അകവും പുറവും മാറിമറിയുന്ന കാലം
ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവലിനെ കുറിച്ച് പി.എൻ.ഗോപീകൃഷ്ണൻ എഴുതിയത്.
നോവൽ ആളുകൾക്ക് വായിച്ചുതള്ളാനുള്ള ഉരുപ്പടി മാത്രമല്ല. അത് സംസ്കാരത്തിൽ ഇടപെടുന്ന ഒന്നാണ്. ഉയർത്തപ്പെടുന്നതും താഴ്‌ത്തപ്പെടുന്നതുമായ മനുഷ്യരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒന്നാണത്. അതിന് ജീവനുണ്ട്. എഴുത്തുകാർ എഴുതുമ്പോൾ നിറവേറ്റുന്നത് ജീവിധർമ്മമല്ലെന്ന് കാർലോസ് ഫ്യുവന്തസ് പറഞ്ഞത് അതുകൊണ്ടാണ്. അത് ചെകുത്താൻ പണിയാണ്. ദൈവത്തിന് വിരുദ്ധമായ സൃഷ്ടി കർമ്മം. ദൈവശാസ്‌ത്രം ഉത്തരങ്ങൾ തരുന്നെങ്കിൽ നോവലുകൾ, പൊതുവേ സാഹിത്യം, ചോദ്യങ്ങളെ നിലനിർത്തുന്നു. സാഹിത്യം എന്ന സ്ഥാപനം ഇല്ലാതിരുന്നെങ്കിൽ ചോദ്യങ്ങൾ എന്നേ അസ്തമിച്ചേനെ. നോവലിന്റെ സാമൂഹികത എന്നത്, തോൽക്കാപ്പിയത്തിൽ പറയും പോലെ ‘പുറം’ എന്ന വിഷയ സ്വീകരണത്തിൽ ഒതുങ്ങി നിൽക്കുന്നില്ല. അകം കവിതകളിൽ പ്രേമവും ലൈംഗികതയും, പുറം കവിതകളിൽ യുദ്ധവും വിജയപരാജയങ്ങളും എന്ന മട്ടല്ല ഇന്നത്തെ ജീവിതത്തിന്. അകമേ പുറവും പുറമേ അകവും ചേക്കേറാത്ത ഒരിടവും ഇന്ന് ജീവിതത്തിൽ ഇല്ല. സർവൈലൻസിന്റെ ലോകം എല്ലാറ്റിനേയും പുറത്തെത്തിക്കുന്നു. രാജ്യം രാജ്യത്തേയും ജനത ജനതയേയും നിരീക്ഷിക്കുന്നു. ആര് ചാരൻ? ആര് ലക്ഷ്യം? എന്നത് മാറിപ്പോകുന്നു. ചാരശൃംഖലയിലെ ഒരു കണ്ണിയായി നാം ഓരോരുത്തരും പരിണമിയ്ക്കുന്നു.
വി.എം.ദേവദാസിന്റെ ഏറ്, ഈ വലയിലേയ്ക്കാണ് നമ്മെയെത്തിക്കുന്നത്. അത് നോവലാണ്. വായിക്കാനുള്ള ചരക്കാണ്. അതേ സമയം അധികാരം എന്ന നമ്മുടെ കാലത്തെ ഏറ്റവും സങ്കീർണ്ണമായ ഒരു വ്യവഹാരത്തിലുള്ള ഇടപെടലാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. നോവൽ ബൂമിന്റെ കാലത്ത് അങ്ങാടി എന്നത് തിരസ്ക്കരിക്കാനാകാത്ത ഒന്നാണ്. എന്നാൽ ഈ അങ്ങാടി സെൽഫ് സെൻസർഷിപ്പിന് എഴുത്തുകാരെ നിർബന്ധിക്കുമ്പോൾ, അതിനെതിരെ എഴുത്തുകൊണ്ട് പൊരുതേണ്ടതുണ്ട്. എഴുത്തിന്റെ പ്രതിരോധം എന്നത് അതിന്റെ വാർപ്പു വായനക്കാരോട് കലഹിക്കുക എന്നത് കൂടിയാണ്. ലോകത്തിലെ സൂപ്പർ മാർക്കറ്റുകളിൽ കയറി വേണ്ടതും വേണ്ടാത്തതും വാങ്ങിച്ചു കൂട്ടുന്ന, മിക്കവാറും കടം വാങ്ങി സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്ന, അതേ മനുഷ്യർ തന്നെയാണ് പുസ്തകങ്ങൾ വാങ്ങുന്നതും വായിക്കുന്നതും. പക്ഷെ അവരുടെ മസ്‌തിഷ്‌ക്കത്തിലെ ധ്രുവപ്രദേശങ്ങളെ ഒന്ന് ഇളക്കാൻ സാധിച്ചില്ലെങ്കിൽ, നോവൽ എന്ന വർഗ്ഗീകരണത്തിന് കീഴിൽ ഒരു പുസ്തകം വരുന്നതിൽ കാര്യമില്ല. ജീവിതസഹായി എന്നോ മറ്റോ പേരിൽ മാത്രമേ അത്തരം പുസ്തകങ്ങൾക്ക് സാംഗത്യമുള്ളൂ. അതുകൊണ്ട് തന്നെയാണ് ദേവദാസിന്റെ ഇപ്പുസ്തകം നോവൽ ആകുന്നത്. അധികാരത്തിന്റെ സമകാലീന സങ്കീർണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം കൊണ്ട് പിടിച്ചെടുക്കാനാണ് ദേവദാസ് ശ്രമിയ്ക്കുന്നത്. വാമൊഴിയുടെ വക്കത്ത് വ്യാപരിക്കുന്ന എഴുത്തുഭാഷയാണ് വരമൊഴിയിലെ നാടോടിത്തം. ആ നാടോടിത്തത്താൽ അനുഗ്രഹീതമാണ് ഏറ് എന്ന നോവൽ.
ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ
Comments are closed.