DCBOOKS
Malayalam News Literature Website

വിഷാദത്തിൻെറ ഇരുളിമ പടർത്തുന്ന പട്ടുനൂൽപ്പുഴു

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവലിന് ജ്യോതി .കെ. ജി എഴുതിയ വായനാനുഭവം

പരിചിതമായ ജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകൾകൊണ്ട് അസാധാരണമാക്കുകയാണ് എസ്.ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഭാഷകൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടും ആഖ്യാനശൈലികൊണ്ടും മറ്റ് നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു നോവൽ. ഏകാന്തത തീർക്കുന്ന ജീവിതചുറ്റുപാടിൽ നിന്നും വിഷാദത്തിൻെറ വേലിയേറ്റങ്ങളിൽ സ്വന്തമായി ലോകം തീർക്കുന്ന കുറേ കഥാപാത്രങ്ങൾ. അവർ സ്വയം സംസാരിക്കുന്നു. അവരുടെ ചിന്തകൾ, ഓർമ്മകൾ, ആകുലതകൾ, പ്രതീക്ഷകൾ എല്ലാം കഥയുടെ തെളിമയുള്ള ഭാഷയാകുന്നു.

ഫ്രാൻസ് കാഫ്കയുടെ മെറ്റമോർഫോസിസിലെ കഥാപാത്രമായ ഗ്രിഗർ സാംസയുടെ പേര് ലഭിച്ച സാംസ എന്ന പതിമൂന്ന്കാരൻെറ ജീവിതത്തിലൂടെയാണ് എസ്.ഹരീഷ് കഥ പറഞ്ഞു തുടങ്ങുന്നത്. ബാല്യത്തിനും യ്യൌവ്വനത്തിനും ഇടയിലുള്ള സങ്കീർണ്ണമായ ജീവിതകാലഘട്ടത്തിലൂടെ കടന്നുപോകുന്ന കൌമാരക്കാരനായ സാംസ സമപ്രായക്കാരായ കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. തനിയേ കളിക്കാനും തന്നോട് തന്നെ സംസാരിക്കാനും ഇഷ്ടപ്പെട്ടവൻ.

സമപ്രായക്കാരോട് സഹകരിക്കാൻ താൽപര്യമില്ലാതെ അവൻ അവൻേറതായ ലോകം സൃഷ്ടിച്ചു. സാംസ ഒരു സ്ഥലത്തുള്ളപ്പോൾ അവനവിടെ ഇല്ലാത്തതുപോലെ . ആരുടേയും കണ്ണിൽ അവൻ തടയില്ല.
എപ്പോഴും ഉള്ളിലുള്ള മറ്റൊരാളോട് സംസാരിക്കുന്നതുപോലെയാണ്
അവനൊരു വീടിനു മുന്നിൽ നിന്നാൽ വീടേ ആളുകൾക്ക് കാണാൻ കഴിയൂ. ഒഴിഞ്ഞ മൈതാനത്ത് നിന്നാൽ ആ സ്ഥലമേ മറ്റുള്ളവർ ശ്രദ്ധിക്കൂ. വോളിബോൾ കോർട്ടിലെ കാണികളുടെ ആരവങ്ങൾക്കിടെ നിന്നാൽ സാംസ എല്ലാവരെയും കാണുന്നുണ്ട്. പക്ഷേ അവനെ അവിടെവെച്ച് കണ്ടതായി ആരും ഓർമ്മിക്കാറില്ല. ക്ലാസിൽ അദ്ധ്യാപകർ ഓരോ നിരകളിലിരിക്കുന്നവരോട് ഊഴംവെച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെപോലും സാംസയെ മറന്ന് അടുത്ത കുട്ടിയിലേക്ക് പോവുകയാണ് പതിവ്..

ഏകാന്തതയും വിഷാദവും തളംകെട്ടിയ കൌമാരക്കാരൻെറ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ചില മനുഷ്യരുടെ കഥ കൂടിയാണ് പട്ടുനൂൽപ്പുഴു. അതിൽ സാംസയുടെ അമ്മ ആനിയും അച്ഛൻ വിജയനുമുണ്ട്, വർഷത്തിലൊരിക്കൽ ഭ്രാന്തിളകുകയും അക്രമാസക്തനാകുകയും ചെയ്യുന്ന മുപ്പതുകാരൻ സ്റ്റീഫൻ. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ പെൺകുട്ടി , സാംസയ്ക്കും മരിച്ചുപോയ പെൺകുട്ടിക്കും പേര് നൽകിയ ലൈബ്രേറിയൻ മാർക്ക് സാർ, ദാമു..ഇവരെല്ലാം തീർക്കുന്ന ഒരു ലോകമുണ്ട്..

ചില രാത്രികളിൽ അച്ഛൻ വരാൻ താമസിച്ചാൽ അവൻ പരിഭ്രാന്തനാകാറുണ്ട്. അസ്വസ്ഥയാകുന്ന അമ്മയെ കാണുമ്പോൾ അവന് പേടി തോന്നാറുണ്ട്. അച്ഛനെ അന്വേഷിച്ച് കടയിലേക്കുള്ള അവൻെറ യാത്ര വായനക്കാരിലും ഭയം ജനിപ്പിക്കുന്നു. പകലിലെ വഴിയല്ല രാത്രിയിലെ വഴിയെന്ന് തിരിച്ചറിയുന്നു. നിറയെ സങ്കടമുള്ള ദീർഘമായ പാട്ടുകേൾക്കുന്നതുപോലെയുള്ള രാത്രിയിലെ വഴിനടപ്പ്. വെയിലിലെ മരങ്ങളുടെ നിഴലുകളല്ല നിലാവിലെ അതേ മരങ്ങളുടെ നിഴലുകൾ. പകലിലെ ഒച്ചകളല്ല രാത്രിയിലെ ഒച്ചകൾ. പകൽ ഇരുവശവും കാണുന്ന പറമ്പുകളും വീടുകളുമല്ല രാത്രിയിലെ പറമ്പുകളും വീടുകളും. ഇരുട്ട് വേറൊരു ലോകമുണ്ടാക്കുന്നു. ഭയം വാരി വിതറുന്ന ഇരുട്ട്…

ഏകാന്തതയെ സ്നേഹിച്ച സാംസയുടെ ലോകത്തേക്ക് കടന്നുവരുന്ന മരിച്ചു പോയ പെൺകുട്ടി. അവൾക്ക് മാർക്ക് സാർ നൽകിയ പേര് നടാഷ. സാംസയുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങൾ അവളോട് സംസാരിക്കുന്നതിനായി ഒരിക്കലും തുറക്കാത്ത വീടിൻെറ ജനൽപാളി അവൻ തുറന്നിടുന്നു. സൌകര്യം കിട്ടുമ്പോഴൊക്കെ വർഷങ്ങൾക്ക് മുൻപ് മണ്ണിനടിയിലായ ആ പെൺകുട്ടിയോട് സംസാരിക്കുകയും അവളുടെ മറുപടിക്കായി കാത്തുനിൽക്കുന്നു. പരിചയമുള്ളവരെ വെച്ച് അവളെ ഊഹിച്ചെടുക്കാൻ ശ്രമിക്കുന്നു.ലൈബ്രറിയിലെ അംഗത്വരജിസ്റ്ററിൽ അവളുടെ പേര് എഴുതിച്ചേർക്കുന്നു. അവൾക്കുവേണ്ടി പുസ്തകമെടുത്ത് കഥ വായിച്ചു കേൾപ്പിക്കുന്നു. ”മരിച്ചുപോയ പെൺകുട്ടീ’… എന്ന് വിളിച്ചാൽ ഒരുപാട് പേർ വിളികേൾക്കും അതുകൊണ്ടാണ് മാർക്ക് സാർ അവർക്ക് നടാഷ എന്ന പേര് നൽകിയത്. നടാഷ എന്ന പേര് വിളിച്ചപ്പോൾ മുതലാണ് അവൾ സാംസയോട് സംസാരിച്ചു തുടങ്ങിയത്. സാംസയുടെ നിഷ്കളങ്കമായ ചിന്തകൾക്ക് നിറം നൽകുന്ന ഭാഷയുടെ ആർദ്രത കൂടിയാകുമ്പോൾ ഹരീഷിൻെറ എഴുത്തിൻെറ മാന്ത്രികത ഏറെ വശ്യമാകുന്നു.

കാമുകിയായും ഭാര്യയായും അമ്മയായും മാറിവരുന്ന സ്ത്രീജീവിത കാലഘട്ടത്തിൻെറ അവസ്ഥാന്തരങ്ങളെ മനോഹരമായി ആനി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ആനിയുടെ ജീവിതകാഴ്ചകളിലൂടെയും ചിന്തകളിലൂടെയും നിരവധി സ്ത്രീകളെ റിലേറ്റ് ചെയ്യാൻ സാധിക്കുന്നു. ജോലി വിവാഹം പ്രസവം മാതൃത്വം എന്നീ കാലയളവിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ജീവിതപ്രതിസന്ധികളെയും അതിജീവിച്ചുവരുന്ന ആനി അതിജീവനത്തിൻെറ അടയാളം കൂടിയാകുന്നു.

നിർഭാഗ്യവാന്മാരും കാര്യമായ പിടിപ്പില്ലാത്തവരുമായ സംരഭകരെപ്പോലെ സാമ്പത്തിക ഉയർച്ച താഴ്ചകളിൽ മനസ്സമാധാനമില്ലാത്ത ജീവിതമാണ് വിജയൻേറത്. പണം കടം കൊടുത്തയാളെ പേടിച്ച് ചാരായക്കുറ്റിക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. ബന്ധുക്കളെന്നോ സുഹൃത്തുക്കളെന്നോ അപരിചിതരെന്നോ ഭേദമില്ലാതെ കടം വാങ്ങലിൽ അയാൾ ഒരു പ്രത്യേകതരം സാമർത്ഥ്യം വളർത്തിയെടുക്കുന്നു. ചുറ്റുമുള്ളവരുടെ അംഗീകാരം വേണമെന്ന മനുഷ്യസഹജമായ തോന്നലിനെ അതിജീവിച്ചുകൊണ്ട്…ഭിക്ഷ ചോദിച്ച് വീടുകൾ കയറിയിറങ്ങുന്നവരെപ്പോലെ അയാൾ അഭിമാനം മാന്യത തുടങ്ങിയവയൊക്കെ ശരീരത്തിൽ നിന്നും കുടഞ്ഞുകളഞ്ഞു.

ഒന്നും സംഭവിക്കാത്തതുപോലെ പുഞ്ചിരിക്കുന്ന സമയത്തും വിഷാദം മറച്ചുവെക്കാൻ ശ്രമിക്കുന്ന വിജയനെ ആനി കണ്ടു. ജീവിതപ്രശ്നങ്ങൾ പറയാൻ ശ്രമിക്കുന്ന താഴ്ന്ന ശബ്ദത്തിൽ പോലും അയാളുടെ വാക്കുകളിലുള്ള ക്ഷമാപണം അവൾ തിരിച്ചറിഞ്ഞു. കുറ്റം ഏറ്റുപറയാൻ പറ്റാത്ത ഔദ്ധത്യത്തിൽ നിൽക്കുന്ന നിസ്സഹായാനായ പുരുഷൻെറ വാക്കുകളുടെ കനം ആനി മനസ്സിലാക്കി.Textഇരുവരുടേയും കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ കണ്ണുകളിലേക്ക് നോട്ടമെത്തുമ്പോൾ ഉള്ള് വായിക്കപ്പെടുമെന്ന വിജയൻെറ ഭയം അവൾ തിരിച്ചറിഞ്ഞു…

മനുഷ്യമനസ്സിലെ ചിന്തകളെ ആഴത്തിൽ സ്പർശിക്കുന്ന ഭാവന വായക്കാരെ വിഷാദം നിഴലിക്കുന്ന നിശബ്ദതയിലേക്ക് തള്ളിയിടുന്നു.

വിജയൻ കടം വാങ്ങിയ മനുഷ്യരുടെ മുൻപിൽ അപമാനഭാരത്താൽ ആനി നിൽക്കുമ്പോഴും അയാളെ കുറ്റപ്പെടുത്താൻ അവൾ മുതിരുന്നില്ല. ‘പറ്റിച്ചു’ , ‘മുങ്ങി’ എന്നീ വാക്കുകൾ ഒരിക്കലും വിജയനോട് ചേർത്തുവെക്കാൻ അവൾ തയാറാകുന്നില്ല. ഒരാളുടെ പരാജയം ചുറ്റുമുള്ളവരെ ലഹരി പിടിപ്പിക്കുന്നത് അവൾ മനസ്സിലാക്കുന്നു. ഉത്തമബുദ്ധി പരാജയപ്പെട്ടാലും ചുവടുകൾ പിഴച്ച് വീണാലും അത് ബോധപൂർവം ചെയ്തതാണെന്ന് പറയാനും കേൾക്കാനുമാണ് ആളുകൾക്കിഷ്ടം എന്ന തിരിച്ചറിവ് വായനക്കാർക്ക് പകർന്നു തരുന്നു.

ഉള്ളുലയ്ക്കുന്ന മറ്റു ചില കഥാപാത്രങ്ങൾ കൂടിയുണ്ട് ഈ കഥയിൽ. നാട്ടുകാർ ചങ്ങലയിലാക്കി ഈന്തുമരത്തിൽ കെട്ടിയിടുന്ന സ്റ്റീഫൻ, അംഗവൈകല്യം മൂലം തടവിലാക്കപ്പെട്ട ശ്യാമ, വിജയൻ കടം വാങ്ങിയ പണം തിരികെ കിട്ടാത്തതിൻെറ വിദ്വേഷം മറന്ന് കുട്ടിയായ സാംസയ്ക്ക് സൈക്കിൾ സൌജന്യമായി നൽകുന്ന ഉതുപ്പാൻ, സാംസയുടെ അച്ഛൻെറ കടയിലെ ചെട്ടിയാര്, ദാമു, മോഹനൻ, പ്രിയപ്പെട്ട നായ ഇലു ഇവരെല്ലാം നോവൽ വായന അവസാനിച്ചാലും നമ്മുടെ മനസ്സിൽ നിന്ന് പെട്ടെന്ന് ഇറങ്ങി പോകില്ല.

സ്വന്തം ശരീരത്തിൽ നിന്ന് ഉണ്ടാവുന്ന പട്ടുനൂലുകൊണ്ട് ഉണ്ടാക്കിയ പുഴുപ്പൊതി (പ്യൂപ്പ)യിൽ സമാധിയിരിക്കുന്ന പട്ടുനൂൽപ്പുഴുക്കളെപ്പോലെ ഏകാന്തതയിലും വിഷാദത്തിലും വീണുപോയ മനുഷ്യർ അവരിൽ ചിലർ പുറത്തുവരാനാകാതെ മറഞ്ഞുപോയിരിക്കുന്നു. ദിവസങ്ങൾക്കൊണ്ട് പുഴു ശലഭമായി പുറത്തുവരുന്നതുപോലെ സാംസയ്ക്ക് അസുഖം മാറി വരുന്നത് ആനിയും ആനിയുടെ പതിമൂന്ന് വയസ്സിലെ അന്തർമുഖനായ കൂട്ടുകാരന് സാംസയുടെ മുഖവുമായിരുന്നു.

നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ    

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Leave A Reply