DCBOOKS
Malayalam News Literature Website

കറുത്ത വര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങള്‍ തന്നിലെ കലാകാരനെ ഉണര്‍ത്തി: ആരിസിതസ്

കോഴിക്കോടിന്റെ കടല്‍ത്തീരത്ത് കവിതയുടെ പരിമളം പരത്തിയായിരുന്നു ‘പോയറ്റ്‌റി ആന്‍ഡ് തീയേറ്റര്‍’ എന്ന സെഷന്‍ നടന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച കഥ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശസ്ത നാടക പ്രവര്‍ത്തകനും എഴുത്തുകാരനും ദക്ഷിണാഫ്രിക്കന്‍ സാമൂഹ്യ പ്രവര്‍ത്തകനുമായ ആരിസിതസ്, എഴുത്തുകാരി സുമംഗല ദാമോദരന്‍, സബിത സച്ചി എന്നിവര്‍ പങ്കെടുത്തു.

സൗത്ത് ആഫ്രിക്കയില്‍ നടന്ന കറുത്ത വര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങളാണ് തന്നിലെ കവിയെയും നാടക-സാമൂഹ്യ പ്രവര്‍ത്തകനേയും കണ്ടെത്തിയത് എന്ന് ആരി പറഞ്ഞു. ഇത്തരത്തില്‍ തന്റേതായ രചനകളില്‍ പലതും ലോകത്തിലെ വ്യത്യസ്തങ്ങളായ ഒരു പിടി രാഷ്ട്രീയ-സാമൂഹ്യ-മുന്നേറ്റങ്ങളുടെ പ്രതിഫലനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഫ്ദര്‍ ഹാഷ്മി അടക്കമുള്ള ഇന്ത്യന്‍ നാടകമേഖലയുടെ അതികായരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ സുമംഗല പങ്കുവെച്ചു. പുതിയ ഇന്ത്യക്ക് ദിശാബോധം നല്‍കാന്‍ ഉതകുന്ന ഒരു നാടകവേദിയുടെ ജനനത്തിന്, ഇപ്റ്റയുടെ തുടക്കം കുറിക്കലിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഓര്‍മിച്ചെടുത്തു.

2012-ല്‍ മറിക്കാനയിലെ ഖനി തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് ആരി പറഞ്ഞു. ഇതേസമയത്ത് തന്നെ ഇന്ത്യ അടക്കം ഉള്ള പ്രദേശങ്ങളില്‍ വലിയ വിഷയങ്ങള്‍ ഉടലെടുത്തു. അണ്ണാ ഹസാരെ സത്യാഗ്രഹം, മോദിയുടെ സ്ഥാനാരോഹണം, പ്ലാച്ചിമട വിഷയം തുടങ്ങിയവ ഇന്ത്യയില്‍ നടന്നു. ഇതില്‍ പ്രതികരിക്കാനായാണ് തന്റെ പ്രൊജക്ട് ഇന്‍സറക്ഷന്‍ ജനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വാക്കുകളേക്കാള്‍ ഉപരി വരികളായിരുന്നു സെഷന്റെ പ്രത്യേകത. ആരിയുടെ ‘എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡേയ്‌സ്’ എന്ന ബ്രഹത് ഗ്രന്ഥത്തിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ ലേണിങ്ങ് ടു ലവ് എന്ന മനോഹര കവിതയടക്കം നിരവധി കവിതകള്‍ സെഷനില്‍ ആലപിച്ചു. തേര്‍ട്ടീന്‍ത്ത് ഇന്‍സറക്ഷന്‍ ഓഫ് ഏര്‍ത്ത് വേം എന്ന സബിത സച്ചിയുടെ കവിത, ലല്ലബെ തുടങ്ങിയവ ഇതില്‍ ചിലത് മാത്രം.

കവിതയും നാടകവും സാമൂഹ്യമുന്നേറ്റങ്ങളുടെ ഉത്തേജകം ആകുന്നപോലെ തന്നെ, തിരിച്ചും ഉണ്ടാകുന്നു എന്ന അഭിപ്രായത്തിലേക്ക് ചര്‍ച്ച എത്തി. വേദിയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കൂടെ നല്‍കിയാണ് കാവ്യമനോഹരമായ സെഷന്‍ അവസാനിച്ചത്.

Comments are closed.