DCBOOKS
Malayalam News Literature Website

പൗരത്വവിഷയം: എഴുത്തുകാര്‍ പാലിക്കുന്ന മൗനത്തിനെതിരെ പി.കെ.പാറക്കടവ്

സമകാലീന പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന എഴുത്തുകാരെ ലോകം ചോദ്യംചെയ്യുമെന്ന് കഥാകൃത്ത് പി. കെ.പാറക്കടവ്. പൗരത്വ വിഷയങ്ങളില്‍ എഴുത്തുകാര്‍ പാലിക്കുന്ന മൗനത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ.മുഹമ്മദ് ഷെരീഫുമായി ‘മിന്നല്‍ കഥകള്‍ മലയാളത്തിലെ കുറുങ്കഥാലോകം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു പി.കെ.പാറക്കടവ്.

ലോകസാഹിത്യത്തില്‍ ഫ്‌ളാഷ് ഫിക്ഷന്‍, പാം ഫിക്ഷന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന നുറുങ്ങുകഥാലോകത്തെ സിഗരറ്റ് വലിച്ചു തീര്‍ക്കുന്ന ലാഘവത്തോടെ വായിച്ചു തീര്‍ക്കാമെന്നതാണ് പ്രത്യേകത. ഒന്നോ രണ്ടോ വരികളിലോ അല്ലെങ്കില്‍ ഒരു പാരഗ്രാഫില്‍ ഒതുങ്ങുന്ന കഥകളാണ് കുറുങ്കഥകളെങ്കിലും കുറഞ്ഞ വരികളിലും ഒട്ടനവധി ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇവയ്ക്കകും. ‘ഫോര്‍ സേല്‍: ബേബി ഷൂ, നെവര്‍ വോര്‍ണ്‍’ എന്ന കഥയിലൂടെ ഏണസ്റ്റ് ഹെമിങ്‌വേയാണ് ഈ ശൈലിക്ക് തുടക്കമിട്ടത്.

ഒളിയിടം എന്ന പി.കെ.പാറക്കടവിന്റെ ചെറുകഥയില്‍ ആരംഭിച്ച സെഷനില്‍ അദ്ദേഹത്തിന്റെ മറ്റുകൃതികളും പരിചയപ്പെടുത്തി. ഏറ്റവും കാപട്യമുള്ള ജനതയാണ് മലയാളികള്‍ എന്ന് അഭിപ്രായപ്പെട്ട പി.കെ.പാറക്കടവ് തന്റെ കഥകളെ ചെറിയ കഥയിലെ വലിയ കഥകള്‍ എന്നാണ് വിശേഷിപ്പിച്ചത്. കുറുങ്കഥകള്‍ ആദ്യകാലങ്ങളില്‍ കോളങ്ങള്‍ നിറയ്ക്കാനുള്ളവ മാത്രമായിരുന്നെന്നും എന്നാല്‍ ഇന്നതിന് ലോകസാഹിത്യത്തില്‍ വ്യക്തമായ ഒരു സ്ഥാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.