DCBOOKS
Malayalam News Literature Website

‘പെങ്കുപ്പായം’ ഇസങ്ങളിൽ കുരുങ്ങിക്കിടക്കാത്ത ഉടലാനന്ദം

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന്  രാജേഷ് ചിത്തിര എഴുതിയ വായനാനുഭവം

പുരുഷന്മാരില്ലാത്തതും സ്ത്രീകളുടേതു മാത്രമായതുമായ ഒരു ലോകത്തെപ്പറ്റി ക്ലെഫ്ട് എന്ന നോവലിൽ ഡോറിസ് ലെസ്സിങ് പറയുന്നുണ്ട്. അത് സെമിറ്റിക് മതസങ്കല്പ്പത്തിലെ വാരിയെല്ലിൽനിന്ന് ഉരുവാക്കപ്പെട്ട സ്ത്രീജന്മത്തെ റദ്ദുചെയ്യുന്ന വിപ്ലവകരമായ ഒരു സങ്കല്പമാണ്.

കൃപ അമ്പാടിയുടെ പെങ്കുപ്പായത്തിലെ കവിതകളിൽ പുരുഷന്റെ അഭാവമല്ല ; കവിതകളിലെ സ്ത്രീസാന്നിധ്യം പുരുഷനെ അവന്റെ എല്ലാ മേൽക്കോയ്മാവാദ സാന്നിധ്യങ്ങളോടെ സ്വീകരിക്കുകയും ഒപ്പം അവനെ തന്റെ പ്രണയവും രതിയും കാമവും ദൃഢനിശ്ചയവും കൊണ്ട് കീഴടക്കുകയും ചെയ്യുന്നു. സ്ത്രീ അവളുടെ ആനന്ദത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നു എന്നതാണ് ഈ കവിതകളുടെ പ്രത്യേകതയെന്ന് തോന്നുന്നു. അത് Textഒരു സ്ത്രീക്കുമാത്രം കഴിയുന്നതരത്തിൽ വ്യത്യസ്ത പുരുഷരൂപങ്ങളെ നവീകരിക്കാൻ ഉതകുന്നതരത്തിൽ തന്നെത്തന്നെ ശാക്തീകരിക്കുന്ന സ്ത്രീഭാവനകളാണ്.

ഏതെങ്കിലും ഇസങ്ങളുടെ കെട്ടുപാടുകളിൽ കുരുങ്ങിക്കിടക്കാത്ത സ്വതന്ത്രവും വേറിട്ടതുമായ സ്ത്രീ ചിന്തകൾ ഈ കവിതകളിൽ ഭൂരിഭാഗവും പങ്കുവയ്ക്കുന്നു. രതി, ജീവനത്തിനും പിറവി, പ്രകൃതിയുടെ ജീവനത്തിനും എന്ന് കൃപയുടെ സ്ത്രീ പുരുഷന്റെ വാരിയെല്ലിൽ നാവാൽ എഴുതിയവളാവുന്നു.

ഈ കവിതകളിൽ ഉടൽ അരക്ഷിതമായ ലോകമോ ഭയപ്പാടിന്റെ ഹേതുവോ അല്ല. അവളുടെ മാറും നിതംബവും കാലുകളുമൊക്കെ എപ്രകാരമാണ് പുരുഷകേന്ദ്രികൃതലോകത്തോടും അതിന്റെ ചൂഷണ നോട്ടങ്ങളോടും പ്രതികരിക്കുന്നത് എന്നതിനുള്ള ഉപാധിയായി കവിതകളിലെ ഉടൽ മാറ്റപ്പെടുന്നു (ഒരുത്തിയെ നോക്കുമ്പോൾ എന്ന കവിതയിൽ ) ഒരു പുരുഷനെ പ്രണയിക്കുന്നതിന്റെ അർത്ഥമാവട്ടെ അവന്റെ രാജ്യം ഭരിക്കുക എന്നാണെന്നു മറ്റൊരു കവിത പറയുന്നു.

കൃപയുടെ കവിതകളിൽ തികച്ചും പ്രാദേശികമായ വായ്മൊഴി വഴക്കങ്ങളുണ്ട്. പല ചരിത്രത്തിനോടും ചില മിത്തിനോടും കെട്ടുപിണഞ്ഞു കിടക്കുന്ന കവിതകളുണ്ട്. അത് ഒരുപക്ഷേ മറ്റ് ഇടങ്ങളിൽ നിന്നുള്ള വായനക്കാരോട് അത്ര ലളിതമായി സംവദിക്കുന്നവയാകില്ല. കവിതകളിൽ ഇവ തികച്ചും ഇഴചേർന്ന് കിടക്കുന്നു. വാക്കുകളുടെയും ബിംബങ്ങളുടെയും ആ സ്വാഭാവിക ഇഴചേരൽ കവിതകളിലേറെയും അനുഭവപ്പെടുന്നുണ്ട്.

ചടുലവും രൗദ്രസമാനവുമായ ഒരു താളം ഈ സമാഹാരത്തിലെ പല കവിതകളിലും കാണാനാവുന്നുണ്ട്. അതിനായി ഉപയോഗിച്ച പദങ്ങളുടെ തെരഞ്ഞെടുപ്പ് ശ്‌ളാഘനീയമാണ്.

സ്ത്രീയെ ജലമായും (സൂര്യപുത്രി), മഴയായും ( മഴ ഒരു സ്ത്രീയാണെന്ന്..), മണ്ണിരയായും (ഇഴയറ്റ് – മറ്റൊരിടത്ത് പ്രണയത്തിന്റെ പേരാണ് മണ്ണിര ) , നീർകണമായും (ജലദം ) , വാളും ചിലമ്പുമുള്ള പെണ്ണായും (കവേ) കൃപ സങ്കല്പിക്കുന്നുണ്ട്.

പരസ്പരപൂരകങ്ങളായ സ്ത്രീ-പുരുഷ ബന്ധങ്ങളെ ഉൾക്കൊള്ളുന്ന ഒരു ലോകത്തെ തന്റെ കവിതകളിൽ അവതരിപ്പിക്കുമ്പോൾതന്നെ സമകാലീന സാമൂഹിക രാഷ്ട്രീയ പരിസരങ്ങളോടുള്ള പ്രതിബദ്ധതയും പ്രതികരണവും ഈ സമാഹാരത്തിലെ കവിതകളിൽ ഉൾക്കൊള്ളിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.