DCBOOKS
Malayalam News Literature Website

പട്ടുനൂൽപ്പുഴുവിനെ പ്രിയ എ എസ് വായിച്ചപ്പോൾ

 

 

 

PATTUNOOL PUZHU By S. HAREESH Book review by Priya A S

 

 

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘പട്ടുനൂൽപ്പുഴു’വിന് പ്രിയ എ എസ് തയ്യാറാക്കിയ വായനാനുഭവം.     

കൈയൊപ്പിട്ട് അയച്ചു തന്ന ‘പട്ടുനൂൽപ്പുഴു‘ കിടക്കയിൽ, കസേരയിൽ, ട്രെയിനിൽ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ ഒക്കെയായി നിരന്തരം കൂടെയുണ്ട് ഒരു മാസത്തിൽ കൂടുതലായി. പതിമൂന്നു വയസ്സുകാരൻ്റെ ഏകാന്ത ലോകത്തിൻ്റെ ഇലകളിലൂടെ അരിച്ചരിച്ചു കയറ്റമെപ്പോഴും അമ്മയുടെ വയ്യായ്ക കാരണം മുറിഞ്ഞു മുറിഞ്ഞുപോയിക്കൊണ്ടേയിരുന്നു.

എന്നാലോ , FB തുറക്കുമ്പോഴേ കണ്ണിൽപ്പെടുന്ന പട്ടുനൂൽപ്പുഴു കുറിപ്പുകൾ വായിക്കാതിരിക്കാനുമായില്ല. ഓരോന്നും എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു, എത്രയെത്ര ചുഴിഞ്ഞിറങ്ങലുകൾ, ഒപ്പിയെടുക്കലുകൾ, സത്തയൂറ്റിയെടുക്കലുകൾ- ഇനി നീ എന്തെഴുതും വായന കഴിയുമ്പോൾ?  പട്ടുനൂൽപ്പുഴുവിനെ പുറകിലാക്കാൻ തക്കവണ്ണം ഇനിയെന്തെഴുതും ഹരീഷ് എന്ന ഒരന്തംവിടലാണ് വായന തീരുമ്പോൾ ഒപ്പം. അത് ഒരു വായനക്കാരിയുടേതല്ല, ഒരു സഹഎഴുത്തുകാരിയുടേതാണ് താനും.

ഒരു കുട്ടിയുടെ ഉള്ളിലേയ്ക്ക് ലളിതമായി കടന്ന് അവനിലൂടെ മനുഷ്യ മനസ്സിൻ്റെ  അടരുകളിലെ കോംപ്ലക്സിറ്റികളുടെ ചിത്ര സഞ്ചയം ജീവിതത്തിൻ്റെ ഭിത്തിയിൽ ഹരീഷ് കനമേതുമില്ലാതെ തൂക്കിയിടുമ്പോൾ, ഓരോ ചിത്രത്തിലും സ്വന്തം മനസ്സിൻ്റെ ഒരു കഷണമെങ്കിലും കാണാം ഓരോരുത്തർക്കും. ഓരോരുത്തരുടെയുള്ളിലുമുള്ള സാംസ ,ലോകം ഒന്നിഴപിരിച്ച് നോക്കാൻ പ്രേരണയാകുന്നിടത്തു വച്ചാണ് ഈ നോവൽ ഭാഷയുടെ അതിരുകൾ വിട്ട് മുഴുവൻ ലോകത്തിൻ്റേതുമാവുന്നത്. ഈ നോവൽ ലോക സഞ്ചാരം നടത്തി അംഗീകാരത്തിരക്കുകൾക്കു നടുവിൽ വിരാജിക്കുന്ന ഒരു സ്വപ്നത്തിനുള്ളിലുമാണ് ഞാൻ. തീർച്ചയായും അസൂയാവഹമായ ഈ ഏകാന്ത സഞ്ചാരം അതർഹിക്കുന്നുണ്ട്.

ഏകാന്തതയും ഏകാന്തം എന്ന ഒരു വരിയുണ്ട് സച്ചിദാനന്ദൻ മാഷ് കരയിേലേക്ക് ഒരു കടൽ ദൂരം എന്ന സിനിമയ്ക്കായെഴുതിയ പാട്ടിൽ, ആ വരി പലതവണ ഓർത്തു ഈ പുസ്തകം വായിക്കുമ്പോൾ. 

ഈയിടെ കേൾക്കാനിടയായ സന്ധ്യാമേരിയുടെയും ജയശ്രീകളത്തിലിൻ്റെയും സംഭാഷണത്തിനിടയിൽ സന്ധ്യ ചോദിക്കുന്നുണ്ട്. എന്താണ് സാഹിത്യം?  ഭയങ്കരമായ നല്ല വാക്കുകൾ പറഞ്ഞിട്ട് sentence കൾക്ക്  ഭംഗി വരുത്തുകയാണോ നമ്മൾ കാണാത്ത ലോകങ്ങൾ കാണിച്ചു തരികയാണോ വേണ്ടത്? സന്ധ്യയുടെ ചോദ്യത്തിലെ ആ കാണാത്ത ലോകം കൂടിയാണ് പട്ടുനൂൽപ്പുഴു. എല്ലാവരുടെയുളളിലുമുണ്ടെങ്കിലും നമ്മളാരും തിരിച്ചറിയാൻ മെനക്കെടാത്ത ഉൾ ലോകത്തിൻ്റെ പുസ്തകമാണ് പട്ടുനൂൽപ്പുഴു.

ഒരു കുഞ്ഞു നാടിൻ്റെ  ‘ഠ’ വട്ടത്തിൽ കൂടി, ഒരു ചെറുപ്രായക്കാരൻ്റെ ഏകാന്ത സഞ്ചാരങ്ങളിൽ കൂടി ഒരു ഗംഭീര നോവൽ പറന്നിറങ്ങുമ്പോൾ, ഗഹന ഗവേഷണങ്ങളെ അടിസ്ഥാനമാക്കി നോവൽ പിറക്കുന്ന ഇക്കാലം  എനിയ്ക്ക് തരുന്ന നെറ്റിച്ചുളിവിന് തത്ക്കാലമെങ്കിലും ഒരു വിട.(സന്ധ്യാമേരിയുടെ വെറും മരിയയും കുറേയൊന്നുമല്ല ഇക്കാര്യത്തിലെന്നെ ആശ്വസിപ്പിച്ചിട്ടുള്ളത്) അത്ഭുതങ്ങൾ സൃഷ്ടിച്ചെടുക്കാൻ അപരിചിതമേരുക്കൾ തേടിപ്പോകേണ്ടതില്ലെന്ന് എനിക്കു തോന്നി എന്ന് പ്രിയ കഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂർ പട്ടുനൂൽപ്പുഴു വായിച്ചെഴുതിയതിൽ എൻ്റെ ഇതേ ചിന്തയുടെ ഒരു ചെറു തിരയിളക്കമെങ്കിലുമുണ്ട്.

മനസ്സിൽ പതിഞ്ഞ ഒരുപാട് ഇടങ്ങളുണ്ടെങ്കിലും ഒറ്റയിഴമാത്രം നോവലിൽ നിന്നെടുക്കുന്നു, കുട്ടികൾ ദീർഘകാലം ഇവിടെ ഉണ്ടാകുന്നവരാണ്. അവരുടെ മനസ്സിൽ ചുറ്റും ജീവിക്കുന്നവർ ഫ്രെയിം ചെയ്ത് വെക്കപ്പെടുന്നുണ്ട്. എൻ്റെ മകൻ്റെയുള്ളിലെ ഫ്രെയിമുകളിൽ എന്തൊക്കെ എങ്ങനെയൊക്കെയാവും ഉള്ളതെന്ന് ഒരു പിടച്ചിലുണ്ടായി അന്നേരം.

ഒരു വാക്ക് മാത്രം ഈ നോവലിൻ്റെ ഒഴുക്കിൽ തട്ടിത്തടഞ്ഞു നിൽക്കുന്നുവെന്നു തോന്നി. ഉത്ക്കർഷം എന്ന ആ വാക്കു മാത്രം എനിക്കെന്തോ പിടിച്ചില്ല.

നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ    

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.