ജയ്പ്പൂരില്‍ സിക വൈറസ് സ്ഥിരീകരിച്ചു; അതീവജാഗ്രതാനിര്‍ദ്ദേശം
ദില്ലി: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരില്‍ 22 പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 24-ന് ഒരു സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൂനെയിലെ വൈറോളജി ഇൻസ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് പോസിറ്റീവായി ഫലം രേഖപ്പെടുത്തിയത്. അതേസമയം രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ആരോഗ്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വൈറസ് ബാധയുള്ള ഏഴ് പേരെയും ജയ്പ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. ഇത് കണത്തിലെടുത്ത് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
ജയ്പ്പൂരില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡെങ്കി പോലെയുള്ള മറ്റ് കൊതുകുജന്യം രോഗങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങളാണ് സിക വൈറസ് ബാധയിലും ഉണ്ടാവുക. പനി, തൊലിപ്പുറത്തെ ചൊറിച്ചില്‍, പേശീവേദന, തലവേദന തുടങ്ങിയവയാണ് സികയുടെ ലക്ഷണങ്ങള്‍. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Comments are closed.