DCBOOKS
Malayalam News Literature Website

വ്യാജ ഇ-ബുക്കുകള്‍ വന്‍തോതില്‍ നിര്‍മ്മിച്ച് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്ത ഏജന്‍സിക്കെതിരെ അന്വേഷണം ആരംഭിച്ചു

 

ആയിരക്കണക്കിന് പുസ്തകങ്ങളുടെ വ്യാജ ഇ-ബുക്കുകള്‍ വന്‍തോതില്‍ നിര്‍മ്മിച്ച് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്ത ഏജന്‍സിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഡിസി ബുക്‌സ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ചിന്റെ നടപടി. പകര്‍പ്പവകാശ / ഐടി നിയമപ്രകാരമാണ് കേസ്.

എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇ-ഗവര്‍ണന്‍സ് ഡാറ്റ സെന്റര്‍ എന്ന സ്ഥാപനമാണ് എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളിലുള്ള സ്‌കൂളുകള്‍ക്ക് പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ കോപ്പികള്‍ ഡിജിറ്റല്‍ രൂപത്തില്‍ കൈമാറിയത്.
സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വ്യാജ പതിപ്പുകള്‍ വിതരണം ചെയ്തിരുന്നത്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

Comments are closed.