DCBOOKS
Malayalam News Literature Website

പെണ്ണ്: ഒരു പുതുവായന

രാജീവ് ശിവശങ്കറിന്റെ ‘പെണ്ണരശ്’ നോവലിനിനെ കുറിച്ച് എന്‍. ബാലചന്ദ്രന്‍ എഴുതുന്നു (പുനഃപ്രസിദ്ധീകരണം)

പെണ്ണിനെ ഇരിക്കപ്പിണ്ഡമാക്കാന്‍ പുരുഷലോകം ഗൂഢമായി കരുക്കള്‍ നീക്കുന്ന ഇക്കാലത്ത് നിശ്ചയമായും ആണും പെണ്ണും വായിച്ചിരിക്കേണ്ട നോവലാണ് ‘പെണ്ണരശ്‘. ഇതു പെണ്ണിനെക്കുറിച്ചുള്ള നോവലാണ്; അതേസമയം ആണിനെക്കുറിച്ചും. പുരുഷന്റെ ഇടപെടലും സമൂഹത്തിന്റെ നിര്‍ദോഷമെന്നുതോന്നുന്ന കാക്കനോട്ടങ്ങളും പെണ്ണിന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന അന്വേഷണമാണ്. എല്ലാത്തിനുമപ്പുറം നോവലിന്റെ അവസാനം മാത്രം തിരിച്ചറിയുന്നൊരു കഥാരഹസ്യവും. ആ രഹസ്യമാണ് വര്‍ത്തമാനകാലത്തിന്റെ നെഞ്ചിടിപ്പായി ഈ നോവലിനെ മാറ്റിയെടുക്കുന്നത്. അതുകൊണ്ടണ്ടുതന്നെ കേരളീയമായിരിക്കുമ്പോള്‍ത്തന്നെ ഭാരതീയവുമാണ് ഈ നോവല്‍.

ലളിതമായി പറഞ്ഞാല്‍ നഗരജീവിയായ അപര്‍ണാ നാരായണനും ചിത്രകാരനായ പ്രാഞ്ചിയും തമ്മിലുള്ള ഭ്രാന്തമായ ഇഷ്ടമാണ് നോവലിന്റെ കഥാതന്തു. നോവലിസ്റ്റിന്റെതന്നെ ഭാഷ കടമെടുത്താല്‍, തിരക്കേറിയ നഗരത്തിലെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ പഴഞ്ചന്‍ ചടാക്കുവണ്ടിപോലെ ആയിരുന്നു അപര്‍ണയുടെ ജീവിതം. അവള്‍ ഒന്നു ചലിക്കാന്‍ തുടങ്ങുംമുമ്പേ ഇടത്തും വലത്തും ആര്‍ത്തിരമ്പി കടന്നുപോവുകയായി ഒപ്പമുള്ളവരുടെ ജീവിതം. കൊച്ചി നഗരത്തിലെ ‘ഗോള്‍ഡന്‍വാലി’ എന്ന ബഹുനില പാര്‍പ്പിടസമുച്ചയം എല്ലാ അര്‍ത്ഥത്തിലും അപര്‍ണയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് പത്താം വയസ്സില്‍ അവള്‍ ‘ഗോള്‍ഡന്‍വാലി’യിലെ 3 സിയുടെ വാതില്‍പ്പടിമേല്‍, C=CRUCIFY എന്ന് എഴുതിച്ചേര്‍ത്തത്.

ഉപ്പിലിട്ട നെല്ലിക്ക കണക്കേ വിളര്‍ത്തുചുളുങ്ങിയ നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, അവളുടെ കുരിശുജീവിതം പങ്കിടാന്‍ ദൈവം ആനന്ദിനെ ഭൂമിയിലേക്കു പറഞ്ഞയച്ചു. പതിനൊന്നു വയസില്‍ ഒരനിയന്‍! ലജ്ജകാരണം ദിവസങ്ങളോളം സ്‌കൂളില്‍പോകാതെ അവള്‍ മുറിയില്‍ അസുഖം നടിച്ചു കിടന്നു. വിളിച്ചാല്‍ വിളി കേള്‍ക്കാനാവാത്തത്ര തിരക്കിലായിരുന്നു അന്ന് അപര്‍ണയുടെ അച്ഛന്‍ നാരായണന്‍നായര്‍. വീട്ടിലുള്ളവരെക്കാള്‍ ടെലിഫോണിനോടാണ് അയാള്‍ സംസാരിച്ചത്. ജീവിതം എന്താണെന്നോ എന്താകണമെന്നോ ആലോചിക്കാവുന്ന മാനസിക നിലയിലേക്ക് ഒരിക്കലും വളര്‍ന്നിരുന്നില്ല, അപര്‍ണയുടെ അമ്മ സുലോചന. മറ്റുള്ളവരുടെ ചുമരിലേക്ക് എറിഞ്ഞുകളിക്കാനുള്ള കളിപ്പന്തായിരുന്നു അവര്‍ക്കു ജീവിതം. ആ കുടുംബമപ്പാടെ വിധേയപ്പെട്ടിരുന്നത് സുലോചനയുടെ അച്ഛന്‍ പ്ലാന്റര്‍ ഇന്ദുചൂഡനോടായിരുന്നു. ലോകമെങ്ങും ക്രമസമാധാനം പാലിക്കാനുള്ള ചുമതല തനിക്കാണെന്നു തെറ്റിദ്ധരിച്ചവനായിരുന്നു ഇന്ദുചൂഡന്‍. അദൃശ്യമായ പട്ടാളസംഘങ്ങളുടെ സര്‍വസൈന്യാധിപനായിരുന്ന അയാള്‍ എപ്പോഴും കല്പനകള്‍ പുറപ്പെടുവിക്കുകയും ആക്രമണങ്ങള്‍ക്ക് ഉത്തരവിടുകയും ചെയ്തു.

അച്ഛന്റെ ഇഷ്ടത്തിനൊപ്പിച്ചുമുറിച്ചെടുത്ത രുചികള്‍മാത്രമായിരുന്നു സുലോചനയുടെ ലോകം. അതുകൊണ്ടുതന്നെ വിവാഹവും ദാമ്പത്യവുമൊന്നും ഗൗരവമുള്ള കാര്യമായി കരുതിയതേയില്ല. അച്ഛന്‍ തനിക്കായി വിളമ്പിവച്ച ഭക്ഷണം കഴിക്കുന്ന മനോഭാവമായിരുന്നു അവള്‍ക്ക്. പ്ലസ്ടു പഠനത്തിനുശേഷമാണ് അപര്‍ണയുടെ ജീവിതം അട്ടിമറിക്കപ്പെടുന്നത്. അതിനുപിന്നില്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന പ്രാഞ്ചിയായിരുന്നു. പരസ്യചിത്രമെഴുത്തുകാരനായ പ്രാഞ്ചിയെ അപര്‍ണ ആദ്യമായി കാണുന്നത് മുപ്പതടി ഉയരത്തില്‍ ഒരാകാശക്കൊട്ടയില്‍. ശൂന്യാകാശത്തുനിന്നു കെട്ടിയിറക്കിയ മട്ടിലാണ്. അവള്‍ക്കായി അയാള്‍ പരസ്യപ്പലകയില്‍ ഒരു ‘ഗുഡ്‌മോണിങ്’ എഴുതിക്കാട്ടിയതോടെ ആ ബന്ധം വര്‍ണാഭമായി.

പല ദിശകളില്‍നിന്നു പലതരത്തില്‍ വായിക്കാവുന്ന പെരുന്തച്ചനിര്‍മിതി പോലെയായിരുന്നു പ്രാഞ്ചി. ജീവിതത്തെ സ്‌നേഹവും കുസൃതിയും കൊണ്ടു നിറച്ചവന്‍. കരച്ചിലിന്റെ തുമ്പിലും ചിരിയുടെ മഴവില്ലുതേടുന്നവന്‍. പക്ഷേ, ഇളം പ്രായത്തിലെ വിവാഹം അപര്‍ണയുടെ ജീവിതത്തെ വീണ്ടും മാറ്റിമറിച്ചു. അപ്രതീക്ഷിതമായി കൈയിലെത്തിയ മുതിര്‍ന്ന ക്ലാസ്സിലെ പാഠപുസ്തകം പോലെയായിരുന്നു അവള്‍ക്ക് വിവാഹജീവിതം. പ്രാഞ്ചിയുടെ ചുറ്റുമുള്ള ഭ്രമണത്തെ അവള്‍ ജീവിതമെന്നു വിളിച്ചു. അയാളുടെ അഭാവം പിന്നൊരിക്കല്‍ അവളുടെ ജീവിതത്തെ അപ്പാടെ തകര്‍ത്തു. ജീവിതത്തിന്റെഗതിവിഗതികളില്‍ ഇവിടെ ആര്‍ക്കും ആരെയും കുറ്റപ്പെടുത്താനാവുന്നില്ല. ഈ നോവലിലെ മനുഷ്യര്‍ പലരും ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ തികച്ചും സ്വാഭാവികമായി മറ്റൊന്നായി മാറുന്നു. അഥവാ പരുക്കന്‍ജീവിതം അവരെ അങ്ങനെയാക്കുന്നു.

അപര്‍ണയുടെ അച്ഛന്‍ നാരായണന്‍നായര്‍തന്നെ ഉദാഹരണം. പൊന്നുംവിലയ്ക്കു മണ്ണുവാങ്ങി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തിവന്ന അയാള്‍ ഒടുവില്‍ കൃഷിയിലേക്കു മടങ്ങി അപര്‍ണയുടെ ‘മണ്ണച്ഛ’നായി മാറുന്നു. മുട്ടക്കൊട്ടാരവും അവിടത്തെ വയലറ്റ് രാജകുമാരിയും ചോക്കലേറ്റ് രാജകുമാരനും ഉറുമ്പുപട്ടാളവും കഥപറച്ചില്‍ വൈകുന്നേരവുമെല്ലാം അത്യപൂര്‍വമായൊരു കാല്പനികഭംഗി നോവലിനു പകരുന്നു. കഥാന്ത്യത്തില്‍ നോവലിസ്റ്റിന്റെ ചതി (അതെ,അങ്ങനെതന്നെ പറയണം) നമ്മെ കൊണ്ടെണ്ടത്തിക്കുന്നതാകട്ടെ, അനിവാര്യമായൊരു സങ്കടക്കയത്തിലും. നെഞ്ചുപിളരുന്ന വേദനയോടെയല്ലാതെ ‘പെണ്ണരശ്’ വായിച്ചുമടക്കാനാവില്ല.

അടുത്തകാലത്ത് ഹൃദയത്തെ ഇത്രത്തോളം ഉലച്ച മറ്റൊരു കൃതിയില്ല. ഹൃദയത്തിലേക്കു കാന്തംപോലെ ഒട്ടുന്ന ഭാഷയും അത്യപൂര്‍വമായ ഉപമകളും വേറിട്ട പാത്രസൃഷ്ടിയുമാണ് ഈ നോവലിനെ മികവുറ്റതാക്കുന്നത്. ക്രാഫ്റ്റിലും ധീരമായ പരീക്ഷണം കാണാം. നിര്‍ണായകമായ ഒരു കഥാമുഹൂര്‍ത്തത്തെ പരസ്യചിത്രകാരനായ ഒരു കഥാപാത്രം വീക്ഷിക്കുന്നത് ക്യാമറയിലെന്നവണ്ണമാണ്. നാടകീയത മുറുകിയ മറ്റൊരു രംഗത്തില്‍ കഥാപാത്രങ്ങള്‍ മാത്രമല്ല, മച്ചില്‍ ശബ്ദം കേള്‍പ്പിച്ചു തിരിയുന്ന പങ്കയും സുപ്രധാന പങ്കുവഹിക്കുന്നു. അട്ടയും വണ്ടും പൂച്ചയും എന്നുവേണ്ട അചേതനങ്ങള്‍പോലും ഈ നോവലില്‍ സ്വന്തം കൈയൊപ്പിട്ടിട്ടുണ്ട്. ‘മറപൊരുളി’നും ‘കലിപാക’ത്തിനും ശേഷം സാമൂഹിക ജീവിതം പശ്ചാത്തലമാക്കിയുള്ള രാജീവ് ശിവശങ്കറിന്റെ ഉദ്യമം എന്തു കൊണ്ടും അഭിനന്ദനാര്‍ഹമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.