DCBOOKS
Malayalam News Literature Website

ചിന്തേരിടാന്‍ മറക്കുന്ന ചിലതുകള്‍; എം.ആര്‍.രാധാമണി എഴുതിയ കവിത

മുറ്റക്കാറ്റില്‍
പിടിതരാതെ
വട്ടമിട്ടോടുന്ന
നെടുശ്വാസങ്ങളെ
തുരുമ്പരിച്ചൊരു
ചെറിയ തോട്ടികൊണ്ട്
ചെത്തി താഴത്തിടണം

കൈകളില്‍
മുള്ളുകൊള്ളാതെ
ഓരോന്നും
ഒന്നിനുള്ളില്‍
ഒന്നെന്നതുപോലെ
അടുക്കിപ്പെറുക്കി
ഒണങ്ങിയ വാഴക്കച്ചി
മൂന്നുവരിയില്‍
പാകിയതിലേക്ക്
സാവധാനം
അടുക്കിവെക്കണം

പിന്നെ
മൂന്നുവരികളും
നല്ല ബലമായിട്ട്
വലിച്ചുചേര്‍ത്ത്
കാല്‍മുട്ടുകൊണ്ടമര്‍ത്തി
ചേര്‍ത്തുകെട്ടണം
ഓരോകെട്ടും
തലയില്‍ ചൊമന്ന്
മുറ്റത്തുള്ള തണലില്‍
കെട്ടിയ വള്ളികളഴിച്ച്
വീണ്ടും അടുക്കിവെക്കണം

ഇത്രയുമായാല്‍
വെയിലുകൊണ്ടതിന്റെ
ക്ഷീണത്തെയും ദാഹത്തെയും
കടമ്പ കടത്തിവിടാന്‍
ഒരു കോപ്പച്ചട്ടി നെറയെ
ചെറുചൂടുള്ള കഞ്ഞിവെള്ളം
ഉറുമ്പുകളരിച്ചു പെറുക്കിയ
നാഴികമണിയുടെ
പൊട്ടിയടര്‍ന്ന
കനല്‍ത്തുമ്പിന്റെ
ഈര്‍പ്പത്തിലിരുന്ന്
മോന്തിക്കുടിക്കണം

അതിനുമുന്നെ
വെയിലേറടിക്കാതിരിക്കാന്‍
തലയില്‍ കെട്ടിയിരുന്ന
കരിമ്പന്‍ പൂക്കളുള്ള
തോര്‍ത്തെടുത്ത്
ഓലമറയിലിടണം

എന്നിട്ടുവേണം
അടുക്കിയ
അക്ഷരങ്ങളോട് ചേര്‍ത്ത്
പൊറുതികേടിന്റെ
പലകയിട്ടിരുന്ന്
ഓരോന്നിന്റെയായി
അരികും വക്കും
ചെത്തിയും ചെരണ്ടിയും
കോതിയൊതുക്കാന്‍

പിന്നെ
ചുരുളുകളായി
വട്ടത്തില്‍ മാടിമാടി
ചിതറിത്തെറിക്കാത്ത വിധത്തില്‍
വെയിലത്ത്
തിരിച്ചും മറിച്ചുമിട്ട്
നന്നായി ഒണക്കണം

വീണ്ടും
ഓരോന്നായി നിവര്‍ത്തി
പാകത്തില്‍ കീറിയെടുത്ത്
രണ്ടെണ്ണം
തുല്യമായി മടക്കി
കാലിന്റെ തള്ളവിരലാല്‍
ചവിട്ടിപ്പിടിച്ച്
വേറെ രണ്ടെണ്ണം
വെലങ്ങനെ വെച്ചിട്ടുവേണം
ചിന്തരിടാത്ത കവിതയുടെ
ആദ്യത്തെവരി
അക്ഷരത്തെറ്റോടെയെങ്കിലും
വള്ളിയില്‍ കൊരുത്ത്
ഒരു മരത്തിലേക്ക്
പടര്‍ത്താന്‍

അപ്പോഴും ഉള്ളുണങ്ങാത്ത
മുറിവുകളുമായി
ചുമടുതാങ്ങി കാണാതെ
കുറെ കോമകളും
മുഖം കൊടുക്കാനാവാത്ത
ചില ചോദ്യചിഹ്നങ്ങളും
എഴുതിമായ്ക്കാനാവാത്ത
സ്‌ളേറ്റില്‍
നിലയില്ലാക്കയങ്ങളുടെ
കൊട്ടാരം കെട്ടുകയാവാം.

സെപ്റ്റംബര്‍  ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.