ചരിത്രം അപകടപ്പെടുന്ന കാലത്ത് ഓർമ്മകൾ ചിറകുവീശി പ്രത്യക്ഷമാകേണ്ടതുണ്ട്….
സബാഹിന്റെ നോവൽ ‘പൊയ്ക’ യ്ക്ക് ഡി. സന്തോഷ് കുമാർ എഴുതിയ വായനാനുഭവം
ഓർമ്മകളും ചരിത്രവും തമ്മിലുള്ള വേർതിരിയലുകൾ സൂക്ഷ്മമായി വ്യാഖ്യാനിക്കാൻ ഇടം നൽകുന്ന ഒരു ഭാവുകത്വം കാലത്തെ അടയാളപ്പെടുത്തുന്ന മികച്ച നോവലുകളിൽ പ്രത്യക്ഷമാകാറുണ്ട്. സബാഹിന്റെ നോവൽ ‘പൊയ്ക’ ഓർമകളുടെ അപനിർമിതിയോ പുനഃസൃഷ്ടിയോ അല്ല; ചരിത്രത്തിന്റെ ഭാവാത്മകമായ പ്രവാഹമാണ്. കാലത്തിനിപ്പുറം നിന്ന് കാഴ്ചയുടെ വെളിച്ചം പൊയ്കയിൽ ചെന്നുവീഴുമ്പോൾ കാനച്ചെടികൾ വീണ്ടും പുഷ്പിക്കുന്നു. വഴിവരമ്പുകൾക്ക് ഒച്ചയനക്കം വെക്കുകയും മിനാരങ്ങളിൽ വർണ്ണം ചിതറുകയും ചെയ്യുന്നു. മഴമേഘങ്ങളുടെ മഖനകൊണ്ട് ശിരസ്സുപൊതിഞ്ഞ അതേ ഇടവമാസമഴകൾ പെയ്തുതുടങ്ങുകയും പൊയ്കയുടെ ജലമയമായ പടർപ്പുകൾക്കപ്പുറം ഒരു നഷ്ടസ്വപ്നം പോലെ മെഹ്റു കാഴ്ചപ്പെടുകയും ചെയ്യുന്നു.
യൂനുസ് ഉപ്പാപ്പ ആദ്യത്തെ കാൽവെച്ച മണ്ണിലാണ് കരിമൻ കാലീദും കൂരിആസിയാത്തയും വെറ്റക്കൊടിനൂക്കണ്ണും മടന്തപച്ചയും ബാഹുലേയൻ പിള്ളയും അവരവരുടെ ജീവിതം ജീവിച്ചുതീർക്കാൻ ഇടം കണ്ടെത്തിയത്. സ്വപ്‌നങ്ങൾ നിലയ്ക്കാൻ തുടങ്ങിയ ആ ഹൃദയങ്ങളാണ് ആർക്കുംവേണ്ടാതെ കിടന്ന ആ ഇരുണ്ട വിജനതയെ തെളിയിച്ചെടുത്തത്. സൈനമ്പിയും ഷെരീഫയും അവ്വാമ്മയും റാഫിയത്തും മുത്തീവിയും ആത്ത്ക്കയും ചന്ദ്രമതിയമ്മയും സദാപ്രശാന്തമായ പൊയ്കയിലെ ആളനക്കങ്ങളായി. ഇബ്രാഹിമും മെഹർബാനും വാഹിദും ഉസൈനും രഘുവും മാത്രമല്ല, കാനച്ചെടികളും ശീമപ്പുല്ലും പറങ്കിമാവുകളും പലനിറങ്ങളിൽ പകരുന്ന ആകാശവും വാലുകുളവും നമസ്കാരപ്പള്ളിയും ജിന്നുകളും മലക്കുകളും വേർതിരിച്ചെടുക്കാനാവാതെ വേരോടി ഉയർന്നതാണ് , കുന്നുമ്പുറം കവലയും വൈരമലക്കുന്നും കാഴ്ചക്കതിരിടുന്ന മുഹിയുദ്ദീൻപൊയ്ക .
ചട്ടമ്പി വേഷമഴിഞ്ഞ് പലവിധ സംക്രമണങ്ങൾ കടന്ന് ഗാന്ധിയൻ ആഴാന്തക്കുഴി ഇറങ്ങിവന്നതും ഈ പൊയ്കയിലേക്ക് തന്നെ. വേട്ടയാടാൻ വിട്ടഭാവനകൾ, മണ്ണിലൂടെയും മനുഷ്യരിലൂടെയും പ്രകൃതിയുടെ അപാര അഗാധതകളിലൂടെയും കിതപ്പോടെ പാഞ്ഞുപോകുന്നത് വായനയിൽ തെളിയും. പിടിതരാത്ത നിഗൂഢതകളും കണ്ണഞ്ചിക്കുന്ന വിസ്മയങ്ങളുമായി മുന്നിലൂടെ ഒഴുകിപ്പോയ കാലത്തിൽ നിന്നും മനുഷ്യനേയും പ്രകൃതിയേയും തിരിച്ചുപിടിക്കാനാണ് എഴുത്തുകാരൻ പൊയ്കയിലേക്ക് മടങ്ങിപ്പോകുന്നത്. തലയറ്റുനിർജ്ജീവമായ ചൂരിപ്പാറയും മയ്യിത്തുകച്ച പോലുള്ള കറുത്ത തുണികൊണ്ട് മറഞ്ഞ മെഹ്റുവിന്റെ കണ്ണുകളും തളംകെട്ടിനിന്ന ഒരു കാലത്തിനെ വിചാരണ ചെയ്യുകയാണ്. കണക്കൻ പിള്ളയും ആഴാന്തക്കുഴിയും, അങ്ങനെ ഓരോരുത്തരായി പൊയ്‌കയോട് പിരിയുമ്പോഴും അന്തിമ ദിനങ്ങൾക്കായി മടങ്ങിവരുന്നുണ്ട് കൂരിആസിയാത്ത. ഭൂതകാലത്തിന്റെ നിശ്ചലമായ മൗനത്തിലേക്ക് , ആഴങ്ങളിലേക്കൊഴുകുന്ന ഇരുട്ടിലേക്ക്, ചെരിവിറങ്ങിച്ചെല്ലുന്ന മനോഹരമായ അന്വേഷണമാണ് ഈ നോവൽ. നടന്നുമറഞ്ഞ വഴികളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാമായിരുന്നുവെന്ന്, മാഞ്ഞുമറഞ്ഞ മുഖങ്ങളെ മറക്കാതെ കൂട്ടിയിരുന്നെങ്കിലെന്ന് നമ്മളും ആഗ്രഹിച്ചുപോകുന്നു. താലോലിക്കാൻ അത്രക്കിഷ്ടമല്ലാത്തതാവാം ആ ഓർമകളെങ്കിലും.
സിനിമയും ചിത്രകലയും പങ്കുവെക്കുന്ന കാഴ്ചയുടെ രൂപാന്തരങ്ങൾ പൊയ്കയിൽ ഉടനീളമുണ്ട്. ചരിത്രം അപകടകരമായി വ്യാഖ്യാനിക്കപ്പെടുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നതിന്റെ നടുക്കത്തിൽ നിൽക്കുന്ന ഒരുകാലത്ത്, ജീവിതം തന്നെ സ്വപ്നസങ്കൽപ്പങ്ങളുടെ ചിറകുകൾ വീശി പ്രത്യക്ഷമാവുകയാണ് പൊയ്കയിൽ. വ്യക്തികൾക്ക് മാത്രമല്ല, സമൂഹത്തിനും പ്രകൃതിക്കും ആശയഗതികൾക്കും വന്നുചേരുന്ന പരിണതികളുടെ ആന്തരഘടന, അതീവ ശ്രദ്ധയോടെ,അഴകോടെ ഇഴപിരിച്ചെടുക്കുന്ന എഴുത്തിന്റെ നിഗൂഢസൗന്ദര്യം, മലയാള നോവൽ ചരിത്രത്തിലെ അടയാളം വയ്ക്കുന്ന വായനാനുഭവമായി ‘പൊയ്ക’യെ ഉയർത്തി നിർത്തുന്നു.
ജീവിതത്തിനെ പരിഹരിക്കാൻ വിവരിക്കുന്ന തത്വചിന്തകളല്ല ഈ നോവൽ. കണക്കൻപിള്ള വരച്ച ഏകദേശ വൃത്തങ്ങളിൽ പാർക്കാൻ തുടങ്ങിയ മനുഷ്യർ, പൊയ്കയുടെ നിഷ്കളങ്കമായ കൺഗോളങ്ങളിൽ പ്രകൃതിയുടെ ഹൃദയഭാഷയിലൂടെ അടയാളപ്പെടുകയാണ്. അവിടേക്ക്, യൂനുസ് വെട്ടിയിട്ട തടിപ്പാലത്തിലൂടെ മലയാളത്തിലെ എണ്ണംപറഞ്ഞ കാലദേശ കഥാനുഗാഥകൾക്കൊപ്പം നിൽക്കുന്ന ‘പൊയ്ക’യിലേക്ക് നടന്നുകയറുകയാണ് വായനക്കാരൻ.
Comments are closed.