DCBOOKS
Malayalam News Literature Website

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം

 

Changampuzha Krishna Pillai

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. മലയാളത്തിന്റെ പ്രിയപ്പെട്ട കവി 1911 ഒക്ടോബര്‍ 10ന് ജനിച്ചു.  ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ് മാതാവ്. തെക്കേടത്തു വീട്ടില്‍ രാമന്‍ മേനോന്‍ പിതാവും.

ഒരു നിര്‍ദ്ധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിര്‍വ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളില്‍ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു. ‘രമണന്‍’ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തില്‍ അതിപ്രശസ്തമായി.

എറണാകുളം മഹാരാജാസ് കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്സ്  കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീര്‍ന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്തു. പഠനത്തിനുശേഷം ദുര്‍വ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാള്‍ അവിടെ തുടര്‍ന്നില്ല. രണ്ടുവര്‍ഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

പില്‍ക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തില്‍ മുഴുകി ഇടപ്പള്ളിയില്‍ സകുടുംബം താമസിച്ചു.

ഉല്‍ക്കണ്ഠാകുലമായ പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടര്‍ന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്‍ അതീവതാല്‍പര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോള്‍. നാളുകള്‍ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂണ്‍ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശൂര്‍ മംഗളോദയം നഴ്‌സിങ്ങ് ഹോമില്‍വച്ച്, ഈ ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയില്‍ അദ്ദേഹത്തെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ സാംസ്‌കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാര്‍ക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷം തോറും ചങ്ങമ്പുഴയുടെ ഓര്‍മ്മയ്ക്ക് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു പോരുന്നു. 2017-ല്‍ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ചങ്ങമ്പുഴ പാര്‍ക്ക് ആസ്ഥാനമായി ഒരു റെയില്‍വേ സ്‌റ്റേഷനും നിലവില്‍ വന്നിരുന്നു.

Comments are closed.