DCBOOKS
Malayalam News Literature Website

വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി; പി.എന്‍. ദാസിന്റ ഓര്‍മ്മക്കുറിപ്പുകള്‍

എഴുത്തുകാരനും അദ്ധ്യാപകനുമായ പി.എന്‍. ദാസിന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകമാണ് വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

“ഒരു പൂ വേരുകളുടെ ആഴത്തില്‍നിന്ന് അതിസ്വാഭാവികമായും മനോഹരമായും ഒരു മരച്ചില്ലയിലേക്കു വരുന്നതുപോലെയുള്ള ഓര്‍മ്മകള്‍” എന്നാണ് പി എന്‍ ദാസന്‍ തന്റെ ഓര്‍മകളെ വിലയിരുത്തുന്നത്. 1999 മുതല്‍ രണ്ടുവര്‍ഷത്തോളം ഭാഷോപോഷിണില്‍ വന്ന ഓര്‍മ്മക്കുറിപ്പുകളാണ് ഇപ്പോള്‍ വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി എന്ന പേരില്‍ പുസ്തകമാക്കിയിരിക്കുന്നത്. ‘ജീവിത പുസ്തകത്തില്‍ നിന്നും ലളിതമായ ഒരു പംക്തി’ എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിക്കുന്നത്. 2006ല്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാക്കാന്‍ ഒരുങ്ങിയെങ്കിലും നടന്നില്ല. പിന്നീട് സുഹൃത്തും സാഹിത്യകാരനുമായ എം എന്‍ കാരശ്ശേരിയുടെ നിര്‍ബന്ധപ്രകാരമാണ് ഇന്ന് ഇത് പുസ്തകരൂപത്തില്‍ എത്താന്‍കാരണമെന്നും അദ്ദേഹം പറയുന്നു.

പഠനകാലത്തെക്കുറിച്ചും അടിയന്തരാവസ്ഥകാലത്ത് തടവു ശിക്ഷ അനുഭവിച്ചതും ജയിലില്‍നിന്നും ഇറങ്ങിയ ശേഷം വൈദ്യശസ്ത്രം എന്ന പേരില്‍ ഒരു മാസിക കോഴിക്കോടുനിന്നുമാരംഭിച്ചതിനെക്കുറിച്ചും എല്ലാം പി എന്‍ ദാസ് തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

“ഞാന്‍ ഇത് രുചിച്ച്, ലയിച്ച് വായിച്ചു.പലവട്ടം. ആകര്‍ഷകമാണ് പ്രതിപാദനം. വെള്ളം വളരെ തെളിഞ്ഞിരിക്കുന്നതിനാല്‍ ഏറ്റവും അടിയിലുള്ള കുഞ്ഞുചെടിയെപ്പോലും കാട്ടിത്തരുന്ന ആഴമേറിയ കിണറ്റിലേക്കു നോക്കുമ്പോലെ, ഇതിന്റെ വായന എനിക്ക് സന്തോഷം തന്നു. ഇന്നത്തെ മരുഭൂഗദ്യങ്ങള്‍ക്കു മധ്യേ മരുപ്പച്ചയായി ഇത് പുലരുന്നു. അഗാധമായ ചിന്തയെ സുവ്യക്തമാക്കിത്തരാന്‍ ഇവിടുത്തെ കൊച്ചുവാക്യങ്ങള്‍ക്കു കെല്പുണ്ട്. അത്യുക്തികളില്ല.അതിശയോക്തികളില്ല” എന്ന് പുസ്തകത്തിന് എല്ലാ പിന്തുണയും നല്‍കിയ, അവതാരിക എഴുതിയ എം എന്‍ കാരശ്ശേരി സാക്ഷ്യപ്പെടുത്തുന്നു.

2014 ലെ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട് പി എന്‍ ദാസ്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തിലായിരുന്നു ലേഖനങ്ങള്‍ എഴുതിയിരുന്നത്. അങ്ങനെ 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌ക്കാരവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Comments are closed.