1950-കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം!
‘ലോകം മറ്റൊരു വീടല്ലേ!’ – ഞാന്‍ മറുപടി പറഞ്ഞു. ബുദ്ധന്‍ എന്റെ കുസൃതിയില്‍ ചിരിച്ചു. തുടര്‍ന്ന് എന്റെ പെണ്‍കുട്ടികള്‍ ബുദ്ധനോട് പറഞ്ഞു: ഞങ്ങള്‍ വീട്ടില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടവരാണ്. പ്രിയപ്പെട്ട ബുദ്ധാ, വീട് ഉപേക്ഷിക്കല്‍ എളുപ്പമാണ്, തിരിച്ചു പിടിക്കലാണ് ദുഷ്‌കരം.’ അതു കേട്ട് എന്റെ ബുദ്ധന്മാര്‍ നെടുവീര്‍പ്പിട്ടു; ഒപ്പം ഞാനും.
നാസിയ ഹസ്സന്റെയും സോളമന്റെയും പ്രണയാതുരമായ ജീവിതത്തിലൂടെ പറഞ്ഞു തുടങ്ങുന്ന ‘പെണ്‍കുട്ടികളുടെ വീട്’ അതിനകത്തു ‘ബൈത് അല്‍ ബനാത്’ എന്നൊരു മറ്റൊരു നോവല്‍ കൂടി തുറന്നു വെക്കുന്നു. ഈ പുസ്തകം സ്ത്രീ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. അവരുടെ സ്വപ്നങ്ങളും പ്രണയവും ജീവിതവും അതിജീവനവുമൊക്കെ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഷംസയിലൂടെ എഴുത്തുകാരി പങ്കുവെക്കുന്ന നാടോടി കഥകള്‍ പുസ്തകത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഷംസയും നാസിയ ഹസ്സനും ഒരേ സമയം ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോല്‍ വായനക്കാരുടെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്. മകന്‍ ഉപേക്ഷിച്ചു പോയിട്ടും അദ്ദേഹത്തിന്റെ പെണ്‍മക്കളെ ചിറകിനടിയിലെന്ന പോല്‍ സംരക്ഷിക്കുന്ന ജദ്ദയും ഖദീജയും കരുതലിന്റെ രൂപങ്ങളാവുന്നു.
റുഖിയാമിയും റോസയും സാന്ദ്രയും ജീവിതത്തെ വേറിട്ട രീതിയില്‍ നോക്കി കാണുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സൊരയ്യയുടെ തന്റേടവും അതിജീവനവും സ്ത്രീ ജീവിതങ്ങള്‍ക്ക് മാതൃക നല്‍കുന്നുണ്ട്. അക്രമിയുടെ അന്ത്യം എങ്ങനെയെന്നു മണിച്ചന്ദിലൂടെയും അഹമ്മദ് മന്‍സൂരിയിലൂടെയും എഴുത്തുകാരി വിവരിക്കുന്നുണ്ട്.
നാസിയ ഹസ്സന്റെയും സോളമന്റെയും, ഷംസയുടെയും യാക്കൂബിന്റെയും പ്രണയങ്ങള്‍ നോവലിനെ പ്രണയാര്‍ദ്രമാക്കുന്നു. ഫര്‍ഹാദ് ഉപേക്ഷിച്ചു മറ്റൊരു ജീവിതം തേടി പോയിട്ടും ആ ഓര്‍മകളില്‍ ജീവിക്കുന്ന മറിയം നഷ്ട പ്രണയത്തിന്റെ കാഴ്ചയാവുന്നു. മരുഭൂമിയുടെ മായകാഴ്ചകളും ക്രീക്കിന്റെ സൗന്ദര്യവും നോവലില്‍ പലയിടത്തായി എഴുത്തുകാരി മനോഹരമായി വിവരിക്കുന്നുണ്ട്. 1950 കാലത്തെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്‌കരിക്കുക എന്ന വെല്ലുവിളിയാണ് സോണിയ റഫീക്ക് ഈ പുസ്തകത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. മികച്ച ഗൃഹപാഠത്തിലൂടെ, ഗവേഷണത്തിലൂടെ അവ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരി വിജയിച്ചിട്ടുണ്ട്. ഫിക്ഷന്‍ നോവല്‍ ആണെങ്കില്‍ കൂടിയും ഒരു നാടിന്റെ ചരിത്രത്തെയും ആ കാലത്തെ മനുഷ്യരുടെ ജീവിത വൈവിധ്യങ്ങളെ കൂടെ എഴുത്തുകാരി നോവലിലൂടെ വരച്ചു കാട്ടുന്നുണ്ട്.
മ്യൂസിയത്തിനു മുന്നിലെത്തി. ബോര്‍ഡില്‍ ബൈത് അല്‍ ബനാത് എന്ന് അറബിയിലും ഇംഗ്ലീഷിളും എഴുതിയിരിക്കുന്നു. ‘അറബിയില്‍ മ്യൂസിയത്തിന് ബനാത് എന്നാണോ പറയുന്നത്?’ ‘
‘എനിക്കറിയില്ല സോള്‍, ബൈത് എന്നാല്‍ വീട് എന്നാണര്‍ത്ഥം, ബനാത് എന്താണോ ആവോ.’
തടിവാതില്‍ കടന്ന് ഉള്ളില്‍ കയറിയപ്പോള്‍ ഒരു ടിക്കറ്റ് കൗണ്ടര്‍. ഉള്ളിലെ മുറികളില്‍ ആരുമില്ല. ഞാന്‍ കൗണ്ടറില്‍ നിന്നു തന്ന ലീഫ്‌ലറ്റ് വായിച്ചു. അതില്‍ ദി ഗേള്‍സ് ഹൗസ് എന്നാണ് അര്‍ത്ഥം എഴുതിയിരിക്കുന്നത്. അപ്പോള്‍ ബനാത് എന്നാല്‍ പെണ്‍കുട്ടികള്‍ എന്നാണു കേട്ടോ..’ മുന്നില്‍ നടക്കുന്ന സോളമനോട് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ‘പെണ്‍കുട്ടികളുടെ വീടോ? ഒരു പെണ്‍മ്യൂസിയത്തിനു പറ്റിയ പേരാണല്ലോ..’
ഈയിടെ വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വായനകളില്‍ ഒന്നാണ് ‘പെണ്‍കുട്ടികളുടെ വീട്’ സമ്മാനിച്ചത്. അതിനാല്‍ തന്നെ ദുബൈ ദേര ഗോള്‍ഡ് സൂക്കില്‍ സ്ഥിതി ചെയ്യുന്ന ബൈത് അല്‍ ബനാത് (വിമന്‍സ് മ്യൂസിയം) സന്ദര്‍ശിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. വളരെ ലളിതമായ ആഖ്യാനശൈലിയില്‍ നാടോടി കഥകളെയും പഴഞ്ചൊല്ലുകളെയും ചേര്‍ത്ത് കഥ പറയുന്ന രീതി പുസ്തകത്തെ എളുപ്പത്തില്‍ വായിപ്പിക്കുന്നുണ്ട്. ഇനിയും മികച്ച രചനകള്‍ സോണിയ റഫീക്കില്‍ നിന്ന് ഉണ്ടാവട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
Comments are closed.