DCBOOKS
Malayalam News Literature Website

കേരളാ പോര്‍ട്രേറ്റുകള്‍: പി. എ. നാസിമുദ്ദീന്‍ എഴുതിയ കവിത

കവിത:പി. എ. നാസിമുദ്ദീന്‍ 

വര: സുധീഷ് കോട്ടേമ്പ്രം

ചായക്കാരന്‍ ശങ്കുരു (കേരളാ പോര്‍ട്രേറ്റുകള്‍, ആറ് കവിതകളില്‍ ആദ്യത്തേത്)

കുട്ടിക്കാലത്തെന്നപോലെ
അയാളുടെ
ചായക്കടയിലെ സമാവറിലെ
നാണയത്തിന്റെ കിലുക്കം
ഞാന്‍ കേള്‍ക്കുന്നു

പത്രപാരായണരുടെ
വായില്‍നിന്ന്
ഇന്ദിരാഗാന്ധിയും
ഇഎംഎസ്സും
ഇറങ്ങി വരുന്നു
അവര്‍ വാശിയോടെ
തര്‍ക്കിക്കുമ്പോള്‍
ചായ എടുക്കട്ടെ
അയാളുടെ ശബ്ദം മുഴങ്ങുന്നു

സ്‌കൂള്‍ വിട്ട്
പുസ്തകവും സ്ലേറ്റും
വീട്ടില്‍ വെച്ച്
പീടികയിലേക്കോടിവന്ന
എന്റെ യഥാര്‍ത്ഥ വിദ്യാകേന്ദ്രം
അതായിരുന്നു

ദുബായില്‍ നിന്ന്
വിസ വന്നപ്പോഴും
പട്ടണത്തില്‍
ഹോട്ടല്‍ ഇടാനുള്ള
ക്ഷണം വന്നപ്പോഴും
അയാള്‍ നിരസിച്ചു

അയാളുടെ
സമാവറിലെ
നാണയകിലുക്കത്തോടൊപ്പം
കാലചക്രം
അദൃശ്യമായ് തിരിഞ്ഞു

പാട്ടവിളക്കുകള്‍ക്കുപകരം
വൈദുതബള്‍ബുകള്‍
എരിഞ്ഞു

ഇടവഴികള്‍ റോഡുകളായി
വാഹനങ്ങള്‍ ഇരമ്പി

ഇന്റര്‍നെറ്റിലൂടെ
ലോകമൊന്നായ്
ഗ്രാമത്തിലേക്ക്
കുത്തിയൊലിച്ചു

പഴയപോലെ
ഇപ്പോഴുമയാള്‍
പത്തു ഗ്ലാസുകഴുകി
ചായപകരുന്നു
പത്രപാരായണരുടെ
വായില്‍ നിന്നും
ബാബറിമസ്ജിദും
പൗരത്വഭേദഗതി നിയമവും
ഇറങ്ങിവരുന്നു
ഇപ്പോഴവര്‍
തര്‍ക്കിക്കാതെ
മൗനത്തിലാഴുന്നു

ചായക്കാരന്‍ ശങ്കുരു
ഒരു ഉരഗമാണ്

കുപ്പായം കണികാണാതെ
ഗ്രാമാതിര്‍ത്തി കടക്കാതെ
ചെറിയവട്ടത്തില്‍
ജന്മം തീര്‍ക്കുന്നു

എന്റെ ബാല്യത്തിനും
കൗമാരത്തിനും
യൗവ്വനത്തിനുംമീതെ
ഒരു ആഞ്ഞിലിമരമായ്
വിരിഞ്ഞ്
ഓര്‍മ്മകളുടെ ഇലകള്‍
പൊഴിക്കുന്നു

നവംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.