മീശ നോവലിനെതിരെയുള്ള ഹര്‍ജി: സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും
ദില്ലി: എസ്. ഹരീഷ് എഴുതിയ മീശ നോവലിന്റെ പ്രസിദ്ധീകരണവും വില്പനയും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി നോവലിന്റെ ആദ്യ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പുസ്തകത്തിനെതിരെ ദില്ലി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കല്‍ സമര്‍പ്പിച്ച ഹര്‍ജി അതിന് ശേഷം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ ബെഞ്ച്, നോവലിലുള്ളത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണെന്നും വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്നും നിരീക്ഷിച്ചിരുന്നു. പുസ്തകം നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കും. കേവലം രണ്ട് ഖണ്ഡികകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി നോവല്‍ ചവട്ടുകുട്ടയില്‍ വലിച്ചെറിയേണ്ടതിന്റെ സാംഗത്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഐപിസി 221 പ്രകാരം അശ്ലീമുണ്ടെങ്കില്‍ മാത്രമേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല, അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ അത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ തന്നെ ബാധിക്കുമെന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്റെ അഭിപ്രായം. തുടര്‍ന്നാണ് മൂന്ന് അധ്യായങ്ങളുടെ പരിഭാഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് ശേഷം ഹര്‍ജിയില്‍ അന്തിമതീരുമാനം എടുക്കും.
Comments are closed.