DCBOOKS
Malayalam News Literature Website

കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

തൃശ്ശൂര്‍: മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27-ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് മെമ്പര്‍ ആയിരുന്നു. 1996-ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കവിത, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം 2 എന്നിവയാണ് കവിതകള്‍. ജെ.ജെ.ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ, രണ്ടാം യാമങ്ങളുടെ കഥ, നാളെ മറ്റൊരു നാള്‍ മാത്രം, പുതുനാനൂറ്, ഭക്തികാവ്യം എന്നീ വിവര്‍ത്തനങ്ങളും പുതുമൊഴി വഴികള്‍(യുവ കവികളുടെ കവിതകള്‍) എന്ന പുസ്തകത്തിന്റെ എഡിറ്റിങ്ങും ആറ്റൂര്‍ രവിവര്‍മ്മയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആറ്റൂര്‍ കവിതകള്‍, രണ്ടാം യാമങ്ങളുടെ കഥ എന്നീ കൃതികള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.