പട്ടുനൂല്‍പ്പുഴു: കാലത്തെ അതിജീവിക്കാന്‍ കെല്പുള്ള രചന
എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവലിന് ജ്യോതി ശങ്കർ എഴുതിയ വായനാനുഭവം
വൈവാഹിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ വാര്‍ദ്ധക്യത്തിലേക്ക് കൂടി കാലെടുത്തുവെക്കുന്ന നടാഷ എന്ന കഥാപാത്രത്തെ ടോള്‍സ്റ്റോയ് സൃഷ്ടിച്ചത് യുദ്ധവും സമാധാനവും എന്ന കൃതിയിലാണ്. ഓര്‍മ്മ ശരിയാണെങ്കില്‍ കൃത്യം ഏഴു വര്‍ഷം കൊണ്ട് തന്നെ കൗമാരത്തിന്റെ ചുറു ചുറുക്കും പ്രസാദവും എല്ലാം വിട്ടൊഴിഞ്ഞ അകാലവാര്‍ധക്യം ബാധിച്ച ഒരു സ്ത്രീയായി മാറുന്നുണ്ട് നടാഷ ആ കൃതിയില്‍. കൊടിയ വിഷാദത്തിന്റെ ആ ഘട്ടത്തില്‍ അവര്‍ക്കൊരു കുഞ്ഞു ജനിക്കുകയും അതിനെ പോറ്റുകയും ചെയ്താല്‍ എങ്ങനെയിരിക്കും, ആ സങ്കല്പമായിരിക്കാം ഒരുപക്ഷേ എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവിന് ആധാരമായത്.
സാംസ എന്ന 13 വയസ്സുകാരന്റെയും അവന്റെ അവധിക്കാല മനോവ്യാപാരങ്ങളെയും അധികരിച്ചാണ് ഈ പുസ്തകം ഇതള്‍ വിരിയുന്നത്. മനോവ്യപാരങ്ങള്‍ എന്ന രീതിയില്‍ ഒറ്റനിലയ്ക്കു വായിക്കാന്‍ വരട്ടെ, അതില്‍ത്തന്നെ സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍ന്നിരിക്കുന്നു. 13 വയസ്സുകാരനായ ഒരാണ്‍കുട്ടിക്ക് പതിമൂന്നാം വയസ്സില്‍ മരിച്ചുപോയ ഒരു പെണ്‍കുട്ടിയോട് എന്താണ് പറയാനുള്ളത് എന്ന ആകാംക്ഷയാണ് നോവലിലൂടനീളം നമ്മെ നയിക്കുന്നത്.
സാംസയുടെ രൂപാന്തരം പോലെ തന്നെ, ഇവിടെയും ചില്ലറ രൂപാന്തരങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ മനുഷ്യരും സാംസയ്ക്ക് നേരെ പിടിച്ച കണ്ണാടികളായി മാറുകയാണ് ഈ കൃതിയില്‍. ഞാനൊരു പെണ്‍കുട്ടി ആയിരുന്നെങ്കില്‍, ഞാനൊരു ഭ്രാന്തനായിരുന്നെങ്കില്‍, ഞാനൊരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന ആളായിരുന്നുവെങ്കില്‍, ഞാനൊരു വട്ടിപ്പലിശക്കാരന്‍ ആയിരുന്നുവെങ്കില്‍, ഞാനൊരു നാടകനടനോ ശാസ്ത്ര പ്രചാരകനോ ലൈബ്രേറിയനോ ആയിരുന്നെങ്കില്‍ എന്നിങ്ങനെയൊക്കെ ചിന്തിക്കുന്ന ബാല്യകാലം. അവയിലേക്കെല്ലാം സാംസയുടെ മെറ്റമോര്‍ഫോസിസ്. അതുകൂടിയാണ് പട്ടുനൂല്‍പ്പുഴു. അതുകൊണ്ടാകാം എല്ലാ കഥാപാത്രങ്ങള്‍ക്കും സാംസയുടെ ഛായ വന്നുചേരുന്നത്.
പുസ്തക വായനയോട് സാംസക്കുള്ള പ്രതിപത്തി നോവലിലെമ്പാടും കാണാം. അത്, സദാ പുസ്തകവും പിടിച്ചിരിക്കുന്ന സാംസയിലൂടെയല്ല എഴുത്തുകാരന്‍ കാണിച്ചുതരുന്നത്. ലോകസാഹിത്യത്തിലെയും ലോകചരിത്രത്തിലെയും ശ്രദ്ധേയമായ കഥാപാത്രങ്ങളും വ്യക്തിത്വങ്ങളും ഒരു മിന്നായം പോലെ പലരിലും തെളിഞ്ഞുപോകുന്നുണ്ട്. വായനയില്‍ നിന്ന് കൈവന്ന ഭാവന ഇതിനു സാംസയെ തുണക്കുന്നുണ്ടാകും. അതുകൊണ്ടാകാം കാഫ്ക എഴുതിച്ചേര്‍ത്ത പിതാവിനെപ്പോലെ ഒരു പിതാവ് ഇതിലും സൃഷ്ടിക്കപ്പെട്ടത്.
ഇതൊക്കെയായിരിക്കുമ്പോഴും നോവല്‍ സാംസയുടെ മാത്രമായ കാഴ്ചയല്ല എന്ന പ്രതീതികൂടി ജനിപ്പിക്കുന്നുണ്ട്, അവന്റെ അമ്മയായ ആനിയിലൂടെ. പതിമൂന്നാം വയസില്‍ രോഗാതുരയാകുന്ന ഒരു പെണ്‍കുട്ടി തിരികെ ജീവിതത്തിലേക്കെത്തുമ്പോള്‍ ഒപ്പമുള്ളവര്‍ ഒരുപാട് മുന്നിലെത്തി. അതു നോക്കി നില്‍ക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളു . ഒരേ സമയം ആനിയായും നടാഷാ റോസ്‌തോവായും മാറിത്തീരുന്ന ഒരു ജീവിതചിത്രം.
അഗാധമായ നിദ്രയില്‍ നിന്ന് പൊടുന്നനെ ചില സ്വപ്നങ്ങള്‍ നമ്മളെ ഉണര്‍ത്താറില്ലേ; ഒരു വലിയ ഉയരത്തില്‍ നിന്നു താഴേക്കു വീണുപോകുന്നതായി? വന്യജീവികളെ ഭയന്ന് പണ്ട് മരച്ചില്ലകളില്‍ കിടന്നുറങ്ങിയിരുന്ന നമ്മുടെ പൂര്‍വികര്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒന്നായിരിക്കണം ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച. കാലം മാറി, മനുഷ്യവംശം പുരോഗമിച്ചു. പക്ഷേ പൂര്‍വികരുടെ ആ ഭയം ജനിതകത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് സ്വപ്നങ്ങളായി നമ്മുടെ ഉള്ളില്‍ ഇപ്പോഴും നിറയുന്നതാണെങ്കിലോ?
അങ്ങനെയെങ്കില്‍ ആനിക്ക് ജീവിക്കാന്‍ കഴിയാത്ത ജീവിതം, അവള്‍ക്കുണ്ടായ ഭയങ്ങള്‍ വിഷാദങ്ങള്‍ എല്ലാം സാംസയിലേക്ക് കുടിയേറിയിട്ടുണ്ടാകും. അവനൊരു സ്വപ്നം കാണുകയാകും. അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആ ഭയത്തെയും വിഷാദത്തെയും ഉദ്ദീപിപ്പിക്കുന്ന ഒരു സ്വപ്നം; അതാണ് പട്ടുനൂല്‍പ്പുഴു. അങ്ങനെ എത്രയെത്ര മാനങ്ങള്‍ ഒരേ വായനക്ക് കൈവരുന്നു.
എഴുത്തുകാരന്റെ കാലം, ദേശം, പുസ്തക രചനയുടെ കാലഘട്ടം എന്നിവയെല്ലാം വെട്ടിനീക്കിക്കൊണ്ട് വായിച്ചശേഷം ബ്ലൈന്‍ഡ് പീര്‍ റിവ്യൂ നടത്താന്‍ പറ്റുന്ന അപൂര്‍വം പുസ്തകങ്ങളേ സാഹിത്യത്തില്‍ ഉണ്ടാവുകയുള്ളൂ. അവയില്‍ത്തന്നെ അപൂര്‍വ്വം പുസ്തകങ്ങളേ കാലത്തെ അതിജീവിക്കാറുള്ളൂ. ആ നിരയിലാകും പട്ടുനല്‍പ്പുഴുവിന്റെ സ്ഥാനം.
പോയവര്‍ഷത്തെ വായനയെ തൃപ്തിപ്പെടുത്തിയ പുസ്തകം.
നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ