DCBOOKS
Malayalam News Literature Website

നന്ദി. പ്രിയപ്പെട്ട എഴുത്തുകാരാ…..

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ പട്ടുനൂൽപ്പുഴുവിന്റെ വായനാനുഭവങ്ങൾ മുഹമ്മദ് അബ്ബാസ് പങ്കുവെക്കുന്നു.

കുറേ ദിവസങ്ങളായി എസ് .ഹരീഷിന്റെ പട്ടുനൂൽപ്പുഴു വായിച്ചിട്ട്.

കൃത്യമായി പറഞ്ഞാൽ 26 ദിവസം .

ഈ 26 ദിവസങ്ങളിലും, സാംസയും, ഇലുവും,

മരിച്ച പെൺകുട്ടിയും, സ്റ്റീഫനും ,

സാംസയുടെ അച്ഛൻ വിജയനും ,

അമ്മ ആനിയും , (അവരുടെ പ്രണയകാലവും)

ചെട്ട്യാരും, ലൈബ്രേറിയൻ മാർക്ക് സാറും ,

ലേഹ്യമുണ്ടാക്കാൻ ആടിനെയും കൊണ്ടുവന്ന രണ്ട് പാണ്ടിമാരുമടക്കം ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും എൻ്റെ തലയ്ക്കുള്ളിലിരുന്ന് നിർത്താതെ സംസാരിക്കുകയാണ്.

ദിവസമിത്രയായിട്ടും ഞാനവരെ വായിച്ചപ്പോൾ അനുഭവിച്ച അതേ ഉന്മേഷത്തോടെയും വിഷാദത്തോടെയും ഉന്മാദ ഗന്ധങ്ങളോടെയും, മൂടൽ മഞ്ഞുപോലെ നോവലിലാകെ പടർന്നു നിൽക്കുന്ന ദുഃഖത്തിന്റെ നനവോടെയും അവരെന്റെ തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കും ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കും വിശ്രമമില്ലാതെ സഞ്ചരിക്കുകയാണ്.

പല കഥാപാത്രങ്ങളുടെയും മരണം നോവൽ വായനയ്ക്കിടയിൽ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. പ്രത്യേകിച്ചും സാംസയുടെ കൂട്ടുകാരൻ കൂടിയായ സ്റ്റീഫന്റെ മരണം. അയാളിപ്പോഴും ജീവനോടെ എൻ്റെയുള്ളിലെ ഈന്ത് മരത്തിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ട് മഴയും മഞ്ഞും വെയിലും കൊള്ളുകയാണ്.

അതേ സമയം സാംസയുടെ അമ്മയായ ആനി യഥാർത്ഥത്തിൽ ജീവിച്ചിരുന്നോ എന്ന സന്ദേഹം , നോവലിൻ്റെ അവസാനത്തിലാണ് എന്നെ പിടികൂടിയത്. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.

പട്ടുനൂൽപ്പുഴുവിൽ ജീവിക്കുന്നവരും മരിച്ചവരും ആരൊക്കെയെന്ന് വേർതിരിക്കാനാവാതെ ഞാനെന്ന വായനക്കാരൻ നട്ടം തിരിയുകയാണ്. ഈ ഒരവസ്ഥ മറ്റൊരു മലയാള നോവൽ വായനയിലും ഞാൻ അനുഭവിച്ചതല്ല .

വളരെ വർഷങ്ങൾക്കു മുമ്പ്,  കാർലോസ് ഫ്യൂയൻ്റസിൻ്റെ “ഔര ” എന്ന നോവൽ വായിച്ചപ്പഴാണ് ഞാൻ ഇത്തരത്തിൽ ഭ്രമാത്മകതയുടെ സൗന്ദര്യം എന്തെന്ന് അറിഞ്ഞത്.

എസ് .ഹരീഷ് എന്ന പ്രതിഭാശാലി സൃഷ്ടിച്ച പട്ടുനൽപ്പുഴുവിലെ ലോകവും , അതിലെ കഥാപാത്രങ്ങളും നമ്മുടെ പരിസരങ്ങളിൽ തന്നെ ഉള്ളതാണ്. പക്ഷേ അതിനെ ഇത്തരമൊരു ഭ്രമാത്മകമായ സൗന്ദര്യ തലത്തിലേക്ക് ഉയർത്താനുള്ള കഴിവിനെയാണ് പ്രതിഭയെന്ന് നമ്മൾ വിളിക്കുന്നത്. വാക്കുകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കാനും ചിന്തിപ്പിക്കാനും , ഈ എഴുത്തുകാരനുള്ള കഴിവ് അദ്ദേഹത്തിൻ്റെ ഞാൻ വായിച്ച ആദ്യ കഥയായ “ആദം ” മുതൽ അറിയുന്നതാണ് . അത് മീശയും ആഗസ്റ്റ് 17 ഉം കടന്ന്, പട്ടുനൂൽപ്പുഴുവിലെത്തി നിൽക്കുമ്പോൾ ,

ഇനിയും ഈ എഴുത്തുകാരൻ നമ്മളെ വിസ്മയിപ്പിക്കുമെന്നും, മലയാള നോവലിനെ ലോക സാഹിത്യത്തിൽ അടയാളപ്പെടുത്തുമെന്നുമുള്ള അറിവിൽ ഞാനെന്ന വായനക്കാരൻ ആഹ്ലാദിക്കുന്നു . ഒപ്പം അദ്ദേഹത്തെ ഉള്ളിൽ നമിക്കുകയും ചെയ്യുന്നു.

പട്ടുനൂൽപ്പുഴുവിലെ ഇഷ്ടഭാഗങ്ങൾ ഉദ്ധരിക്കാൻ ഒരുങ്ങിയാൽ ഞാനീ നോവലിൻ്റെ 284 പേജുകളും ഇവിടെ ഉദ്ധരിക്കേണ്ടി വരും. ആദ്യ വായനയിൽ തന്നെ മൂന്നാം അധ്യായത്തിലെ എൻ്റെ ചിന്തയും വായനയും അന്തിച്ചു നിന്ന കുറച്ചു വാക്കുകൾ ഇവിടെ പകർത്താതെ വയ്യ.

“വേറെ നല്ല പേരുണ്ടെങ്കിലും ബസ്സുകാർ ആ സ്റ്റോപ്പിന് പ്രാന്തൻ മൂല എന്നാണ് പറഞ്ഞിരുന്നത് .

കാരണം , ധാരാളം ഭ്രാന്തന്മാർ ആ ചുറ്റുവട്ടത്തുള്ളതുതന്നെ. സൂക്ഷ്മമായി നോക്കിയാൽ അവിടെനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നേരിയ പ്രാന്തെങ്കിലുമില്ലാത്ത ആളുകൾ കുറവായിരുന്നു. ഭ്രാന്തായിരുന്നു സ്വാഭാവികമായ കാര്യം. അല്ലെങ്കിലും ഏത് മനുഷ്യരുടെ മുഖത്ത് സൂക്ഷിച്ചു നോക്കിയാലാണ് ഭ്രാന്ത് വെളിപ്പെടാത്തത് ? അവരുടെ പ്രവർത്തിയും സംസാരവും ശ്രദ്ധിക്കുക.

അവരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുക. സമചിത്തതയുള്ള ആരുമില്ലെന്ന് മനസ്സിലാകും. വിഭ്രാന്തി ഓരോരുത്തരുടെയും തെളിഞ്ഞ മുഖത്തിനടിയിൽ മറഞ്ഞിരിപ്പുണ്ട്. എന്നാലും പ്രകടമായി തന്നെ ഭ്രാന്തുള്ള വളരെ പ്രമുഖരായ കുറച്ചുപേർ ആ ഭാഗത്തുണ്ടായിരുന്നു.”

ഈ ഭാഗം വായിച്ചു കഴിഞ്ഞ് ഞാൻ ഏറെ നേരം എന്നോട് തന്നെ പലതും ചോദിച്ചു. ചിലതിനൊക്കെ ഉത്തരം കിട്ടി. ചിലതിന് കിട്ടിയില്ല.

സങ്കീർണമാക്കാമായിരുന്ന പട്ടുനൂൽപ്പുഴുവിൻ്റെ പ്രമേയത്തെയും അതിലെ കഥാപാത്രങ്ങളെയും, അവരുടെ ബാഹ്യവും ആന്തരികവുമായ സഞ്ചാര വഴികളെയും, എത്ര ലളിതമായിട്ടാണ് നോവലിസ്റ്റ് എഴുതി ഫലിപ്പിച്ചിട്ടുള്ളതെന്ന് പലവട്ടം അത്ഭുതപ്പെടാതെ വയ്യ. കാരണം മലയാള നോവൽ സങ്കീർണ്ണതകളെ വല്ലാതെ പ്രണയിക്കുന്ന കാലമാണിത് . പല നോവലുകളും ഇടയ്ക്ക് വെച്ച് കഥാപാത്രങ്ങളുടെ പരസ്പര ബന്ധം മനസ്സിലാക്കാൻ പിറകിലോട്ട് വായിക്കേണ്ട അവസ്ഥയാണ്.

നന്ദി. പ്രിയപ്പെട്ട എഴുത്തുകാരാ….. പട്ടുനൂൽപ്പുഴുവെന്ന ഈ തെളിനീർ അരുവി ഞങ്ങൾക്ക് ഒരുക്കി തന്നതിന് , അതിലെ ഇളം ചൂടും തണുപ്പുമുള്ള ജലത്തിലൂടെ സഞ്ചരിക്കാൻ അതിമനോഹരമായ ആഖ്യാന ശൈലിയുടെ തോണി നിർമ്മിച്ചതിന്, യാത്രയിൽ ചുറ്റുമുള്ള കരിയിലകളെയും അതിൽ കയറിപ്പറ്റിയ കുഞ്ഞുറുമ്പുകളെ പോലും കാണാൻ പാകത്തിലുള്ള ഭാഷയിൽ പട്ടുനൂൽപ്പുഴു എഴുതിയതിന് ,

ഈ വായനക്കാരന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഇപ്പോൾ തന്നെ അനേകം പതിപ്പുകളിലേക്കും, ഒരുപാട് വായനക്കാരിലേക്കും എത്തിയ പട്ടുനൂൽപ്പുഴു ഇനിയും ഒരുപാട് പതിപ്പുകളിലേക്കും മനുഷ്യരിലേക്കും എത്തട്ടെ എന്ന് ആശംസിക്കുകയും എത്തുമെന്ന് ഞാനെന്ന വായനക്കാരൻ എന്നോട് തന്നെ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ

അബ്ബാസ്.

Leave A Reply