെ കാടകങ്ങളിലേക്ക് നിങ്ങള്‍ക്ക് ഒരു പുസ്തകത്തിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ പുസ്തകം നിങ്ങളെ ആഹ്ലാദത്തിന്റെ ഘോര വിപിനങ്ങളിലേക്ക് നയിക്കും. കാട്ടാറുകളുടെ ശബ്ദഘോഷങ്ങള്‍ ശ്രവിച്ചും പകയുടെയും കാമത്തിന്റേയും കൊലയുടെയും വേട്ടയുടേയും ഉന്‍മാദത്തിന്റേയും തീക്ഷ്ണ രുചികളുടേയും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ‘പൊനം‘ നമ്മെ വലിച്ചിഴക്കും.
കാസര്‍കോടിന്റെ വടക്ക് കിഴക്കന്‍ മലമേഖലയെ കേന്ദ്രമാക്കി കെ.എന്‍ പ്രശാന്ത് എഴുതിയ ഈ നോവല്‍ ജീവിതത്തിന്റെ മറ്റൊരു പുറം തുറന്നു തരുന്നു. മരം വെട്ടിയും ചന്ദനങ്ങളറുത്തും കടലു കടത്തിയ ഒരു കാലത്തിന്റെ ഓര്‍മ്മകളോടൊപ്പം മനുഷ്യരുടെ തീര്‍ത്താലും തീരാത്ത പകയുടെ ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ നോവലിലുടനീളം എരിയുന്നുണ്ട്. ശേഖരന്റേയും മാധവന്റേയും സോമപ്പയുടേയും മാലിംഗന്റേയും ഗണേശന്റേയും കാന്തയുടേയും മറ്റനേകം മല മനുഷ്യരുടെയും ജീവിതഗതിവിഗതികളുടെ തീക്ഷ്ണാവതരണങ്ങളുണ്ട്. ചിരുതയില്‍ നിന്ന് തുടങ്ങി പാര്‍വ്വതിയിലൂടെ രമ്യയിലെത്തി നില്‍ക്കുന്ന സ്ത്രീ ജന്മങ്ങളുടെ അതിജീവന പര്‍വ്വങ്ങളും.
വെട്ടിപ്പിടിക്കലിന്റേയും ഒറ്റുകൊടുക്കലിന്റേയും പോരിന്റേയും കഥകള്‍ കൊണ്ട് സമ്പന്നമായ തുളു ദേശത്തിലേക്കാണ് പ്രശാന്തിന്റെ എഴുത്ത് വന്യതയുടെ ഉള്‍മുഴക്കത്തോടെ കത്തിപ്പടരുന്നത്. ഒരു ഉന്‍മാദിയുടെ പാതാള സഞ്ചാരം പോലെ മാത്രമേ ഈ നോവല്‍ നിങ്ങള്‍ക്ക് വായിച്ചു തീര്‍ക്കാനാവൂ. എഴുത്തിന്റെ ഇരുണ്ട ലാവണ്യം കൊണ്ട് ഈ പുസ്തകം വായനക്കാരനെ വിടാതെ പിന്തുടരും തീര്‍ച്ച.
Comments are closed.