DCBOOKS
Malayalam News Literature Website

പാതിരാപ്പൂക്കളുടെ മണം പരത്തിയ മനുഷ്യ ജീവിതങ്ങളുടെ കഥകൾ!

മജീദ് സെയ്ദിന്‍റെ  പെണ്‍വാതില്‍ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയവായനാനുഭവം.

ഓച്ചിറകണ്ണി, ഡീ മൂധേവി ഒന്നെഴുന്നേക്കണൊണ്ടാ, നീ തള്ളേടെ ഒടുക്കത്തെ കാറിവിളി കേട്ട് പണ്ടാരടങ്ങിയ ഒറക്കത്തെ കീറപ്പായെ തന്നെ. മലത്തിയിട്ടേച്ച് ഞാനൊരു മുട്ടൻ തെറി വിളിച്ചു. മജീദ് സെയിദിൻ്റെ ഡി സി ബുക്സ് പുറത്തിറക്കിയ പെൺവാതിൽ എന്ന കഥാസമാഹരത്തിലെ പെൺവാതിൽ എന്ന കഥയുടെ പച്ചയായ സംഭാഷണം ആണിത്.

കഥകൾ ഹൃദയത്തിലേക്ക് കയറുന്നത് പലപ്പോഴും തകർപ്പൻ സംഭാഷണങ്ങളിലൂടെയാണ്. വായനക്കാരെ മുൾമുനയിൽ നിർത്താനും സാധാരണ മനുഷ്യരുടെ വേദനയും നിസാഹയതയും ഉളളിലെ വന്യതകളും തീഷ്ണമായി ആവിഷ്ക്കാരിക്കാനും സംഭാഷണങ്ങളിലൂടെയും സാധിക്കും. മജീദ് സെയ്ദ് ജീവനുള്ള കഥകളാണ് സൃഷ്ടിക്കുന്നത്. ദുരിതം വിങ്ങുന്ന നിലവിളികളിലൂടെ ഉള്ളു വേവുന്ന കഥകൾ ഹൃദയഹാരിയായി പറഞ്ഞിരിക്കുന്നു .സ്വാഭാവിക സംഭാഷണങ്ങളാണ് മജീദിൻ്റെ കഥകളുടെ ഹൈലൈറ്റ്. കഥയിൽ വരുന്ന സംഭാഷങ്ങളിലൂടെയാണ് പലപ്പോഴും പച്ചയായ മനുഷ്യരുടെ ജീവിതം വെളിവാകുന്നത്. അതിൻ്റെ ശക്തി വലുതാണ്. ഹൃദയത്തോട് ചേർത്ത് പിടിക്കാൻ പറ്റുന്ന പത്തു കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

എൻ്റെ ചൂണ്ടക്കണ പടിഞ്ഞാറൻ കാറ്റ് വകഞ്ഞ് നിന്ന് തുളളി അഞ്ചാമത്തെ കരിമീൻ കൊളുത്തേല് തൂങ്ങിയ നേരത്താണ് കറുത്ത് കിടന്ന കായലീന്ന് അപ്പൻ്റെ വിളി. എല്ലാരും കൊച്ച് കൊഴലേന്ന് വിളിക്കുന്ന ഡേവിയോടൊപ്പം എല്ലാരും പൂങ്കോഴലേന്നും വിളിക്കുന്ന അപ്പൻ്റെ വിളിയോടെ ഇത്താക്ക് തുരുത്ത്. കഥ ആരംഭിക്കുമ്പോൾ  പള്ളിപ്പെരുന്നാളിന് മണച്ചൊരിയേലിരുന്ന് വെള്ളത്തുണിയെ കാണണ സിനിമാ പടം പോലെ എല്ലാം വായനക്കാരുടെ മുമ്പിലേക്കു തെളിഞ്ഞു വരുന്നു. തുരുത്തിലെ ചിതറിയ ജീവിതങ്ങളിലേക്ക് ഡെവിയുടെ ജീവിതവും ഓർമ്മയുമായി മജീദ് പകർത്തി വച്ചിരിക്കുന്നു. അക്ഷരങ്ങൾക്കിടയിൽ കൊളുത്തിയിരിക്കുന്ന ചൂണ്ടക്കൊളുത്ത് വായനക്കാരൻ്റെ മനസ്സിൽ ആണ് കുരുക്കിയിരിക്കുന്നത് .വായനക്കാരനെയും എഴുത്തുകാരൻ കുടുക്കുന്നു.

കന്യാകുടീരം കഥയിൽ ബസിലെ കാഴ്ചകൾ കണ്ണിന് പിടിതരാതെ ഓടി മറയുന്നു. രാഖിയുടെ ഓർമ്മയും ജീവിതവുമായി കഥ തുടങ്ങുന്നു. മക്കളെ കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിലേക്ക് കൊണ്ടു തള്ളുന്നതും രാഖി എന്ന പേര് മേരിയാകുന്നതും അവരുടെ ജീവിതത്തിൻ്റെ നേർകാഴ്ചയിൽ വായനക്കാരുടെ ഹൃദയത്തിൽ വലിയൊരു ഭാരം വന്നു നിറയ്ക്കുന്നു. വിശപ്പും ,കുട്ടികൾ നേരിടുന്ന മാനസീക പ്രശ്നങ്ങളും സാന്ദ്രമായ ഒരു വിങ്ങൽ ഉളളിലൊതുക്കുന്ന അനുഭവം.

Textചിരിക്കാൻ മാത്രമറിയുന്ന പർവേസും ബീവിറുക്തവും കേരളത്തിൽവന്നു ജോലി ചെയ്യുകയും പർവേസ്
മരണപ്പെടുകയും ചെയ്യുന്ന കഥയിൽ ശവവുമായി കൽക്കത്തയിൽ ചെന്നപ്പോഴുള്ള സംഭവഗതിയിലൂടെ
വിലാസമില്ലാത്തവൻ്റെയും  പാലയനം ചെയ്തു വന്നവൻ്റെയും നേർക്കാഴ്ച പൂക്കണ്ടൽ എന്ന കഥയിലൂടെ പറയുന്നു. ബംഗ്ലാദേശിൽ നിന്നു പാലയനം ചെയ്തു വന്നവരേകുറിച്ചുള്ള കഥയിൽ മനുഷ്യനാണോ എന്നാരും ചോദിക്കാതെ പകരം പൗരത്വത്തെ കുറിച്ച് മാത്രം ചോദിക്കുന്ന ഭരണകൂടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

വർക്കല വിജയൻ്റെ ഒറ്റക്കുത്തിന് ഭൂമീന്ന് കട്ടേം പടോം മടക്കിയ പ്രാഞ്ചിയപ്പൻ്റെ പതിനഞ്ചാമത്തെ ആണ്ട് ബലിയാണ് നാളെ. ചോരപ്പോര് എന്ന കഥയുടെ തുടക്കം തന്നെ ആക്ഷൻ സസ്പെൻസ് ത്രില്ലർ സിനിമ പോലെ ഒരു പെൺ പ്രതികാരത്തിൻ്റെ കഥയിൽ നിന്നാണ് തുടങ്ങുന്നത്. തെരുവ് ജീവിതം നയിക്കുന്ന നായികയും സഹോദരനും. കിടപ്പിലായിട്ടും  അപ്പനോടുളള ആരാധന കുറയാത്ത ഉശിരുള്ള അമ്മ,, ചതിച്ചവനോടുള്ള പക ,ജീവിതം വഴിമുട്ടുമ്പോഴും നിന്നു പൊരുതുന്ന കഥാപാത്രങ്ങളുടെ ആത്മസംഘർഷത്തിൻ്റെയും വേദനയുടേയും ഭാഗമാക്കി വായനക്കാരെ നെഞ്ചോട് ചേർത്തു നിർത്തിയിരിക്കുന്നു.

തോക്ക് റാവുത്തറുടെ നിലവിളിയുടെ കഥയിൽ റാവുത്തരുടെ ഭാര്യ ആറു പ്രസവിച്ചു ആറും ചത്തു അവസാന പ്രസവത്തിൽ ഉണ്ടായത് കണ്ണ് പൊട്ടൻ. പ്രസവത്തോടെ ഭാര്യയും മരിച്ചു. അതോടെ രാവുത്തരെ മരണഭയം പിടികൂടുന്നു. പാതിര നേരങ്ങളിൽ പേടിച്ചരണ്ട് അലറിക്കരയുന്ന നിലവിളി വായനക്കാരിലേക്കും പടരും. ഭയത്തിൻ്റെ കൊമ്പുകൾ മുളച്ച് പൊന്തും .കഥയിലുടനീളം നിലവിളിയും ഗസ്സൽ പാട്ടും തലച്ചോറിൽ പാഞ്ഞുകയറുമ്പോൾ ഉള്ളിലാകെ മിന്നൽ തരിപ്പ് പടർത്തി അലറി പെയ്ത മഴ പോലെ കണ്ണീര് തുടച്ചുള്ള കഥാ വായന.

ഹൃദയം തകർത്ത കഥ മരണത്തുരുമ്പ് . കുപ്പ കോളനിയിലെ താമസക്കാരയ കിടപ്പിലായ സുഗന്ധിയും കുപ്പ പറക്കി ജീവിക്കുന്ന മക്കളായ മാരിമുത്തുവും അനിയൻ മാണിക്കനിലേക്കും കഥ നീളുന്നു. പെൺവാതിലിൽ ചേമ്പല കോളനിയിൽ താമസിക്കുന്ന തള്ളേം ,ബാബുക്കുട്ടനും ഓച്ചറ കണ്ണീന്നും നാട്ടുകാരു കോങ്കണ്ണീന്നു വിളിക്കുന്ന ആശയുടെ ജീവിതത്തിലേക്ക്. തളള സ്നേഹത്തിൽ ആശേന്നു വിളിക്കുമ്പോൾ സ്നേഹത്താൽ കരയുന്ന ആശയോട് പെണ്ണിൻ്റെ വാതിൽ പെണ്ണ് തന്നെയാണന്ന പറച്ചിലിൽ നമ്മുടെ ഉളളീന്ന് പൊന്തുന്ന എങ്ങല് കരച്ചിലാകും.

മനുഷ്യ ജീവിതത്തിൻ്റെ നൊമ്പരങ്ങളും നോവുകളും നിലവിളികളും മജീദിൻ്റെ ഹൃദയത്തിൽ മുറിവുകളുണ്ടാകുമ്പോഴാണ് ആത്മാവ് ഉരുക്കിയ മഷിയിൽ തുലിക മുക്കി കഥകൾ എഴുതുന്നത്. നോമ്പ് തുറ, വിത്തുകാളപ്പെണ്ണ്, ഓപ്പറേഷൻ ഗോൾഡൻ ബേക്കറി, ദ പെയ്ൻ്റർ കഥകൾ എല്ലാം
വ്യത്യസ്തം.

വായനയെ ധന്യമാക്കുന്ന കഥകൾ നമ്മെ ജീവിതത്തോട് ചേർത്തു നിർത്തുന്നു ,ചിലത്
കാണിച്ചു തരുന്നു. ഈ കഥയിൽ എല്ലാം കടന്നു ചെല്ലുമ്പോൾ അരികു ജീവിതങ്ങളെ ചേർത്തു നിർത്തി അവരുടെ വിങ്ങലുകൾ നമ്മുടെ കാതുകളിൽ നിലവിളികളായി കേൾപ്പിക്കുന്നു. മജീദ് നൊന്തു എഴുതിയതാണ് പെൺവാതിൽ എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകളും . ചേരികളിലെ അഴുക്കു ചാലിൽ പുഴുക്കളെപ്പോലെ ജീവിതം നുരച്ചു തീർക്കുന്നവർ, ഒരു ചരിത്രത്തിലും ഉൾപ്പെടാത്തവർ അത്തരം മനുഷ്യരുടെ കഥപറയുമ്പോൾ കഥയുടനീളം ജീവിതത്തിൻ്റെ മണം പരക്കുന്നു. തെരുവിൽ താമസിക്കുന്ന മനുഷ്യർക്ക് അവർക്ക്‌ കുടുംബമുണ്ട്, ജീവിതം ആസ്വദിച്ചിരുന്നു എന്നൊക്കെ മജീദ് ബോധ്യപ്പെടുത്തുന്നു. നമ്മൾ ഒരു നിമിഷം വികാരഭരിതരാകുന്നു. മജീദ് ജീവിതമാണ് എഴുതുന്നത് എല്ലാ കഥകളിലും ഈ കഥാകാരന് പറയാൻ വിങ്ങുന്ന ജീവിതങ്ങളുമുണ്ട്.

ആ ജീവിതങ്ങളിലേക്ക് കാമറ കണ്ണു തുറന്നു വച്ചു സിനിമാ കഴ്ച പോലെ കഥ വായിക്കാം. എത്ര കാലം കഴിഞ്ഞാലും ഈ കഥകൾ മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കും. അതാണ് എഴുത്തുകാരൻ്റെ വിജയം. ആശംസകൾ ശ്രീ മജീദ് സെയ്ദ് എല്ലാ വിധ നന്മകളും നേരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.