‘മത്തിയാസ്’ സ്വപ്നവും സത്യവും വേഷം മാറി കളിക്കുന്ന ദീർഘ യാത്ര: പി എഫ് മാത്യൂസ്
എം ആര്‍ വിഷ്ണുപ്രസാദിന്റെ ‘മത്തിയാസ്’ എന്ന നോവലിനെക്കുറിച്ച് പി എഫ് മാത്യൂസ് പങ്കുവെച്ച കുറിപ്പ്
കാൾ മാർക്സിനെ കഥാപാത്രമാക്കി എഴുതിത്തുടങ്ങിയ നോവൽ വഴിമാറി മത്തിയാസിലെത്തിയത് എത്ര നന്നായി. ക്ഷുരകന്മാരുടെ ശസ്ത്രക്രിയാ ചരിത്രത്തെക്കുറിച്ചും കീറ്റുവൈദ്യത്തെക്കുറിച്ചും വായനക്കാരനായ എനിക്ക് ഒരു പിടിപാടുമില്ലായിരുന്നു. തുറന്നു പറയട്ടെ നോവൽ വായിച്ചു തീർന്നിട്ടും മത്തിയാസ് എന്ന ക്ഷുരക ശസ്ത്രക്രിയാ വിദഗ്ധനേക്കുറിച്ചുള്ള ഈ കൃതി ജ്ഞാനത്തേക്കാൾ ഉപരി അനുഭൂതിയാണ് പകർന്നത്. മലയാള നോവലിൽ അതൊരു കനപ്പെട്ട ഒരു കാര്യം തന്നെ. മധ്യകാലങ്ങളിൽ മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ട് ശസ്ത്രക്രിയ നടത്തിയിരുന്ന വൈദ്യന്മാരെക്കുറിച്ച് നോവലിസ്റ്റ് വിഷ്ണുപ്രസാദ് നന്നായി പഠിച്ചിട്ടുണ്ടെങ്കിലും അറിവിന്റെ പ്രകടനം എവിടെയും കണ്ടില്ല. വായനയെ പിടിച്ചിരുത്തുന്ന സംഘർഷങ്ങളോ അതി നാടകീയതയോ അല്ല ഭാഷ തന്നെയാണ് ഈ എഴുത്തുകാരന് പഥ്യം. അതു തന്നെയാണ് വേണ്ടതും. (ഖസാക്ക് വന്നു കഴിഞ്ഞിട്ടും നോവലിസ്റ്റുകൾ പഠിക്കാത്ത കാര്യം.) ഈ കൃതിയോടെ കവി എം. ആർ. വിഷ്ണു പ്രസാദിനെ നല്ലൊരു നോവലിസ്റ്റായി മലയാള വായനക്കാർ തിരിച്ചറിയുമെന്നാണ് എന്റെ വിചാരം.
ചരിത്രത്തെ ഉരുക്കി മറ്റൊന്നായി മാറ്റിപ്പണിയുമ്പോൾ ഏറെ കരുതലും ജാഗ്രതയുമുണ്ടാകേണ്ടതുണ്ട്. ആ ഗുണങ്ങൾ ഈ നോവലിൽ ആദ്യന്തം കാണാം. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഈ നോവലിൽ സഞ്ചരിക്കുന്നത്. നെപ്പോളിയന്റെ തുടയിലെ മുറിവ് ക്ഷുരകന്റെ കീറ്റുകത്തിയും പൂട്ട് കത്രികയും കൊണ്ട് തുന്നിയ വൈദ്യന്റെ മകൻ മത്തിയാസ് ആണ് മുഖ്യ കഥാപാത്രം. മതം മാറി ക്രിസ്ത്യാനിയായ യഹൂദൻ ഹെന്റൈഹിന്റെ മകൻ മൂർ എന്നും കാൾ എന്നും അറിയപ്പെടുന്ന കാൾ മാർക്സ് , മത്തിയാസിന്റെ അനന്തരവനായ പോപ്പോ എന്നിവരുടെ യാത്രയാണ് ഈ നോവൽ എന്ന ചുരുക്കി പറയാം.
ഗവേഷണത്തിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ കുത്തിനിറച്ച് എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന ഒരു കൃതിയെ ഭാഷാനുഭവത്തിൽ പിടിച്ചു നിർത്തിയെന്നതു തന്നെയാണ് കൃതിയുടെ ഒന്നാമത്തെ ഗുണം. സൂക്ഷ്മമായ നിരീക്ഷണങ്ങളും വിവരണങ്ങളും കൊണ്ട് സമൃദ്ധമാണീ നോവൽ. ആശയങ്ങളും ദർശനങ്ങളും കുത്തിനിറച്ച് ഗൗരവം കൂട്ടാനുള്ള ശ്രമം തീരെയില്ല. ‘ചെവിക്കല്ലിൽ പതിക്കുന്ന ഏറ്റവും ആദ്യത്തെ കഥകൾക്കും മുമ്പ് ഓരോ കുഞ്ഞുങ്ങൾക്കും ഒരു ജീവിതം ഉണ്ട് ‘ എന്ന കണ്ടെത്തൽ തന്നെ എത്ര കൗതുകകരം. ‘താൻ ജനിച്ച ദിവസവും ഇഴഞ്ഞു നടന്നതും പിച്ചവെച്ചതും ഓർത്തെടുക്കാൻ കാൾ പലവട്ടം ശ്രമിക്കുന്നുണ്ട്. എന്നാൽ ഉച്ചാരണശേഷി കൈവരിച്ചതിനുശേഷമാണ് എല്ലാ ഓർമ്മകളും ആരംഭിച്ചത്. ഉച്ചാരണങ്ങൾക്ക് മുൻപുള്ള ഏതെങ്കിലും നിമിഷത്തിന്റെ ഒച്ചയ്ക്കുവേണ്ടി അവൻ വല്ലാതെ കൊതിച്ചു.’ കാളിന്റെയും മത്തിയാസിന്റെയും സഞ്ചാരം രണ്ടു വഴിക്കാണങ്കിലും ചിലപ്പോൾ അവ ഒന്നായി മാറും. മിക്കവാറും മത്തിയാസിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നോവലിസ്റ്റ്. മരിച്ചുപോയ അപ്പന്റെ നിർദ്ദേശമനുസരിച്ച് ശിഷ്യനായ മോറിറ്റ്സ് ശവശരീരം പിളർന്ന് അവയവങ്ങൾ കീറി മാറ്റി വാരിയെല്ലുകളിൽ മുത്തുകൾ പതിപ്പിക്കുന്നത് മകനായ മത്തിയാസ് അത്ഭുതത്തോടെ കണ്ടു നിൽക്കുന്നുണ്ട്. ഭാവി ജീവിതമുള്ള ഒരു ശവശരീരത്തിന്റെ ജീവമുദ്രയാണ് ഈ മുത്തുകൾ എന്ന് മോറിറ്റ്സ് പറഞ്ഞപ്പോൾ മത്തിയാസ് ആശയക്കുഴപ്പത്തിലായി. നിങ്ങളുടെ അപ്പൻ അസ്ഥികൂടത്തിന്റെ രൂപത്തിൽ ശരീര വിദ്യാർത്ഥികളുടെ മേശപ്പുറത്ത് ഇനിയും വിരുന്നു വരാനിടയുണ്ട് എന്ന വാക്കുകളായിരിക്കാം അയാളെ ക്ഷുരക വൈദ്യത്തിലേക്ക് നയിച്ചത്.
ചാവുനിലം എഴുതിക്കഴിഞ്ഞപ്പോൾ ശവം മണക്കുന്ന നോവൽ എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അവരോട് എനിക്കു പറയാനുള്ളത് ശരിക്കും ശവങ്ങളുടെ അകം പുറം കാണിച്ചുതരുന്ന മത്തിയാസ് എന്ന നോവൽ വായിക്കൂ എന്നാണ്. മനുഷ്യരിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഏറെ അറിവ് ശവങ്ങൾ പറഞ്ഞുതരും. ശവം കീറിയതിനു പിന്നാലെ രതിയിൽ മുഴുകുന്ന കമിതാക്കളെപ്പോലും ഈ കൃതിയിൽ കാണാം. അവർ നമുക്ക് ശരീരത്തിന്റെയും മരണത്തിന്റെയും രഹസ്യം കാട്ടിത്തരും. ‘ശവ പരീക്ഷയ്ക്ക് സാക്ഷിയാകുന്നതോടെ നീ പുതിയ മനുഷ്യനാകും നിനക്ക് പ്രണയത്തിൻറെ അവയവസൂത്രങ്ങൾ പിടികിട്ടും. രതിയുടെ ശരീര രഹസ്യങ്ങൾ തെളിഞ്ഞുവരും. ഭൂമിയിലെ ഏറ്റവും നല്ല കാമുകനാകും.’ പോപ്പോ എന്ന ശിഷ്യന് ഉപദേശം കൊടുക്കുവാൻ പോലും മത്തിയാസ് വളർന്നു.
” വയറു കീറിയ ശവത്തിൽ നിന്ന് മുഖമെടുത്ത് അവർ പരസ്പരം ചുംബിച്ചു. ഓരോ ചുംബനത്തിനും ഓരോ അവയവങ്ങളെ പരിചയപ്പെട്ടു. ചങ്കും കരളും ശ്വാസകോശവും ഹൃദയവും അവരുടെ പ്രേമലീലകൾക്ക് വായുവും ചോരയും കൊടുത്തു. അവർ ചോരക്കുഴലുകളിലൂടെ മീനുകളെ പോലെ ഒഴുകി നടന്നു. ശ്വാസകോശത്തിന്റെ കൊമ്പുകളിൽ പക്ഷികളെ പോലെ ചേക്കേറി ബോധംകെട്ട ശരീരത്തിനുള്ളിൽ കിടന്നുറങ്ങി. ” ഇങ്ങനെയും പ്രണയം വിവരിക്കാൻ ഒരു എഴുത്തുകാരന് സാധിക്കും. മലയാള കവിതകളിലെ കാവ്യ ഭാഷയുടെ തുടർച്ച വിഷ്ണുപ്രസാദിൽ കാണുന്നില്ല. നോവൽ അതിൻ്റേതായ ഒരു ഭാഷ സൃഷ്ടിച്ചിട്ടുണ്ട്. തീർച്ചയായും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്.
സ്വപ്നവും സത്യവും വേഷം മാറി കളിക്കുന്ന ദീർഘ യാത്രയിൽ അകപ്പെടുന്നുണ്ട് മത്തിയാസ്. ആകാശത്തു നിന്ന് പറന്നിറങ്ങി കൈ കൊത്തിക്കീറിയ പരുന്ത് പിന്നീട് താൻ ഫെഡറിക് വില്യം ഒന്നാമൻ ആണെന്ന് വെളിപ്പെടുത്തുന്നു. അതേ പരുന്ത് തന്നെ കൊട്ടാരത്തിലേക്കുള്ള ഒരു കുറിമാനവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. മത്തിയാസിന്റെ നിർദ്ദേശപ്രകാരം പതിനെട്ടു മനുഷ്യരുടെ കണ്ണുകൾ കൊത്തിയെടുത്ത പരുന്ത് പതിനെട്ടാമത്തെ കണ്ണിന്റെ രുചി അറിഞ്ഞിട്ട് ചോദിച്ചു. ‘നിങ്ങൾക്ക് എന്നെ കാഴ്ചയുടെ ജീവചരിത്രം പഠിപ്പിക്കാമോ എന്ന്. ‘
എല്ലാ ശാഖകളും കൂട്ടിക്കെട്ടി അന്ത്യത്തിലെത്തിച്ച് വലിച്ചുകെട്ടി ഉപസംഹരിക്കുവാൻ ഏറെ പ്രയാസമുള്ള ഒരു നോവലാണ് ഇത്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ എളുപ്പത്തിൽ വിവരിച്ചിരിക്കുന്നു. മത്തിയാസ് , രാജാവിന്റെ തിമിര ശസ്ത്രക്രിയ നടത്തുന്നതും രാജകുടുംബത്തിലെ പെണ്ണിനെ കെട്ടിയതും ഉപായത്തിൽ കഴിച്ചു. കാളിന് ദാർശനികനായ ഹെഗലിന്റെ അസ്ഥി സമ്മാനിച്ചിട്ട് അയാൾ പറയുന്നുണ്ട്, ചില കാര്യങ്ങൾ കെട്ടുകഥ പോലെയാണ് ഈ അസ്ഥി എവിടെ നിന്ന് കിട്ടി എന്ന് നീ അറിയേണ്ട എന്ന്. അവസാന അധ്യായം അപര്യാപ്തതകൾക്ക് കാവ്യാത്മകമായ സമാപ്തി ഉണ്ടാക്കിയിരിക്കുന്നു. അടരാൻ കൊതിച്ചു നിന്ന ഓക്ക് മരക്കായകൾ തൽക്കാലം പൊഴിയുണ്ടെന്ന് കരുതുന്ന മട്ടിൽ നിശബ്ദത വ്യാപിച്ച രാത്രി മരത്തിൽ നിന്ന് വലിയൊരു മൂങ്ങ പറന്നു വന്ന് ആ അസ്ഥിയിൽ ഇരുന്നു.
എന്താണ് നിന്റെ പേര് അവൻ ചോദിച്ചു: ഹെഗൽ.
ചിലപ്പോഴൊക്കെ സ്വന്തമായ പദാവലി കൊണ്ട് ഗദ്യം നിർമ്മിക്കുവാൻ വിഷ്ണു പ്രസാദിന് സാധിച്ചിട്ടുണ്ട്. കഥ പറഞ്ഞു തീർക്കലിൽ നിന്ന് വിവരണകലയിൽ ഊന്നിക്കൊണ്ട് എഴുതാൻ തുടങ്ങുമ്പോഴാണ് ഒരു നോവലിസ്റ്റിന്റെ കരകൗശലം സർഗ്ഗാത്മകമാകുന്നത്. ആ പ്രക്രിയ ഈ കൃതിയിൽ സംഭവിച്ചിട്ടുണ്ടെന്ന് പറയുവാൻ ഏറെ സന്തോഷമുണ്ട്. ഡിസി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ് മത്തിയാസ്. അതിമനോഹരമാണ് സുധീഷിന്റെ കവർ ചിത്രം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.