DCBOOKS
Malayalam News Literature Website

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46-ാം സ്ഥാനത്തായിരുന്നു പോള്‍ അലന്‍. 2009-ലാണ് പോള്‍ അലന് അര്‍ബുദം സ്ഥിരീകരിച്ചത്. അന്ന് ചികിത്സിച്ച് ഭേദമായിരുന്ന അസുഖം രണ്ടാഴ്ച മുമ്പ് വീണ്ടും ഗുരുതരമാവുകയായിരുന്നു.

വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ചേര്‍ന്നാണ് 1975-ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. പോള്‍ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. പോള്‍ അലന്‍ ഇല്ലായിരുന്നുവെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് എന്നത് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിനും വ്യവസായ മേഖലയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഥെല്ല അഭിപ്രായപ്പെട്ടു.

കായിക മേഖലയില്‍ തത്പരനായിരുന്ന പോള്‍ അലന്‍ സീറ്റില്‍ സീഹോക്‌സ് എന്ന ഫുട്‌ബോള്‍ ടീമിന്റെയും പോര്‍ട് ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.

 

Comments are closed.