DCBOOKS
Malayalam News Literature Website

എഴുതിയതെല്ലാം മായ്ച്ചുകളയുന്നു, കോബി ബ്രയാന്റിന് വിട നല്‍കി പൗലോ കൊയ്‌ലോ

ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിതവിയോഗത്തില്‍ വിതുമ്പുകയാണ് ലോകം മുഴുവനുള്ള കായികപ്രേമികള്‍. കളിക്കളത്തിലെ ആ സൂര്യതേജസ്സിന് വിട നല്‍കുമ്പോള്‍, കോബി ബ്രയാന്റിനൊപ്പം പുസ്തകരചനയ്ക്കായി തയ്യാറെടുത്തിരുന്ന വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയും തേങ്ങുകയാണ്. തങ്ങളുടെ സംയുക്തസംരംഭത്തില്‍നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച പൗലോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ പുസ്തകത്തിന് എന്തുപ്രസക്തിയെന്ന് ആരാധകലോകത്തോട് ചോദിക്കുന്നു. ബ്രയാന്റെ മരണമറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തന്റെ തീരുമാനം പൗലോ കൊയ്‌ലോ ആരാധകരെ അറിയിക്കുകയായിരുന്നു.

കോബിയുടെ അപ്രതീക്ഷിതമരണവാര്‍ത്ത തന്നെ ഞെട്ടിച്ചതായും പുസ്തരചനയില്‍നിന്ന് പിന്മാറുന്നതായും പൗലോ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ‘ഇതുവരെ എഴുതിയതെല്ലാം മായ്ച്ചു കളയുകയാണ്. കോബി ഇല്ലാത്ത ലോകത്ത് ആ പുസ്തകത്തിന് പ്രസക്തി ഇല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആ മഹാനായ മനുഷ്യനോട് എനിക്കു നീതി പുലര്‍ത്തണം. അതിനുള്ള മാര്‍ഗ്ഗം എഴുതിയതെല്ലാം മായ്ച്ചു കളയുക എന്നതു മാത്രം. പ്രിയപ്പെട്ട കോബി, ഒരു കായികതാരത്തേക്കാളുപരി മറ്റു പലതുമായിരുന്നു എനിക്ക് നിങ്ങള്‍. താങ്കളുമായുള്ള സൗഹൃദത്തില്‍നിന്നും ഞാന്‍ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കി.’ വിതുമ്പുന്ന വാക്കുകളോടെ, സ്‌നേഹം തുളുമ്പുന്ന അക്ഷരങ്ങളില്‍ അദ്ദേഹം കോബി ബ്രയാന്റിന് ആദരമര്‍പ്പിച്ചു.

പൗലോ കൊയ്‌ലോയുടെ വലിയൊരു ആരാധകനായിരുന്നു കോബി ബ്രിയാന്റ്, ആല്‍ക്കെമിസ്റ്റായിരുന്നു പ്രിയ പുസ്തകം. 2016-ല്‍ എന്‍ബിഎയില്‍നിന്നും വിരമിച്ച ശേഷമായിരുന്നു കോബി ബ്രയാന്റും പൗലോ കൊയ്‌ലോയും ഒരുമിച്ച് കുട്ടികള്‍ക്കായി ഒരു പുസ്തകം രചിക്കുവാന്‍ തീരുമാനമെടുത്തത്. മാസങ്ങള്‍ക്കു മുമ്പാണ് രചന ആരംഭിച്ചത്.

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു കോബി ബ്രയാന്റെ മരണം. അപകടത്തില്‍ അദ്ദേഹത്തിന്റെ 13കാരിയായ മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

Comments are closed.