DCBOOKS
Malayalam News Literature Website

പഴഞ്ചൊല്‍ കഥകള്‍

ഇന്ന് സന്ദര്‍ഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകള്‍ ഒരുകാലത്ത് അതേ ജീവിതസന്ദര്‍ഭത്തില്‍ത്തന്നെ പിറന്നതായിരിക്കണമെന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിന്റെ പിറവിക്കു പിന്നില്‍ ഒരു സന്ദര്‍ഭമോ സംഭവമോ ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. ഓരോ ചൊല്ലും ഒരു കഥയുടെ ഗര്‍ഭവും പേറിയാണു നമ്മുടെ നാവില്‍ കുടികൊള്ളുന്നത്.

അത്തരം ചില പഴഞ്ചൊല്ലുകളെയും അവയ്ക്കു പിന്നിലെ കഥകളെയും ഒന്ന് പരിചയപ്പെട്ടാലോ…

കരി കലക്കിയ കുളവും കളഭം കലക്കിയ കുളവും

(ഉണ്ണായി വാര്യരുടേയും കുഞ്ചന്‍ നമ്പ്യാരുടേയും വൈഭവം വെളിവാക്കുന്ന ചൊല്ല്)

മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആശ്രിതനായി കഴിയുന്ന കാലം. ഒരിക്കല്‍ നമ്പ്യാര്‍ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളികഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഉണ്ണായിവാര്യര്‍ ആ വഴി വന്നു. നമ്പ്യാരെ ഒന്നു കളിയാക്കണമെന്നു തോന്നിയ ഉണ്ണായി വാര്യര്‍ ഒരു ആന കുളത്തില്‍ കുളിക്കുന്നതുകണ്ട് കുഞ്ചന്‍ നമ്പ്യാര്‍ അടുത്തെത്തിയപ്പോള്‍ ചോദിച്ചു:

‘അല്ലാ! ആരിത് നമ്പ്യാരോ? എന്തൊക്കെ വിശേഷങ്ങള്‍? കരി കലക്കിയ കുളത്തിലാണോ കുളിച്ചത്?’

കുളത്തില്‍ ആന കുളിക്കുന്നത് കണ്ടാണ് വാര്യര്‍ തന്നെ കളിയാക്കുന്നതെന്ന് മനസ്സിലായ നമ്പ്യാര്‍ ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ചു.

‘ ഹേയ് നാം കുളിച്ചത് കളഭം കലക്കിയ കുളത്തിലാ.’

‘കരി’യെ ‘കളഭ’മാക്കിയ നമ്പ്യാരുടെ വാക്പടുത്വത്തില്‍ ഉണ്ണായി വാര്യര്‍ അതിയായി സന്തോഷിച്ചു.

(കരി എന്ന വാക്കിന് കരി( കരിക്കട്ട) എന്നും ആന എന്നും അര്‍ത്ഥം. കളഭത്തിന് ചന്ദനക്കൂട്ടെന്നും ആനക്കുട്ടിയെന്നും അര്‍ത്ഥം.)

പാഞ്ചാലിയുണ്ടു പാത്രവും മെഴുക്കി

(എല്ലാം തീര്‍ന്നു എന്നത് ഭംഗിയില്‍ അവതരിപ്പിക്കുന്നതിന് ഈ ചൊല്ല് ഉപയോഗിക്കുന്നു.)

കള്ളച്ചൂതില്‍ പരാജയപ്പെട്ട പാണ്ഡവര്‍ പന്ത്രണ്ടു വര്‍ഷം വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ നൂറുകണക്കിനു വേദജ്ഞന്മാരായ ബ്രാഹ്മണരും അവരെ പിന്തുടര്‍ന്നു. തങ്ങളെ അനുഗമിക്കുന്ന ബ്രാഹ്മണര്‍ക്ക് അന്നം നല്കുന്നതെങ്ങനെയെന്ന് ആശങ്കപ്പെട്ട യുധിഷ്ഠിരന്‍ സൂര്യദേവനെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി തന്റെ സങ്കടം അറിയിച്ചു. യുധിഷ്ഠിരന്റെ സ്തുതിയില്‍ പ്രീതനായ സൂര്യദേവന്‍ പറഞ്ഞു.

‘ യുധിഷ്ഠിരാ, അഭീഷ്ടം എന്താണ്? അതൊക്കെ നിനക്കു സാധിക്കും. ഞാന്‍ പന്ത്രണ്ടു വര്‍ഷത്തേക്ക് അന്നം തരുന്നതാണ്. ഞാന്‍ ഈ തരുന്ന ചെമ്പുപാത്രം ഭവാന്‍ സ്വീകരിക്കുക. ഇതിലെ ചോറ് പാഞ്ചാലി ഉണ്ണുന്നതുവരെ ലഭിക്കും. ഫലമൂലങ്ങള്‍, ഇലക്കറി, മാംസങ്ങള്‍ എന്നിവ ചേര്‍ത്ത ചതുര്‍വിധാന്നങ്ങള്‍ നിന്റെ അടുക്കളയില്‍ തയ്യാറാക്കിയത് എത്രയെടുത്താലും ഒടുങ്ങാതെ ലഭിക്കുന്നതാണ്.’

ഇപ്രകാരം പാത്രം നല്‍കി സൂര്യഭഗവാന്‍ മറഞ്ഞു.

സൂര്യന്‍ നല്കിയ അക്ഷയപാത്രവുമെടുത്ത് പാഞ്ചാലിയോടൊത്ത് യുധിഷ്ഠിരന്‍ അടുക്കളയില്‍ച്ചെന്ന് ഭക്ഷണം സ്വയം തയ്യാറാക്കാന്‍ തുടങ്ങി. രാജകീയമായ സദ്യയാല്‍ വന്നവരെയൊക്കെ സത്കരിച്ചു. ചതുര്‍വ്വിധമായ അന്നം എത്ര കുറച്ചുണ്ടാക്കിയാലും എടുക്കുന്നതനുസരിച്ച് പാത്രത്തില്‍ നിറഞ്ഞുകൊണ്ടിരുന്നു. യുധിഷ്ഠിരന്‍ ആദ്യം ബ്രാഹ്മണര്‍ക്കും മറ്റും വിഭവസമൃദ്ധമായ സദ്യ നല്‍കി. തുടര്‍ന്നു സഹോദരരെയും ഊട്ടിയശേഷം താനും കഴിച്ചു.

(യുധിഷ്ഠിരന്‍ ഭക്ഷണം കഴിച്ചതിനുശേഷം പാഞ്ചാലിയും ഉണ്ടു പാത്രവും മെഴുക്കിയാല്‍ അന്നമൊക്ക അവസാനിക്കുകയും ചെയ്യും.)

പഴഞ്ചൊല്ലുകള്‍ക്കുള്ളിലെ കഥയെ കണ്ടെത്തുന്ന സാംസ്‌കാരികവും ചരിത്രപരവുമായ ഈടുവയ്പുകളിലേക്ക് വെളിച്ചം വീശുന്ന മനോജ് മനയിലിന്റെ പഴഞ്ചൊല്‍ കഥകളില്‍ നിന്ന്.

Comments are closed.