മതമൗലികവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടുകയും ഒപ്പം ഇസ്ലാം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിവാദത്തിലും കേസിവും അകപ്പെട്ട അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. മതമൗലികവാദികള്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മാണിക്യമലര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ പ്രിയ പ്രകാശ് വാര്യരും ഏറെ ശ്രജദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇസ്ലാം മതവിശ്വാസികളായ ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഗാനം തങ്ങളുടെ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന പരാതിയുമായി രംഗത്തെത്തിയയത്.
മുഖ്യമന്ത്രിയുടെ കുറിപ്പ് ;
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ ബീവി, മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്.
പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്.
അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്.
‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്.
മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല.
മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
Comments are closed.