DCBOOKS
Malayalam News Literature Website

പി.കെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷികദിനം

സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്ന പി.കെ. ബാലകൃഷ്ണന്‍ എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍ 1925 മാര്‍ച്ച് 2ന് ജനിച്ചു. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. എറണാകുളത്തെ മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്ടിച്ചതിനെ തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവുമായി മുന്നോട്ട് പോയി.

തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ മുഖപത്രമായ ആസാദ് എന്ന വാരികയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. ദിനസഭയുടെ എഡിറ്റര്‍, കേരളകൗമുദിയില്‍ ദീര്‍ഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ പി.കെ. ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.

പി.കെ. ബാലകൃഷ്ണന്‍ പരക്കെ അറിയപ്പെട്ടു തുടങ്ങിയത് സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്. ബാലകൃഷ്ണന്റെ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം നാരായണഗുരു (സമാഹാര ഗ്രന്ഥം) ആയിരുന്നു. ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974), വയലാര്‍ അവാര്‍ഡ് (1978) എന്നിവ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിനു ലഭിച്ചു.

ചന്തുമേനോന്‍ ഒരു പഠനം, നോവല്‍ സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, നോവല്‍ സിദ്ധിയും സാധനയും, ബാലകൃഷ്ണന്റെ ലേഖനങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1991 ഏപ്രില്‍ 3ന് അദ്ദേഹം അന്തരിച്ചു.

Comments are closed.