DCBOOKS
Malayalam News Literature Website

സച്ചിദാനന്ദനും ഫെയ്സ് ബുക്കും മറ്റും

ആൾക്കൂട്ടാധികാരത്തിൻ്റെയും ഭരണഭൂടാധികാരത്തിൻ്റെയും ചൊൽപ്പടിയിലാണ് സോഷ്യൽ മീഡിയകൾ പൊതുവെയും ഫെയ്സ് ബുക്ക് പ്രത്യേകിച്ചും. പ്രിൻറ്മീഡിയക്കും വിഷ്വൽ മീഡിയക്കും പൊതുവേ ആൾക്കൂട്ടാധികാരത്തെ പേടിക്കേണ്ട. പകരം പരസ്യദാതാക്കളാണ് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്തുന്നത്. സോഷ്യൽ മീഡിയകളിൽ പരസ്യദാതാക്കൾ ഒട്ടും ശക്തരല്ല.എന്നാൽ ആൾക്കൂട്ടാധികാരത്തിൻ്റെ മാരകാക്രമണങ്ങൾക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ് ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ. യോജിക്കാനാകാത്തതോ യോജിക്കാനാകാത്തതെന്ന് പ്രചരിപ്പിക്കപ്പെടുന്നതോ ആയ അഭിപ്രായപ്രകടനങ്ങൾക്കുനേരെ ആൾക്കൂട്ടാധികാരം തെറി വിളികളും കൊലവിളികളും നടത്തി ഇരമ്പിക്കയറുന്നു. തെരുവിലുണ്ടാക്കുന്ന ഭീകരത പോലെത്തന്നെ അത് കുറഞ്ഞ സമയത്തിനുള്ളിൽ ഒഴിഞ്ഞു പോകുന്നു, മറ്റൊരിടത്ത് വീണ്ടും കൊലവിളികൾ ഉയർത്താനായി.

ഇതുണ്ടാക്കുന്ന ഭയപ്പാടും മരവിപ്പും ഒരിക്കലും മാഞ്ഞു പോകരുതെന്ന് ഉറപ്പിച്ചു കൊണ്ടാണ് ഓരോ വെട്ടുകിളി ആക്രമണങ്ങളും അരങ്ങേറുന്നത്.

തെരുവിൽ ഇത് ഏറ്റവും ഫലപ്രദമായി നിർവ്വഹിച്ച സംഘപരിവാരംതന്നെയാണ് സോഷ്യൽ മീഡിയയിലും ഇത് കൃത്യമായി നിർവ്വഹിക്കുന്നത്. ഒരു വ്യക്തിയെയോ സംഘടനയെയോ സാമൂഹ്യ വിഭാഗത്തെയോ വളരെ കൃത്യമായി ടാർജറ്റ് ചെയ്ത് ആരംഭിക്കുന്ന എതിരഭിപ്രായപ്രകടനങ്ങൾ തെറിവിളികളും കൊലവിളികളുമായി മാറാൻ നിമിഷങ്ങൾ മതി. മുഖപുസ്തകമാകെ കലാപകലുഷിതമാക്കി, എതിരാളിയെ നിസ്തേജനാക്കി, കാഴ്ചക്കാർക്ക് താക്കീതു നല്കി, ഭീഷണി മുഴക്കി അവർ അപ്രത്യക്ഷരാകുന്നു. ഇനിയും പൊന്തി വന്നേക്കാവുന്ന മറു ശബ്ദങ്ങൾക്കു വേണ്ടി കണ്ണും കാതും വാക്കും കൂർപ്പിച്ചിരിക്കുന്നു.

ഇത്രയും ദൃശ്യമല്ല ഭരണ കൂടാധികാരം. അത് തെറി വിളികളോ കൊലവിളികളോ നടത്തുന്നില്ല. അഭിപ്രായങ്ങളുടെ ഗളഛേദമാണ് അതിൻ്റെ രീതി. ഒറ്റ വെട്ട്. ഒറ്റ വിലക്ക്.ആദ്യം അഭിപ്രായത്തെ. പിന്നെ അഭിപ്രായപ്പെട്ട ആളിനെ. അതു വഴി സ്വതന്ത്രാഭിപ്രായമുള്ളവർക്കൊക്കെ അത് അപായ മുന്നറിയിപ്പാകുന്നു. ആൾകൂട്ടാധികാരത്തിനു വാഴാൻ അരങ്ങൊരുക്കമാകുന്നു. ഒന്നു തേമ്പി വിടാൻ കാത്തിരുന്നവർക്ക് കൈയൂക്കു നല്കുന്നു.

കവി സച്ചിദാനന്ദനുണ്ടായ ഫെയ്സ് ബുക്ക് വിലക്കും തുടർന്നുണ്ടായ പ്രതികരണങ്ങളും കണ്ട് ഇത്രയും –

Comments are closed.