അമേരിക്കന്‍ സാഹിത്യത്തിന്റെ കുലപതി ഫിലിപ് റോത്തിന് വിട
അമേരിക്കന്‍ സാഹിത്യത്തിന്റെ കുലപതി ഫിലിപ് റോത്ത് (85) യാത്രയായി. പുലിറ്റ്‌സര്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍പ്രൈസ് തുടങ്ങി നിരവധി വിഖ്യാത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് റോത്തയുടെ ഉറ്റസുഹ്യത്ത് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ജൂത കുടുംബ ജീവിതാനുഭവങ്ങളും രതിയും അമേരിക്കയുടെ പശ്ചാത്തലത്തില്‍ നോവലുകളിലൂടെ തുറന്നെഴുതുകവഴിയാണ് ഫിലിപ് റോത്ത് ശ്രദ്ധേയനാകുന്നത്. 1959 ല്‍ എഴുതിയ ഗുഡ്‌ബൈ കൊളംബസ് എന്ന ചെറുകഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദ ഗോസ്റ്റ് റൈറ്റര്‍, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈര്‍, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. നാലിലേറെ പുസ്തകങ്ങള്‍ സിനിമകളായിട്ടുണ്ട്. ‘ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, പോര്‍ട്‌ണോയിയുടെ രോഗം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1933 മാര്‍ച്ച് 19ന് ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് 59 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടെ മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് റൂത്തിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 1997ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ പാസ്റ്ററല്‍ എന്ന കൃതിക്ക് പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ചു.
2011 ല്‍ അദ്ദേഹത്തിന് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു.ഏറ്റവും ഉന്നത നിലയില്‍ നിന്ന് സാഹിത്യ ജീവിതം ആരംബിക്കുകയും എഴുത്തിന്റെ അവസാന ഘട്ടം വരെ ആ നിലവാരം സൂക്ഷിക്കുയും ചെയ്തയാളാണ് ഫിലിപ് റോത്ത് എന്ന് ബുക്കര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍ റിക് ജോക്കോസ്‌കി പറഞ്ഞിരുന്നു.
Comments are closed.