ആത്മീയതയും പ്രണയവും കോര്‍ത്തിണക്കി രചിക്കപ്പെട്ട നോവല്‍
ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളേയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവലാണ് പൗലോ കൊയ്‌ലോയുടെ പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി.ആത്മീയതയും പ്രണയവും കോര്‍ത്തിണക്കിക്കൊണ്ട് രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ പിലാര്‍ എന്ന യുവതിയുടെയും അവളുടെ കൂട്ടുകാരന്റെയും ഒരു യാത്രയുടെ കഥ പറയുകയാണ്.
നോവലിനെ കുറിച്ച് പൗലോ കൊയ്‌ലോ എഴുതുന്നു…
“പിലാറും അവളുടെ കൂട്ടുകാരനും സാങ്കല്പിക കഥാപാത്രങ്ങളാണ് എന്നാല്‍ അവര്‍ പ്രതിനിധീകരിക്കുന്നത് പ്രേമം തേടിയുള്ള നമ്മുടെ യാത്രയിലെ സംഘര്‍ഷങ്ങളെയാണ്. അധികം വൈകാതെ നമുക്കു നമ്മുടെ ഭീതികളെ മെരുക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ പ്രേമത്തിന്റെ ദൈനംദിന അനുഭവത്തിലൂടെയേ ആത്മീയപാത താണ്ടാനാകൂ.
ആത്മീയതയുടെ സത്ത പ്രേമിക്കലാണെന്ന് തോമസ് മെര്‍ട്ടന്‍ ഒരിക്കല്‍ പറയുകയുണ്ടായി. നല്ലെതന്നു കരുതുന്നത് ചെയ്യാനോ മറ്റൊരാളെ സഹായിക്കാനോ മറ്റൊരാളെ സംരക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികള്‍ പ്രേമമായി പരിഗണിക്കപ്പെടുന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ നാം അപരനെ ലളിതമായ ഒരു വസ്തുവായി കാണുകയും സ്വയം ബുദ്ധിമാന്മാരെന്നും ഉദാരശീലരെന്നും പുകഴ്ത്തുകയും ചെയ്യുന്നു.ഇത് ശുദ്ധപ്രേമമല്ല, പ്രേമിക്കുകയെന്നാല്‍ അപരനുമായി ആത്മാവ് പങ്കിടുക എന്നാണര്‍ത്ഥം. പീദ്ര നദിക്കരയിലെ പിലാറിന്റെ വിലാപം അത്തരം ആത്മീയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് നമ്മെ പ്രാപ്തരാക്കട്ടെ…”
തന്റെ ബാല്യകാലപ്രണയിതാവിനെ വര്‍ഷങ്ങള്‍ക്കുശേഷം പിലാര്‍ കണ്ടുമുട്ടുമ്പോഴേയ്ക്കും അയാള്‍ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനെന്ന് ആരാധകര്‍ വാഴ്ത്തുന്ന ഒരാളായി അദ്ദേഹം രൂപപ്പെട്ടിരുന്നു. ആത്മീയതയുടെ ഉന്മാദാവസ്ഥയും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലം ഒരുക്കുന്ന ഒരു യാത്ര അവര്‍ തുടങ്ങുകയായി. കുഴഞ്ഞുമറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കുവെച്ചും അവര്‍ പീദ്ര നദിയോരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുന്ന അനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷികളാകുന്നു.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ അഞ്ചാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സി. കബനിയാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Comments are closed.