‘പെങ്കുപ്പായം’പരിക്കേറ്റ നഗ്നത
കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന് സിബിൻ ചെറിയാൻ എഴുതിയ വായനാനുഭവം
“There is only one woman in the world. One woman with many faces.”
-Nikos Kazantzakis-
കുപ്പായത്തിനും കുങ്കുമത്തിനുമപ്പുറം പെണ്ണെന്ന സത്തയിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന തെളിച്ചമുള്ള വാക്കുകളാണ് അദൃശ്യമായ ഇഴകൾകൊണ്ട് കൃപ അമ്പാടി നെയ്ത “പെങ്കുപ്പായം” എന്ന കവിത സമാഹാരത്തിലുള്ളത്. ഈ പുസ്‌തകം ഒരു പെണ്ണിന്റെ ആണെഴുത്തോ, പെണ്ണിന്റെ പെണ്ണെഴുത്തോ എന്നതിലപ്പുറം ഉള്ളിൽ പ്രണയത്തിന്റെയും രതിയുടെയും വീര്യമുള്ള വീഞ്ഞ് സൂക്ഷിക്കുന്ന ഒരുവളുടെ കലഹങ്ങളാണ്. ശരീരത്തെക്കുറിച്ചുള്ള ചിലരുടെ ചർച്ചകളും അപക്വമായ പ്രിയങ്ങളും പ്രവർത്തനങ്ങളുമാണ് ഈ കലഹത്തിന് കാരണം. ആരാണ് മനുഷ്യൻ എന്ന അറിവിൽ (knowledge ) നിന്ന് എന്താണ് മനുഷ്യൻ എന്ന വിജ്ഞാനത്തിലേക്കുള്ള ( wisdom ) കോണിപ്പടികളാണ് ഇതിലെ 44 കവിതകൾ. ഈ കവിതകളിലൂടെയുള്ള യാത്രയിൽ ആഡംബര വേഷമണിഞ്ഞു പരിക്കേൽക്കാതെ നീങ്ങാമെന്ന് കരുതിയാൽ തെറ്റി. പുസ്‌തകത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നഗ്നരായി മുറിവേറ്റു നിൽക്കുന്ന ശരീരത്തിന് ഉടമകളായിരിക്കും വായനക്കാർ. അതുതന്നെ ആണ് കൃപ ആഗ്രഹിക്കുന്നതും; ശരീരം വളയും വളരും ചുരുങ്ങും ചുളിയും മുറിയും.
കപട സ്ത്രൈണത ഒരു മാനസികരോഗം
കപട സ്ത്രൈണത ഗുരുതരമായ ഒരു മാനസിക രോഗമാണെന്ന് കൃപ കവിതകളിലൂടെ പാടുകയാണ്. പെൺകുപ്പായത്തിലെ സ്ത്രൈണ ഇഴകൾ മാത്രം (Carl Jung ന്റെ നിരീക്ഷണ പ്രകാരം പുരുഷനിൽ സ്ത്രൈണതയും സ്ത്രീയിൽ പൗരുഷവും ഉണ്ട് : anima ,animus ) ശരീരത്തോട് ഒട്ടി നിന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് ഈ രോഗത്തിന്റെ അടിമകൾ . വിധേയത്വം=സ്ത്രീ എന്നത് ജന്മസിദ്ധമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ രോഗത്തിന്റെ ആൾരൂപങ്ങൾ. അത്തരക്കാരെ “കവേ”, “പുറമ്പോക്ക്” എന്ന കവിതകളിലൂടെ കൃത്യമായി വിമർശിക്കുകയും ചെയ്യുന്നു. “അവൾ” എന്ന കുപ്പായം എത്ര തന്നെ നീ എന്നെ ഉടുപ്പിക്കാൻ ശ്രമിച്ചാലും ഞാൻ എന്നും വാളും ചിലമ്പുമുള്ള പെണ്ണായിരിക്കുമെന്ന് വെളിപ്പെടുത്തുകയാണ് “കവേ” എന്ന കവിതയിൽ. “പുറമ്പോക്ക്” എന്ന കവിത ഒരു സാധാരണ സ്ത്രീയുടെ ദാരിദ്ര്യത്തിന്റെ കവിതയാണെന്ന് ഒറ്റ വായനയിൽ തോന്നുമ്പോൾ എന്തുകൊണ്ട് ഇവൾ ദരിദ്രയാണെന്ന് കവിതയോട് തിരിച്ചാരായുമ്പോൾ കുട്ടിക്കാലത്തിനു ശേഷം അവൾ പുത്തനനുഭവങ്ങളുടെ ആകാശം കണ്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം. ഇപ്പോഴും പുറമ്പോക്കായി പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്വയം അവൾ. അതുതന്നെയാണ് അവളുടെ കപട സ്ത്രൈണബോധവും.
ഇനിയങ്ങോട്ട്
ഞാൻ ഊക്കിൻ ഭദ്രയാണ്
തളർച്ചയറ്റ മൂർച്ഛയിലാണ്
ചേറും വീറും അണിഞ്ഞതാണ്
നിന്റെയന്തിക്കൂട്ടെനിക്ക്
വേണ്ടടോ!
നീ സൂര്യനെങ്കിൽ ഞാൻ
ഭൂമിയാണെടൊ!
പകൽ കരുത്തുറ്റ് പൊരുതി
കറുത്തുറങ്ങിയ പെണ്ണ് ഞാൻ.
അവൾ തന്റെ സ്വത്വവും സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞിരിക്കുന്നു, മനുഷ്യൻ എന്ന സത്ത നിലനിൽക്കുന്ന സവിശേഷമായ ലോകത്തിൽ അവൾ തന്റെ ഉണ്മ കണ്ടെത്തിയിരിക്കുന്നു. കപട സ്ത്രൈണത എന്ന മാനസികരോഗത്തിന്റെ യാതനകൾ നിറഞ്ഞ ഭാഷ ബോധപൂർവം മറന്ന ഒരുവളുടെ പുത്തൻ ഭാഷണമാണ് “എനിക്കൊന്ന് പുറത്താക്കണം” എന്ന കവിത. തന്റെ യാത്രക്ക് അർദ്ധവിരാമമിട്ട് പിൻതിരിഞ്ഞു നോക്കി പലകാര്യങ്ങളോട് “വേണ്ട” എന്ന ധാരണയിലെത്തുന്നവൾക്ക് ഒരു വിളക്കുമാടത്തിന്റെ ആൾപൊക്കമുണ്ട്. അവൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ഭാവികാലത്തിന്റെയും ഭൂതകാലത്തിന്റെയും സാധ്യതകളെ കൃത്യമായി മനസ്സിലാക്കുന്നു.
“എനിക്കൊന്ന് പുറത്താകണം
എന്റെ വീടിന്റെയുള്ളിന്റെ ഉള്ളിൽനിന്ന്” എന്ന രണ്ടുവരി തന്നെ ഇതിനു തെളിവായി എഴുതാം.
കൃപ എന്ന അമ്മയും പെങ്കുപ്പായം എന്ന ബാലപാഠവും
ഋതുമതിയാകുന്ന പെൺകുട്ടിക്ക് പരമ്പരാഗതമായി കിട്ടുന്ന ഇടുങ്ങിയ ശരീരബോധത്തെയും ആൺകുട്ടികൾക്ക് ശരീരത്തെക്കുറിച്ചുള്ള ജിജ്ഞാസയ്ക്ക് ഉത്തരമാകുന്ന മസാലക്കഥകളെയും തിരുത്തിയെഴുതുകയാണ് കൃപയിലെ മാതൃത്വം. സദാ കാലം “മ്ലേച്ഛം” എന്ന ലേബലിൽ കുപ്പിക്കുള്ളിൽ അടച്ചു വെച്ചിരുന്ന ശരീരബോധത്തെ സ്വതന്ത്രമാക്കുകയാണ് പെങ്കുപ്പായത്തിന്റെ എഴുത്തുകാരി. അതുവഴി യഥാർത്ഥ അറിവിനെ വെല്ലുവിളിക്കുന്ന അവസ്ഥയുടെ സ്രഷ്ടാവായി മാറുകയും ചെയ്യുന്നു കൃപ. ഒരു സ്ത്രീക്ക് മാത്രമേ കൃത്യമായ ലൈംഗികബോധം പുരുഷനു നൽകാൻ കഴിയുകയുള്ളു എന്ന് “കാണട്ടെ നിന്റെ ബലാത്സംഗം” എന്ന കവിത പഠിപ്പിക്കുന്നു.
എന്റെ മുലകുടിച്ച് വളർന്ന
ചോരത്തിളപ്പിൽ
ഇനി നീ അവളുടെ മുലക്കണ്ണ്
ചവച്ച് തുപ്പില്ല
എന്ന് വായിക്കുമ്പോൾ ശരീത്തിലെ ആസക്‌തിയുടെ തിരമാലകൾ മാത്രം കാണാൻ ആഗ്രഹിക്കുന്നവന്റെ ചിന്തയ്ക്ക് പൊള്ളലേൽക്കപ്പെടുന്നു. ഈ പൊള്ളലിന്റെ തീവ്രതയിൽ മുന്നിൽ എത്ര, ഏതു, എങ്ങനെ സ്ത്രീ ശരീരം അനാവൃതമാക്കപ്പെട്ടാലും പ്രണയത്തിന്റെ പവിത്രതയോടുകൂടിയായിരിക്കും അവൻ സമീപിക്കുക. പിന്നീടവന്റെ ഭാഷയിൽ സ്ത്രീയെ ചരക്കെന്നോ (commodity) രതിയെ കളിയെന്നോ (play) സൂചിപ്പിക്കുന്ന വാക്കുകളുണ്ടാകില്ല.
ഞാൻ പെണ്ണാണ്
നിന്നിൽ പാതിയും ഞാനാണ്
നീയെന്നിൽനിന്ന്
അടർന്നതാണ്
എന്ന് “രതിമുക്തം” എന്ന കവിതയിൽ വായിക്കുമ്പോൾ തുടക്കത്തിൽ കുറിച്ച സാക്കിസിന്റെ വാക്കുകളോട് പൊരുത്തപ്പെടുന്നു.“There is only one woman in the world. One woman with many faces.” ഈ കവിതകളൊക്കെ ശരിയായ ശരീരബോധവും ലൈംഗികബോധവും സദാചാരബോധവും അറിയുവാൻ വേണ്ടി കൃപ എന്ന അമ്മ വായനക്കാർക്ക് വേണ്ടി എഴുതിയ ബാലപാഠങ്ങളാണ്. പെങ്കുപ്പായം പുസ്തകത്തിലെ “ഒരുത്തിയെ നോക്കുമ്പോൾ” എന്ന ആദ്യ കവിതയിലൂടെത്തന്നെ കൃപ അമ്മയും അധ്യാപികയും ആകുന്നു.
Comments are closed.