DCBOOKS
Malayalam News Literature Website

ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍

ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്ര ചിന്തയുടെ പിന്‍ബലത്തില്‍ പിഴുതെറിയുന്ന പുസ്തകമാണ് ഷിംന അസീസ് എഴുതിയ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍. സോഷ്യല്‍ മീഡിയയില്‍ അനവധി ചര്‍ച്ചകള്‍ക്കു തുടക്കമിട്ടവയാണ് ഇതിലെ ഓരോ കുറിപ്പുകളും. ഓര്‍മ്മകളും അനുഭവങ്ങളും നര്‍മ്മവും ഇഴചേര്‍ത്തുകൊണ്ടുള്ള ആഖ്യാനം ആ പുസ്തകത്തെ ജനപ്രിയമാക്കുന്നു..

പുസ്തകത്തിന് ഷിംന അസീസ് എഴുതിയ ആമുഖക്കുറിപ്പ്…

ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം ഉമ്മച്ചി അടുത്തിരുത്തി വായിച്ച് തരുന്ന നിറമുള്ള കഥാപുസ്തകങ്ങളാണ്. അന്ന് വീട്ടിനടുത്തുള്ളൊരു കുഞ്ഞ്യേ കടയില്‍നിന്ന് പുസ്തകങ്ങള്‍ വരുത്തിച്ചു തന്ന് മാസാവസാനം ഉപ്പ ഒന്നിച്ച് ബില്ല് കൊടുത്തിരുന്നതോര്‍മ്മയുണ്ട്. ഇംഗ്ലിഷ് മീഡിയത്തില്‍ മാത്രം പഠിപ്പിച്ചിട്ടും ഈ മലയാളം വായിച്ച് തരലും വായിപ്പിക്കലും എന്തുകൊണ്ടോ വീട്ടില്‍ നിര്‍ബന്ധമായി നടന്നിരുന്ന ഒരു ചടങ്ങാണ്. അക്കാര്യത്തില്‍ മാതാപിതാക്കള്‍ ഒറ്റക്കെട്ടായിരുന്നു.

അവിടെനിന്നും തുടങ്ങിയ പുസ്തകവായന സ്‌കൂള്‍ വായനശാലയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ച് തീര്‍ക്കുന്നിടത്തു വരെ എത്തി. പാഠപുസ്തകം വായിക്കാത്തതിന് വയറ് നിറച്ചും ചീത്ത കേട്ട് ലൈബ്രറി പുസ്തകങ്ങള്‍ വായിച്ചുറങ്ങിയ ആ ദിവസങ്ങളിലെപ്പോഴോ എഴുത്തും സംഭവിച്ചു. ‘മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്’ എന്നായിരുന്നു എന്റെ എഴുത്തിനെക്കുറിച്ച് അന്നെനിക്കുള്ള ധാരണ. പൊടിക്കുപോലുമുണ്ടായിരുന്നില്ല ആത്മവിശ്വാസം എന്ന് സാരം. പ്ലസ് ടു സയന്‍സും ബിഎ ഡിഗ്രിയും കല്യാണവും പ്രസവവും എല്ലാം കഴിഞ്ഞ് എഴുത്തൊക്കെ ഒരു മൂലയിലായി ഇരിക്കുമ്പോഴാണ് പുതുവഴിയായി എം.ബി.ബി.എസ്. കേറിവരുന്നത്. പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും, സ്ഥിരം യാത്രകളിലായ ഭര്‍ത്താവിന് വായിക്കാന്‍ പുസ്തകങ്ങള്‍ തേടിയിറങ്ങിയിരുന്നത് അക്ഷരങ്ങളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയിരിക്കണം. ഒടുക്കം, മെഡിക്കല്‍ കോളജിലെ പഠനഭാരം താങ്ങാനാവാതെ വന്നപ്പോള്‍ ഒരു പ്രഷര്‍ റിലീസെന്നോണമാണ് മൂന്നാം വര്‍ഷം ‘ഡോക്ടര്‍ അകത്തുണ്ട്’ എന്ന ബ്ലോഗ് തുടങ്ങിയത്.

ഇടയ്‌ക്കെപ്പോഴോ ഫെയിസ്ബുക്കിലും സജീവമായി. പതുക്കെ ‘അമൃതകിരണം’ ജീവിതത്തിലേക്കു വന്നു, പിറകെ ഇന്‍ഫോക്ലിനിക്കിന്റെ ഭാഗമായി. ആനുകാലികങ്ങളും ചര്‍ച്ചകളും മാധ്യമങ്ങളും ചിത്രത്തില്‍ കടന്നുവന്നു. എഴുത്തുകളെ ഇഷ്‌പ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒരുപോലെ ചേര്‍ന്നാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കിയത്. ഈ അക്ഷരങ്ങളുടെ ലോകം ഈയുള്ളവളെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. ഇന്ന് ‘ജീവിതചക്രം’ എന്ന പദത്തെ അന്വര്‍ഥമാക്കും വിധം ഞാനും മക്കള്‍ക്ക് ചിത്രപുസ്തകങ്ങളും കഥകളുമായി കൂട്ടിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ആദ്യ പുസ്തകമായി ഫേസ്ബുക്ക് എഴുത്തുകളുടെ സമാഹരണം എന്നു ചിന്തിച്ച് തുടങ്ങിയപ്പോഴാണ് അവിടിവിടെ ചിതറിക്കിടക്കുന്ന മറ്റെഴുത്തുകള്‍ ഓര്‍മ്മ വന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍, മാതൃഭൂമി ഓണ്‍ലൈന്‍, ഔര്‍ കിഡ്‌സ്, ദേശാഭിമാനി, മലയാളം ന്യൂസ് എന്നീ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്. അവകൂടി ചേര്‍ക്കാന്‍ അനുമതി നല്‍കി യതിന് നന്ദി അറിയിക്കുന്നു.

പോസ്റ്റുകള്‍ തരംതിരിക്കുന്നതിനുവേണ്ടി ഉറക്കമിളച്ച് കുത്തിയിരിപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഇതിനായി കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. പോസ്റ്റുകള്‍ പൂര്‍ണമായും എഡിറ്റ് ചെയ്ത് ഈ പുസ്തകത്തെ ‘മനുഷ്യക്കോലത്തില്‍’ ആക്കിത്തന്ന ഉറ്റസുഹൃത്ത് ഹബിക്കും പ്രസവപൂര്‍വ്വദിനങ്ങളായിരുന്നിട്ടുപോലും ക്ഷീണം മറന്ന് എഡിറ്റിങ്ങിന് കൂടിയ ഹബിയുടെ അഞ്ജുവിനും നൂറ് സ്‌നേഹം…സ്വന്തം പേരിലൊരു പുസ്തകമെന്നത് നാലക്ഷരം കൂട്ടിയെഴുതുന്ന ആരുടേയും സ്വപ്‌നമാണ്. അത്തരത്തിലൊന്ന് വരുമ്പോള്‍ അത് കുട്ടിക്കാലം മുതല്‍ ഏറെ ആരാധനയോടെ കണ്ടിരുന്ന ഡി സിയുടെ ഷെല്‍ഫില്‍ ഇരിക്കണമെന്നതൊരു വലിയ കൊതിയായിരുന്നു.

പ്രതീക്ഷിച്ചതിലും വളരെ നേരത്തേ ഇങ്ങനെയൊരു സുവര്‍ണ്ണാവസരവുമായി മുന്നിലേക്ക് വന്ന്, ഏറെ പ്രിയപ്പെട്ടതൊന്ന് സാധിച്ചുതന്ന ഡി സി ബുക്‌സിനോടുള്ള നന്ദിയോടെ ഈ പുസ്തകം പ്രിയവായനക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്. ചിലയിടത്ത് ആശുപത്രിയുടെ മണമുള്ള, പലയിടത്ത് ഒരുനിമിഷം നെഞ്ച്മിടിക്കാന്‍ മറന്നുപോയ കഥകളുണ്ടണ്ടിതില്‍. ഒപ്പം അവിടവിടെ എന്റെ കണ്ണുകള്‍ ഒപ്പിയെടുത്ത ഓര്‍മ്മകളും കാഴ്ചകളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പിന്നെ എത്ര ശ്രമിച്ചിട്ടുംചേരാതെ ചിതറിക്കിടന്ന അവശിഷ്ടങ്ങളും. കുട്ടിക്കാലത്ത് കൂട്ടിവച്ച വളപ്പൊട്ട് ശേഖരംപോലെയൊന്ന്. ‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’ ഇരുന്ന് പറയാന്‍ ഏറെ കഥകളുണ്ട്. അവിടേക്ക് ഹൃദയപൂര്‍വ്വം നിങ്ങളുടെ കൈകോര്‍ത്തു പിടിച്ച് നടക്കുകയാണിവള്‍.

 

 

 

 

Comments are closed.