DCBOOKS
Malayalam News Literature Website

ചപ്പല്‍; അസീം താന്നിമൂട് എഴുതിയ കവിത

പ്രിയ സുഹൃത്തിന്റെ
മരിപ്പിനു പോയി.
മടങ്ങുവാന് വാച്ചു-
മിടിച്ചുണര്ത്തുമ്പോള്
ഇടനെഞ്ചിലേറെ-
പ്പഴഞ്ചനാമൊരു
പിടച്ചില്…(തെല്ലുമ-
തിണങ്ങിടാത്തപോ-
ലുടലു,മുള്ളവും.)
അതിന്റെതോന്നലാ-
ചിതയിലും ശിഷ്ട-
സ്മരണകള് വഴി
യരികിലെ മുഖാ-
മുഖങ്ങളില്ത്തഞ്ചും
മുനിവിലും മെല്ലെ-
വെടിഞ്ഞുടന് പുതു-
വഴക്കമോടെ ഞാന്
തിരിച്ചുപോരുന്നു…
നടപ്പിലും തന-
തെടുപ്പിലും ഭാവ-
ഗരിമചോരാതെ
ധിറുതിയോടെയാ
ദിനവുമുന്തുന്നു…
പതിവുപോല് വൈകി
ഭവനമെത്തുന്നു…
പഴേപടി രാവു
പൊലിയുന്നു…,പകല്
വെറളിയോടെ വ-
ന്നുണര്ത്തുന്നു…,ക്ലോക്കു-
മിടിക്കും വേഗത്തി-
ലണിഞ്ഞൊരുങ്ങുന്നു.
പുറത്തിറങ്ങുവാന്
ചെരുപ്പു തേടുമ്പോ-
ളിറേത്തതാ രണ്ടു
പഴഞ്ചന് പാദുകം…!
പരിചിതമല്ലാപ്പഴമ,യൊട്ടുമേ-
യിണങ്ങിടാത്തതാണുടലു,മുള്ളവും…
പെരുത്തൊരെന് പാദ-
ത്തിണര്പ്പിലപ്പടി-
തിരുകിയേറ്റിലു-
മെറിച്ചു നില്പത്.
അണിയുവാനോര്ത്താല്
മനംമറിപ്പത്…
വിലപിടിച്ചൊരെന്
പുതിയ പാദുകം
കവര്ന്നെടു,ത്തറും-
പഴഞ്ചന് ചപ്പലി-
ങ്ങഴിച്ചുവച്ചതാര്…!?
പെരിയ ശങ്കയാല്
മടിച്ചു നില്ക്കുമ്പോള്
മരണവീട്ടീന്നെന്
ചെരുപ്പുമായതാ
മരിച്ച ചങ്ങാതീ-
ടകന്ന ബന്ധുവ-
ന്നരികില് നില്ക്കുന്നു.
മെലിഞ്ഞ കാലിലെ-
യപാകതയുരി-
ഞ്ഞവിടെ വയ്ക്കുന്നു.
പഴഞ്ചന് പാദുക-
മണിഞ്ഞു വേഗത്തില്
മടങ്ങിപ്പോകുന്നു.
തലേന്നതേചെരു-
പ്പണിഞ്ഞു പാകത്തില്
നടന്ന ഞാനെന്നില്
തിരുകിയേറുന്നു.

 

സെപ്റ്റംബര്‍  ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.