DCBOOKS
Malayalam News Literature Website

മനസ്സിനെ സങ്കടച്ചുഴിയിലാഴ്ത്തുന്ന രചന

PATTUNOOL PUZHU Book of S. HAREESH

 

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവലിന് രാജേഷ് ചിത്തിര എഴുതിയ വായനാനുഭവം

പട്ടുനൂല്‍പ്പുഴുവിലെ സാംസ എന്ന പതിമൂന്നുവയസുകാരന്‍ നടന്നു പോകുമ്പോള്‍ മുതിര്‍ന്നവരായ മനുഷ്യര്‍ അവനെ കാണാറെയില്ല. ഒന്നുകില്‍ ആ മനുഷ്യര്‍ അവനെ ശ്രദ്ധിക്കാറില്ല, അല്ലെങ്കില്‍ അവന്‍ അവരുടെ ശ്രദ്ധയില്‍പ്പെടാതെ തന്റേതായ ഒരു രഹസ്യലോകത്ത് കൂടി നടന്നു. ഒരിടത്ത് നില്‍ക്കുമ്പോള്‍ മറ്റൊരിടത്ത് ആയിരിക്കാന്‍ സാംസയ്ക്ക് അറിയാം. അവന്‍ നില്‍ക്കുന്ന സ്ഥലത്തല്ല, അകമേയുള്ള സ്ഥലത്താണ് അവന്‍ ഉണ്ടാവാറുള്ളത്. മുതിര്‍ന്നവര്‍ തമ്മില്‍ കാണുമ്പോള്‍ അവരുടെ നോട്ടം കുട്ടികളിലേക്ക് എത്തുന്നില്ല എന്ന് സാംസയുടെ കഥ പറയുന്ന ആള്‍ സാക്ഷ്യം പറയുന്നുണ്ട്.

എന്നിട്ടും അവനെ കണ്ട, അവനോടു ഇടപഴകിയ ചില മനുഷ്യരുണ്ടായി. അവര്‍ ഉന്‍മാദികളും ഏകാകികളുമായ മനുഷ്യരായിരുന്നു. അവര്‍ തങ്ങളുടെ അതേ ഏകാന്തതയില്‍ ജീവിച്ച അവനോടു സംവദിച്ചു. നിര്‍ഭാഗ്യവശാല്‍ ആ മനുഷ്യരെല്ലാം അവനെ വിട്ടുപോയി. മരിച്ചു പോയ അവരില്‍ ചിലര്‍ -സ്റ്റീഫന്‍, മാര്‍ക്ക് സാര്‍, മാനേജര്‍,……. മരണത്തിന് തൊട്ടുമുന്‍പത്തെ ചില നിമിഷങ്ങളില്‍ മാത്രം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളെ അറിഞ്ഞു, പിന്നെ ഈ ലോകത്തെ തന്നെ വിട്ടുപോയി.

പട്ടുനൂല്‍പ്പുഴു എന്ന ഹരീഷിന്റെ നോവല്‍ ഞാന്‍ വായിക്കുമ്പോള്‍ കൂടെ ഒരാള്‍ ഉണ്ടെന്ന് തോന്നി. പുസ്തകം വായിക്കുമ്പോള്‍ ഒരു മനുഷ്യന്‍ ഏകാന്തതയിലാണ്. അപ്പോള്‍ അവന് ഒരാള്‍ തനിക്ക് ഒപ്പം ഉണ്ടെന്നും ഒപ്പമുള്ള ആ ആളും ആ പുസ്തകം വായിക്കുന്നുണ്ടെന്നും തോന്നാം. ഞാന്‍ ആദ്യം ഹരീഷിനെ പറ്റി കൂടുതല്‍ വായിക്കുന്നത് മംഗളം ദിനപത്രത്തില്‍ വന്ന ഒരു അഭിമുഖത്തിലൂടെയാണ്. നകുല്‍ ചെയ്ത കോളത്തിലൂടെ. ആ അഭിമുഖത്തിന് ശേഷമാണ് ഹരീഷിന്റെ കഥകള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങിയത്. പിന്നെ രണ്ടു നോവലുകള്‍. അവയില്‍ നിന്നും വ്യത്യസ്തമായ മൂന്നാം നോവല്‍ പട്ടുനൂല്‍പുഴുവില്‍ എത്തുമ്പോള്‍ അയാളുടെ ഭാഷ മറ്റു നോവലുകളില്‍ നിന്നും ഏറെ മാറിയ ഒന്നാണ്.

അത് ഈ നോവലിന്റെ ആത്മാവിനു ചേര്‍ന്ന ഒന്നാണ്. ഈ നോവലില്‍ ഹരീഷിന്റെ സ്വതസിദ്ധമായ ചില നിരീക്ഷണങ്ങളും ആത്മഗതങ്ങളുമുണ്ട്. നോവലിന്റെ പരിസരത്തിനു ചേര്‍ന്ന നിഷ്‌കളങ്കതയും ആര്‍ദ്രതയും അനുഭവിപ്പിക്കുന്നവയാണ്. വളരെ ലളിതമായ പദങ്ങളും തെളിച്ചവും നിയന്ത്രണവുമുള്ള ഒരു ഭാഷയും കൊണ്ടാണ് പട്ടുനൂല്‍പ്പുഴു എഴുതപ്പെട്ടത്. നോവലിനായി ഹരീഷ് സൃഷ്ടിച്ച ആ പ്ലോട്ട്, ആ ഭൂമികയും അതിലെ പ്രകൃതിയും സാംസയ്ക്കും മറ്റ് കഥാപാത്രങ്ങള്‍ക്കും ഒപ്പം നോവലില്‍ ഏറെ പ്രധാന്യമുള്ള ഒന്നാണ്.

ഒരു തലമുറയിലെ സാധാരണക്കാരായ കുട്ടികളിലെ കുറച്ചു പേരെയെങ്കിലും ഹരീഷ് എന്ന എഴുത്തുകാരന്‍ സാംസ എന്ന കുട്ടിയിലേക്ക് ആവാഹിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ ഒരിക്കലും കാണാന്‍ ഇടയില്ലാത്ത അവരുടെ സാന്നിധ്യങ്ങള്‍. തങ്ങള്‍ക്കൊപ്പം മറ്റൊരാളെ കൂടി ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവരുടെ നടത്തങ്ങള്‍. അവര്‍ ഇടയ്ക്കിടെ കണ്ടുണര്‍ന്നിരുന്ന സ്വപ്നങ്ങള്‍. ഒക്കെയും സാംസയിലുണ്ട്. നോവലിലെ ഭൂരിഭാഗം കഥാപാത്രങ്ങളും ഏകാന്തരാണ്. ഏകാന്തരായ ആ മനുഷ്യരാണ് ഏകാന്തമായ സാംസയുടെ കൂട്ടുകാര്‍.

നോവല്‍ വായിക്കുമ്പോള്‍ എനിക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ആള്‍ സാംസയെക്കാള്‍ ചെറിയ പ്രായത്തില്‍ കുറച്ചു ദൂരത്തുള്ള ചന്തയുടെ ഓരത്ത് ഒരു ചിത്രകാരന്‍ വളച്ചു കെട്ടിയ ഒരു കൂരയില്‍ ഇരുന്ന് അയാള്‍ എഴുതുന്ന ബാനറുകള്‍ക്ക് ചായം തേയ്ക്കാറുണ്ടായിരുന്ന ഒരാള്‍ ആയിരുന്നു. അതെ പ്രായത്തില്‍ ചന്തയുടെ മറ്റേ അറ്റത്തുള്ള വായനശാലയില്‍, ഏറെ മുതിര്‍ന്നവര്‍ക്കൊപ്പം പോയി പുസ്തകങ്ങളെടുത്തു. അവര്‍ പറയുന്ന വലിയ കാര്യങ്ങള്‍ അവിടെ ഇല്ലാത്ത ഒരാള്‍ എന്ന മട്ടില്‍ കേട്ടു. ചിലപ്പോള്‍ മാത്രം അവര്‍ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു, സംസാരം നിര്‍ത്തി. ചില രാത്രികളില്‍ ഞാന്‍ അച്ഛനെ തിരഞ്ഞു പോയി. ഞങ്ങള്‍ ഒരുമിച്ചു വീട്ടിലേക്ക് വന്നു. സാംസയുടെ അച്ഛനെപ്പോലെ നാണമില്ലാതെ കടം വാങ്ങുന്ന ആളായിരുന്നില്ല അച്ഛന്‍, പക്ഷെ ചെയ്ത പലതും പരാജയപ്പെട്ടു പോയ ആളായിരുന്നു. സാംസയുടെ അച്ഛനെ പോലെ ആയിരുന്നില്ല എന്റെ അച്ഛന്‍, എന്നിട്ടും അയാള്‍ അച്ഛനെ ഓര്‍മ്മപ്പെടുത്തി. സാംസ ഏതോ കാലത്തെ എന്നെയും.

എന്റെ ഉള്ളില്‍ കൂട്ടുണ്ടായിരുന്ന മറ്റെയാള്‍ ഇപ്പോഴും എന്നോട് മിണ്ടാറുണ്ട് എന്ന് ഈയ്യടുത്ത് എന്റെ ഒരു കൊളീഗ് കണ്ടെത്തി. പരസ്യമായി ഞാനത് നിഷേധിച്ചു. എങ്കിലും അയാളാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് പോലും എഴുതിക്കുന്നത് എന്ന് തോന്നുന്നു. ആനി എത്തപ്പെടുന്ന വിജയന്റെ സ്ഥലത്തെന്നത് പോലെ ഒരു തോടിന്റെ കരയില്‍ ആയിരുന്നു എനിക്കൊപ്പം പുസ്തകം വായിച്ച ആള്‍ ജീവിച്ചിരുന്നത്. അയാളുടെ വീട്ടില്‍ അപ്പോഴുണ്ടായിരുന്ന ഒരു നായ, സാംസയുടെ ഇലുവിനെ പോലെ (ഇലുവിന്റെ മരണം അവഗണനയാല്‍ സംഭവിച്ച ഏറ്റവും ക്രൂരവും സഹതാപാര്‍ഹവുമായ ഒരു മരണമാണ്.) അവനറിയാതെ മരിക്കുകയുയായിരുന്നില്ല, അവനെ നോവല്‍ വായിച്ചുകൊണ്ടിരുന്ന ആളുടെ മൌനസാന്നിധ്യത്തില്‍ ചുറ്റുമുള്ളവര്‍ കൊലപ്പെടുത്തുകയായിരുന്നു. ആനി ജനിച്ചു വളര്‍ന്നഇടത്തെ പോലെ ആളുകള്‍ കൂട്ടം കൂടിയിരുന്നു കപ്പ പറിക്കുന്ന ഒരു കാലം എനിക്കൊപ്പം നോവല്‍ വായിച്ച ആളുടെയും ഓര്‍മ്മയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടാവണം.

നോവല്‍ ഏകാന്തത മാത്രമല്ല, തിരിച്ചറിവുകള്‍ കൂടി പങ്കുവയ്ക്കുന്നുണ്ട്, ആനി ഒടുവില്‍ ചിന്തിക്കുന്നത് പോലെ, മണ്ണില്‍ പണി ചെയ്യാന്‍ തുടങ്ങിയ വിജയന് തന്റെ സാമീപ്യം വേണ്ടിയിരുന്നു എന്ന തിരിച്ചറിവു പോലെ, താന്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇലു മരിക്കില്ലായിരുന്നു എന്ന തോന്നല്‍ പോലെ ചില തിരിച്ചറിവുകള്‍. അത് സാംസയോട്, വിജയനോട്, ആനിയോട് ഒക്കെ പരുഷമായി മനുഷ്യര്‍ക്ക് എല്ലാം ഉണ്ടാവുന്നുണ്ട്. PATTUNOOL PUZHU Book By S. HAREESHപട്ടുനൂല്‍പ്പുഴു സ്വന്തം ശരീരത്തില്‍ നിന്ന് ഉണ്ടാവുന്ന പട്ടുനൂലുകൊണ്ട് ഉണ്ടാക്കിയ പുഴുപ്പൊതിയില്‍ സമാധിയിരിക്കുന്നത് പോലെ താനിരുന്ന ഏകാന്തതയുടെ സമാധിയില്‍ നിന്നും ആനി പുറത്തു വരുന്നുണ്ടാകും. തന്റേതായ സമാധിയില്‍ നിന്നും സാംസയും പുറത്തു വന്നേക്കാം. സാംസയ്ക്ക് പിന്നീട് ഒരിക്കല്‍ നടാഷയാവുന്നത് ആനിയാവാം. ആനിയുടെ ചെറുപ്പത്തില്‍ അവള്‍ ആഗ്രഹിച്ച കൂട്ടുകാരന്‍ സാംസയുമായേക്കാം. ഒന്നിനും ഉപകാരപ്പെടാത്ത ആള്‍ മരിച്ചാലും സങ്കടമുണ്ടാകും എന്ന ആനിയുടെ തിരിച്ചറിവു പോലെ, ഏകാന്തതയും മരണങ്ങളും കാണായ്മകളും കൊണ്ട് പട്ടുനൂല്‍പ്പുഴു ഏറെ സങ്കടപ്പെടുത്തി. സങ്കടത്തിന്റെ സമാധിയില്‍ ആണ് ഞാനിപ്പോള്‍, എനിക്കൊപ്പം വായിച്ചു കൊണ്ടിരുന്ന ആള്‍ പറഞ്ഞു, അതേ, ഏറെ നാള്‍ ഈ സങ്കടം നമ്മളെ പിന്തുടരും, എനിക്കു മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ ഞാന്‍ പറഞ്ഞു.

നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ    

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply