DCBOOKS
Malayalam News Literature Website

പവനൻ; മലയാളിയുടെ യുക്തിവാദി

ഒക്ടോബര്‍ 26- പവനന്‍ ജന്മദിനം

യുക്തിവാദിസംഘത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു, പവനന്‍. പരിഭാഷകള്‍ ഉള്‍പ്പെടെ 40-ലധികം കൃതികളുടെ കര്‍ത്താവ്. ഒട്ടുവളരെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 5, 1996

തൃശൂരിലെ, മുണ്ടശ്ശേരി ഹാളില്‍ മാര്‍ച്ച് 23-ന് പവനന്റെ സപ്തതി ഏതാണ്ട് 12 മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍. ഡോ. സുകുമാര്‍ അഴീക്കോട്  ചെയര്‍മാനും,  പുത്തേഴത്ത് ഭാസ്‌കരമേനോന്‍ സെക്രട്ടറിയുമായുള്ള ഒരു സ്വാഗതസംഘമാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉദ്ഘാടനസമ്മേളനവും ചര്‍ച്ചാസമ്മേളനവും സുഹൃദ്‌സംഗമവും സമാപനസമ്മേളനവും ഒക്കെ ഉണ്ടായിരുന്നു. സാംസ്‌കാരിക-സാമൂഹികരംഗത്തെ പ്രശസ്തരായ നാല്പതിലധികം മാന്യന്മാര്‍ പങ്കെടുത്തു. സപ്തതിസ്മരണികയും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1925 ഒക്‌ടോബര്‍ 26-ന് തലശ്ശേരിയിലെ വയലളത്ത് ജനനം. മഹാകവി കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ശിക്ഷണത്തില്‍ ആദ്യകാലപഠനം. ഒടുവില്‍ സൈനികവിദ്യാഭ്യാസം. രണ്ടാം ലോകമഹായുദ്ധകാലത്ത് (1939-45) സൈന്യസേവനം. പ്രസിദ്ധ പത്രപ്രവര്‍ത്തകനായിരുന്ന പവനന്‍, മദ്രാസിലെ ജയകേരളത്തിലാണ് ആദ്യം പത്രാധിപരായത്. 10 വര്‍ഷകാലം കേരളസാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. അക്കാദമിയുടെ സുവര്‍ണ്ണകാലമെന്ന് ഈ വര്‍ഷങ്ങളെ വിശേഷിപ്പിക്കാം. യുക്തിവാദിസംഘത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു, പവനന്‍. പരിഭാഷകള്‍ ഉള്‍പ്പെടെ 40-ലധികം കൃതികളുടെ കര്‍ത്താവ്. ഒട്ടുവളരെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പവനനും നിലവിളക്കും (ജനുവരി, 1985)

സാഹിതീസഖ്യത്തിന്റെ യോഗത്തില്‍ കാക്കനാടന്റെ ‘ഒറോത‘യെപ്പറ്റി ചര്‍ച്ച നടന്നു. പവനന്റെ പ്രസംഗത്തില്‍, കാക്കനാടന്‍, ‘അവിഹിത’ത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ആളാണെന്നും എന്ത് എഴുതിയാലും കുറച്ച് ‘അവിഹിതം’ ഇല്ലെങ്കില്‍ കാക്കനാടന് തൃപ്തിയാവില്ലെന്നും മറ്റും പറഞ്ഞു. അപ്പോള്‍ കെ. എം. തരകന്‍,  ഉണ്ണികൃഷ്ണന്റെ പുസ്തകങ്ങളില്‍ ‘അവിഹിതം’ കുറവല്ലല്ലോ എന്നോ മറ്റോ പറയുകയുണ്ടായി. പെട്ടെന്ന്, പവനന്റെ പ്രതികരണം, ഇവിടെ സാഹിത്യകാരന്മാരുടെ കാര്യമാണ് ഞാന്‍ പറയുന്നത് എന്നായിരുന്നു.

പവനനെ കോട്ടയത്തിനു കിട്ടിയത് അടുത്തകാലത്താണ്. സാഹിത്യ അക്കാദമിയില്‍നിന്നു പിരിഞ്ഞപ്പോള്‍ കോട്ടയത്ത് ഉദ്യോഗം സ്വീകരിച്ചു, പക്ഷേ, കോട്ടയത്ത് ഉണ്ടായിരുന്ന മാധവന്‍നായര്‍ തൃശൂര്‍ക്കു പോകുകയും ചെയ്തു. അതുകൊണ്ട് എണ്ണത്തില്‍ മാറ്റമൊന്നുമില്ല. പവനന്‍ സാഹിതീസഖ്യത്തിന്റെ മീറ്റിങ്ങില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. അവിടെ ഏഴു തിരിയുള്ള ഒരു നിലവിളക്കു കത്തിനില്ക്കുന്നു. യുക്തിവാദിയായ പവനന് അതത്ര പിടിച്ചില്ല. ‘വൈദ്യുതദീപങ്ങള്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, ഈ വിളക്ക് എന്തിന്?’ ബാലകൃഷ്ണപിള്ളയുടെ വൈദ്യുതി ഏതു സമയത്തും നിലയ്ക്കാമെന്നും അപ്പോള്‍ നിലവിളക്ക് അവിടെ നിലകൊള്ളുമെന്നും തോന്നാനുള്ള യുക്തി യുക്തിവാദികള്‍ക്കുള്ളതല്ലല്ലോ.

Leave A Reply