DCBOOKS
Malayalam News Literature Website

പ്രശസ്ത എഴുത്തുകാരി മീന അലക്‌സാണ്ടര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: വിഖ്യാത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2002-ല്‍ പെന്‍ ഓപ്പണ്‍ ബുക്ക് പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.

കവിതകളും നോവലുകളും ലേഖനങ്ങളുമെഴുതി രാജ്യാന്തരശ്രദ്ധയും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള മീന ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ്, വിമന്‍സ് സ്റ്റഡീസ് ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറും ഹണ്ടര്‍ കോളെജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായിരുന്നു. പെന്‍ ഓപ്പണ്‍ ബുക്ക് പുരസ്‌കാരം നേടിയ ഇലിറ്ററേറ്റ് ഹാര്‍ട്ട്, ക്വിക്‌ലി ചേഞ്ചിങ് റിവര്‍, ബെര്‍ത്ത്‌പ്ലേസ് വിത്ത് ബെറീഡ് സ്റ്റോണ്‍സ്, റോ സില്‍ക്ക് തുടങ്ങിയവയാണു പ്രശസ്ത കവിതാസമാഹാരങ്ങള്‍. മാന്‍ഹട്ടന്‍ മ്യൂസിക്, നാംപള്ളി റോഡ് എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. അറ്റ്‌മോസ്‌ഫെറിക് എബ്രോയ്ഡറിയാണ് ഏറ്റവും പുതിയ കവിതാസമാഹാരം.

തിരുവല്ല നിരണം കുറിച്യത്ത് മേരിയുടെയും കോഴഞ്ചേരി കീഴുകര കണ്ണാടിക്കല്‍ പരേതനായ ജോര്‍ജ് അലക്‌സാണ്ടറുടെയും മകളായി 1951 ഫെബ്രുവരി 17-നായിരുന്നു മീന അലക്‌സാണ്ടറുടെ ജനനം. അലഹബാദില്‍ ജനിച്ച് കേരളത്തിലും സുഡാനിലുമായി വളര്‍ന്നു. ഭര്‍ത്താവ് ഡേവിഡ് ലെലിവെല്‍ഡ്. മക്കള്‍: ആദം,സ്വാതി.

Comments are closed.