DCBOOKS
Malayalam News Literature Website

കേരളവർമ്മ പഴശ്ശിരാജ എന്ന അനശ്വര ദേശാഭിമാനി

വീരപഴശ്ശി ദിനം ഇന്ന്...

വാതന്ത്ര്യം ആ മനസ്സിന് മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരുന്നു. ആരുടെ മുന്നിലും ആ ശിരസ്സ് കുനിഞ്ഞില്ല. തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയവരെ ആ യോദ്ധാവ് തന്റെ വാൾകൊണ്ട് മറുപടി പറഞ്ഞു; ശത്രു ചതിച്ച് മരണം കീഴ്‌പ്പെടുത്തുന്നതുവരെ… അനശ്വര ദേശാഭിമാനി കേരളവർമ്മ പഴശ്ശിരാജയുടെ ചരമദിനമാണ്  ഇന്ന്.

വൈദേശികാധിപത്യത്തിനെതിരെയും കോളനിവല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തില്‍ അവിസ്മരണീയമായ പേരാണ് കേരളസിംഹം എന്നറിയപ്പെടുന്ന വീരകേരളവര്‍മ പഴശ്ശി രാജയുടേത്. സ്വന്തം നാടിനും പിറന്നുവീണ മണ്ണിലും അധീശത്വം സ്ഥാപിക്കാനും കരം പിരിക്കാനുമുള്ള വിദേശ ശക്തികളുടെ കടന്നാക്രമണങ്ങളെ എതിര്‍ത്ത് തോല്‍പിച്ച് ചരിത്രത്തിലിടം നേടിയ നാട്ടുരാജാവാണ് പഴശ്ശി. സാമ്രാജ്യത്വത്തിനുനേരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ആദ്യ രക്തസാക്ഷിയും കേരളത്തിന്റെ സ്വന്തം പഴശ്ശിരാജതന്നെ. അസാധാരണമായ മനക്കരുത്തിന്റെ ബലത്തില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് പട നയിച്ചാണ് പഴശ്ശി ഈ നേട്ടം കൊയ്തത്.

വയനാട്ടിലെ ആദിവാസികളും സാധാരണക്കാരുമായിരുന്നു പഴശ്ശിയുടെ പടയാളികള്‍. ആധുനിക യന്ത്രോപകരണങ്ങളുടെ കരുത്തില്‍ ബ്രിട്ടീഷ് സൈന്യവും മൈസൂര്‍ രാജവംശവും പഴശ്ശിയുടെ സൈന്യത്തെ എതിരിട്ടപ്പോള്‍ അമ്പും വില്ലുമേന്തിയ നാടോടി ജീവിതങ്ങളായിരുന്നു പഴശ്ശിയുടെ കരുത്ത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിക്കുകയും പോരടിക്കുകയും ചെയ്തതും പഴശ്ശിയാണ്.

ജീവചരിത്രം

കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരില്‍ പ്രധാനി. 1753-ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കോട്ടയം എന്ന സ്ഥലത്ത് കോട്ടയം രാജവംശത്തിലാണ് അദ്ദേഹം ജനിച്ചത്. പുരളീശ്വരന്മാര്‍ എന്നും ഈ രാജവംശം അറിയപ്പെട്ടിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജ എന്ന് പൂര്‍ണ്ണ നാമം. 1766-ല്‍ കോട്ടയം പിടിച്ചെടുത്ത മൈസൂറിനെതിരെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ചേര്‍ന്ന് യുദ്ധം ചെയ്തു. അന്ന് 13 വയസ്സായിരുന്നു. അദ്ദേഹത്തിന്.

1780-84 ലെ രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിച്ചു. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ മൈസൂര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. കമ്പനിയുടെ കപ്പം പിരിവിനെ എതിര്‍ത്ത ജനങ്ങളുടെ കൂടെ പഴശ്ശി നിലയുറപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള യുദ്ധ ത്തിന് പഴശ്ശി ആഹ്വാനം ചെയ്തു. തലയ്ക്കല്‍ ചന്തു എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ വയനാടന്‍ കുന്നുകളില്‍ ജനങ്ങള്‍ ആയുധപരിശീലനം നേടി. 1793-ല്‍ കമ്പനിയുടെ മേല്‍നോട്ടക്കാരനായി വന്ന ഫാര്‍മര്‍ സായ്‌വ്
പഴശ്ശിയുമായി നല്ല ബന്ധം സൂക്ഷിച്ചു. എന്നാല്‍ പിന്നീടു വന്നവര്‍ പഴശ്ശിയെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. 1795-ല്‍ പഴശ്ശിയുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കുമെന്നു വിളംബരം പുറപ്പെടുവിച്ചു. ഒളിവില്‍ പോയ പഴശ്ശി ടിപ്പുവിന്റെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യവുമായി യുദ്ധം ചെയ്ത് അവരെ പരാജയപ്പെടുത്തി. ഇതാണ് ഒന്നാം പഴശ്ശി വിപ്ലവം എന്നറിയപ്പെടുന്നത്.

പഴശ്ശിക്ക് കൊട്ടാരവും സമ്പത്തും തിരിച്ചുകിട്ടി. 1799-മല രണ്ടാം ശ്രീരംഗ പട്ടണ ഉടമ്പടി പ്രകാരം വയനാട് കമ്പനിയുടെ വകയായി പ്രഖ്യാപിക്കപ്പെട്ടു. കുറിച്യര്‍ക്കെതിരേ ബ്രിട്ടീഷ് സൈന്യം ഭീകരമായ ആക്രമണം അഴിച്ചുവിട്ടു. തലയ്ക്കല്‍ ചന്തുവിനെയും മറ്റും പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു. 1802-ല്‍ പഴശ്ശി സൈന്യം പനമരംകോട്ട ബ്രിട്ടീഷുകാരില്‍ നിന്നും പിടിച്ചെടുത്തു. 1804-ല്‍ തലശ്ശേരി സബ്കളക്ടറായി തോമസ് ഹാര്‍വെ ബാബര്‍ ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ സൈ്യം പഴശ്ശിയുമായി ഏറ്റുമുട്ടി.

1805 നവംബര്‍ 29 ന് രാത്രി ഒറ്റുകാരില്‍നിന്നും വിവരം ലഭിച്ചതനുസരിച്ച് കമ്പനി സൈന്യം പുല്‍പ്പിള്ളിക്കാട്ടില്‍ വിശ്രമിക്കുകയായിരുന്ന പഴശ്ശിയെയും കൂട്ടരെയും വളഞ്ഞു. 1805 നവംബര്‍ 30ന് രാവിലെ അദ്ദേഹം വെടിയേറ്റു മരിച്ചു. പഴശ്ശി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ചതാണെന്നും രണ്ടു വാദമുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകള്‍ പരിഗണിച്ച് വീര കേരളസിംഹം എന്നാണ് ഇദ്ദേഹത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പഴശ്ശിക്ക് ബ്രിട്ടീഷുകാരുമായി ഉണ്ടായ വിരോധത്തെക്കുറിച്ചും വിരുദ്ധമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്.

ദേശാഭിമാന പ്രചോദിതമായ സമരമാണ് ബ്രിട്ടീഷു കാര്‍ക്കെതിരേ നടത്തിയതെന്നും, അതല്ല പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കാഞ്ഞതാണ് അ ഹത്തെ ബ്രിട്ടീഷ് വിരോധിയാക്കിയതെന്നും വാദമുണ്ട്. പഴശ്ശിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ 2014 നവംബര്‍ 30ന് മട്ടന്നൂര്‍ പഴശ്ശിയില്‍ നിര്‍മ്മി പഴശ്ശി സ്മൃതി മന്ദിരം നാടിന് സമര്‍പ്പിക്കപ്പെട്ടു.

 

Comments are closed.